ADVERTISEMENT

ലോകം മുഴുവന്‍ കടന്നുചെന്ന അമേരിക്കയുടെ ഓമനകളാണ് ടെക്‌നോളജി കമ്പനികള്‍. ( ഇവയില്‍ ചിലതിനെ ചൈന പിന്നീടു പുറത്താക്കി.) അവയില്‍ സുപ്രധാനമായ നാലു കമ്പനികളുടെ മേധാവികളെ അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ എന്നവയാണ് അവ. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, എതിരാളികളെ വളരാനനുവദിക്കാതിരിക്കല്‍ തുടങ്ങി നിരവധിയുണ്ട് അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. വരും വര്‍ഷങ്ങളില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ എന്നിവയെ ചെറിയ കമ്പനികളാക്കി അമേരിക്ക തന്നെ വെട്ടിമുറിച്ചേക്കാം. ടെക്‌നോളജി കമ്പനികള്‍ എന്താണ് ചെയ്തുവരുന്നത് എന്നതിനെക്കുറിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ ബോധ്യപ്പെട്ടുവന്നപ്പോഴേക്ക് അവ സ്വന്തം രാജ്യത്തും മറ്റിടങ്ങളിലും വേരാഴ്ത്തിക്കഴിഞ്ഞിരുന്നു. ഈ നാലു കമ്പനികള്‍ക്കുമായി 5 ട്രില്ല്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്! ഇതാദ്യമായാണ് ഈ നാലു ഭീമന്മാരും ഒരുമിച്ച് ഇത്തരം ഒരു പാനലിനു മുന്നില്‍ ചോദ്യംചെയ്യല്‍ നേരിടാനെത്തുന്നത്.

 

തങ്ങളാര്‍ജിച്ച കരുത്ത് ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണം നേരിടാനാണ് ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗും ആമസോണിന്റെ ജെഫ് ബെ‌സോസും ആപ്പിളിന്റെ ടിം കുക്കും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പാനലിനു മുന്നിലെത്തിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ നിർത്തിപ്പൊരിച്ചത് പിച്ചൈയെയും സക്കര്‍ബര്‍ഗിനെയുമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ബെ‌സോസാണ്. അശേഷം കൂസാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ഇവരെ വിസ്തരിച്ചത്. അമേരിക്കയുടെ ഹൗസ് ജുഡിഷ്യറി കമ്മറ്റിക്കു കീഴിലുള്ള ആന്റിട്രസ്റ്റ് പാനലിലുളളവരാണ് ചോദ്യങ്ങളുമായി ടെക് മേധാവികളെ കാത്തിരുന്നത്. മുനവച്ച ചോദ്യങ്ങളിലേറെയും സക്കര്‍ബര്‍ഗിനെയും പിച്ചൈയേയും തേടിയാണ് വന്നത്.

 

ഇതാദ്യമായാണ് ബെസോസ് കോണ്‍ഗ്രസിനു മുന്നില്‍ സാക്ഷ്യം പറയാനെത്തുന്നത്. ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ചോദ്യംചെയ്യല്‍ നേരിട്ടത് എന്നത് അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പു വര്‍ധിപ്പിച്ചു. കുക്കിനെ തേടി അധികം കുനിഷ്ടു ചോദ്യങ്ങള്‍ വന്നില്ല. അദ്ദേഹവും മകച്ച പ്രകടനമാണ് നടത്തിയത്. സക്കര്‍ബര്‍ഗിനാണ് ചോദ്യം ചെയ്യല്‍ ഏറ്റവും മോശമായി ഭവിച്ചത്. ഫെയ്‌സബുക്കിനുള്ളില്‍ നിന്നു ലഭിച്ച ചില ഇമെയിലുകളുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഏതാനും അവസരങ്ങളില്‍ ഉത്തരം മുട്ടുകയുണ്ടായി. ഡെമോക്രാറ്റുകള്‍ പിച്ചൈയെ നേരത്തെ നോക്കിവച്ചിരിക്കുകയായിരുന്നു എന്നു തോന്നുന്ന രീതിയിലാണ് പിച്ചിച്ചീന്താന്‍ ശ്രമിച്ചത്. പലപ്പോഴും അടിതെറ്റിയ പിച്ചൈ താന്‍ അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഏറ്റവും മോശം പ്രകടനത്തിനുള്ള 'ബഹുമതി' പിച്ചൈക്കാണ് ലഭിച്ചതെന്നാണ് വിലയിരുത്തല്‍.

 

ഇതൊക്കെ നേരിട്ടുകാണാനാഗ്രഹിച്ചു കാത്തിരുന്ന ടെക്‌നോജി പ്രേമികള്‍ക്ക് നിരാശയായിരുന്നു ഫലം. ലൈവ് സ്ട്രീമില്‍ ഓഡിയോയക്ക് വ്യക്തത തീരെ കുറവായിരുന്നു. പലപ്പോഴും ഫ്‌ളാറ്റ് സ്‌ക്രീന്‍ ടിവികള്‍ ഓഫായി. ഇവരുടെ മുഖങ്ങള്‍ വളരെ ചെറുതായി മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഭാവങ്ങള്‍ വ്യക്തമല്ലാതിരുന്നതും കാത്തിരുന്നവര്‍ക്ക് നിരാശപകര്‍ന്നു. ഇത്ര വലിയ ഒരു കാര്യത്തിന് ട്വിറ്ററിലൊരുക്കിയിരുന്ന വെര്‍ച്വല്‍ സെറ്റ്-അപ് മൊത്തം നിരാശപ്പെടുത്തുന്നതായിരുന്നു.

 

Tiktok

ആന്റിട്രസ്റ്റ് സബ്കമ്മറ്റിയുടെ ചെയര്‍മാനും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമായ ഡേവിഡ് സിസിലീന്‍ തുടങ്ങിയതു തന്നെ ഗൂഗിളിനെതിരെ മോഷണക്കുറ്റം ആരോപിച്ചാണ്. സത്യസന്ധമായി ബിസിനസിലേര്‍പ്പെടുന്നവരുടെ ഉള്ളടക്കം എന്തിനാണ് ഗൂഗിള്‍ മോഷ്ടിക്കുന്നത് എന്നാണ് അദ്ദഹം ചോദിച്ചത്. യെല്‍പ്പില്‍ (Yelp Inc) നിന്ന് റിവ്യൂകള്‍ ഗൂഗിള്‍ മോഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. യെല്‍പ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ സേര്‍ച്ചില്‍ വരുത്താതിരിക്കുമെന്ന് ഗൂഗിള്‍ ഭീഷണിപ്പെടുത്തിയെന്നും സിസിലീന്‍ ആരോപിച്ചു. എന്നാല്‍, ഏതവസരത്തിലാണ് ഇതു നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ തനിക്ക് മറുപടി പറയാനാകൂ എന്നാണ് പിച്ചൈ പറഞ്ഞത്. തങ്ങളുടെ പെരുമാറ്റം ഉന്നത നിലവാരം പേറുന്നതാണെന്നും പിച്ചൈ പറഞ്ഞു. ആളുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമം വിട്ടു പോകാതിരിക്കാന്‍, ഗൂഗിള്‍ കണ്ടെന്റ് മോഷ്ടിക്കുന്നുവെന്ന ആരോപണം ചെറുക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു.

 

സക്കര്‍ബര്‍ഗിനു ലഭിച്ചതില്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ 2012ല്‍ ഇന്‍സ്റ്റഗ്രാം വാങ്ങിയതിനെക്കുറിച്ചായിരുന്നു. ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്കിന് ഭീഷണിയായേക്കുമോ എന്ന പേടികൊണ്ടല്ലെ അതു വാങ്ങിയത് എന്നാണ് ചോദിച്ചത്. എന്നാല്‍, ഈ കച്ചവടത്തെക്കുറിച്ച് ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്‍ പഠനം നടത്തിയതായിരുന്നുവെന്നും, തങ്ങള്‍ വാങ്ങുന്ന സമയത്ത് ഇന്‍സ്റ്റഗ്രാം ഫോട്ടോ ഷെയർ ചെയ്യുന്ന ഒരു ചെറിയ കമ്പനിയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് അല്ലായിരുന്നു. ഫെയ്‌സ്ബുക്കിന് ഭീഷണിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പതിവുപോലെ ബൂഗിമാന്റെ (കുട്ടിക്കഥയിലെ ഭൂതം) കാര്യം പറഞ്ഞാണ് സക്കര്‍ബര്‍ഗ് തുടങ്ങിയത്- തന്നെ ഒതുക്കിയാല്‍ ചൈന വരും എന്നു പറയുക എന്നത് സക്കര്‍ബര്‍ഗിന്റെ സ്വതസിദ്ധമായ ശൈലിയാണ് എന്നത് അങ്ങാടിപ്പാട്ടാണ്. ഇത്തവണയും അദ്ദേഹം പതിവു തെറ്റിച്ചില്ല. ചൈന ഇന്റര്‍നെറ്റിനു സ്വന്തം ഭാഷ്യം ചമയ്ക്കുകയാണ്. അവര്‍ക്കുള്ളത് വളരെ വ്യത്യസ്ഥമായ ആശയങ്ങളാണ്. അവര്‍ ഈ ആശയങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നാലു കമ്പനികള്‍ക്കുമെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വഴിയെ പുറത്തിറക്കും. ഏകദേശം 13 ലക്ഷം രേഖകളാണ് കമ്മറ്റി ഈ കമ്പനികളില്‍ നിന്നു പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍, ഇവയ്‌ക്കെതിരെ വലിയ നടപടികളൊന്നും ഉണ്ടായേക്കില്ലെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

 

Huawei

∙ ടിക്‌ടോക്കിനു മേല്‍ നിയന്ത്രണം വേണമെന്ന് ജപ്പാന്‍

 

ജപ്പാനിലെ ഒരു കൂട്ടം ജനപ്രതിനിധികള്‍ ഇന്ത്യ നിരോധിച്ച ആപ്പുകളിലൊന്നായ ടിക്‌ടോക്കിനു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

 

∙ എയര്‍ടെല്ലിന്റെ നഷ്ടം 15,933 കോടിയിലേക്ക്

 

ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലികോം സേവനദാതാക്കളിലൊരാളായ ഭാര്‍തി എയര്‍ടെല്ലിന്റെ നഷ്ടം 15,933 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

∙ 5ജി ട്രയല്‍സില്‍ നിന്ന് വാവെയെ നിരോധിക്കണമെന്ന് ഡോട്ട്

 

ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് (ഡോട്ട്) പറയുന്നത് ചൈനീസ് കമ്പനികളായ വാവെയേയും സെഡ്ടിഎയേയും രാജ്യത്തെ 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത് എന്നാണ്.

 

∙ ചൈനീസ് കമ്പനികളുടെ സ്മാര്‍ട് ഫോണ്‍ ഇറക്കുമതി കുറയും

 

ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ അടുത്തിടെ വരെ കുതിപ്പുമാത്രമാണ് കാണിച്ചിരുന്നത്. എന്നാല്‍, 2020ല്‍ അവയുടെ നഷ്ടം ഇരട്ടയക്കത്തിലേക്കു പോയേക്കുമെന്നാണ് സൂചനകള്‍. മഹാവ്യാധിയുടെ പശ്ചാത്തലത്തിലാണ് അവരുടെ കച്ചവടത്തിന് ഇടിവു സംഭവിക്കുമെന്ന് വിലയിരുത്തപ്പെടുന്നത്. റിലയന്‍സും ഗൂഗിളും തമ്മിലുളള സഖ്യത്തിലൂടെ ഉണ്ടാക്കപ്പെടാന്‍ പോകുന്ന ഫോണുകള്‍ വരുമ്പോള്‍ ചൈനീസ് കമ്പനികള്‍ക്ക് കൂടുതല്‍ ആഘാതം സമ്മാനിക്കുമെന്നും കരുതുന്നു.

 

English Summary: Tech giants grilled by commettee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com