ADVERTISEMENT

വണ്‍പ്ലസ് നോര്‍ഡ് മികച്ച ഹാന്‍ഡ്‌സെറ്റ് ആണെങ്കിലും അതില്‍ ഒളിപ്പിച്ച ഫെയ്‌സ്ബുക് ബ്ലോട്ട്‌വെയര്‍ നിശിതമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതിനെ തുടര്‍ന്ന്, പുതിയതയി ഇറക്കിയ വണ്‍പ്ലസ് 8ടി ഹാന്‍ഡ്‌സെറ്റില്‍ ഇത് നീക്കം ചെയ്തു. മൂന്നു ഫെയ്‌സ്ബുക് ബ്ലോട്ട്‌വെയറുകളാണ് കണ്ടെത്തിയത്. ഉപയോക്താവിന്റെ ചെയ്തികള്‍ യഥേഷ്ടം പരിശോധിച്ചുകൊണ്ടിരിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് ഇതു ചെയ്തു വച്ചിരുന്നത്. എന്നാല്‍, വിമര്‍ശനത്തെ തുടര്‍ന്ന് കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡ് നല്‍കാനാണ് വണ്‍പ്ലസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, മിക്കവാറും എല്ലാ ആന്‍ഡ്രോയഡ് ഫോണുകളും ഈ പ്രശ്‌നം നേരിടുന്നവയാണ് എന്നതാണ് സത്യമത്രെ. പുറമെ നോക്കിയാല്‍ ഫെയ്‌സ്ബുക്കിന്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍. എന്നാല്‍ ഉപകരണത്തിന്റെ സെറ്റിങ്‌സില്‍ പോയി വെറുതെ Facebook എന്നു സേര്‍ച്ച് ബോക്‌സില്‍ ടൈപ്പു ചെയ്താല്‍ പല ഫോണുകളിലും ഫെയ്‌സ്ബുക് സര്‍വീസസ്, ഫെയ്‌സ്ബുക്ക് ആപ് മാനേജര്‍, ഫെയ്‌സ്ബുക് ആപ് ഇന്‍സ്റ്റാളര്‍ എന്നിവ പൊങ്ങിവരുമെന്നു പറയുന്നു. ഇവ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യാനാവില്ല. എന്നാല്‍ ഇവ ഡിസേബിൾ ചെയ്യാന്‍ സാധിക്കുകയും ചെയ്യും. തങ്ങള്‍ ഒളിച്ചു കടത്തിയിരുന്ന, ഫെയ്‌സ്ബുക്കിന്റെ സാന്നിധ്യം ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടാനായി എടുത്തു കളഞ്ഞതായി വണ്‍പ്ലസ് ഇന്‍പുട്ട് മാഗിനോടു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

∙ ഫോട്ടോയ്ക്ക് അടിക്കുറിപ്പെഴുതുന്ന കാര്യത്തില്‍ ചരിത്രംകുറിച്ച് എഐ

 

കാഴ്ചശക്തി നിഷ്ടപ്പെട്ടവര്‍ക്ക് സഹായകമാകുക എന്ന ഉദ്ദേശത്തോടെ മൈക്രോസോഫ്റ്റ് വളര്‍ത്തിയെടുത്തുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോകള്‍ക്ക് അടിക്കുറിപ്പുകള്‍ എഴുതുന്ന കാര്യത്തില്‍ അത്യധികം മികവുപുലര്‍ത്തി തുടങ്ങിയെന്നും, ചില സന്ദര്‍ഭങ്ങളിലെങ്കിലും, ക്യാപ്ഷനിടുന്ന കാര്യത്തില്‍ മനുഷ്യരെ കവച്ചുവയ്ക്കുന്ന പ്രകടനം നടത്തുന്നുവെന്നും കമ്പനി അറിയിക്കുന്നു. ഭാവിയില്‍ കംപ്യൂട്ടര്‍ വിഷനെ ആശ്രയിച്ച് ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്ന ആളുകള്‍ക്ക് ടെക്സ്റ്റിനൊപ്പം ചിത്രങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കാന്‍ ഈ സാങ്കേതികവിദ്യ ഉപകരിക്കുമെന്നു കരുതുന്നു. 

ആധുനിക സിസ്റ്റങ്ങളില്‍ കംപ്യൂട്ടര്‍ വിഷന്റെ പ്രസക്തി വര്‍ധിച്ചുവരികയാണ്. ഈ സാങ്കേതികവിദ്യയിലൂടെ യന്ത്രങ്ങള്‍ക്ക് ചുറ്റുപാടുകള്‍ കാണാനും, അവ വ്യാഖ്യാനിക്കാനും, അന്തിമമായി അവയെ മനസിലാക്കാനുമുള്ള കളമൊരുങ്ങുകയാണ്. സ്വയമോടുന്ന വണ്ടികള്‍ക്ക് കംപ്യൂട്ടര്‍ വിഷന്‍ അത്യന്താപേക്ഷിതമാണ്. ഇത് ചുറ്റുമുള്ള ലോകത്തെ അറിയാനും, ഫോട്ടോകളിലെ ഉള്ളടക്കത്തെ പോലും തിരിച്ചറിയാനും, അവ പെട്ടെന്നു തരംതിരിക്കാനും ചിട്ടപ്പെടുത്താനുമൊക്കെ സഹായകമാകുന്നു. വൈദ്യശാസ്ത്രാവശ്യത്തിനുള്ള ഫോട്ടോകളുടെ വിശദീകരണത്തിനും കംപ്യൂട്ടര്‍ വിഷന്റെ ശേഷി ഭാവിയില്‍ പ്രയോജനപ്പെടുത്തിയേക്കാം.

Hindu God Krishna on blue background

 

മൈക്രോസോഫ്റ്റ് പ്രസിദ്ധീകരിച്ച പഠനം പ്രകാരം അവരുടെ ഗവേഷകര്‍ വളര്‍ത്തിയെടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്, ഫോട്ടോകള്‍ക്ക് അല്ലെങ്കില്‍ ചിത്രങ്ങള്‍ക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന അടിക്കുറിപ്പുകള്‍ എഴുതാന്‍ സാധിക്കും. അവര്‍ അതിനു പേരിട്ടിരിക്കുന്നത് ദൃശ്യ പദാവലി, അഥവാ വിഷ്വല്‍ വൊക്കാബ്യുലറി (VIsual VOcabularly (VIVO) എന്നാണ്. ഈ പുതിയ സിസ്റ്റത്തിലൂടെ ഫോട്ടോയില്‍ കാണുന്ന വസ്തുക്കളെ അവ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ വിവരണം ഉള്‍പ്പെടെ പരിചയപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പുകളിടാന്‍ കെല്‍പ്പുള്ളതായി തീരുന്നു എന്നാണ് കമ്പനി പറയുന്നത്.

 

ഇതുവരെ നടന്ന പഠനങ്ങള്‍ പ്രകാരം ചില സന്ദര്‍ഭങ്ങളിലെങ്കിലും എഐ സിസ്റ്റങ്ങള്‍ക്ക് മനുഷ്യരെക്കാള്‍ മെച്ചപ്പെട്ട ക്യാപ്ഷനുകള്‍ എഴുതാനുള്ള ശേഷിപോലും കൈവരിച്ചുകഴിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെടുന്നു. മൈക്രോസോഫ്റ്റ് നേരത്തെ കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ളവര്‍ക്കായി മറ്റൊരു ക്ംപ്യൂട്ടര്‍ വിഷന്‍ കേന്ദ്രീകൃത പ്രൊഡക്ടും അവതരിപ്പിച്ചിരുന്നു. അന്ധര്‍ക്കു വഴികാട്ടിയാകാനുള്ള (Seeing AI) ഈ പ്രൊഡക്ട് ഒരു ക്യാമറാ ആപ്പിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ചുറ്റുംകാണുന്ന സാധനങ്ങള്‍ക്ക് വിവരണങ്ങള്‍ കേള്‍ക്കത്തക്ക രീതില്‍ നല്‍കുകയും, പ്രിന്റു ചെയ്ത വാക്കുകളും, കറന്‍സി നോട്ടിലെ വിവരങ്ങളും മറ്റും  വായിച്ചു കേള്‍പ്പിക്കുകയും, നിറങ്ങളും അതുപോലെയുള്ള കാര്യങ്ങളുമൊക്കെ തിരിച്ചറിഞ്ഞ്  പറഞ്ഞുകൊടുക്കുകയുമൊക്കെയാണ് ഇതു ചെയ്യുന്നത്. പടങ്ങള്‍ക്കൊപ്പം അടിക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതു സീയിങ് എഐ വായിച്ചു കേള്‍പ്പിക്കുയും ചെയ്തിരുന്നു. സാധാരണഗതിയില്‍ മിക്ക സന്ദര്‍ഭങ്ങളിലും ഇന്റര്‍നെറ്റില്‍ വരുന്ന ഫോട്ടോകള്‍ക്ക് അടിക്കുറിപ്പുകള്‍ നല്‍കുക എന്നത് ഒരു പതിവാണ്. എന്നാല്‍, ഇങ്ങനെ ക്യാപ്ഷന്‍ നല്‍കാത്ത സന്ദര്‍ഭങ്ങളിലും താങ്ങാകുക എന്നിടത്താണ് പുതിയ ടെക്‌നോളജിയുടെ പ്രസക്തിയിരിക്കുന്നത്. അടുത്തതായി തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന ചില ഉപകരണങ്ങള്‍ക്കൊപ്പം പുതിയ ടെക്‌നോളജി ഉള്‍ക്കൊള്ളിക്കുമെന്നും കമ്പനി അറിയിക്കുന്നു. മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ ആയ ഔട്ട്‌ലുക്കിലടക്കം ഇതു ലഭ്യമാക്കിയേക്കും. പുതിയ ടെക്‌നോളജിയെക്കുറിച്ചു മൈക്രോസോഫ്റ്റ് വിഡിയോ പുറത്തുവിട്ടു.

ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവന്ന പുരോഗതിയായി ഉയര്‍ത്തിക്കാണിക്കുന്നവരുണ്ട്. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നു പറഞ്ഞ് ഒന്നില്ല, മറിച്ച് ഡീപ് ലേണിങ്ങിന്റെ മികവുകളാണ് ഇതിലെല്ലാം കാണുന്നതെന്നു വാദിക്കുന്നവരുണ്ട്. അതല്ല എഐ എന്നു പറഞ്ഞാല്‍, കുറെ അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ പെരുമാറ്റം പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും, ഇതിന് മനുഷ്യരില്‍ നിന്നു ശേഖരിച്ച ഡേറ്റ വന്‍ തോതില്‍ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നതെന്നു വാദിക്കുന്നവരും ഉണ്ട്. എന്തായാലും രണ്ടു പതിറ്റാണ്ടു മുൻപ് ചിന്തിക്കാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തുവെന്ന് അഭിമാനിക്കുന്നവരും ഉണ്ടാകും.

5g-iphone

 

∙ ജിയോ അടക്കമുള്ള കമ്പനികള്‍ക്ക് 7 രാജ്യങ്ങളില്‍ ലിസ്റ്റു ചെയ്യാനുള്ള അനുമതി നല്‍കിയേക്കും

 

റിലയന്‍സ് ജിയോ, എല്‍ഐസി, രാജ്യത്തെ ചില സ്റ്റാര്‍ട്ട്-അപ് കമ്പനികള്‍ തുടങ്ങിയവയ്ക്ക് അമേരിക്ക, ബ്രിട്ടൻ, ജപ്പാന്‍ തുടങ്ങിയവ ഉള്‍പ്പടെ ഏഴു വിദേശ രാജ്യ സ്റ്റോക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റു ചെയ്യാനുള്ള അനുമതി നല്‍കാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു വാര്‍ത്തകള്‍ പറയുന്നു. നിലവിലെ ലിസ്റ്റില്‍ ഹോങ്കോങ് ഇല്ല.

 

∙ ടെക്‌നോളജി ഭീമന്മാര്‍ക്കു മേല്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ഫ്രാന്‍സും, നെതര്‍ലൻഡ്സും

 

ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ ടെക്‌നോളജി ഭീമന്മാരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സും, നെതര്‍ലൻഡ്സും യൂറോപ്യന്‍ യൂണിയന്റെ അധികാരികളെ സമീപിച്ചു. ഇവയിപ്പോള്‍ ഇന്റര്‍നെറ്റിന്റെ ഗെയിറ്റു കാവല്‍ക്കാരായി ഭാവിക്കുന്നു എന്നാണ് ആരോപണം. യൂറോപ്യന്‍ യൂണിയന്റെ കമ്മിഷണര്‍ മാര്‍ഗരെതാ വെസ്റ്റഗര്‍ക്ക് ഇതു കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്നു കരുതുന്നു. യൂറോപ്പിനായുള്ള പുതിയ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വെസ്റ്റഗര്‍.

 

∙ 5ജി സ്‌പെക്ട്രം ഒഴിഞ്ഞു കൊടുക്കാന്‍ പ്രതിരോധ, ബഹിരാകാശ വിഭാഗങ്ങളോട് ആവശ്യപ്പെട്ടു

 

ഇന്ത്യയില്‍ 5ജി കൊണ്ടുവരുന്നതിന്റെ തുടക്കമെന്ന നിലയില്‍ മീഡിയം, ഹൈ-റെയ്ഞ്ച് സ്‌പെക്ട്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിർത്തി മാറണമെന്ന് പ്രതിരോധ, ബഹിരാകാശ വിഭാഗങ്ങളോട് ടെലികോം വകുപ്പ് അഭ്യര്‍ഥിച്ചു. ഈ വര്‍ഷം തന്നെ 5ജി അവതരിപ്പിക്കാന്‍ സർക്കാരിനു താത്പര്യമുണ്ടെങ്കിലും, 5ജി ലേലം അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും നടക്കുക എന്നും മനസിലാക്കുന്നു.

 

English Summary: OnePlus ditches Facebook bloatware on the 8T and future phones following user backlash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com