ADVERTISEMENT

ഇന്ത്യ-ചൈന സംഘര്‍ഷം തുടങ്ങിയ കഴിഞ്ഞ മാസങ്ങളില്‍ പല ചൈനീസ് ആപ്പുകളും രാജ്യം നിരോധിച്ചിരുന്നു. അവയുടെ പട്ടികയിലേക്ക് പുതിയ ഒരു ആപ് കൂടെ എത്തുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ വെബ് ബ്രൗസറായ എംഐ ബ്രൗസറാണത്. എല്ലാ ഷഓമി ഫോണിലും ഈ ആപ് ഉണ്ട്. ഇന്ത്യ നിരോധിക്കുന്ന ആദ്യ ഷഓമി ആപ് അല്ല ഇത്. ആദ്യം നിരോധിച്ച 59 ആപ്പുകളില്‍ കമ്പനിയുടെ എംഐ കമ്യൂണിറ്റ് ആപ്പും ഉണ്ടായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ് സ്‌റ്റോറിലും നിന്ന് ഷഓമിയുടെ ബ്രൗസര്‍ ആപ്പുകളെല്ലാം നീക്കംചെയ്തു കഴിഞ്ഞിരിക്കുകയാണ്. എംഐ ബ്രൗസര്‍ പ്രോയാണ് ഇന്ത്യ ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ചൈനീസ് ബ്രൗസറുകളെല്ലാം വരും ദിവസങ്ങളില്‍ ബ്ലോക്കു ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

എല്ലാ ഷഓമി ഫോണുകളിലും ഈ ആപ്പുകള്‍ നല്‍കുന്നു- പൊകോ, റെഡ്മി, എംഐ തുടങ്ങിയ വിവിധ ബ്രാന്‍ഡ് നെയിമുകളില്‍ എത്തുന്ന ഫോണുകളിലെല്ലാം ബ്രൗസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഫോണുകളിലുള്ള ബ്രൗസറുകള്‍ പ്രവര്‍ത്തന ക്ഷമമാണ്. എന്നാല്‍, ഇവ വരും ദിവസങ്ങളില്‍ ബ്ലോക്കു ചെയ്യപ്പടും. എന്നാല്‍, ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ള എല്ലാ സ്വകാര്യതാ, സുരക്ഷാ നിയമങ്ങളും പാലിച്ചാണ് തങ്ങളുടെ ബ്രൗസര്‍ ഇറക്കിയിരിക്കുന്നതെന്നാണ് ഷഓമി പറയുന്നത്. പുതിയ സംഭവവികാസങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് തങ്ങളെന്നും സർക്കാർ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി പറയുന്നു. എംഐ ബ്രൗസറുകള്‍ ഉപയോഗിച്ചുവന്നവര്‍, ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എജ്, ബ്രേവ് തുടങ്ങിയ ആപ്പുകളിലേക്കു മാറുന്നതായിരിക്കും ഉചിതം.

 

∙ അടുത്ത തലമുറ പിസികളില്‍ 5ജി എത്തിക്കാന്‍ മെഡിയാടെക്കും, ഇന്റലും

 

തങ്ങള്‍ പ്രോസസര്‍ നിര്‍മാതാവായ ഇന്റലുമായി ചേര്‍ന്ന് അടുത്ത തലമുറ കംപ്യൂട്ടറുകള്‍ക്കു നല്‍കാനായി 5ജി മോഡം ഡേറ്റാ കാര്‍ഡ് നിര്‍മിക്കുകയാണെന്ന് സ്മാര്‍ട് ഫോണ്‍ ചിപ്പ് നിര്‍മാതാവായ മെഡിയാഡടെക് അറിയിച്ചു. മെഡിയാടെക്കിന്റെ ടി700 5ജി മോഡം ഇന്റല്‍ പ്രോസസര്‍ ശക്തിപകരുന്ന അടുത്ത തലമുറ പിസികളില്‍ പിടിപ്പിക്കും. നോണ്‍-സ്റ്റാന്‍ഡ്എലോണ്‍, സ്റ്റാന്‍ഡ്എലോണ്‍ സബ്-6 5ജി ആര്‍ക്കിടെക്ചറുകളായിരിക്കും ഉള്‍പ്പെടുത്തുക. ഉപയോക്താക്കള്‍ വീട്ടിലിരിക്കുകയാണെങ്കിലും, യാത്ര ചെയ്യുകയാണെങ്കിലും അവര്‍ക്ക് കണ്ടെന്റ് സ്ട്രീം ചെയ്യുകയോ, ഓണ്‍ലൈന്‍ ഗെയിംസ് കളിക്കുകയോ ചെയ്യാന്‍ സാധിക്കുന്ന രീതിയിലായിരിക്കും ഇതിന്റെ നിര്‍മിതി. 2021ന്റെ തുടക്കം മുതല്‍ ഇതു ലഭ്യാക്കും.

 

∙ വിദ്യാർഥികളെ സഹായിക്കാന്‍ മഹാരാഷ്ട്രാ-ഗൂഗിള്‍ സഖ്യം

 

സംസ്ഥാനത്തെ 2.3 കോടി വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന രീതിയില്‍ ഗൂഗിളിന്റെ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതായി മഹാരാഷ്ട്രാ സർക്കാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പഠന രംഗത്തായിരിക്കും ഈ കൂട്ടുകെട്ട്. ഗൂഗിളിന്റെ ജി സ്യൂട്ട് ഫോര്‍ എജ്യൂകേഷന്‍, ഗൂഗിള്‍ ക്ലാസ്‌റൂം, ഗൂഗിള്‍മീറ്റ് തുടങ്ങിയ ടൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തിലൂടെയായിരിക്കും അകലെയിരുന്നുള്ള പഠനം ഉറപ്പാക്കാന്‍ ശ്രമിക്കുക. സ്വകാര്യതയിലേക്കു കടന്നു കയറുന്ന കാര്യത്തില്‍ കുപ്രസിദ്ധ കമ്പനിയായ ഗൂഗിളുമായി വിദ്യാര്‍ഥികളുടെയും മറ്റും സ്വകാര്യത ഉറപ്പാക്കുമെന്ന് കരാറില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 

∙ ആത്മനിര്‍ഭര്‍ ആപ് വെല്ലുവിളി ഫൈനലിസ്റ്റുകള്‍ക്ക് മെഗാ ഹാക്കത്തോണ്‍ ഇന്ന്

 

ആത്മനിര്‍ഭര്‍ ഭാരത് ആപ് ഇനവേഷന്‍ ചലഞ്ചിന്റെ ഫൈനലിലെത്തിയവര്‍ക്കായി ഇന്ന് മെഗാ ഹാക്കത്തോണ്‍ നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഇത് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 5 വരെ മൈഗവ് ഇന്ത്യാ, ഡിജിറ്റല്‍ ഇന്ത്യാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ട്രീം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് 6,940 ആപ്പുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ 3,939 വ്യക്തികളും, 3001 എണ്ണം സംഘടനകളും കമ്പനികളുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

∙ അടുത്ത വര്‍ഷം ഫോള്‍ഡിങ് ഫോണിറക്കാന്‍ ഗൂഗിള്‍

 

തങ്ങളുടെ പിക്‌സല്‍ ശ്രേണിയില്‍ അടുത്ത വര്‍ഷം ഒരു ഫോള്‍ഡിങ് ഫോണ്‍ കൂടെ ഇറക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. സാംസങ്, വാവെയ്, മൈക്രോസഫ്റ്റ് തുടങ്ങിയ കമ്പനികളാണ് ഫോള്‍ഡിങ് ഫോണുകളുടെ സാധ്യത ആരായാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന തങ്ങളുടെ ഫോണിന് കമ്പനിക്കുള്ളില്‍ നല്‍കിയിരിക്കുന്ന കോഡ് നാമം പാസപോര്‍ട്ട് എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

 

∙ വണ്‍പ്ലസ് നോര്‍ഡിലടക്കം ഫെയ്‌സ്ബുക് ബ്ലോട്ട്‌വെയര്‍

 

പലരും വാങ്ങാന്‍ ആഗ്രഹിച്ച വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട് ഫോണില്‍ ഫയ്‌സ്ബുക് ബ്ലോട്ടെ്‌വെയര്‍ അടക്കം ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ക്ലീന്‍ സോഫ്റ്റ്‌വെയര്‍ നല്‍കുന്നുവെന്നു വിശ്വസിച്ചുവന്ന വണ്‍പ്ലസ് കമ്പനി ഫെയ്‌സ്ബുക്കിന്റെ ബ്ലോട്ട്‌വെയര്‍ ഒളിച്ചു കടത്തുന്നതായാണ് ആരോപണം. പല കമ്പനികളും ഇങ്ങനെ ചില ആപ്പുകള്‍ നല്‍കാറുണ്ടെങ്കിലും അവയില്‍ പലതും ഡിലീറ്റു ചെയ്യാം. എന്നാല്‍, വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് 8, വണ്‍പ്ലസ് 8പ്രോ എന്നിവയില്‍ കണ്ടെത്തിയിരിക്കുന്നത് ഡിലീറ്റു ചെയ്യാനാവില്ല എന്നത് ഗുരുതരമായ ആരോപണമാണെന്നാണ് പറയുന്നത്. സാംസങ്ങിന്റെയടക്കം പല ആന്‍ഡ്രോയിഡ് ഫോണുകളുടെയും ശാപമാണ് ബ്ലോട്ട്‌വെയര്‍. വണ്‍പ്ലസ് ഫെയ്‌സ്ബുക് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തരിക്കുകയല്ല. സെറ്റിങ്‌സില്‍ നിങ്ങള്‍ ഫെയ്‌സ്ബുക് എന്നു സേര്‍ച്ച് ചെയ്താല്‍ മൂന്ന് ആപ്പുകള്‍ പുറത്തു ചാടി വരുന്നതു കാണാമെന്നു പറയുന്നു.

 

ഈ മോഡലുകളില്‍ ഫെയ്‌സ്ബുക് ആപ് ഇന്‍സ്റ്റാള്‍ ചെയ്‌തോ ഇല്ലയോ എന്നതു പ്രശ്‌നമല്ല ഫെയസ്ബുക് കൂടെയുണ്ടാകും എന്നാണ് ഉയരുന്ന ആരോപണം. ഇത് ഫോണിന്റെ ഉടമയ്ക്ക് ഡിലീറ്റു ചെയ്യാനാവില്ല. വ്യക്തികളുടെ ചെയ്തികളിലേക്ക് ഒളിഞ്ഞു നോക്കാന്‍ താത്പര്യമുള്ള കമ്പനിയാണ് ഫെയ്‌സ്ബുക് എന്നാണല്ലോ ആരോപണം. ഫെയ്‌സ്ബുക് ആപ് സ്വമേധയാ ഇന്‍സ്റ്റാള്‍ ചെയ്യുന്നയാള്‍ ആ സാഹസത്തിനു മുതിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്കിനെ അകറ്റി നിർത്താന്‍ ആഗ്രഹിക്കുന്നവര്‍ പോലും വണ്‍പ്ലസിന്റെ മുകളില്‍ പരാമര്‍ശിച്ച മോഡലുകള്‍ വാങ്ങിയാല്‍ ഫെയ്‌സ്ബുക്കിനെ കൂടെ കൊണ്ടു നടക്കേണ്ടിവരുമെന്നാണ് ഉയരുന്ന ആരോപണം. ഫെയ്സ്ബുക് സര്‍വീസസ്, ഫെയ്‌സ്ബുക് ആപ് മാനേജര്‍, ഫെയ്‌സ്ബുക് ആപ് ഇന്‍സ്റ്റാളര്‍ എന്നിവയാണ് തങ്ങളുടെ ഓക്‌സിജന്‍ ഒഎസിലേക്ക് വണ്‍പ്ലസ് തിരുകി കയറ്റിയിരിക്കുന്ന ആപ്പുകള്‍. ഫെയ്‌സ്ബുക് ഭീതിയുള്ളവര്‍ക്ക് അവയെ വേണമെങ്കില്‍ ഡിസേബിൾ ചെയ്യാം. എന്നാല്‍, നീക്കം ചെയ്യാനാവില്ലെന്ന് ഗവേഷകര്‍ പറയുന്നു. സാംസങ് ഫോണുകളിലും ഒരു സ്ഥിരം വിഭവമായി ഫെയ്‌സ്ബുക് നല്‍കുന്നുണ്ടെന്നും പറയുന്നു.

 

English Summary: Mi browser banned; what should users do? FB bloatware on OnePlus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com