sections
MORE

ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ നീക്കം ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങള്‍; ഷെയര്‍ചാറ്റില്‍ മൈക്രോസോഫ്റ്റിന്റെ 10 കോടി

tiktok-ban
SHARE

അമേരിക്ക ടിക്‌ടോക്, വീചാറ്റ് എന്നീ ആപ്പുകള്‍ നിരോധിച്ചതിനെക്കുറിച്ചു പ്രതികരിച്ച കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത് ഇന്ത്യയുടെ നടപടി ലോകരാഷ്ട്രങ്ങള്‍ ഏറ്റുപിടിക്കുകയാണ് എന്നാണ്. ജനങ്ങളുടെ ഡേറ്റയെക്കുറിച്ചും രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചുമുള്ള ഭയം കാരണമാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അതു തന്നെ ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷ, സ്വകാര്യത, അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി ശ്രമിക്കുന്നു. ടിക്‌ടോക്കിനോടും വീചാറ്റിനോടും 45 ദിവസത്തിനുള്ളല്‍ അമേരിക്കയില്‍ നിന്നു കെട്ടുകെട്ടിക്കോളണമെന്നാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. മറ്റു പല ചൈനീസ് ആപ്പുകള്‍ക്കും താമസിയാതെ അമേരിക്കയില്‍ നിന്നു പുറത്തുപോകേണ്ടി വരും. നൂറിലേറെ ചൈനീസ് ആപ്പുകളാണ് ഇതുവരെ ഇന്ത്യ നിരോധിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ ഈ ആപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരോട് 79 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഈ ചോദ്യാവലിക്ക് ടിക്‌ടോക് മറുപടി നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഇത് അപര്യാപ്തമാണെന്നാണ് പ്രഥമദൃഷ്ട്യാ ഇന്ത്യന്‍ അധികാരികള്‍ കണ്ടെത്തിയിരിക്കുന്നതെന്നും പറയുന്നു.

∙ റീല്‍സ് സക്കര്‍ബര്‍ഗിനെ 100 ബില്ല്യന്‍ ഡോളര്‍ ക്ലബിലെത്തിച്ചു

ടിക്‌ടോക്കിനു പകരമായി ഫെയ്‌സ്ബുക് ഇറക്കിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം റീല്‍സ്. ടിക്‌ടോക്കിനേറ്റ ആഘാതം റീല്‍സ് മുതലാക്കി റീല്‍സ് ഫെയ്‌സ്ബുക് മേധാവിയുടെ വ്യക്തിഗത മൂല്ല്യം 100 ബില്ല്യന്‍ ഡോളറലധികമായിരിക്കുകയാണ്. റീല്‍സ് അവതരിപ്പിച്ച് അധികം താമസിയാതെ ഫെയസ്ബുക്കിന്റെ ഓഹരിയുടെ വില 6 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ സക്കര്‍ബര്‍ഗ്, ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസ്, ബില്‍ ഗെയ്റ്റ്‌സ് എന്നിവര്‍ക്കൊപ്പം സെന്റിബില്ല്യനയര്‍ ക്ലബിലെത്തിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ഇന്ത്യന്‍ ആപ് ഷെയര്‍ചാറ്റില്‍ മൈക്രോസോഫ്റ്റ് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

മൈക്രോസോഫ്റ്റ് ടിക്‌ടോക് വാങ്ങാനും വാങ്ങാതിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ഷെയര്‍ചാറ്റിന്റെ കാര്യത്തില്‍ അത്തരം സംശയങ്ങളൊന്നുമില്ല. ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത പ്രാദേശിക ഭാഷകളില്‍ ചാറ്റ് നടത്താവുന്ന ആപ്പായ ഷെയര്‍ചാറ്റില്‍ മൈക്രോസോഫ്റ്റ് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ തിരുമാനിച്ചതായി വാര്‍ത്തകള്‍. ഇതോടെ ഷെയര്‍ചാറ്റിന്റെ മൂന്നിലൊന്ന് അവകാശം മൈക്രോസോഫ്റ്റ് സ്വന്തമാക്കും. ആപ്പിന് 140 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. മലയാളം, ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി, ഒഡിയ, കന്നഡ, അസാമീസ്, രാജസ്ഥാനി, ഭോജ്പൂരി, ഉർദു തുടങ്ങി 15 ഭാഷകളിലാണ് ഷെയര്‍ചാറ്റ് കളംപിടിച്ചിരിക്കുന്നത്.

US-ENTERTAINMENT-SCIENCE-BREAKTHROUGH-AWARDS

∙ പോളിസിബസാറില്‍ 150 മില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍

സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസി ബസാറില്‍ സേര്‍ച് ഭീമന്‍ ഗൂഗിള്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ ഗൂഗിള്‍ 4.5 ബില്ല്യന്‍ ഡോളര്‍ മുതല്‍ മുടക്കിയിരുന്നു.

∙ പോകോ എക്‌സ്2 ന് എംഐയുഐ 12 അപ്‌ഡേറ്റ്

പോകോ എക്‌സ്2 ആയിരിക്കും എംഐയുഐ 12 അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യ പോകോ മോഡല്‍. 813എംബി ആയിരിക്കും ഡൗണ്‍ലോഡ് സൈസ്.

ശാസ്ത്ര വാർത്തകൾ

∙ കാലാവസ്ഥാ വ്യതിയാനം പലമടങ്ങ് മാരകമായിരിക്കുമെന്ന് ഗെയ്റ്റ്‌സ്

കൊറോണാവൈറസ് കൊണ്ടുവന്ന ഭീകരതയെക്കാള്‍ പ്രശ്‌നംപിടിച്ചതായിരിക്കും കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെന്നാണ് മൈക്രോസോഫ്റ്റ് മുന്‍ മേധാവി ബില്‍ഗെയ്റ്റ്‌സ് ഇപ്പോള്‍ മുന്നറിയിപ്പു നല്‍കുന്നത്. ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണാവൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കൈയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ മുന്നറിയിപ്പു നല്‍കിയ ആളായിരുന്നു ഗെയ്റ്റസ്. എന്നാല്‍, ഇപ്പോള്‍ കൊറൊണാവൈറസിനെ മെരുക്കുന്ന കാര്യത്തല്‍ ശ്രദ്ധിക്കാന്‍ മാത്രമെ സമയമുള്ളുവന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ പ്രശ്‌നം ഒതുങ്ങിയാല്‍ അതിവേഗം കാലാവസ്ഥാ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ കാര്‍ബണ്‍ പുറത്തുവിടല്‍ ആണ്. അതിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമയി സംസാരിച്ചു.

ഇതുവരെയുണ്ടായിട്ടുള്ള കൊറോണാവൈറസ് മൂലമുള്ള മരണം 100,000 പേരില്‍ 14 എന്ന അനുപാതത്തിലാണ്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം മുലമുള്ള മരണ നിരക്കിന്റെ തോത് ഇതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, 2100 ആകുമ്പോഴേക്ക് ഇത് അഞ്ചു മടങ്ങു വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പതിറ്റാണ്ടും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ആഘാതവും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന രീതിയിലുള്ളതായിരിക്കും. കോവിഡ്-19 ഒരു ഗുണം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതവാതക വാര്‍ച്ച 8 ശതമാനം കുറച്ചിട്ടുണ്ട് – ഏകദേശം 47 ബില്ല്യന്‍ ടണ്‍ കാര്‍ബണ്‍. എന്നാല്‍, അതുപോലും ഇനി ഉണ്ടാവില്ല. അത് ലോക്ഡൗണിന്റെ പ്രതിഫലനമാണ്. ലോക്ഡൗണ്‍ തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ല. വൈദ്യുതി ഉണ്ടാക്കല്‍, ഉല്‍പ്പനങ്ങള്‍ നിര്‍മിക്കല്‍, ഭക്ഷ്യ സാധനങ്ങള്‍ ഉണ്ടാക്കല്‍, കെട്ടിടങ്ങളിലെ കൂളിങ് സിസ്റ്റങ്ങള്‍, ലോകമെമ്പാടും സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന രീതി ഇവയെല്ലാം അതിവേഗം മാറ്റണം. കാര്‍ബണ്‍ വാര്‍ച്ച 0 ശതമാനമാക്കണം. അത് കൊറോണാവൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നതു പോലെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇതെല്ലാം പല പതിറ്റാണ്ടുകളായി പ്രകൃതി സ്‌നേഹികള്‍ പറഞ്ഞുവന്ന കാര്യങ്ങളാണെന്നും ഓര്‍ക്കാം.

vaccine-billgates

∙ ടെസ്റ്റുകള്‍ മികച്ചതല്ല

അമേരിക്കയില്‍ നടത്തുന്ന കൊറോണാവൈറസ് ടെസ്റ്റുകള്‍ വകയ്ക്കു കൊള്ളാത്തവയാണന്ന് ഗെയ്റ്റ്‌സ് തുറന്നടിച്ചു. അതേസമയം, മോഡേണാ, ഫൈസര്‍/ബയോണ്‍ടെക്, ക്യൂവര്‍വാക് തുടങ്ങിയവ വികസിപ്പിച്ചുവരുന്ന ആര്‍എന്‍എ വാക്‌സിന്‍ ചെലവേറിയതായരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകമെമ്പാടുമുള്ള പാവപ്പെട്ട രാജ്യങ്ങളിലെത്താന്‍ സാധ്യത അസ്ട്രാസെനക്കാ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവ വികസിപ്പിച്ചുവരുന്ന വാക്‌സിനായിരിക്കാമെന്നും അദ്ദേഹം സൂചന നല്‍കി. ആദ്യ ഘട്ട പരീക്ഷണങ്ങളുടെ ഡേറ്റ വച്ച് വാക്‌സിനുകള്‍ രോഗം ബാധിക്കാതിരിക്കാനുള്ള കവചമൊരുക്കുന്ന കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, എത്ര കാലത്തേക്ക് എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരിലും മറ്റും ഇതെങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ഇപ്പോള്‍ ഉറപ്പില്ല. ചില രാജ്യങ്ങള്‍ ഇപ്പോള്‍ തിരക്കിട്ട് നിർമിച്ച് കുത്തിവയ്ക്കാന്‍ പോകുന്ന വാക്‌സിനുകളെക്കുറിച്ചും ഗെയ്റ്റ്‌സ് തന്റെ ഉല്‍കണ്ഠ മറച്ചുവച്ചില്ല. റഷ്യയും ചൈനയും തങ്ങളുടെ വാക്‌സിന്‍ വിജയിച്ചു എന്നു പറഞ്ഞ് പല പേറ്റന്റുകളും എടുക്കും. എന്നാല്‍ ഇവയുടെ മേന്മ ശരിയായ രീതിയില്‍ അവലോകനം ചെയ്തിട്ടുണ്ടാവില്ല അദ്ദേഹം പറഞ്ഞു.

English Summary: Targeting WeChat, US president Donald Trump takes aim at China’s bridge to the world

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA