ADVERTISEMENT

പ്രസരണ നഷ്ടം കുറയ്ക്കാനായി വൈദ്യുതി വിതരണത്തിന് സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിക്കാനുള്ള ലോകത്തെ ഏറ്റവും വലിയ പദ്ധതിക്കു തുടക്കമിടുകയാണ് ഇന്ത്യ. ഈ പദ്ധതിയിലൂടെ 250 ദശലക്ഷം പരമ്പരാഗത മീറ്ററുകള്‍ മാറ്റിവയ്ക്കാനാണ് രാജ്യം ഒരുങ്ങുന്നത്. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് (discoms) സ്മാര്‍ട് മീറ്ററുകള്‍ എത്തിച്ചു നല്‍കി ഈ പദ്ധതിയിലും തങ്ങളുടെ സജീവ സാന്നിധ്യമുറപ്പാക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കമ്യൂണിക്കേഷന്‍ കാര്‍ഡുകള്‍, ടെലികോം, ക്ലൗഡ് സേവന ആതിഥേയത്വം, വൈദ്യുതിയുടെ ഡേറ്റാ കളക്ഷന്‍ റീഡിങ് എന്നിവയിലും റിലയന്‍സിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. പുതിയ സ്മാര്‍ട് മീറ്ററുകള്‍, കടത്തില്‍ മുങ്ങിക്കിടക്കുന്ന ഡിസ്‌കോമുളുടെ വാര്‍ഷിക വരുമാനം 1.38 ട്രില്ല്യന്‍ രൂപയാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

 

റിലയന്‍സ്, അഡ്വാന്‍സ്ഡ് മീറ്ററിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഥവാ എഎംഐ ആണ് പുതിയ സ്മാര്‍ട് മീറ്ററുകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതാകട്ടെ, നാരോ ബാന്‍ഡ്-ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (NB-IoT) വഴി നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട് മീറ്ററുകള്‍ക്ക് ഇരുതല സംവേദന സംവിധാനവും, കണ്ട്രോള്‍ സെന്റര്‍ ഉകരണങ്ങളും സോഫ്റ്റ്‌വെയറും വേണം. ഇതെല്ലാം ഉപയോഗിച്ചാണ് തത്സമയ വൈദ്യുതി ഉപയോഗ വിവരങ്ങള്‍ കണ്ടെത്തുന്നത്. എന്‍ബി-ഐഒടി പ്രവര്‍ത്തിപ്പിക്കാന്‍ തീരെക്കുറച്ചു വൈദ്യുതി മതി. ഇത് ഒരു വൈഡ് ഏരിയാ നെറ്റ്‌വര്‍ക്ക് ടെക്‌നോളജി ആയാണ് അറിയപ്പെടുന്നത്. ഇതു വികസിപ്പിച്ചത് 3ജിപിപി സംഘടനയാണ്. ഇത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു വേണ്ടി വികസിപ്പിച്ചതായിരുന്നു.

 

സ്മാര്‍ട് മീറ്ററുകള്‍ എത്തുന്നതോടെ റീഡിങ് എടുക്കാനും, ബില്ലു നല്‍കാനും പണം സ്വീകരിക്കാനും വേണ്ട ജോലിക്കാരുടെ ആവശ്യം കുറയും. വൈദ്യുതി നഷ്ടം എവിടെയാണ് നടക്കുന്നതെന്നു കണ്ടെത്താനുമാകും. റിലയന്‍സ് നല്‍കാന്‍ ആഗ്രഹിക്കുന്ന സേവനങ്ങളുടെ കൂട്ടത്തില്‍ മീറ്റര്‍ റീഡിങ് എടുക്കല്‍, കമ്യൂണിക്കേഷന്‍ കാര്‍ഡുകള്‍, ടെലികോം, ക്ലൗഡ് ഹോസ്റ്റിങ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞത്. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ഇതിനു വേണ്ട പല മേഖലകളിലും ശേഷിയാര്‍ജ്ജിച്ചു കഴിഞ്ഞു - ക്ലൗഡ്, എഡ്ജ് കംപ്യൂട്ടിങ്, ഡേറ്റാ വിശകലനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക്‌ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയവയിലെല്ലാം അവരുടെ ശക്തി കാണാം.

 

ഇന്ത്യ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 3.2 ട്രില്ല്യന്‍ രൂപയുടെ വൈദ്യുതി വിതരണ നവീകരണ സ്‌കീമിലെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സ്മാര്‍ട് മീറ്ററുകള്‍. ഈ സ്‌കീമന്റെ പേര് റീഫോര്‍മ്‌സ് ലിങ്ക്ട് റിസള്‍ട്ട് ബെയ്‌സ്ഡ് സ്‌കീം ഫോര്‍ ഡിസ്ട്രിബ്യൂഷന്‍ എന്നാണ്. ഇതു സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സ്മാര്‍ട് മീറ്റര്‍ പരിസ്ഥിതി ഉണ്ടാക്കിയേ തീരൂ. വിതരണ മേഖലയില്‍ എല്ലായിടത്തും ഇതു കാണണം. വൈദ്യുതി ഫീഡറുകളിലും ഉപയോക്താവിന്റെ വീട്ടിലുമടക്കം ഇവ സ്ഥാപിക്കപ്പെടണം.

 

പരമ്പരാഗത മീറ്ററുകളെക്കാള്‍ മികവുറ്റതാണ് സ്മാര്‍ട് മീറ്ററുകളെന്നും ഇവയുടെ മേന്മ ലോക്ഡൗണ്‍ സമയത്ത് ടെസ്റ്റു ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അവയിലേക്കുള്ള മാറ്റം ഏകദേശം സുനിശ്ചിതമാണെന്നും വിശകലനവിദഗ്ധര്‍ പറയുന്നു. അഡ്വാന്‍സ്ഡ് മീറ്ററിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോക്താക്കളുടെ വൈദ്യുതി ഉപഭോഗം ഒരു ദിവസം പല തവണ രേഖപ്പെടുത്തുകയും ഇവ ജിപിആര്‍എസ് വഴി വൈദ്യുതി വിതരണ കമ്പനിയെ അറിയിക്കുകയും ചെയ്യുമെന്ന് ഐസിഐസി സെക്യൂരിറ്റിസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു വഴി ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഉപഭോഗത്തെക്കുറിച്ച് കൂടുതല്‍ സ്പഷ്ടമായ വിവരം ലഭിക്കുകയും, വേണ്ടിവന്നാല്‍ അതു ക്രമീകരിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതുവഴി വൈദ്യുതി പാഴാക്കുന്നതു കുറയ്ക്കാം. ബില്ലിങ് വിഭാഗത്തിനു ചെലവിടുന്ന പണം ഒഴിവാക്കുക വഴി വിതരണ കമ്പനികള്‍ക്കും ഗുണം കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പ്രസാരണ നഷ്ടം കുറയ്ക്കാന്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുക എന്ന ആശയം കുറേ കാലമായി സർക്കാർ താലോലിക്കുന്നതാണ്. ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ സാമ്പത്തിക വകുപ്പു മന്ത്രി നിര്‍മലാ സീതാരാമന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പരമ്പരാഗത മീറ്ററുകള്‍ മാറ്റി സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതു വഴി ആരില്‍ നിന്ന് വൈദ്യുതി സ്വീകരിക്കമമെന്ന കാര്യത്തില്‍ ഉപയോക്താവിനും തീരുമാനമെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

 

English Summary: Reliance eyes smart meter segment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com