ADVERTISEMENT

വിശ്വസനീയമല്ലാത്ത ടിക് ടോക്, വിചാറ്റ് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകളുടെ ഭീഷണികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം കഠിനമായി പരിശ്രമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ. ആപ്പിളിന്റെയും ഗൂഗിളിന്റെയും യുഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ചൈനീസ് ആപ്പുകൾ നീക്കംചെയ്യാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

അമേരിക്കക്കാരെ ഭീഷണികളിൽ നിന്ന് സുരക്ഷിതരാക്കാനും അവരുടെ ഡേറ്റ വിശ്വസനീയമല്ലാത്ത ടെക് ഭീമന്‍മാരിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാനും ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. വിശ്വസനീയമല്ലാത്ത ചൈനീസ് ടെലികോം കമ്പനികൾ യുഎസിനും വിദേശ ലക്ഷ്യസ്ഥാനങ്ങൾക്കുമിടയിൽ രാജ്യാന്തര ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുവെന്നും പോംപിയോ പറഞ്ഞു.

 

വിശ്വസനീയമല്ലാത്ത ചൈനീസ് ആപ്ലിക്കേഷനുകൾ യുഎസ് ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് നീക്കംചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തന്നെയാണ് പ്രസിഡന്റ് ട്രംപും അറിയിച്ചിരിക്കുന്നത്. വിശ്വസിക്കാവുന്ന നെറ്റ്‌വർക്കിനെക്കുറിച്ച് കൂടുതൽ സംസാരിച്ച പോംപിയോ, ‘സ്വാതന്ത്ര്യസ്നേഹികളായ രാജ്യങ്ങളോട്’ അമേരിക്കയ്ക്ക് പിന്നാലെ ചേരാൻ അഭ്യർഥിക്കുകയും ചൈനീസ് ക്ലൗഡ് ദാതാക്കളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

 

അഞ്ച് പുതിയ ശ്രമങ്ങൾ ആരംഭിച്ചുകൊണ്ട് ക്ലീൻ നെറ്റ്‌വർക്കിന്റെ വിപുലീകരണം പ്രഖ്യാപിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. സ്വാതന്ത്ര്യ സ്നേഹികളായ എല്ലാ രാജ്യങ്ങളോടും കമ്പനികളോടും ക്ലീൻ നെറ്റ്‌വർക്കിൽ ചേരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നുവെന്നും പോംപിയോ പറഞ്ഞു.

 

ഹോങ്കോങ്ങിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ദക്ഷിണ ചൈനാക്കടലിലെ ആധിപത്യവും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ ചൈനയെ സമ്മർദ്ദത്തിലാക്കുന്നതിന്റെ ഭാഗമായാണ് പോംപിയോയുടെ പ്രഖ്യാപനം. അമേരിക്കയിൽ വ്യാപാരം നടത്തുന്ന ചൈനീസ് സോഫ്റ്റ്‌വെയർ കമ്പനികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് (സിസിപി) നേരിട്ട് ഡേറ്റ നൽകുന്നുണ്ടെന്ന് നേരത്തെ ഫോം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പോംപിയോ പറഞ്ഞു.

 

ചൈനീസ് വിഡിയോ ഷെയറിങ് ആപ്ലിക്കേഷൻ ടിക് ടോക്കിനെ യുഎസ് നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഹോങ്കോങ് ദേശീയ സുരക്ഷാ നിയമം, ദക്ഷിണ ചൈനാ കടൽ, കൊറോണ വൈറസ്, വ്യാപാരം തുടങ്ങി വിവിധ വിഷയങ്ങളിൽ ചൈനയും യുഎസും തമ്മിൽ തർക്കമുണ്ട്. അതേസമയം, ചൈനയിലേക്കും പുറത്തേക്കും പോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ അമേരിക്കൻ പൗരന്മാരോട് അഭ്യർഥിച്ചു.

 

English Summary: Trump admin wants remove untrusted Chinese apps: Mike Pompeo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com