ADVERTISEMENT

ജീവിതത്തിന്റെ സമസ്ത മേഖലകളെയും തന്നെ പുല്‍കിയാണ് ടെക്നോളജി ഭീമന്മാരായ ഗൂഗിൾ, ഫെയ്‌സ്ബുക്, ആപ്പിൾ, ആമസോൺ എന്നീ കമ്പനികൾ വിജയത്തേരോട്ടം നടത്തിവന്നത്. എന്നാല്‍, അവര്‍ക്കെതിരെ മാതൃരാജ്യമായ അമേരിക്കയില്‍ നടക്കുന്ന ആന്റിട്രസ്റ്റ് നീക്കം വിജയംകണ്ടാല്‍ ഇതുവരെയുള്ള സ്ഥിതിഗതികള്‍ക്ക് അതിവേഗം മാറ്റം വന്നേക്കാം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിക്കുന്നത് ടെക്‌നോളജി ഭീമന്മാര്‍ അവരുടെ ശബ്ദം പുറത്തു കേള്‍പ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. അവരുടെ എതിരാളികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ നടത്തുന്നതിനേക്കാള്‍ വലിയ ആന്റിട്രസ്റ്റ് അന്വേഷണം തന്നെ ഈ നാലു കമ്പനികള്‍ക്കുമെതിരെ നടത്തണം എന്നാണ്. ഇതുവരെ ഈ കമ്പനികള്‍ക്കെതിരെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങള്‍ ഇവയാണ്:

 

ഗൂഗിളിനെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണം: ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടമെന്റ് അത്ര ആഴത്തിലുള്ളതല്ലാത്ത തരത്തിലുള്ള ഒരു പരാതി അടുത്ത രണ്ടാഴ്ചയ്ക്കുള്ളല്‍ സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്. സേര്‍ച്ച്, സേര്‍ച്ച് പരസ്യ വരുമാനം എന്നിവ നേടാന്‍ എതിരാളികള്‍ക്കെതിരെ നീക്കം നടത്തി എന്നതായിരിക്കും കമ്പനിക്കെതിരെയുള്ള പ്രധാന ആരോപണമെന്നാണ് കേള്‍ക്കുന്നത്.

 

ആപ്പിളിനെതിരെയുള്ള അന്വേഷണത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉയര്‍ത്തുക ആപ് സ്റ്റോറിന്റെ നടത്തിപ്പുമായുള്ള പ്രശ്‌നങ്ങള്‍ തന്നെ ആയിരിക്കും. ഈ അന്വേഷണം 2019 ജൂണില്‍ ആരംഭിച്ചതാണ്. ആപ്പിള്‍ നല്‍കിവരുന്ന സേവനങ്ങളോട് മത്സരിക്കുന്ന സേവനങ്ങൾ ആപ്പുകള്‍ ഉണ്ടാക്കിയാല്‍ അവ തഴയപ്പെടുന്നുവെന്ന ആപ് ഡെവലപ്പര്‍മാരുടെ പരാതിയടക്കമാണ് അന്വേഷണം. തങ്ങള്‍ വിജയിപ്പിച്ച ആപ്പുകള്‍ക്ക് പകരം ആപ്പിള്‍ ആപ് ഇറക്കുകയും തങ്ങളെ ആപ്‌സ്റ്റോറിനു പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. എന്നാല്‍, ക്വാളിറ്റി കുറയുന്നതാണ് ആപ്പുകളെ പുറത്താക്കാനുള്ള കാരണമെന്നാണ് ആപ്പിള്‍ പറയുന്നത്.

 

ഫെയ്‌സ്ബുക്കിനും ആമസോണിനും എതിരെയുള്ള അന്വേഷണം: ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് 2019 ജൂലൈയിലാണ് വമ്പന്‍ ടെക്നോളജി കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണപരിധി, സേര്‍ച്ച് സോഷ്യല്‍ മീഡിയ, ചില റീട്ടെയില്‍ വില്‍പ്പന സേവനങ്ങള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുന്നു എന്നറിയിച്ചത്.

 

ഫെയ്‌സ്ബുക്കിനെതിരെ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷന്റെ (എഫ്ടിസി) അന്വേഷണം: ഫെയ്‌സ്ബുക് പല സുപ്രധാന ആപ്പുകളെയും സേവനങ്ങളെയും സ്വന്തമാക്കിയിട്ടുണ്ട്- വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പടെ. ഈ ആപ്പുകളുടെ ഡെവലപ്പർമാരോട് എങ്ങനെയാണ് ഫെയസ്ബുക് പെരുമാറുന്നത്, ഈ കമ്പനികളുടെ ഏറ്റെടുക്കലിനെ തുടര്‍ന്ന് സ്വേച്ഛാധിപത്യപരമായാണോ സമൂഹമാധ്യമ രംഗത്ത് കമ്പനിയുടെ പെരുമാറ്റം തുടങ്ങയ കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്.

 

എഫ്ടിസിയുടെ ആമസോണിനെതിരെയുള്ള അന്വേഷണം: ആമസോണ്‍ മര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ വില്‍പ്പന നടത്തുന്ന ചെറുകിട വില്‍പ്പനക്കാരൊടുള്ള പെരുമാറ്റം അന്വേഷിക്കുന്നു. ഈ കമ്പനകളോട് ആമസോണ്‍ മത്സിരിക്കുന്നുണ്ടോ എന്ന കാര്യവും പരിഗണിക്കുന്നു. ഈ സെല്ലര്‍മാര്‍ വിജയകരമായി വില്‍ക്കുന്ന പ്രൊഡക്ടുകള്‍ ഏതെന്നു കണ്ടെത്തി അവയ്ക്കു തുല്യമായ പ്രൊഡക്ടുകള്‍ ആമസോണ്‍ വിലകുറച്ച് ഇറക്കുന്നുവെന്ന ആരോപണവും അന്വേഷണപരിധിയിലുണ്ട്.

 

ഗൂഗിളിനെതിരെ സ്റ്റേറ്റ് അറ്റോര്‍ണികളുടെ അഥവാ നിയമകാര്യസ്ഥരുടെ അന്വേഷണം: ടെക്‌സസിന്റെയടക്കം ഒരു കൂട്ടം സ്‌റ്റേറ്റുകളുടെ അറ്റോര്‍ണീസ് ജനറലുകള്‍ ഗൂഗിള്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അന്വേഷിക്കുന്നു. കൊളറാഡോ സ്‌റ്റേറ്റ് ഈ അന്വേഷണം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബിസിനസിലേക്കു കൂടെ വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഫെയ്‌സ്ബുക്കിനെതിരെ അറ്റോര്‍ണീസ് ജനറലുകളുടെ അന്വേഷണം: ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസിന്റെ നേതൃത്വത്തില്‍ അറ്റോര്‍ണീസ് ജനറല്‍ അന്വേഷണത്തില്‍ കമ്പനി ഉപയോക്താക്കളുടെ ഡേറ്റാ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് പഠിച്ചുവരുന്നു.

 

∙ ഡിജിറ്റല്‍ പാദമുദ്ര മുതലാക്കാന്‍ ഇന്ത്യ

 

രാജ്യത്തിന്റെ അതിവേഗം വികസിച്ചുവരുന്ന ഡിജിറ്റല്‍ പാദമുദ്ര (footprint) മുതലാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കലില്‍ മുതല്‍ക്കൂട്ടാകുമെന്ന് നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് പറഞ്ഞു. ആധാര്‍, യുപിഐ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും അടിസ്ഥാന സൗകര്യങ്ങളാക്കി ഭാവിയുടെ ടെക്‌നോളജി വികസിപ്പിച്ച് മുന്നേറണമെന്നാണ് അദ്ദേഹം പറയുന്നത്. പല വികസന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്ത്യ ടെക്‌നോളജിയെ ആശ്രയിച്ചു തുടങ്ങി. സാമൂഹിക മാറ്റങ്ങള്‍ക്കും ടെക്‌നോളജി ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന മറ്റു രാജ്യങ്ങള്‍ക്കും സഹായം നല്‍കാന്‍ ഇന്ത്യയ്ക്ക് ആയേക്കും. എഐ ടെക്‌നോളജിയുടെ കേന്ദ്രം ഡേറ്റയാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ ഫുട്പ്രിന്റാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ എഐ ഉപയോഗിച്ച് പ്രശ്‌നപരിഹാരം കാണുമ്പോള്‍ അത് ഉപകരിക്കുക 1.4 ബില്ല്യന്‍ ആളുകള്‍ക്കു മാത്രമായിരിക്കില്ല, ലോകമെമ്പാടുമുള്ള, ദാരിദ്ര്യ രേഖയില്‍ നിന്ന ഇടത്തരക്കാരായി മാറിക്കൊണ്ടിരിക്കുന്ന 700 കോടി ആളുകള്‍ക്കും അത് ഉപകാരപ്പെടും, അദ്ദേഹം പറയുന്നു. ജന ശാക്തീകരണത്തിന് എഐ ഉപയോഗിക്കുന്ന കാര്യത്തെക്കുറച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

∙ ആപ്പിളിന്റെ എയര്‍ടാഗ്‌സ് ഈ വര്‍ഷം പുറത്തിറക്കിയേക്കില്ലെന്ന്

 

ഐഫോണ്‍ 12 സീരിസിനൊപ്പം പുറത്തിറക്കുമെന്നു കരുതിയ പുതിയ ഉപകരമായ എയര്‍ ടാഗ്‌സ് അടുത്ത വര്‍ഷമേ പുറത്തിറക്കാന്‍ സാധ്യതയുള്ളു എന്നു കേള്‍ക്കുന്നു. വാഹനങ്ങളുടെയും മറ്റും താക്കോലുകള്‍ തുടങ്ങിയ സാധനങ്ങളില്‍ പിടിപ്പിക്കാനുള്ള ചെറിയ ബ്ലൂടൂത്ത് ഉപകരണങ്ങളാണ് ഇവ. എവിടെയെങ്കിലും ഇവ മറന്നുവച്ചാല്‍ ഫോണ്‍ ഉപയോഗിച്ച് അതു കണ്ടുപടിക്കാം എന്നതാണ് ഉപയോഗം.

 

∙ സാംസങ് ഗ്യാലക്‌സി എസ്21ല്‍ 5 ക്യാമറകള്‍, അതിവേഗ ചാര്‍ജിങ്

 

സാംസങ്ങിന്റെ അടുത്ത തലമുറയിലെ പ്രീമിയം സ്മാര്‍ട് ഫോണുകളായിരിക്കുമെന്നു കരുതുന്ന എസ്21 സീരിസിലെ ഏറ്റവും മുന്തിയ മോഡലുകളിലൊന്നായ എസ്21 അള്‍ട്രായില്‍ അഞ്ചു ക്യാമറാ സെറ്റ്-അപ് ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹം. പ്രധാന ക്യാമറയ്ക്ക് 108 എംപി ഇസോസെല്‍ (ISOCELL Bright HM2) സെന്‍സറായിരിക്കുമെന്നു പറയുന്നു. ഈ ക്യാമറയ്ക്ക് 1080 സെക്കന്‍ഡില്‍ 240 ഫ്രെയിം എന്ന വേഗത്തോടെ റെക്കോഡു ചെയ്യാനാകും. 8കെ സെക്കന്‍ഡില്‍ 30 ഫ്രെയിമും റെക്കോഡു ചെയ്യും. ഫോണിന് 120ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള 4കെ സ്‌ക്രീനും ലഭിക്കും. 5000 എംഎഎച് ബാറ്ററിയും, 65w ചാര്‍ജറും ഫോണിനു ലഭിക്കുമെന്നും സൂചനയുണ്ട്.

 

∙ കാനഡയില്‍ തടവില്‍ കഴിയുന്ന വാവെയ് സിഎഫ്ഒയ്ക്ക് തിരിച്ചടി

 

കാനഡയില്‍ തടവില്‍ കഴിയുന്ന വാവെയ് സിഎഫ്ഒയ്ക്ക് നിയമപരമായ തിരിച്ചടി നേരിട്ടതായി വര്‍ത്തകള്‍. വാവെയ് സ്ഥാപകന്റെ മകളും കമ്പനിയുടെ സാമ്പത്തിക ഓഫിസറുമായ മെങ് വാങ്‌സൊ 2018ലാണ് അറസ്റ്റിലായത്. മെങിന്റെ വക്കീലന്മാര്‍ക്ക് വേണ്ട രേഖള്‍ നല്‍കേണ്ടതില്ലെന്ന് കാനഡിലെ ജഡ്ജി വിധിച്ചതാണ് അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ മാസം വാദം കേട്ടപ്പോള്‍ മെങിന്റെ നിരപരാധിത്വം തെളിയിക്കാന്‍ 40തോളം രേഖകള്‍ക്ക് സാധിച്ചേക്കുമെന്ന് വാദിച്ചിരുന്നു. ഈ രേഖകളാണ് അവര്‍ക്ക് നല്‍കേണ്ടന്ന് അസോസിയേറ്റ് ചീഫ് ജസ്റ്റിസായ ഹീതര്‍ ഹോംസം വിധിച്ചത്.

 

English Summary: Tech giants face challenges in US; India to utilize digital footprint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com