ADVERTISEMENT

സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്, ചെറിയ വിഡിയോ ഷെയർ ചെയ്യുന്ന ചൈനീസ് ആപ്പിന്റെ അമേരിക്കയിലെ ഉടമസ്ഥതാവകാശം വാങ്ങനുള്ള ശ്രമത്തിലാണെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതിനിടയില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ ടിക്‌ടോക് വാങ്ങാന്‍ ആപ്പിളും ശ്രമിക്കുന്നുവെന്നു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ആപ്പിള്‍ പ്രതിനിധികള്‍ പറഞ്ഞത് അത്തരത്തിലൊരു ശ്രമവും കമ്പനി നടത്തുന്നില്ല എന്നാണ്. ടിക്‌ടോകിന്റേത് പരസ്യത്തില്‍ നിന്നു വരുമാനമുണ്ടാക്കുന്ന രീതിയാണ്. ടാര്‍ഗറ്റഡ് അഡ്വര്‍ട്ടൈസിങ് എന്ന പരിപാടിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കാത്ത ലോകത്തെ ചുരുക്കം ചില കമ്പനികളിലൊന്നാണ് ആപ്പിള്‍. അങ്ങനെ നോക്കിയാല്‍ ഒരിക്കലും അവര്‍ ടിക്‌ടോക് പോലെയൊരു ആപ് വാങ്ങുന്ന കാര്യം ചിന്തിക്കു പോലുമില്ലെന്നു കാണാം. അതേസമയം, ടാര്‍ഗറ്റഡ് പരസ്യ രീതി അനുവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമെതിരെ മൈക്രോസോഫ്റ്റിന് മത്സരിക്കാന്‍ ടിക്‌ടോക് ഉപകരിച്ചേക്കുമെന്നും പറയുന്നു.

 

∙ ടിക്‌ടോക് വാങ്ങി മൈക്രോസോഫ്റ്റ് ആപ്പിലാകുമോ?

 

അറിയില്ലാത്ത പണിക്കാണ് മൈക്രോസോഫ്റ്റ് ഇറങ്ങുന്നതെന്നു പറയുന്നവരുണ്ട്. ചില്ലറ പണമൊന്നുമല്ല മുടക്കുന്നതും- 5000 കോടി ഡോളറാണ് ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് ചോദിക്കുന്നത്. ആ പൈസയൊക്കെ മൈക്രോസോഫ്റ്റിനു കൊടുക്കാന്‍ കഴിയും. യുവാക്കളെ ആകര്‍ഷിച്ചു നിർത്തുന്ന എന്തൊ ഒന്ന് ടിക്‌ടോകിലുണ്ട്. അത് ആപ്പിന്റെ പേരിലൊന്നുമല്ല ഇരിക്കുന്നത്. യുവാക്കളുടെ മനമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ടീം ടിക്‌ടോകിനു പിന്നിലുണ്ടെന്നു വേണം സങ്കല്‍പ്പിക്കാന്‍. അതൊന്നും തുടര്‍ന്നു കൊണ്ടുപോകാന്‍ മൈക്രോസോഫ്റ്റിനു സാധിക്കണമെന്നില്ല. അങ്ങനെ വന്നാല്‍, ഉപയോക്താക്കള്‍ വേറെ വഴിയന്വേഷിക്കും. ആപ്പുകള്‍ക്ക് എപ്പോഴും പുതിയ ഫീച്ചറുകള്‍ നല്‍കിക്കൊണ്ടിരിക്കേണ്ടി വരും. അതൊന്നും മൈക്രോസോഫ്റ്റിനു ശീലമുള്ള കാര്യമല്ല. അതുകൊണ്ട് ടിക്‌ടോക് ആപ് വാങ്ങി മൈക്രോസോഫ്റ്റ് ആപ്പിലാകാനുള്ള സാധ്യത ഉണ്ട്. തങ്ങള്‍ വാങ്ങിയ പല കമ്പനികളും പൂട്ടിക്കെട്ടുക എന്നത് മൈക്രോസോഫ്റ്റിന്റ ചരിത്രത്തിലുള്ള കാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, കാലോചിതമായി പരിഷ്‌കരിച്ചു കൊണ്ടിരുന്നാല്‍, ഗൂഗിളിനു യുട്യൂബ് എന്ന പോലെ മൈക്രോസോഫ്റ്റിന് ടിക്‌ടോക് പണം നൽകിക്കൊണ്ടിരിക്കുമെന്നും വാദമുണ്ട്.

 

∙ 5ജിയിൽ എന്ത് മാജിക്കാണ് ജിയോ കാണിക്കാൻ പോകുന്നത്?

 

ടെക്‌നോളജിയുടെ ഈറ്റില്ലമായ അമേരിക്ക പോലും ചൈനീസ് കമ്പനികളെ ഒഴിവാക്കി എങ്ങനെ മികച്ച രീതിയില്‍ 5ജി കൊണ്ടുവരാം എന്നാലോചിച്ച് വിഷമിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാവെയ്, സെഡ്ടിഇ തുടങ്ങിയ ചൈനീസ് കമ്പനികളാണ് 5ജി ഏറ്റവും ചെലവു കുറച്ചും, ഗുണമേന്മയോടെയും ചെയ്തുകൊടുക്കാന്‍ കെല്‍പ്പുള്ളവര്‍ എന്നാണ് പറയുന്നത്. എന്നാല്‍, അവര്‍ക്ക് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന ആരോപണമുള്ളതിനാല്‍ അവരെ അടുപ്പിക്കാന്‍ അധികം രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കരുത്തുറ്റ പല ടെക്‌നോളജി കമ്പനികളുമുള്ള അമേരിക്കയടക്കം പല രാജ്യങ്ങളും 5ജി എങ്ങനെ കൊണ്ടുവരണമെന്ന കാര്യത്തില്‍ സന്ദേഹത്തിലിരിക്കുമ്പോഴാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി താന്‍ ലോക നിലവാരമുള്ള 5ജി സ്വന്തമായി വികസിപ്പിച്ച് വിന്യസിക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഇതു കേട്ടിട്ട് രാജ്യത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഇതെങ്ങനെ സാധിക്കും എന്ന ചോദ്യമുയര്‍ത്തിയില്ല എന്നാണ് സാമ്പത്തികരംഗത്തെ ജേണലിസ്റ്റ് ആയ വി. ശ്രീധര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

തന്റെ പ്രഖ്യാപനത്തില്‍, 5ജി എങ്ങനെയാണ് വികസിപ്പിക്കുക എന്നതിന്റെ ഒരു വിശദാംശത്തിലേക്കും കടക്കാതെ വെറുതെ ഒഴുക്കനായി പറഞ്ഞു പോകുകയായിരുന്നു അംബാനി. 5ജി സാങ്കേതികവിദ്യ എന്നു പറഞ്ഞാല്‍ വേഗമേറിയ ഡൗണ്‍ലോഡ് സ്പീഡ് എന്നല്ല അർഥം, അത് അതിസങ്കീര്‍ണ്ണവും നിര്‍മിച്ചെടുക്കാന്‍ ചിലവേറിയതുമാണ്. അത്തരം ഒരു സാങ്കേതികവിദ്യ നിര്‍മിക്കാന്‍ ശ്രമിക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഒരിടത്തും റിലയന്‍സ് ജിയോ ഇല്ലെന്ന് ശ്രീധര്‍ പറയുന്നു. എന്തായാലും 5ജിയുടെ കാര്യത്തില്‍ അംബാനി എന്തു മാജിക്കാണ് കാണിക്കുന്നത് എന്നു കാത്തിരുന്നു കാണാം.

 

∙ ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും സെയില്‍ തുടങ്ങി

 

ഓണ്‍ലൈനിലൂടെ വില കുറച്ചു സാധങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നര്‍ക്ക് വീണുകിട്ടുന്ന അവരങ്ങളാണ് ഇകൊമേഴ്‌സ് കമ്പനികള്‍ നടത്തുന്ന സെയിലുകള്‍. ഇപ്പോള്‍ നടക്കുന്ന ആമസോണ്‍ പ്രൈം ഡേയിലൂടെയും ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്‌സ് സെയിലിലൂടെയും പല ഉപകരണങ്ങളും വില കുറച്ചു ലഭ്യമാക്കുന്നു.

 

∙ ക്യനന്‍ കമ്പനിക്ക് എതിരെയും റാന്‍സംവെയര്‍ ആക്രമണം

 

ക്യമറ അടക്കമുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ജാപ്പനീസ് ഭീമന്‍ ക്യാനനെതിരെ റാന്‍സംവെയര്‍ ആക്രമണമുണ്ടായതായി ബ്ലീപ്പിങ് കംപ്യൂട്ടര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതിലൂടെ 10 ടിബിയിലേറെ ഡേറ്റ നഷ്ടപ്പെട്ട ക്യാനന്‍ വെട്ടിലായിരിക്കാമെന്നാണ് പറയുന്നത്. ഈ സാഹചര്യത്തെക്കുറിച്ച് തങ്ങള്‍ പഠിച്ചുവരികയാണെന്നാണ് ക്യാനന്‍ പ്രതികരിച്ചത്.

 

∙ ആപ്പിള്‍ പുതിയ 27-ഇഞ്ച് ഐമാക് പുറത്തിറക്കി

 

ഇന്റല്‍ 10 തലമുറ ചിപ്പിലധിഷ്ടിതമായ ഒരു മെഷീനാണ് ആപ്പിള്‍ പുതിയതായി പുറത്തിറക്കിയ 27-ഇഞ്ച് ഐമാക്. തങ്ങളുടെ എല്ലാ കംപ്യൂട്ടറുകളും സ്വന്തം പ്രോസസര്‍ ഉപയോഗിച്ചു പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. അതിനു മുൻപ് ഇന്റല്‍ പ്രോസസര്‍ ഉപയോഗിച്ചിറങ്ങുന്ന അവസാന മെഷീനുകളിലൊന്നാകാം ഈ ഐമാക് എന്നു പറയുന്നു. 10-കോര്‍ വരെയുള്ള പ്രോസസര്‍ വേരിയന്റുകള്‍ ഉപയോഗിച്ചിരിക്കുന്നു. മികച്ച സ്‌ക്രീന്‍ ടെക്‌നോളജി ഉള്‍പ്പെടുത്തിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. എഎംഡിയുടെ റാഡിയോണ്‍ പ്രോ 5000 സീരിസ് ഗ്രാഫിക്‌സ് പ്രോസസറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 16ജിബി വരെ ഗ്രാഫിക്‌സ് മെമ്മറി ഉള്ള മെഷീന്‍സ് ലഭ്യമായിരിക്കും. തുടക്ക മോഡലിന് 256 ജിബി എസ്എസ്ഡി ആണ് നല്‍കുക. ഇന്റല്‍ ഐ5 പ്രോസസറുള്ള തുടക്ക വേരിയന്റിന് 1800 ജോളറായിരിക്കും വില.

 

English Summary: Apple denies interest in acquiring TikTok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com