ADVERTISEMENT

ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ചൈനീസ് ആപ്പായ ടിക്‌ടോക് 'മോഷ്ടിക്കാന്‍' അമേരിക്കയെ അനുവദിക്കില്ലെന്ന് ചൈനീസ് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ആപ്പിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 15നു മുൻപ് മൈക്രോസോഫ്‌റ്റോ അതുപോലെയുള്ള ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വിറ്റൊഴിയാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ആപ്പിന്റെ ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിനു നല്‍കിയിരിക്കുന്ന അന്ത്യശാസനം. എന്നാല്‍, ഇങ്ങനെ തങ്ങളുടെ ആപ് മോഷ്ടിച്ചെടുക്കാനുള്ള നീക്കം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ചൈനാ ഡെയ്‌ലി പറയുന്നത്. 

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ സമാനമായ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ ചൈനയ്ക്കു കഴിയുമെന്നും പത്രം ഓര്‍മിപ്പിച്ചു. ഇതടക്കം പല മാര്‍ഗങ്ങളില്‍ ചൈനയ്ക്കു പ്രതികരിക്കാം. ടിക്‌ടോകിന് ലോകമെമ്പാടുമായി 100 കോടി ഉപയോക്താക്കളാണുള്ളത്. ടിക്‌ടോക് തട്ടിയെടുക്കാനുള്ള അമേരിക്കയുടെ നീക്കം മുഠാളത്തരമാണെന്നാണ് ചൈനയുടെ വിദേശകാര്യ വകുപ്പിന്റെ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞത്. ഈ വില്‍പ്പനയിലൂടെ കാശുണ്ടാക്കാനും അമേരിക്ക ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ തത്വങ്ങള്‍ക്കും എതിരാണീ നീക്കം.

 

ടിക്‌ടോക് ധാരാളമായി ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നു. അതിനാല്‍ അതൊരു അമേരിക്കന്‍ കമ്പനിയായിരിക്കണം. അതിന്റെ ഉടമകള്‍ അമേരിക്കക്കാരായിരിക്കണമെന്നും ട്രംപ് പറഞ്ഞു. ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാതെ ആപ് തട്ടിയെടുക്കാനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നതെന്ന് ചൈന ആരോപിച്ചു. അമേരിക്കയുടേതല്ലാത്ത കമ്പനികളെ ഒതുക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്നും അവര്‍ പറഞ്ഞു.

 

∙ ആപ് നിരോധിക്കാനുള്ള ശ്രമമാണെന്ന് ബൈറ്റ്ഡാന്‍സ്

 

അതേസമയം, ടിക്‌ടോകിന്റെ ഉടമയായ ബൈറ്റ്ഡാന്‍സിന്റെ വിലയിരുത്തലില്‍ ആപ് വിറ്റൊഴിവാകണം എന്നതല്ല അമേരിക്ക ഉദ്ദേശിക്കുന്നത് അതിന്റെ നിരോധനമാണ് എന്നാണ് പറയുന്നത്. ചൈനയിലെ തങ്ങളുടെ ജോലിക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് ഈ പരാമര്‍ശമുള്ളത്. അമേരിക്കന്‍ കമ്പനിക്ക് ആപ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ബൈറ്റ്ഡാന്‍സിന് നിശിതമായ വിമര്‍ശനമാണ് ചൈനയില്‍ ഉയരുന്നതെന്നും വാര്‍ത്തകളുണ്ട്.

 

∙ ടിക്‌ടോക് കിട്ടിയാല്‍ മൈക്രോസോഫ്റ്റില്‍ യുവരക്തം പടരും

 

അതേസമയം, ടിക്‌ടോകിന്റെ രക്ഷകരായി അവതരിക്കാന്‍ സാധ്യതയുള്ള മൈക്രോസോഫ്റ്റ് പുതിയ തലമുറയ്ക്ക് ഒരു മുത്തശ്ശി കമ്പനിയാണ്. യുവത്വവുമായി കാര്യമായി ഇടപെടാത്ത കമ്പനി. എന്നാല്‍, ടിക്‌ടോക് ഏറ്റെടുക്കാനായാല്‍ കമ്പനിയുടെ മുഖച്ഛായ മാറ്റിയെഴുതുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടിക്‌ടോകിന് വിലയായി ബൈറ്റ്ഡാന്‍സ് ചോദിക്കുന്നത് 5000 കോടി ഡോളറാണ്. മൂന്നു വര്‍ഷം മുമ്പ് 100 കോടി ഡോളറിന് വേണമെങ്കില്‍ വാങ്ങാമായിരുന്ന ആപ്പായിരുന്നു ഇതെന്നും പറയുന്നു. ടിക്‌ടോകിനെ രക്ഷിക്കൂ (#SaveTikTok), #Microsoft  ക്യാംപെയ്‌നുകള്‍ അരങ്ങു തകര്‍ക്കുകയാണ്. 100 കോടിയിലേറെ വ്യൂസാണ് ഇവയ്ക്കു ലഭിച്ചിരിക്കുന്നത്. കൂടുതലും യുവതീയുവാക്കളാണ് ടിക്‌ടോകിനായി രംഗത്തു വന്നിരിക്കുന്നത്. മൈക്രോസോഫ്റ്റ് ഏറ്റെടുത്താലും ടിക്‌ടോകിന്റെ ആകര്‍ഷകണീയതയായ രഹസ്യക്കൂട്ട് നിലനിര്‍ത്തണമെന്നും ആപ്പിന്റെ പ്രവര്‍ത്തനം തുടരണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ പറയുന്നു. എന്നാല്‍, 5000 കോടി ഡോളറും മറ്റും നല്‍കി, സത്യാ നദെലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് അത് മുതലാക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ത്തുന്നവരും ഉണ്ട്. തങ്ങളേറ്റെടുത്ത പല കമ്പനികളെയും പൂട്ടി താഴിടുന്ന സ്വഭാവം മൈക്രോസോഫ്റ്റിന്റെ ഡിഎന്‍എയില്‍ ഉണ്ട്– നോക്കിയയുടെ വിധി തന്നെ ഉദാഹരണം. ടിക്‌ടോക് പോയാല്‍ ട്രില്ലര്‍, ബൈറ്റ് എന്നീ ആപ്പുകളായിരിക്കും അമേരിക്കയില്‍ അതിന്റെ സ്ഥാനത്ത് എത്തുക.

 

∙ പിക്‌സല്‍ 5, പിക്‌സല്‍ 4എ 5ജി എന്നിവ ഇന്ത്യയില്‍ വില്‍ക്കില്ല

 

തങ്ങളുടെ വില കുറഞ്ഞ സ്മാര്‍ട് ഫോണ്‍ മോഡലായ പിസ്‌കസല്‍ 4എ ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. അതിനൊരു 5ജി മോഡലും ഇറക്കുന്നുണ്ട്. അത് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തില്ല. കൂടാതെ അടുത്ത പ്രീമിയം പിക്‌സല്‍ മോഡലായി പിക്‌സല്‍ 5ഉം ഇന്ത്യയില്‍ വാങ്ങാന്‍ പറ്റില്ല.

 

∙ മൈക്രോസോഫ്റ്റ് ടീംസില്‍ ഇനി 20,000 പേര്‍ക്ക് ഒത്തു ചേരാം

 

വിഡിയോ കോണ്‍ഫറന്‍സിങ് ടൂളായ മൈക്രോസോഫ്റ്റ് ടീംസില്‍ ഇനി 20,000 പേര്‍ വരെ ഒത്തു ചേരുന്ന 'മഹാ സമ്മേളനങ്ങള്‍' നടത്താം. ലൈവ് ഇവന്റുകള്‍ ഇത്രയധികം പേര്‍ക്ക് ഒരേ സമയം കാണാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് അത് വ്യൂ ഒണ്‍ലിയാണ്. എന്നാല്‍, 1,000 പേര്‍ക്ക് പരസ്പരം ഇടപെട്ടുള്ള മീറ്റിങുകള്‍ നടത്താന്‍ പാകത്തിനും ടീംസിനെ പരുവപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. താത്പര്യമുളളവര്‍ക്കായി 60 ദിവസത്തെ ഫ്രീ ട്രയല്‍ കമ്പനി നല്‍കുന്നു.

 

English Summary: China Will Not Accept US "Theft" Of TikTok: State Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com