ADVERTISEMENT

ടെലികോം ടെക്‌നോളജിയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയാണ് റിലയന്‍സ് ജിയോ എന്നു തോന്നും അവരുടെ പുതിയ പ്രഖ്യാപനങ്ങള്‍ കാണുമ്പോള്‍. ഹാര്‍ഡ്‌വെയറില്‍ വിദേശ കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനാണ് കമ്പനി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. അതോടൊപ്പം പ്രാദേശികമായി പല സുപ്രധാന ടെക്‌നോളജികളും വികസിപ്പിക്കാനും കമ്പനി ഉത്സാഹം കാണിക്കുകയാണ്. ഏതു വിദേശ കമ്പനിയുടെ 5ജി സാങ്കേതികവിദ്യ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന കാര്യത്തെക്കുറിച്ചാണ് ജിയോയുടെ എതിരാളികള്‍ ആലോചിക്കുന്നത്. ജിയോ ആകട്ടെ, സ്വന്തം 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് രാജ്യത്ത് വിന്യസിച്ച ശേഷം അത് വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ക്കു വില്‍ക്കുന്ന കാര്യവും! അതായത് വാവെയ്, സെഡ്ടിഇ, നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ ടെലികോം ഉപകരണ നിര്‍മാണ രംഗത്തെ പ്രമുഖര്‍ക്ക് എതിരാളിയാകാൻ കൂടിയാണ് ജിയോ ശ്രമിക്കുന്നത്.

തങ്ങളുടെ 4ജി നെറ്റ്‌വര്‍ക്കിനു പിന്തുണ നല്‍കിയിരുന്ന നോക്കിയ, ഓറാക്കിളിന്റെ 4ജി വോയിസ് ടെക്‌നോളജി തുടങ്ങിയവയെ ഇന്ത്യയിലെ തങ്ങളുടെ ശൃംഖലയില്‍ നിന്ന് മാര്‍ച്ചിനു മുൻപായി പുറത്താക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം ശാഖയായ റിലയന്‍സ് ജിയോ, 'വോയിസ് ഓവര്‍ ന്യൂ റേഡിയോ' അഥവാ വോണര്‍ (VoNR) ടെക്‌നോളജി, തങ്ങളുടെ 5ജി സാങ്കേതികവിദ്യയില്‍ വോയിസ് കോളുകള്‍ക്കായി വികസിപ്പിക്കുകയാണ്. ജിയോ തങ്ങള്‍ക്കു വേണ്ട ഐപി മള്‍ട്ടിമീഡിയ സബ്‌സിസ്റ്റം അഥവാ ഐഎംഎസ് അവതരിപ്പിച്ചു കഴിഞ്ഞു. അതാണിപ്പോള്‍ ദേശീയ തലത്തില്‍ ജിയോയുടെ വോയിസ് ഓവര്‍ എല്‍ടിഇ, അഥവാ വോള്‍ട്ടിയുടെ (VoLTE) പിന്‍ബലം. ഇത് പ്രതിദിനം 1000 കോടി മിനിറ്റ് വോയിസ് കോള്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് പറയുന്നത്. തങ്ങള്‍ 4ജി നെറ്റ്‌വര്‍ക്കുകള്‍ക്കു വേണ്ടി നിർമിച്ച ഐഎംഎസ് 5ജി നെറ്റ്‌വര്‍ക്കിലും പ്രവര്‍ത്തിക്കുമെന്ന് ആര്‍ഐഎല്‍ പ്രസിഡന്റ് കിരണ്‍ തോമസ് അറിയിച്ചു.

ഇന്ത്യയിലെ മൊത്തം നെറ്റ്‌വര്‍ക്കില്‍ നിന്ന് നോക്കിയയെയും ഓറാക്കിളിനെയും പുറത്താക്കിയ ജിയോ സ്വന്തം ഐഎംഎസ് സിസ്റ്റമായ വിഐഎംഎസ് (vIMS), വോള്‍ട്ടിക്കും, വോവൈഫൈയ്ക്കും (VoWiF) വേണ്ടി 2010 ഒക്ടോബര്‍ മുതല്‍ ഉപയോഗിച്ചുവരുന്നു. അതായത്, ഇപ്പോള്‍ വോയിസ് ഓവര്‍ എല്‍ടിഇക്കു പകരം പുതിയ വോയ്‌സ് ഓവര്‍ ന്യൂ റേഡിയോ ആണ് ഉപയോഗിക്കുന്നത്. ഇത് തങ്ങള്‍ 5ജി സാങ്കേതികവിദ്യക്കു വേണ്ടി നിർമിച്ചതാണെങ്കിലും അതിന് മുന്‍തലമുറപ്പൊരുത്തം (backward compatibility) ഉണ്ടെന്നും അത് വോള്‍ട്ടിയിലും പ്രവര്‍ത്തിക്കുമെന്നും രാജന്‍ തോമസ് അറിയിച്ചു.

ജിയോ പ്ലാറ്റ്‌ഫോംസ് ഉണ്ടാക്കിയ എന്‍ഡ്-ടു-എന്‍ഡ് സൂട്ട് പ്രൊഡക്ടുളും പ്ലാറ്റ്‌ഫോമുകളും എല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. റേഡിയോ, മുഖ്യ ഘടകഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന നെറ്റ്‌വര്‍ക്ക് ഫങ്ഷന്‍സിനു വേണ്ട ഭാഗങ്ങള്‍ രാജ്യത്തു തന്നെ നിര്‍മിക്കുന്നു. എല്ലാ ഘടകഭാഗങ്ങളും സ്വന്തമായി നിര്‍മിക്കാനാണ് കമ്പനിയുടെ ശ്രമം. ഇവയുടെ മൊത്തം ബൗദ്ധികാവകാശവും ജിയോ പ്ലാറ്റ്‌ഫോംസിനാണ്. തങ്ങളുടെ കീഴിലുള്ള റിലയന്‍സ് ജിയോ ലിമിറ്റഡിന് അത് 5ജി സേവനങ്ങള്‍ നല്‍കാനായി വിട്ടുനല്‍കുമെന്നും രാജന്‍ തോമസ് പറഞ്ഞു. 5ജിക്കു വേണ്ടിയുള്ള കാര്യങ്ങളൊക്കെ ആഭ്യന്തരമായി ഉണ്ടാക്കിയെടുത്തതായും അദ്ദേഹം അറിയിച്ചു. 4ജിക്ക് മറ്റു കമ്പനികളുടെ സഹായം ഉണ്ടായിരുന്നു. 4ജിയുടെ പല ഘടകഭാഗങ്ങളും സ്വന്തമായി നിര്‍മിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞു. തങ്ങള്‍ നിര്‍മിക്കുന്ന 5ജി ഇന്ത്യയില്‍ സ്വന്തം നെറ്റ്‌വര്‍ക്ക് നിര്‍മിക്കാന്‍ ഉപയോഗിച്ച ശേഷം മറ്റ് രാജ്യാന്തര കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യുമെന്ന് രാജന്‍ തോമസ് പറഞ്ഞു.

∙ ജിയോ ഗ്ലാസ് ഈ മാസം അവതരിപ്പിക്കും?

ജിയോയുടെ മിക്‌സഡ് റിയാലിറ്റി അഥവാ എംആര്‍ ഗ്ലാസ് ഈ മാസം അവതരിപ്പിച്ചേക്കും. ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ വലിയ പുതുമയൊന്നുമല്ലെങ്കിലും ഒരു ഇന്ത്യന്‍ കമ്പനി പ്രാദേശകമായി നിര്‍മിക്കുന്ന കണ്ണട താത്പര്യം ജനിപ്പിക്കുന്ന ഒന്നാണ്. ഗൂഗിളിന്റെ ഡേഡ്രീം വ്യൂ, ഫെയ്‌സ്ബുക്കിന്റെ ഓക്യുലസ് ഗോ, മൈക്രോസോഫ്റ്റിന്റെ ഹോളോ ലെന്‍സ് തുടങ്ങിയവയൊക്കെ ഇതില്‍ ഏതെങ്കിലും വിഭാഗത്തില്‍ പെടുന്നവയാണ്. എന്നാല്‍, കൊട്ടിഘോഷിച്ചെത്തിയ ഇവയൊന്നും പ്രതീക്ഷിച്ച വിധത്തില്‍ സ്വീകരിക്കപ്പെടുകയുണ്ടായില്ല. യാദൃശ്ചികമായ മറ്റൊരു കാര്യം, ആപ്പിളും തങ്ങളുടെ എആര്‍ ഗ്ലാസ് ഈ വര്‍ഷം അവതരിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

കാര്യമായ ജനശ്രദ്ധ കിട്ടാത്തതിനാല്‍ മനംമടുത്ത ഗൂഗിള്‍ തങ്ങളുടെ ഡേഡ്രീം വ്യൂ വിആര്‍ 2019ല്‍ പൂട്ടിക്കെട്ടി. ഈ വര്‍ഷം ജൂണില്‍ ഫെയ്‌സ്ബുക്കിന്റെ ഓക്യുലസ് ഗോയുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. സ്മാര്‍ട് ഫോണുമായോ, പിസിയുമായോ ചേരാതെ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരുന്നു ഒക്യൂലസ് ഗോ. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടക്കം ഉപയോഗിക്കാന്‍ പാകത്തിനു നിര്‍മിക്കുന്ന ജിയോ ഗ്ലാസ് പുതിയ കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മറ്റും ഇണങ്ങിയേക്കുമെന്നത് ജിയോ ഗ്ലാസിനു ഗുണം ചെയ്‌തേക്കുമെന്നു കരുതുന്നവരുണ്ട്. ഇത് റിലയന്‍സ് ജിയോ 2019ല്‍ വാങ്ങിയ സ്റ്റാര്‍ട്ട്-അപ് കമ്പനിയായ ടെസറാക്ടാണ് നിര്‍മിക്കുന്നത്. എല്ലാ സ്മാര്‍ട് ഫോണുകള്‍ക്ക് ഒപ്പവും പ്രവര്‍ത്തിക്കുമെന്നതും ജിയോ ഗ്ലാസിന് ഗുണകരമാകാം. ഇതുവരെയുണ്ടാക്കിയ പല ഇത്തരം ഗ്ലാസുകളും കുറച്ചു ഹാന്‍ഡ്‌സെറ്റുകള്‍ക്കൊപ്പം മാത്രമാണ് പവര്‍ത്തിച്ചിരുന്നത്.

എന്നാല്‍, ഫെയ്‌സ്ബുക്, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ക്കു സാധിക്കാത്ത എന്താണ് ജിയോ കൊണ്ടുവരാന്‍ പോകുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കാം ജിയോ ഗ്ലാസിന്റെ വിജയം. വില ഏകദേശം 14,000 രൂപയായിരിക്കുമെന്നാണ് പറയുന്നത്.

English Summary: Reliance Jio to introduce own voice calling technology, Jio Glass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com