ADVERTISEMENT

രഹസ്യാത്മകത ആപ്പിളിന്റെ ഗുണഗണങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്. പക്ഷേ, ഇക്കാലത്ത് കമ്പനി ഇറക്കാന്‍ പോകുന്ന മിക്ക ഉപകരണങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ ചോര്‍ന്നു കിട്ടുന്നതായി പറയുന്നു. ( അതല്ല, ആപ്പിള്‍ തന്നെ ഇതു 'ചോര്‍ത്തി' നല്‍കുന്നതാണ് എന്നു പറയുന്നവരും ഉണ്ട്. ഓരോരോ പുതിയ ഫീച്ചറുകളെക്കുറിച്ചും നേരത്തെ അറിയിച്ചുകൊണ്ടിരുന്നാല്‍ ഫോണ്‍ ഇറങ്ങുമ്പോഴേക്ക് മിക്കവര്‍ക്കും അതെല്ലാം മനസിലായിരിക്കുമെന്നും, ഓരോ പുതിയ ഫീച്ചറും വിശദീകരിക്കാന്‍ പരസ്യം നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാകുമെന്നും, അതിലൂടെ വന്‍ തുക ലാഭിക്കാനാകുമെന്നുമാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്.) എന്തായാലും, ഈ വര്‍ഷത്തെ മോഡലുകളെപ്പറ്റിയും നേരത്തെ പുറത്തുവന്ന അറിവുകളെല്ലാം തന്നെ ശരിയായിരുന്നു. എങ്കിലും, അവതരണ സമയത്ത് ആപ്പിള്‍ ചെറിയൊരു മാജിക് കാണിച്ചു- ആരും പ്രവചിക്കാത്ത ഒരു ഉപകരണം പുറത്തെടുത്തു. അതാണ് മാഗ്‌സെയ്ഫ് ചാര്‍ജിങ് മെക്കാനിസം.

 

കാന്തികമായി ഈ വര്‍ഷത്തെ ഐഫോണുകളുടെ പിന്നില്‍ പറ്റിപ്പിടിച്ച് അവയെ ചാര്‍ജുചെയ്യുന്ന ഉപകരണമാണ് മാഗ്‌സെയ്ഫ് ചാര്‍ജര്‍. ഇത് 15വാട്‌സ് പവര്‍ വരെ ഉപയോഗിച്ചു ചാര്‍ജ് ചെയ്യും. ഐഫോണുകള്‍ക്കുള്ള ഒരു വയര്‍ലെസ് ചാര്‍ജര്‍ തയാറാക്കാനായി എന്നതു കൂടാതെ, ഐഫോണുകളുടെ പിന്നില്‍ കാന്തികവൃത്തം തീര്‍ത്ത്, നിലവില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് ഇല്ലാത്ത തരത്തിലുള്ള പുതിയൊരു അക്‌സസറി ഘടിപ്പിക്കല്‍ രീതി കൊണ്ടുവരാനും കമ്പനിക്കായി. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ യാതൊരു പോര്‍ട്ടുമില്ലാത്ത ഒരു ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും. ഇതിന്റെ ആദ്യ ചുവടുവയ്പ്പുകളില്‍ ഒന്നായരിക്കും ഇത്. ലൈറ്റ്‌നിങ് പോര്‍ട്ടോ യുഎസ്ബി-സിയോ പോലും ഇല്ലാത്ത ഒരു ഐഫോണ്‍ വന്നേക്കാം. 2016 മുതലാണ് 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കിനെ പ്രീമിയം ഐഫോണ്‍ മോഡലുകളില്‍ നിന്ന് പുറത്താക്കിയത്. ഡേറ്റാ ട്രാന്‍സ്ഫറിനുള്ള പുതിയ വഴി കണ്ടെത്തിയാല്‍ അടുത്തത് ലൈറ്റ്‌നിങ് പോര്‍ട്ട് ആയേക്കാം.

 

∙ എന്താണ് മാഗ്‌സെയ്ഫ്?

 

മാഗ്‌സെയ്ഫ് എന്ന പേര് ആപ്പിള്‍ ഉപകരണ പരിസ്ഥിതി ഉപയോഗിച്ചുവന്നിരുന്നവര്‍ക്ക് ഒട്ടും അപരിചിതമായ നാമമല്ല. നിലവില്‍ ആപ്പിളിനുമാത്രം ചിന്തിച്ചു നടപ്പാക്കാവുന്ന ഒരു ആശയമായിരുന്നു അത്. തങ്ങളുടെ മാക്ബുക്ക് പ്രോയുടെ ചാര്‍ജറായാണ് മാഗ്‌സെയ്ഫ് അവതരിപ്പിച്ചത്. ഇതെങ്ങാനും ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നിരുന്നെങ്കില്‍ കമ്പനി നാണംകെട്ടേനെ. എന്നാല്‍, അതാണ് ഉപകരണ നിര്‍മാണത്തില്‍ ആപ്പിളിനെ ഒരു ആത്മവിശ്വാസമുള്ള കമ്പനിയായി അവരുടെ ആരാധകര്‍ കാണുന്നതിന്റെ കാര്യം. ആപ്പിളാണെങ്കില്‍ കണ്ണുമടച്ചു വിശ്വസിക്കാമെന്നവര്‍ പറയും. (എന്നാല്‍, അത്തരം ഒരു കാലമൊക്കെയുണ്ടായിരുന്നു, പക്ഷേ ആ കാലം കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ മരണത്തോടെ മണ്‍മറഞ്ഞു എന്നു വാദിക്കുന്നവരും ഉണ്ട്.) മാഗ്‌സെയിഫ് കേബിളുകള്‍ മാക്ബുക്ക് പ്രോയോട് കാന്തികമായി ഘടിപ്പിച്ചാണ് ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍, കമ്പനി യുഎസ്ബി-സി പോര്‍ട്ടുകള്‍ ലാപ്‌ടോപ്പുകളില്‍ കൊണ്ടുവന്നതോടെ മാഗ്‌സെയ്ഫ് ടെക്‌നോളജി ആപ്പിള്‍ 2016ല്‍ നിർത്തി.

 

∙ ഐഫോണ്‍ 12ല്‍ എങ്ങനെയാണ് മാഗ്‌സെയ്ഫ് പ്രവര്‍ത്തിക്കുന്നത്?

 

മാഗ്‌സെയ്ഫ് ഇപ്പോള്‍ ഐഫോണ്‍ 12ല്‍ ഒരു സ്മാര്‍ട് ചാര്‍ജിങ് ടെക്‌നോളജിയായി തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. ഇതോടെ, ലൈറ്റ്‌നിങ് കേബിള്‍ ഉപയോഗിച്ച് ചാര്‍ജറിലിട്ടുള്ള ചാര്‍ജിങ് രീതിയെ ആശ്രയിക്കുന്നതു കുറയ്ക്കാം. ആപ്പിള്‍ വാച്ചിലെ ചാര്‍ജിങ് രീതിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാഗ്‌സെയ്ഫ് പ്രവര്‍ത്തിക്കുന്നത്. ഐഫോണ്‍ 12 സീരിസിലെ ഫോണുകളുടെ പിന്നില്‍ വര്‍ത്തുളാകൃതിയില്‍ ചാര്‍ജിങ് കോയിലിനു ചുറ്റും കാന്തങ്ങള്‍ പിടിപ്പിച്ചിരിക്കുന്നു. ശക്തമായ കാന്തങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജര്‍ വളരെ എളുപ്പം തന്നെ ഇതുമായി ബന്ധത്തിലാകും. പുതിയ രക്ഷാകവചങ്ങളും, എന്‍എഫ്‌സിയും ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഐഫോണ്‍ 12 മാഗ്‌സെയ്ഫിലേക്ക് 'ചാടിപ്പിടിക്കും'. സാധാരണ വയര്‍ലെസ് ചാര്‍ജറുകള്‍ 7.5 വാട്ട് ശക്തിയുള്ളവയാണെങ്കില്‍ മാഗ്‌സെയിഫ് ചാര്‍ജറുകള്‍ക്ക് 15 വാട്ട് ശേഷിയുണ്ടെന്നാണ് കമ്പനി പറയുന്നത്.

 

∙ തുടക്കമിടുന്നത് പുതിയൊരു രീതിക്ക്

 

ഫോണിനു പിന്നില്‍ കാന്തവലയം ഉണ്ടെന്നതുകൊണ്ട് ചാര്‍ജര്‍ മാത്രമല്ല ഉപയോഗിക്കാവുന്നത്. പല തരം അക്‌സസറികളും, ചാര്‍ജറുകളും, വാലറ്റുകളും, കെയ്‌സുകളും കാന്തികമായി ഫോണിനോടു പിടിപ്പിക്കാനാകും. അക്‌സസറികളെ ഫോണിനു പിന്നില്‍ ഇത്ര അനായാസമായി പിടിപ്പിക്കാനാകുന്നു എന്നത് പുതിയൊരു മോഡ്യുലര്‍ സങ്കല്‍പ്പത്തിന്റെ തന്നെ തുടക്കമാകാം. ഇ-ഇങ്ക് ഡിസ്‌പ്ലെകള്‍, സീപീക്കറുകള്‍ തുടങ്ങിയവയോ, ഫോണിനൊപ്പം പ്രവര്‍ത്തിക്കാവുന്ന ഒരു ക്യാമറയോ ഇണക്കാവുന്ന രീതിയില്‍ ഇതിന്റെ സാധ്യത വരും വര്‍ഷങ്ങളില്‍ വികസിക്കപ്പെട്ടേക്കാം. തേഡ് പാര്‍ട്ടി കമ്പനികളും ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിച്ചേക്കാം. ആപ്പിള്‍ തന്നെ ഒരു ചാര്‍ജിങ് പാഡ് ഉണ്ടാക്കുന്നുണ്ട്. അതിന്റെ മുകളില്‍ ഐഫോണും, ആപ്പിള്‍ വാച്ചും വച്ച് ചാര്‍ജു ചെയ്യാം. ബെല്‍ക്കിനും പുതിയ ശേഷി മുതലെടുത്ത് ഒരു ചാര്‍ജര്‍ ഉണ്ടാക്കുന്നുണ്ടെന്നു പറയുന്നു.

 

English Summary: How Apple got the better of leaks about the company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com