ADVERTISEMENT

നിങ്ങള്‍ യുട്യൂബിലൂടെ പരിചയപ്പെടുന്ന സ്മാര്‍ട് ഫോണും, ക്യാമറയും, കളിപ്പാട്ടങ്ങളുമടക്കമുള്ള സാധനങ്ങള്‍ യുട്യൂബിലൂടെ തന്നെ വില്‍ക്കാനൊരുങ്ങുകയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഉടമയായ ഗൂഗില്‍ എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്രയുംകാലം, ഒരു പ്രൊഡക്ട് പരിചയപ്പെട്ടു കഴിഞ്ഞാല്‍ അതു വാങ്ങാന്‍ ആമസോണിലേക്കുള്ള ലിങ്ക് നല്‍കുകയാണ് ചെയ്തുവന്നത്. ഇനി പ്രൊഡക്ട് യുട്യൂബ് അഥവാ ഗൂഗിള്‍ നേരിട്ടു വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതത്രെ. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലൂടെ സമാനമായ രീതില്‍ പ്രൊഡക്ടുകള്‍ വില്‍ക്കാന്‍ ഫെയ്‌സ്ബുക്കും ശ്രമിക്കുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ടിക്‌ടോക്ക് അടക്കം പല സമൂഹ മാധ്യമങ്ങളും ഇത്തരം ശ്രമങ്ങള്‍ നടത്തിയേക്കാം. അത് ഭാവിയില്‍ ലോകത്തെ ഏറ്റവും വിലിയ ഓണ്‍ലൈന്‍ വില്‍പ്പനാ ശാലയായ ആമസോണിനടക്കം ഇ കൊമേഴ്‌സ് സേവനതാദാക്കള്‍ക്ക് ഭീഷണിയാകാമെന്നും പറയുന്നു.

 

ലോകത്തെ ഏറ്റവും വലിയ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യുട്യൂബ്, അതിലെ ചില തിരഞ്ഞെടുക്കപ്പെട്ട കണ്ടെന്റ് ക്രിയേറ്റര്‍മാരോട് യുട്യൂബിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രോഡക്ടുകളെ ടാഗു ചെയ്യാനും ട്രാക്കു ചെയ്യാനും ആവശ്യപ്പെട്ടു കഴിഞ്ഞു. ഈ ഡേറ്റ ഗൂഗിളിന്റെ ഷോപ്പിങ് ടൂളുകളുമായി ബന്ധിപ്പിച്ച് വിശകലനം നടത്തും. യുട്യൂബില്‍ ലോകത്തെ മിക്ക പ്രൊഡക്ടുകളെക്കുറിച്ചുമുള്ള വിവരങ്ങളും റിവ്യൂകളുമുണ്ട്. അവ ഉപയോഗിച്ച് ഒരു ക്യാറ്റലോഗ് സൃഷ്ടിച്ച് സാധനങ്ങള്‍ നേരിട്ടു വില്‍ക്കാനുള്ള ഒരു ശ്രമമാണ് ഗൂഗിള്‍ നടത്തുന്നതത്രെ. ഷോപ്പിഫൈ ഇങ്കുമായി ചേര്‍ന്ന് സംയുക്തമായി വില്‍പ്പന നടത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നു പറയുന്നു. ഇതേക്കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചു പ്രതികിരിച്ച യുട്യൂബ് വക്താവ് പറഞ്ഞത് തങ്ങള്‍ ഇക്കാര്യത്തില്‍ പരീക്ഷണഘട്ടത്തിലാണ് എന്നാണ്. ഇപ്പോള്‍ ചുരുക്കം ചില യുട്യൂബ് ചാനലുകളെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം. തങ്ങള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്ന പ്രൊഡക്ടുകള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്ന കാര്യത്തിലുള്ള നിയന്ത്രണം കണ്ടെന്റ് ക്രിയേറ്ററിനു തന്നെ വിട്ടു നല്‍കാനാണ് ഉദ്ദേശമത്രെ. ഇത് ഒരു പരിക്ഷണമാണെന്നു മാത്രം പറഞ്ഞ വക്താവ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താൻ വിസമ്മതിച്ചു.

 

ഇത് യുട്യൂബിനെ പ്രൊഡക്ടുകളെ പരിചയപ്പെടുത്തുന്ന സ്ഥലമെന്ന നിലയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറ്റാന്‍ ശേഷിയുള്ള ഒരു നീക്കമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നീക്കം വിജയിച്ചാല്‍ ആമസോണ്‍, ആലിബാബ തുടങ്ങിയ വെബ്‌സൈറ്റുകള്‍ക്ക് ഇനി ഉപയോക്താക്കളെ നിലനിര്‍ത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നേക്കാം. ഇതുവരെ യുട്യൂബിന്റെ സാധ്യതകള്‍ ഗൂഗിള്‍ കാര്യമായി വിനിയോഗിച്ചിട്ടില്ലെന്ന അഭിപ്രായക്കാരനാണ് ഇകൊമേഴ്‌സ് സാറ്റാര്‍ട്ട്-അപ് ആയ ആന്‍ഡി എല്‍വുഡ്. അവര്‍ യുട്യൂബില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ അവരെ കാത്തരിക്കുന്നത് വമ്പൻ അവസരമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

 

യുട്യൂബ് എങ്ങനെയെല്ലാമായിരിക്കും ഇത്തരം കച്ചവടത്തിലൂടെ വരുമാനമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം ഇപ്പോഴും തീര്‍ച്ചയില്ല. വില്‍പ്പനയുടെ 30 ശതമാനം കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും നല്‍കിയേക്കാമെന്നു കേള്‍ക്കുന്നു. ആല്‍ഫബെറ്റ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പല തവണ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കിറങ്ങിയെങ്കിലും വഴിമുട്ടിപ്പോകുകയായിരുന്നു. അതുകൊണ്ട് യുട്യൂബ് വിഡിയോയ്ക്കിടയില്‍ പരസ്യം കാണിച്ച് വരുമാനമുണ്ടാക്കുന്ന രീതിയാണ് ഇതുവരെ പിന്തുടര്‍ന്നു വന്നത്. പ്രൊഡക്ടുകള്‍ പരിചയപ്പെടുത്തുന്ന യുട്യൂബ് വിഡിയോകളുടെ കീഴില്‍ അവ ലഭ്യമാകുന്ന ഓണ്‍ലൈന്‍ സ്‌റ്റോറിലേക്കുള്ള ലിങ്ക് നല്‍കി കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ കാശുണ്ടാക്കി വരുന്ന രീതിയാണ് ഇതുവരെ യുട്യൂബില്‍ കണ്ടുവന്നത്.

 

∙ എല്ലാത്തിനും കാരണം കോവിഡ്-19

 

എന്നാല്‍, കോവിഡ്-19 എല്ലാം തകിടംമറിച്ചു. യുട്യൂബ് പരസ്യങ്ങള്‍ക്കായി പൈസ മുടക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു. ഗൂഗിളിനു പരസ്യം നല്‍കുന്ന പ്രമുഖരില്‍ പലര്‍ക്കും ഇനി അത്തരം പരസ്യം നല്‍കുന്നതില്‍ അർഥമില്ലെന്ന തോന്നലാണുള്ളത്. ഉദാഹരണത്തിന് സ്ഥലങ്ങള്‍ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുന്ന വിദേശയാത്ര, വിനോദ യാത്ര തുടങ്ങിയവയുടെ പരസ്യം നല്‍കിവന്നവര്‍ അതു നിർത്തിയേക്കും. അതേസമയം, ഇകൊമേഴ്‌സ് സൈറ്റുകളുടെ പ്രസക്തി അപ്രതീക്ഷിതമായി വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. തങ്ങളുടെ എതിരാളിയായ ഫെയ്‌സ്ബുക് ഇന്‍സ്റ്റഗ്രാമിലൂടെ ഇകൊമേഴ്‌സ് വില്‍പ്പന നടത്തി കാശുണ്ടാക്കുന്നത് കരയ്ക്കിരുന്നു കാണുകയായിരുന്ന ഗൂഗിളും ഇനി കളത്തിലിറങ്ങിയേക്കാം എന്നു തീരുമാനിക്കാനുള്ള കാരണം പരസ്യവരുമാനത്തിലുണ്ടായ ഇടിവാണത്രെ. ഓണ്‍ലൈന്‍ വില്‍പ്പനാ ഭീമനായ ആമസോണിന്റെ വരുമാനം കുതിച്ചുയര്‍ന്നപ്പോള്‍ ഗൂഗിളിന് രണ്ടാം പാദത്തില്‍ അപ്രതീക്ഷിത ഇടിവാണ് ഉണ്ടായത്.

 

ഫെയ്‌സ്ബുക് തങ്ങളുടെ സോഷ്യല്‍ നേറ്റ്‌വര്‍ക്കിങ് ഉദ്യമമായ ഇസ്റ്റഗ്രാമിലുടെ നടത്തുന്ന വില്‍പ്പനയെയും യുട്യൂബിലൂടെ ഗൂഗിളിനു നടത്താന്‍ സാധിക്കുന്ന വില്‍പ്പനയെയും വിശേഷിപ്പിക്കുന്ന പ്രയോഗമാണ് 'സോഷ്യല്‍ കൊമേഴ്‌സ്' എന്നത്. പുതിയ സാഹചര്യത്തില്‍ സോഷ്യല്‍ കൊമേഴ്‌സിന് അപാര സാധ്യത നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഫെയ്‌സ്ബുക്കിനെപ്പോലെ സോഷ്യല്‍ കൊമേഴ്‌സ് മുതലെടുക്കുന്ന മറ്റൊരു കമ്പനിയാണ് പിന്റെറെസ്റ്റ് ഇങ്ക്. ഫെയ്‌സ്ബുക് മേധാവി തങ്ങളുടെ 'ഷോപ്‌സ്' ഫീച്ചര്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അവതരിപ്പിച്ചതിനു ശേഷം കമ്പനിയുടെ ഓഹരി വിലയും കുതിച്ചുയര്‍ന്നു. ഈ സാധ്യത മുതലെടുക്കാതിരിക്കുന്നത് ബുദ്ധിമോശമാണ് എന്ന തീരുമാനത്തിലാണ് ഗൂഗിളിപ്പോള്‍.

 

കഴിഞ്ഞ മാസങ്ങളില്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്നു ലഭിച്ചുവന്ന സൂചന പ്രകാരം, തങ്ങളുടെ ഇകൊമേഴ്‌സ് രംഗപ്രവേശനത്തിന്റെ കേന്ദ്രം യുട്യൂബാണ് എന്നു മനസിലാക്കാം. യുട്യൂബിലെ അണ്‍ബോക്‌സിങ് വിഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അതിനെ ഒരു ഷോപ്പിങ് സാധ്യതയാക്കി മുതലെടുക്കണമെന്നുമാണ് ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടാതെ, കുക്കിങ്, മെയ്ക്ക്-അപ് തുടങ്ങിയ മേഖലകളിലുള്ള വിഡിയോകളിലൂടെയും പണമുണ്ടാക്കാന്‍ ഗൂഗിള്‍ മുതിര്‍ന്നേക്കും. ഗൂഗിള്‍ തങ്ങളുടെ ഇകമേഴ്‌സ്, പെയ്‌മെന്റ് മേഖലകള്‍ക്കും അടുത്തിടെ പുതുജീവന്‍ നല്‍കിയിരുന്നു. ഇതിലൂടെ വില്‍പ്പനക്കാരെ ഗൂഗിള്‍ ഷോപ്പിങിലേക്ക് ആകര്‍ഷിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. ഷോപ്പിഫൈയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക വഴി ഇകൊമേഴ്‌സ് രംഗപ്രവേശനം കൂടുതല്‍ എളുപ്പമാക്കാമെന്നും ഗൂഗിള്‍ കരുതുന്നു.

 

English Summary: Will Google upset Amazon in its unexpected YouTube move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com