ADVERTISEMENT

സാധാരണ പുതിയ ഐഫോണുകള്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ സെപ്റ്റംബറിലാണ് ആപ്പിള്‍ അവതരിപ്പിക്കാറ്. എന്നാല്‍, ഇക്കുറി കൊറോണവൈറസിന്റെ വരവ് കാരണം ആപ്പിളിന്റെ പദ്ധതികളേയും താളംതെറ്റിച്ചു. ഇതോടെ ഒക്ടോബർ 13നാണ് പുതിയ ഐഫോണുകൾ അവതരിപ്പിച്ചത്. എന്നാൽ, കോവിഡിനെ തുടര്‍ന്നുണ്ടായ വൈകല്‍ പരമാവധി കുറയ്ക്കാനാണ് ഇപ്പോള്‍ ആപ്പിളിന്റെ ശ്രമം. അതിനായി ചൈനയിലെ ആപ്പിള്‍ ഫോണ്‍ നിര്‍മാണ ഫാക്ടറികളിൽ രാവും പകലുമില്ലാതെ ജോലിയെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

 

ചൈനയില്‍ ആപ്പിളിനായി ഐഫോണ്‍ നിര്‍മിക്കുന്ന ഷെങ്‌സൗവിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയില്‍ രാത്രി പോലും മുടക്കമില്ലാതെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. അവധിയെന്നതും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇവിടത്തെ തൊഴിലാളികള്‍ക്കില്ല. ഐഫോണ്‍ നിര്‍മാണം അതിവേഗത്തിലാക്കാന്‍ ജീവനക്കാരുടെ അധികസമയത്തെ ബോണസ് തുക ഫോക്‌സ്‌കോണ്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ദിവസം പോലും ജീവനക്കാര്‍ക്ക് അവധി ലഭിക്കില്ല.

 

രാത്രി ഷിഫ്റ്റുകളിലും ഓവര്‍ ടൈമായും ജോലിയെടുക്കേണ്ടി വരുന്നുണ്ടെന്നും അവധിയില്ലെന്നും ഫാക്ടറിയിലെ പേരുവെളിപ്പെടുത്താത്ത ഒരു ജോലിക്കാരനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. സെപ്റ്റംബര്‍ 18ന് ശേഷം ജോലിക്കെത്തിയ ജീവനക്കാര്‍ക്കാണ് അധിക ആനുകൂല്യമായി ബോണസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ബോണസിന് യോഗ്യത ലഭിക്കണമെങ്കില്‍ കുറഞ്ഞത് 55 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മാത്രം. 

 

ഐഫോണ്‍ നിര്‍മാണ ഫാക്ടറികള്‍ക്ക് ആകെ 7.5 കോടി ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ എണ്ണമാണ് ഐഫോണ്‍ 11 മോഡലുകള്‍ നിര്‍മിച്ചതും. കോവിഡിന്റെ സാഹചര്യത്തില്‍ പോലും സമാനമായ ആവശ്യകത ഐഫോണ്‍ 12നുണ്ടാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആപ്പിള്‍ പുറത്തിറക്കുന്ന ഏറ്റവും വില കുറഞ്ഞ ഐഫോണുകളിലൊന്ന് ഇക്കൂട്ടത്തിലുണ്ടെന്നതാണ്.

 

കൂട്ടത്തില്‍ കുഞ്ഞനായ 5.7 ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 12 മിനിക്ക് 699 ഡോളറാണ് (ഏകദേശം 50,000 രൂപ) വില. ഇതിനൊപ്പം ആപ്പിള്‍ ഐഫോൺ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.

 

English Summary: iPhone 12 production at China factory ramps up to 24 hours a day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com