ADVERTISEMENT

വിഡിയോ ഷെയറിങ് ആപ് ആയ ടിക്‌ടോകിനെ അമേരിക്ക നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, തങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നാണ് ടിക്‌ടോകിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് പറഞ്ഞത്. അവരിപ്പോള്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണെന്നു പറയുന്നു. ഓഗസ്റ്റ് 11 തന്നെ കേസു ഫയലുചെയ്‌തേക്കും. നിരോധിക്കുന്നതിനു മുൻപ് തങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന കാര്യത്തിലായിരിക്കും അവര്‍ കേസുകൊടുക്കുക. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ് എന്നു പറഞ്ഞാണ് ട്രംപ് ഭരണകൂടം ടിക്‌ടോക് നിരോധിച്ചത്. എന്നാല്‍, അത് വെറും അഭ്യൂഹമാണ്. തെളിവില്ല എന്നും ടിക്‌ടോക് കോടതിയില്‍ പറയും. നിരോധനത്തിനു മുൻപ് പാലിക്കേണ്ട പലതു ചെയ്തിട്ടില്ല. ഉദാഹരണത്തിന് ടിക്‌ടോകിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചവര്‍ കമ്പനിയുടെ പ്രതികരണമാരാഞ്ഞിട്ടില്ല. എന്നാല്‍, തങ്ങള്‍ ഇങ്ങനെ ഒരു നീക്കം നടത്താന്‍ ഒരുങ്ങുന്നതായി ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. പക്ഷേ, അമേരിക്ക പോലെയൊരു രാജ്യത്ത് അത് സാധ്യമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

∙ ടിക്‌ടോക്കുമായി സഖ്യത്തിലാകാന്‍ ട്വിറ്റര്‍

 

ട്വിറ്റര്‍ ടിക്‌ടോക് വാങ്ങുമോ? ഇല്ല. ട്വിറ്റര്‍ ടിക്‌ടോകിനേക്കാള്‍ വളരെ ചെറിയ കമ്പനിയാണ്. ട്വിറ്ററിന്റെ മൊത്തം മാര്‍ക്കറ്റ് മൂല്യം 29 ബില്ല്യന്‍ ഡോളറാണ്. അടുത്തിടെ 1.2 ബില്ല്യന്‍ ഡോളറിന്റെ നഷ്ടവുമുണ്ടായി. ടിക്‌ടോകിന്റെ അമേരിക്കയിലെ മൂല്യം മാത്രം 50 ബില്ല്യന്‍ ഡോളറാണ്. ആഗോള തലത്തിലാണെങ്കില്‍ 150 ബില്ല്യനും. ഇതിനാല്‍ ട്വിറ്റര്‍ ടിക്‌ടോക് വാങ്ങിക്കാനുള്ള സാധ്യത തീരെ ഇല്ല. എന്നാല്‍, സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിനു വിറ്റേക്കാമെന്നതു കൂടാതെ മറ്റു സാധ്യതകളും ടിക്‌ടോകിന്റെ ഉടമ ബൈറ്റ്ഡാന്‍സ് ആരായുന്നുണ്ട്. അതിലൊന്നാണ് ടിക്‌ടോകും ട്വിറ്ററും തമ്മില്‍ സഖ്യത്തില്‍ പ്രവര്‍ത്തിക്കുക എന്നത്. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചുകഴിഞ്ഞതായും പറയുന്നു. അമേരിക്കയിലെ പ്രവര്‍ത്തനമായിരിക്കും ഇരു കമ്പനികളുമൊത്തു നടത്തുക. മൈക്രോസോഫ്റ്റ് വാങ്ങിയാലും ആന്റിട്രസ്റ്റ് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാം. എന്നാല്‍, ട്വിറ്ററിന് അത്തരം ബാധ്യതകളൊന്നും ഉണ്ടാവില്ല.

 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എന്നാല്‍, ടിക്‌ടോകുമൊത്ത് പ്രവര്‍ത്തിക്കാനായാല്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ നാടകീയമായ വഴിത്തിരിവുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്വിറ്ററിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ടിക്‌ടോകിന് അമേരിക്കയില്‍ നിന്ന് ഇട്ടിട്ടുപോകേണ്ടവരുന്നത് 50 ബില്ല്യന്‍ ഡോളറിന്റെ ബിസിനസാണ്. എന്തെങ്കിലും കച്ചവടം ഉറപ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം സെപ്റ്റംബര്‍ 15 വരെയാണ്. ഏതു പിടിവള്ളിയിലും ടിക്‌ടോക് കടിച്ചു തൂങ്ങിയേക്കുമെന്നു കരുതുന്നവരുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാം റീല്‍സ് അതിഗംഭീര മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതും ടിക്‌ടോക് വാങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ ഇരുത്തി ചിന്തിപ്പിച്ചേക്കും.

 

∙ വാവെയ് കമ്പനിക്ക് ചിപ്പു നല്‍കാന്‍ അനുവദിക്കണമെന്ന് ക്വാല്‍കം

 

തത്കാലം തങ്ങളുടെ അവസാന പ്രീമിയം ഫോണ്‍ മെയ്റ്റ് 40 പ്രോ ആയിരിക്കുമെന്ന് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയ് അറിയിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ 15നു ശേഷം അവര്‍ക്ക് പ്രോസസറുകള്‍ ലഭ്യമാവില്ല എന്നതാണ് കാരണം. അവര്‍ക്കു പ്രീമിയം ചിപ്പുകള്‍ നിര്‍മിക്കാനുള്ള എല്ലാ പഴുതുകളും ട്രംപ് ഭരണകൂടം അടച്ചു. എന്നാലിപ്പോള്‍, ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കളിലൊരാളായ ക്വല്‍കം അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിച്ച് വാവെയ്ക്ക് ചിപ്പു നല്‍കാനുള്ള ശ്രമത്തിലാണെന്നു പറയുന്നു. ചിപ്പ് നിരോധനം അമേരിക്കന്‍ കമ്പനികള്‍ക്ക് ബില്ല്യന്‍ കണക്കിനു ഡോളറിന്റെ നഷ്ടം വരുത്തിവയ്ക്കും. അല്‍പ്പം കാലതാമസമെടുത്താല്‍ പോലും, വാവെയ് ഇനി മെഡിയടെക്, സാംസങ് തുടങ്ങിയ കമ്പനികളുടെ ചിപ്പ് വാങ്ങും. തങ്ങളുടെ ബിസിനസ് നശിപ്പിക്കരുതെന്നാണ് ക്വാല്‍കം ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട്.

 

∙ ഷഓമി 10-ാം വയസിലേക്ക്; മി10 അള്‍ട്രാ 5ജി ഫോണ്‍ അവതരിപ്പിക്കും

 

ആഗോള തലത്തില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ പേരെടുത്തിട്ട് അധികം വര്‍ഷങ്ങളായില്ലെങ്കിലും ഷഓമി അതിന്റെ പത്താം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സാര്‍ട് ഫോണ്‍ കമ്പനി ഷഓമി. ഓഗ്‌സ്റ്റ് 11ന് കമ്പനി നിലവില്‍ വന്നിട്ട് 10 വര്‍ഷമാകുകയാണ്. അതേ ദിവസം തങ്ങളുടെ ഫ്‌ളാഗ്ഷിപ് ഫോണായ മീ 10 അള്‍ട്രാ കമ്പനി അവതരിപ്പിക്കുമെന്നു കരുതുന്നു. ഇത് ചൈനയിലായിരിക്കും നടക്കുക. ഫോണിന്റെ പ്രധാന ആകര്‍ഷണീയത അതിന്റ 120X ഡിജിറ്റല്‍ സൂമായിരിക്കും. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് പ്രോസസര്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഫോണിന് 6.67-ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലെയായിരിക്കും ഉള്ളത്. ഇതിന് 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുമുണ്ടായിരിക്കും. മറ്റൊരു പ്രധാന ഫീച്ചര്‍ 100/120 വാട്ട് ഫാസ്റ്റ് ചാര്‍ജറിന്റെ പിന്‍ബലമാണ്. അതിവേഗ ചാര്‍ജിങ് സാധ്യമായ ഫോണിന് പിന്നില്‍ ക്വാഡ് ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു. പ്രധാന ക്യാമറയ്ക്ക് 109 എംപി റെസലൂഷന്‍ ഉണ്ടായിരിക്കും. സെല്‍ഫി ക്യാമറയ്ക്ക് 20എംപി റെസലൂഷനും ഉണ്ടായിരിക്കും. തുടക്ക വേരിയന്റിന് 8ജിബി റാമായിരിക്കും ഉളളത്. 12ജിബി വേരിയന്റും ഉണ്ട്. 512ജിബി വരെയായിരിക്കും സ്റ്റോറേജ് ശേഷി. പ്രീമിയം മോഡലിന്റെ ബോക്‌സില്‍, 'മി10 സുപ്രീം കമെമ്മറേറ്റീവ് എഡിഷന്‍' എന്ന് ആലേഖനം ചെയ്തരിക്കുകമെന്നു പറയുന്നു.

 

∙ ഇന്റല്‍ കമ്പനിയും ഹാക്കു ചെയ്യപ്പെട്ടു

 

ഇന്റര്‍നെറ്റില്‍ ആരും സുരക്ഷിതരല്ല എന്നതിന്റെ മറ്റൊരു സുപ്രധാന ഉദാഹരണമാണ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കംപ്യൂട്ടര്‍ ചിപ് നിര്‍മാതാക്കളിലൊരാളായ ഇന്റലിനു നേരെ നടന്ന വന്‍ ആക്രമണം. അവരുടെ സുപ്രധാന രേഖകളടക്കം 20 ജിബി ഡേറ്റയാണ് കടത്തിയരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകളടക്കമാണ് കടത്തിയത്. അതൊന്നും പോരാഞ്ഞിട്ട് ഈ രേഖകള്‍ മെഗാ (MEGA) എന്ന ഫയല്‍ ഷെയറിങ് വെബ്‌സൈറ്റില്‍ ഡൗണ്‍ലോഡു ചെയ്യാനായും ഇട്ടിരുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ ഫയലുകളടക്കം. ഈ ലീക്കുകള്‍ സത്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്റലിന് ബൗദ്ധികാവകാശം ലഭിച്ചവയടക്കമുള്ള പലതിനെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്നതാണിത്.

 

English Summary: TikTok to file lawsuit against Trump Administration over order banning app in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com