ADVERTISEMENT

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധ നടപടികളുടെ ശരിയായ അനന്തരഫലം അനുഭവിച്ചു തുടങ്ങുകയാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനികളിലൊന്നായ വാവെയ്. തങ്ങളുടെ ഏറ്റവും അത്യാധുനിക പ്രോസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍. അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനി മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷയായിരുന്നു ഇതുവരെ വാവെയ് പ്രകടിപ്പിച്ചുവന്നത്. എന്നാല്‍, ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം കമ്പനിയുടെ മുന്നോട്ടുള്ള നീക്കം ദുസ്സഹമായിരിക്കും. 

 

ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാവെയ് കമ്പനി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്ന് എന്നതു കൂടാതെ ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണ നിര്‍മാണത്തിലും ഒന്നാം സ്ഥാനത്താണ്. ഇന്ത്യയും അമേരിക്കയും അടക്കം പല രാജ്യങ്ങളും അടുപ്പിക്കില്ലെങ്കിലും ലോകത്ത് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ചെലവിലും, ഏറ്റവും ഗുണമേന്മയുള്ളതുമായ 5ജി നെറ്റ്‌വര്‍ക്ക് ഒരുക്കാനുള്ള ശേഷിയുള്ളത് വാവെയ്ക്കാണെന്നാണ് വിലയിരുത്തല്‍.

 

അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയുടെ കേന്ദ്രബിന്ധുവായി തീര്‍ന്നതാണ് വാവെയ് ടെക്‌നോളജീസ് ലിമിറ്റഡിനു വിനയായത് എന്നു കരുതുന്നവരുണ്ട്. അനുദിനം വഷളായി വരികയാണ് അമേരിക്ക-ചൈന കുടിപ്പക. അടുത്തിടെ അമേരിക്ക ചൈനീസ് ആപ്പുകളായ ടിക്‌ടോക്കിനെയും, വീചാറ്റിനെയും രാജ്യത്തു നന്നു പുറത്താക്കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആപ്പുകള്‍ക്കു നേരെ നടപടിയുണ്ടാകുമെന്ന വ്യക്തമായ സൂചനയും അമേരിക്ക നല്‍കിക്കഴഞ്ഞു.

 

കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ അടക്കമുള്ള പല സ്മാര്‍ട് ഫോണ്‍ സേവനങ്ങളും വാവെയ്ക്കു നല്‍കരുതെന്ന് വിലക്കിയിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ഇത്തരം വിലക്കുകള്‍ ഒന്നുകൂടെ മുറുക്കിയിരുന്നു. അമേരിക്കന്‍ ടെക്‌നോളജി ഉപയോഗിച്ച് സാധനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു കമ്പനിയും വാവെയ്ക്ക് ഇനി ഒന്നും വില്‍ക്കരുതെന്ന വിലക്കാണ് ഏര്‍പ്പെടത്തയത്. ഇതാണിപ്പോള്‍ വാവെയ്ക്കു കുരുക്കായിരിക്കുന്നത്. കമ്പനി സ്വന്തമായി ആണ് തങ്ങളുടെ കിരിന്‍ പ്രോസസര്‍ ഉണ്ടാക്കിയെടുക്കുന്നത്. എന്നാല്‍, ഇവ നിര്‍മിച്ചു നല്‍കുന്ന കോണ്ട്രാക്ടര്‍മാര്‍ അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിനാല്‍ അടുത്ത സെപ്റ്റംബര്‍ 15ന് തങ്ങള്‍ക്കുള്ള ചിപ് നിര്‍മാണം കോണ്‍ട്രാക്ടര്‍മാര്‍ നിർത്തുമെന്നാണ് കമ്പനിയുടെ കണ്‍സ്യൂമര്‍ യൂണിറ്റിന്റെ പ്രസിഡന്റായ റിച്ചാഡ് യു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി ചിപ്പ് നിർമിക്കാനുള്ള ശേഷി ഇപ്പോള്‍ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. കമ്പനിയുടെ ഫ്‌ളാഗ്ഷിപ് ഫോണുകള്‍ക്കുള്ള അത്യാധുനിക ചിപ്പുകളുടെ നിര്‍മാണമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

 

അമരിക്ക രണ്ടാം ഘട്ട വിലക്ക് ഏര്‍പ്പെടുത്തുന്ന സമയത്ത് തങ്ങള്‍ക്ക് ചിപ്പുണ്ടാക്കി നല്‍കുന്ന കോണ്‍ട്രാക്ടര്‍മാര്‍ സെപ്റ്റംബര്‍ 15 വരെയുള്ള കരാര്‍ മാത്രമാണ് സ്വീകരിച്ചത്. ഇതിനാല്‍ സെപ്റ്റംബര്‍ 15ന് പ്രൊഡക്ഷന്‍ നിലയ്ക്കും. എന്നുപറഞ്ഞാല്‍, ചിപ്പില്ലെങ്കില്‍ ഫോണിറക്കാനാവില്ല. ഈ വര്‍ഷം തങ്ങള്‍ 2019നെ അപേക്ഷിച്ച് കുറച്ചു ഫോണുകളായിരിക്കും വില്‍ക്കുക എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അതിന്റെ കൃത്യമായ കണക്കുകള്‍ എടുത്തു പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം കമ്പനി 240 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് വിറ്റത് എന്നാണ് കണക്കുകള്‍ പറയുന്നത്.

 

ഒരു മുന്‍ ചൈനീസ് പട്ടാള എൻജിനീയറാണ് വാവെയ് കമ്പനി 1987ല്‍ സ്ഥാപിച്ചത്. ചൈനയ്ക്കായി നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതാണ് കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. എന്നാല്‍, വാവെയ് ഇത് ആവര്‍ത്തിച്ചു നിഷേധിച്ചു വരികയാണ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ളുടെ മേല്‍ക്കോയ്മയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ഭീഷണിയായിരുന്നു വാവെയ്. വാവെയ്‌ക്കെതിരെ ഉയര്‍ത്താവുന്ന ആരോപണങ്ങള്‍ പല പ്രശസ്ത അമേരിക്കന്‍ കമ്പനികള്‍ക്കെതിരെയും ഉയര്‍ത്താവുന്നവയുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അസൂയാവഹമായ ഉയര്‍ച്ചയായിരുന്നു വാവെയ് കൈവരിച്ചത്. എന്തായാലും, വാവെയുടെ ചിറകരിയുക വഴി തത്കാലം അമേരിക്കന്‍ കമ്പനികള്‍ ടെക്‌നോളജി മേഖലയില്‍ തങ്ങളുടെ മേധാവിത്വം തുടര്‍ന്നേക്കും.

 

ടെലികോം മേഖല, ഇലക്ട്രിക് കാര്‍, പുതുക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍, തുടങ്ങി നിരവധി മേഖലകളില്‍ മുൻപേ പറക്കുന്ന പക്ഷിയായിരുന്നു വാവെയ്. ഈ മേഖലകളിലെല്ലാം ചൈന വിജയം കൊയ്യുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വപ്‌നം കണ്ടിരുന്നു. ആഗോള തലത്തിലെ മേധാവിത്വം തങ്ങള്‍ക്കായിരിക്കുമെന്നാണ് അവര്‍ വച്ചുപുലര്‍ത്തിയ പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ വാവെയ്ക്ക് 180,000 ജോലിക്കാരാണുള്ളത്. അവര്‍ ഗവേഷണത്തിനും ടെക്‌നോളജി വികസിപ്പിക്കലിനുമായി മാറ്റിവച്ചിരിക്കുന്നത് പ്രതിവര്‍ഷം 15 ബില്ല്യന്‍ ഡോളറാണ്. എന്നാല്‍, മിക്കവാറും എല്ലാ ടെക്‌നോളജി കമ്പനികളെയും പോലെ കോണ്‍ട്രാക്ടര്‍മാരെ ആശ്രയിച്ചാണ് അവരും സാധനങ്ങള്‍ നിര്‍മിച്ചെടുത്തിരുന്നത്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത വേണമെന്ന് കമ്പനിക്ക് നേരത്തെ തോന്നാതിരുന്നതാണ് ഇപ്പോള്‍ കമ്പനിക്ക് വിനയായിരിക്കുന്നത്. ഐഫോണ്‍ നിര്‍മാതാവായ ആപ്പിളടക്കമുള്ള കമ്പനികള്‍ ഈ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു വഴി നല്ലൊരു തുക ലാഭിക്കാമെന്നതാണ് എല്ലാ കമ്പനികള്‍ക്കും ഇത് ആകര്‍ഷകമായിരുന്നത്.

 

ആഗോള തലത്തില്‍ തങ്ങളുടെ സ്മാര്‍ട് ഫോണ്‍ വിൽപ്പന ഈ വര്‍ഷം 13.1 ശതമാനം വളര്‍ച്ച കാട്ടിയതായി വാവെയ് നേരത്തെ അറിയിച്ചിരുന്നു. ഏകദേശം 65 ബില്ല്യന്‍ ഡോളറിനുള്ള വില്‍പ്പനയാണ് കമ്പനി നടത്തിയത്. എന്നാല്‍, ഇതേക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. ഈ വര്‍ഷം ജൂണില്‍ ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി വാവെയ് മാറിയിരുന്നു. സാംസങിനെ പിന്‍തള്ളിയാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്. എന്നാല്‍, ഇത് വാവെയ് കമ്പനിയുടെ പ്രൊഡക്ടുകള്‍ക്ക് ചൈനയില്‍ ആവശ്യക്കാര്‍ കൂടിയതു കൊണ്ടാണ് സാധിച്ചത്. ആഗോള വിപണിയില്‍ കമ്പനിയുടെ വില്‍പ്പന ഈ വര്‍ഷമാദ്യം 27 ശമതാനം ഇടിയുകയാണ് ചെയ്തത്.

 

ഇപ്പോള്‍ നടന്നുവരുന്ന 5ജി വികസനത്തില്‍ നിന്ന് വാവെയെ ഓഴിവാക്കാന്‍ ആവശ്യപ്പെട്ട് അമേരിക്ക വന്‍ പ്രചാരണ വേലകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതും കമ്പനിക്ക് വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുക. പുതിയ തന്ത്രങ്ങള്‍ അതിവേഗമൊരുക്കിയില്ലെങ്കില്‍ വാവെയ്ക്ക് പടിച്ചുനില്‍പ്പ് പ്രശ്‌നമായേക്കും. എന്നാല്‍, ഇതിനിടയില്‍ അമേരിക്കയും ചൈനയും തമ്മില്‍ എന്തെങ്കിലും ധാരണയിലെത്തിയാല്‍ വാവെയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പു സാധ്യമാകാം.

 

English Summary: Huawei's downfall complete?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com