ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് ആപ്പുകളായ ടിക്‌ടോകും ടെന്‍സന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍ ആപ്പായ വീചാറ്റും നിരോധിച്ചു. ഇതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കേട്ട രീതിയില്‍ തന്നെയാണ് നിരോധനം നിലവില്‍ വരിക. 45 ദിവസത്തെ സാവകാശമാണ് ടിക്‌ടോകിന് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് തങ്ങളുടെ രാജ്യത്തുള്ള ബിസിനസ് വിറ്റ് ഒഴിവാകാന്‍ അനുവദിച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ കൊള്ളാത്ത ചൈനീസ് ആപ്പുകളെ പുറംതള്ളുകയാണ് എന്നാണ് അമേരിക്ക പറയുന്നത്. അമേരിക്കയിലെ യുവജങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരമായിരുന്നു ടിക്‌ടോക് നേടിയിരുന്നത്. അമേരിക്കക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതു തടയുക എന്നതാണ് ലക്ഷ്യമെന്നു പറയുന്നു. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് എന്ന നിയമം ഉപയോഗിച്ചാണ് രണ്ട് ആപ്പുകളും നിരോധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15നാണ് നിരോധനം നിലവില്‍ വരിക. ഈ നിരോധനത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പ്രശ്‌നമുണ്ടാക്കിയേക്കുമെന്ന് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അമേരിക്കയിലുള്ള പല ചൈനാ നിരീക്ഷകരും ഈ നിരോധനത്തിന്റെ യുക്തിയെ തന്നെ ചോദ്യംചെയ്തിട്ടുണ്ട്.

 

∙ കൂടുതല്‍ നടപടികള്‍

 

അമേരിക്കന്‍ ഗവണ്‍മെന്റ് ചൈനീസ് ആപ്പുകള്‍ക്കെതിരെ കൂടുതല്‍ നടപടികളിലേക്കു കടന്നേക്കുമെന്നാണ് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റെയ്റ്റ്‌സ് മൈക് പോംപിയോ നല്‍കുന്ന സൂചന. വിശ്വസിക്കാന്‍ കൊള്ളില്ലാത്ത ചൈനീസ് ആപ്പുകള്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്‌സ്റ്റോറില്‍ നിന്നും എടുത്തുകളയണമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, അമേരിക്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഫോണുകളില്‍ നിന്ന് ടിക്‌ടോക് എടുത്തുകളയാനുള്ള ബില്‍ സെനറ്റിന്റെ ഏകപക്ഷീയമായ അംഗീകാരം ലഭിച്ചു.

 

∙ ഡിജിറ്റല്‍ ബന്ധം വച്ഛേദിക്കപ്പെട്ടു

 

ഈ നീക്കത്തിലൂടെ അമേരിക്കയും ചൈനയും തമ്മിലുള്ള ഡിജിറ്റല്‍ ബന്ധം വിച്ഛേദിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്ന് ടെക്‌നോളജി വിദഗ്ധന്‍ ജെയിംസ് ലൂയിസ് പറഞ്ഞു. ചൈന തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടിക്‌ടോകിന്റെ കാര്യത്തില്‍, വേഗം അവര്‍ വിറ്റൊഴിവാകട്ടെ എന്ന ലക്ഷ്യമായിരിക്കാം ട്രംപിന്റെ മനസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ ഇടപാടില്‍ കൈമറ്റം നടക്കപ്പെടുന്ന തുകയുടെ വലിയൊരു പങ്ക് തങ്ങള്‍ക്കു വേണമെന്നും അമേരിക്കന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. ടിക്‌ടോകിന് 100 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് അമേരിക്കയിലുള്ളത്. അതേസമയം, വീചാറ്റ് അധികമാരും ഉപയോഗിക്കാറുമില്ല. ഇന്ത്യ ആദ്യം നിരോധിച്ച 59 ആപ്പുകള്‍ക്കിടയില്‍ ഇവയും പെടും. 

 

അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചൈനീസ് കമ്പനികള്‍ക്ക് നിയമപരമായി ബിസിനസ് ചെയ്യാനുള്ള അംഗീകാരം എടുത്തുകളയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അമേരിക്ക തങ്ങളുടെ ചെയ്തികള്‍ക്കുള്ള തിരിച്ചടി പ്രതീക്ഷിച്ചോളാനുമാണ് ചൈന പറഞ്ഞിരിക്കുന്നത്. ദേശീയ സുരക്ഷ എന്ന ന്യായം പറഞ്ഞാണ് കമ്പനികളെ നിരോധിച്ചിരിക്കുന്നത്. അതു ശരീയായ രീതിയല്ല. തങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ചൈന പറയുന്നു.

 

∙ അമേരിക്കയുടെ നടപടി പരിശോധിച്ചു വരുന്നതായി ടെന്‍സെന്റ്

 

തങ്ങളുടെ ആപ്പിനെതിരെ അമേരിക്ക കൈക്കൊണ്ട നടപടിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പരിശോധിച്ചുവരികയാണിപ്പോള്‍. അതിനു ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് ടെന്‍സെന്റ് സ്വീകരിച്ചത്.

 

∙ ചൈനീസ് കമ്പനികളുടെ ഓഹരികളുടെ മൂല്യമിടിഞ്ഞു

 

വിചാറ്റിന്റെയും, ടിക്‌ടോകിന്റെയും നിരോധനത്തെ തുടര്‍ന്ന് അമേരിക്കയില്‍ ലിസ്റ്റു ചെയ്തിരുന്ന ചൈനീസ് കമ്പനികളുടെ ഓഹരികളുടെ മൂല്യമിടിഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷമെന്ന എരിതീയില്‍ വീണ്ടും ട്രംപ് എണ്ണയൊഴിക്കുകയാണ് ചെയ്തിരിക്കുന്നതെന്നു പറയുന്നവരുണ്ട്.

 

∙ ടിക്‌ടോക് ഇന്ത്യയില്‍ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല

 

മൈക്രോസോഫ്റ്റ് കമ്പനിയാണ് അമേരിക്കയില്‍ ടിക്‌ടോക് ഏറ്റെടുക്കാനുള്ള സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഏകദേശം 5000 കോടി ഡോളറാണ് ഇതിനായി ടിക്‌ടോകിന്റെ ഉടമ ബൈറ്റ്ഡാന്‍സ് ഇട്ടിരിക്കുന്ന വില. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ അവകാശവും ഇത്തരത്തില്‍ വിറ്റേക്കുമെന്ന് നേരത്തെ കേട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്നത് ഏകദേശം 1000 കോടി ഡോളര്‍ നല്‍കിയാല്‍ ബൈറ്റ്ഡാന്‍സ് ഇന്ത്യയിലെ ടിക്‌ടോകിന്റെ അവകാശവും മൈക്രോസോഫ്റ്റിനു കൈമാറാന്‍ തയാറാണെന്നാണ്. ഇന്ത്യയാണ് ടിക്‌ടോകിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് - ഏകദേശം 650 ദശലക്ഷം തവണ ഇന്ത്യയില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മൈക്രോസോഫ്റ്റ് വാങ്ങിയാല്‍ ചൈനീസ് ആപ് എന്ന പഴി പരിപൂര്‍ണ്ണമായും നീങ്ങും. അത്തരം ഒരു സാഹചര്യത്തല്‍, ഇതിന് ഇവിടെ പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നു ഇന്ത്യാ ഗവണ്‍മെന്റ് പറയാനുള്ള സാധ്യത ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

∙ മറ്റൊരു സാധ്യത

 

ഇന്ത്യയിലെ അവകാശം മൈക്രോസോഫ്റ്റ് വാങ്ങുന്നില്ലെങ്കില്‍ അത് മറ്റേതെങ്കിലും കമ്പനിക്കു വില്‍ക്കാനും ബൈറ്റ്ഡാന്‍സ് തയാറായേക്കുമെന്നും കേള്‍ക്കുന്നു. ഉദാഹരണത്തിന് റിലയന്‍സ് ജിയോ പോലെ ഒരു കമ്പനി ചിലപ്പോള്‍ മുന്നോട്ടുവരാം. അങ്ങനെയാണങ്കില്‍ ബൈറ്റ്ഡാന്‍സ് ആപ് പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കും. ലാഭവിഹിതമായിരിക്കും കമ്പനി ചോദിക്കുക.

 

∙ ക്യു ആനന്‍ നിഗൂഢതാ വാദികുളുടെ ഒരു ഗ്രൂപ്പ് ഫെയ്സ്ബുക് നീക്കംചെയ്തു

 

ഫെയ്സ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നു എന്ന കാരണം കാണിച്ച് അമേരിക്കയിലെ ഗൂഢാലോചനാ വാദികളുടെ ഗ്രൂപ്പായ ക്യൂ ആനന്റെ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നിനെ ഫെയ്സ്ബുക് നീക്കംചെയ്തു. ഈ ഗ്രൂപ്പില്‍ ഏകദേശം 20,000 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അവതരിച്ച സവിശേഷ വ്യക്തയിയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നുവരെ ക്യൂ ആനന്‍ ഗ്രൂപ്പുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

 

∙ ബ്രൗസര്‍ നിരോധനം: ഷഓമിക്കു പറയാനുള്ളത് ഇതാണ്

 

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി ഷഓവിയുടെ വെബ് ബ്രൗസറുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇത് അവരുടെ ഉപയോക്താക്കള്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചേക്കാം. നിലവില്‍ ആപ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അധികം താമസിയാതെ അവ നിശ്ചലമായേക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ അംഗീകരിക്കാത്ത ആപ്പുകള്‍ ഇനി പ്രീ ഇന്‍സ്റ്റോള്‍ ചെയ്യുന്നില്ല എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ സോഫ്റ്റ്‌വെയറായ എംഐയുഐയില്‍ ബ്ലോക്കു ചെയ്ത ആപ്പുകളൊന്നും ഇനി ഉണ്ടാവില്ല. പുതിയ എംഐയുഐ ഘട്ടംഘട്ടമായി വിവിധ മോഡലുകളിലെത്തുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ ഇന്ത്യയില്‍ സ്ഥാപിച്ചിരിക്കുന്ന സേര്‍വറുകളിലാണ് സൂക്ഷിക്കുന്നതെന്നും അവ അതിര്‍ത്തിക്കു വെളിയിലേക്കു കൊണ്ടുപോയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

 

∙ ഫെയ്‌സ്ബുക് ജോലിക്കാര്‍ക്ക് ജൂലൈ 2021 വരെ വര്‍ക്ക് ഫ്രം ഹോം

 

തങ്ങളുടെ ജോലിക്കാര്‍ക്ക് ജൂലൈ 2021 വരെ വര്‍ക്ക് ഫ്രം ഹോം ആയിരിക്കുമെന്ന് ഫെയ്‌സ്ബുക് അറിയിച്ചു. അതിനായി ആയിരം ഡോളര്‍ അധകവും നലല്‍കുന്നുണ്ട്.

 

English Summary: TikTok may make a comeback in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com