ADVERTISEMENT

ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇത് ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, തുണി, അലുമിനിയം, ചിലതരം സ്റ്റീല്‍ തുടങ്ങിയവയ്ക്കാണ് പുതിയ നികുതി നിലവില്‍വരുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ വിഷയം ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ഇത്തരത്തിലൊരു നിര്‍ദ്ദേശം നേരത്തെ വാണിജ്യ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നുവെങ്കിലും അത് ധനകാര്യവകുപ്പ് തള്ളിക്കളയുകയായിരുന്നു.

 

ഇത് ചൈനയെ ലക്ഷ്യംവച്ചു മാത്രമാണ് എന്നു പറയാന്‍ പറ്റില്ല. മൊത്തത്തിലൊരു നികുതി വര്‍ധനയാണ് ഉദ്ദേശിക്കുന്നത്. എന്നാലും, ചൈനയില്‍ നിന്ന് ചില സാധനങ്ങള്‍ ധാരാളമായി വരുന്നുണ്ട്. അതിനു തടയിടുക എന്നതും ഉദ്ദേശമുണ്ടെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്കു സന്ദേഹമില്ലാതില്ലെന്നും പറയുന്നു. എന്നാല്‍, ഈ നീക്കം ലഡാക്കിലേക്ക് അതിക്രമിച്ച് വന്നതും, 20 സൈനികരുടെ മരണത്തിനിടയാക്കിയതുമായ ചൈനയുടെ നടപടിക്കെതിരെ വ്യക്തമായ സൂചന നല്‍കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പറയുന്നു. ഇതു കൂടാതെ, മൊബൈലുകളും മരുന്നുകളും പ്രാദേശികമായി നിര്‍മിക്കുന്നതും വര്‍ധിപ്പിക്കാനായി പലവിധ പ്രോത്സാഹനങ്ങളും നല്‍കുന്നുമുണ്ട്.

 

∙ ടെക് പ്രേമികള്‍ മാജിക് പ്രതീക്ഷിക്കുന്ന ഈ വര്‍ഷത്തെ ഫോണുകള്‍ ഇവ

 

∙ സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 2

 

സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 2നെക്കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍ കമ്പനി ഓഗസ്റ്റ് 6ന് പുറത്തുവിട്ടിരുന്നു. മുന്‍ തലമുറയിലെ ഫോണിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ പലതും പരിഹരിച്ചെത്തുന്ന ഈ മോഡലിന് 5ജി സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

 

∙ മൈക്രോസോഫ്റ്റ് സര്‍ഫസ് ഡുവോ

 

ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തില്‍ മൈക്രോസോഫ്റ്റ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച മോഡലാണിതെന്നാണ് പറയുന്നത്. ഗ്യാലക്‌സി ഫോള്‍ഡിനെ പോലെ ഇരട്ട സ്‌ക്രീനിന്റെ മികവാണ് ഇതിനുമുള്ളത്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 1500 ഡോളറോളം വില പ്രതീക്ഷിക്കുന്നു. ആദ്യ ഗ്യാലക്‌സി ഫോള്‍ഡ് ഇപ്പോഴും വില്‍ക്കുന്നത് 1980 ഡോളറിനാണ്.

 

∙ ഐഫോണ്‍ 12 സീരിസ്

 

ഇനി വരുന്നത് ഐഫോണ്‍ കാലമാണ്. സാധാരണഗതിയില്‍ സെപ്റ്റംബറില്‍ നടത്തിവന്നിരുന്ന ഐഫോണ്‍ അനാവരണ ചടങ്ങ് മാറ്റിവച്ചാലും അദ്ഭുതമില്ലെന്നാണ് പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മോഡലുകള്‍ കണ്ടേക്കുമെന്നും പറയുന്നു- നാലു മോഡലുകളാണ് ചിലര്‍ പറയുന്നത്. രണ്ടു പ്രോ മോഡലുകളും രണ്ട് പ്രോ നാമകരണം ഇല്ലാത്ത ഫോണുകളും. ഇവയെല്ലാം പ്രവര്‍ത്തിക്കുക ആപ്പിളിന്റെ ഏറ്റവും ശക്തമായ എ14 ബയോണിക് ചിപ്‌സെറ്റ് ഉപയോഗിച്ചായിരിക്കും. നൂതന ഡിസൈന്‍, 5ജി, മികച്ച ഓലെഡ് പാനല്‍, 120ഹെട്‌സ് റിഫ്രഷ് റെയ്റ്റ് തുടങ്ങി പല ഫീച്ചറുകളും സമ്മേളിപ്പിച്ചായിരിക്കും പ്രോ മോഡലുകള്‍ ഇറക്കുക.

 

∙ ഗൂഗിള്‍ പിക്‌സല്‍ 5

 

കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ 4 അത്രമേല്‍ ശ്രദ്ധ പിടിച്ചുപറ്റിയില്ല എന്ന കാരണത്താല്‍ തന്നെ ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ ഈ വര്‍ഷം അത്രമേല്‍ ശ്രദ്ധകൊടുത്താണ് തങ്ങളുടെ പ്രീമിയം ഫോണ്‍ ഇറക്കുക എന്നാണ് പറയുന്നത്. പിക്‌സല്‍ 5നെക്കുറിച്ച് അത്രയധികം ലീക്കുകളൊന്നും ഈ വര്‍ഷം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ പിക്‌സല്‍ ഫോണുകളുടെ പരാജയത്തെ തുടര്‍ന്ന് ഒരു പക്ഷേ ഈ വര്‍ഷം ലഭ്യമായതില്‍ വച്ച് ഏറ്റവും നല്ല പ്രോസസര്‍ പോലും ഉപയോഗിക്കാതെ ആയിരിക്കാം ഇറക്കുന്നതെന്നും ചില അഭ്യൂഹങ്ങള്‍ പറയുന്നു.

 

∙ ഷഓമി മി10 അള്‍ട്രാ

ബജറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിലെ രാജാക്കന്മാരായ ഷഓമി പ്രീമിയം മോഡലുകളുടെ വിപണി ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മോഡലുകളിലൊന്നാണിത്. ക്യാമറയ്ക്ക് 120 എക്‌സ് ഡിജിറ്റല്‍ സൂം തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിവ്.

 

∙ വണ്‍പ്ല്‌സ് 8റ്റി

 

ആപ്പിള്‍, സാംസങ് തുടങ്ങിയ സ്മാര്‍ട് ഫോണ്‍ നിര്‍മാണ ഭീമന്മാര്‍ക്ക് വിശ്വസനീയമായ വെല്ലുവിളി ഉയര്‍ത്തുന്ന കമ്പനി എന്ന വിശദീകരണമുള്ള വണ്‍പ്ലസ് തങ്ങളുടെ അടുത്ത പ്രീമിയം മോഡല്‍ ഈ വര്‍ഷം പുറത്തിറക്കും. സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് ആയിരിക്കും പ്രോസസര്‍ എന്നാണ് കരുതുന്നത്. 120 ഹെട്‌സ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. ഇതു കൂടാതെ എതിരാളികള്‍ നല്‍കാത്ത തരത്തിലുള്ള ഏതെങ്കിലും ഒരു ഫീച്ചറും ഉണ്ടായേക്കും.

 

∙ ടിക്‌ടോക് ഏറ്റെടുക്കല്‍ മൈക്രോസോഫ്റ്റിന് എളുപ്പമാവില്ല

 

സങ്കീര്‍ണമായ വെല്ലുവിളികളാണ് ചൈനീസ് ആപ് ആയ ടിക്‌ടോക് ഏറ്റെടുക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ് നേരിടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കനിവുണ്ടെങ്കില്‍ മാത്രമായിരിക്കും കച്ചവടം നടക്കുക എന്നാണ് പുതിയ വാര്‍ത്തകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയിരിക്കുന്ന അന്ത്യശാസന എല്ലാ പരിപാടികളും സെപ്റ്റംബര്‍ 15നു മുൻപ് തീര്‍ത്തോളണം എന്നാണ്. അമേരിക്കക്കാരുടെ ഡേറ്റ എങ്ങനെ സുരക്ഷിതമായ സൂക്ഷിക്കും എന്നതൊക്കെ അതിനു മുൻപ് അറിയിക്കണം. വിലയില്‍ പോലും ഇപ്പോള്‍ ഇരു കമ്പനികളും തമ്മില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ട്രംപ് ഭരണകൂടം പറയുന്നത് അതൊരു പുതിയ, ക്ലീന്‍ ആപ്പായി വരണമെന്നാണ്. അങ്ങനെ അതിന്റെ മുഴുവന്‍ ചൈനീസ് ബന്ധവും പൊട്ടിച്ചെറിഞ്ഞ് പുതുക്കി ഇറക്കണമെങ്കില്‍ കുറഞ്ഞത് ഒരു കൊല്ലമെങ്കിലും വേണ്ടിവരുമെന്നു പറയുന്നു. ചൈനയില്‍ ഡോയിന്‍ എന്നൊരു വിഡിയോ ഷെയറിങ് ആപ് ടിക്‌ടോകിന്റെ ഉടമ ബൈറ്റ്ഡാന്‍സിനുണ്ട്. ഇരു ആപ്പുകളും പല ടെക്‌നോളജിയും പങ്കുവയ്ക്കുകയാണിപ്പോള്‍.

 

ഇരു ആപ്പുകളും തമ്മിലൊരു വേര്‍തിരിവു കൊണ്ടുവരാനുള്ള ശ്രമം ബൈറ്റ്ഡാന്‍സ് മാസങ്ങള്‍ക്കു മുൻപെ തുടങ്ങിയതാണെങ്കിലും ഇതുവരെ അതു സാധിച്ചിട്ടില്ല. ആപ്പിന്റെ കോഡ്- ഇതാണ് ആപ്പിന്റെ മട്ടും ഭാവവും നിശ്ചയിക്കുക-  ഡോയിനില്‍ നിന്നും മാറ്റിയെങ്കിലും സെര്‍വര്‍ കോഡ് ഇപ്പോഴും ഇരു ആപ്പുകളും ഭാഗികമായി പങ്കുവയ്ക്കുന്നു. അത് ബൈറ്റ്ഡാന്‍സിന്റെ മറ്റു പ്രൊഡക്ടുകളിലും കാണാം. ടിക്‌ടോകിന്റെ പ്രവര്‍ത്തനം നിർത്താതെ ആപ് വാങ്ങണമെങ്കില്‍ മൈക്രോസോഫ്റ്റിന് ഇതൊക്കെ ഉപയോഗിച്ചേ പറ്റൂ. അത്തരം ഒരു സാഹചര്യം അമേരിക്കയ്ക്ക് സമ്മതിക്കാനായേക്കില്ല.

 

മറ്റൊന്ന് ടിക്‌ടോകിനെ മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്ന രഹസ്യക്കൂട്ടാണ്. റെക്കമെന്‍ഡേഷന്‍ എൻജിനാണ് ഉപയോക്താക്കളെ സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാന്‍ അനുവദിക്കാതെ പിടിച്ചു നിർത്തുന്നത്. ഇതില്ലെങ്കില്‍ ടിക്‌ടോക് സാധാരണ ആപ്പാണ്. ഈ എൻജിന്‍ അല്ലെങ്കില്‍ അല്‍ഗോറിതമാണ് 'ഫോര്‍ യൂു പേജില്‍ പ്രവര്‍ത്തിക്കുന്നത്. അല്‍ഗോറിതം ഡേറ്റയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു രാജ്യത്തിന്റെ ഡേറ്റ മാത്രമെടുത്ത് അതു പ്രവര്‍ത്തിപ്പിക്കുക എന്നു പറയുന്നത് ശ്രമകരമായ കാര്യമാണെന്നാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുടെ ഉടമസ്ഥതാവകാശവും വാങ്ങിയേക്കാമെന്ന് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നത് ഇതെല്ലാം ഡേറ്റാ വേര്‍തിരിക്കൽ കൂടുതല്‍ പ്രശ്‌നത്തിലെത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ട്രംപ് ഭരണകൂടം പ്രത്യേക താത്പര്യമെടുത്തില്ലെങ്കില്‍ ടിക്‌ടോക് കൈമാറ്റം നടക്കില്ല.

 

English Summary: PC, Camera prices likely to go up, TikTok update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com