ADVERTISEMENT

കൊറോണാവൈറസ് ബാധമൂലം വഴിമുട്ടി നില്‍ക്കുന്നുവെന്നു തോന്നിയിരുന്ന മതങ്ങളും ആത്മീയ ഗുരുക്കന്മാരും ടെക്‌നോളജിയുടെ ചിറകിലേറി ഇരട്ടി ശക്തിയോടെ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. മതങ്ങളോട് ഇതുവരെ അയിത്തം കല്‍പ്പിച്ചിരുന്ന സിലിക്കന്‍ വാലി ഭീമന്മാര്‍ ഇനി മതങ്ങളെ ഏറ്റെടുത്തേക്കുമെന്ന സാധ്യതയിലേക്ക് ചൂണ്ടുന്നതാണ് റിപ്പോർട്ടുകൾ. കോവിഡ്-19 പടര്‍ന്നതോടെ വിശ്വാസികൾക്ക് ആശ്രയമായി ടെക്‌നോളജി മാറിയിരുന്നു. ഇത്തരം സാധ്യതകള്‍ എല്ലാ മതങ്ങളും, രാജ്യങ്ങളും ഏറ്റെടുത്തേക്കുമെന്നു തന്നെയാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതിന് കാര്യമയ കാലതാമസവും എടുത്തേക്കില്ല.

കൊറോണാവൈറസ് പടര്‍ന്നതോടെ അനുഷ്ഠാനങ്ങളും പ്രാർഥനകളും മുടങ്ങിയ വിശ്വാസികൾ ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ടെക് വിദഗ്ധർ ലഭ്യമാക്കുന്നത്. അവരെല്ലാം കൂട്ടത്തോടെ ആപ്പുകളിലേക്കു ചേക്കേറുകയാണ്. സൂം, ഗൂഗിള്‍മീറ്റ്, യുട്യൂബ് തുടങ്ങിയ ആപ്പുകളിലൂടെയാണ് പ്രാർഥന കാര്യങ്ങൾ നടത്തുന്നതും ആചാരാനുഷ്ടാനങ്ങൾ പിന്തുടരുന്നതും. ഇത് മാറി, ഇനി ഓരോ മതത്തിനും ആചാരത്തിനും അനുയോജ്യമായ ആപ്പുകള്‍ ഇറക്കിയേക്കും. ഓഗ്‌മെന്റഡ് റിയാലിറ്റി അടക്കമുള്‍ക്കൊള്ളിച്ചായിരിക്കും ആപ്പുകള്‍ വരിക.

ഇതു കണ്ടറിഞ്ഞ് വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്ന വിശ്വാസികൾക്ക് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ ആപ്പുകള്‍ നിർമിക്കാൻ പണമെറിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നവീന രീതിയിലുള്ള ആപ്പുകള്‍ വിശ്വാസികളെ തേടിയെത്തും. പലരും യുട്യൂബ്, ഫെയ്‌സ്ബുക് ലൈവ് തുടങ്ങിയ സേവനങ്ങളെയാണ് ഇക്കാലത്ത് ആശ്രയിച്ചുവന്നതെങ്കില്‍ സ്വന്തം ആപ്പുകള്‍ എന്ന ആശയമാണ് ഇപ്പോള്‍ മുന്നോട്ടു വയ്ക്കപ്പെടുന്ന ഒന്ന്. ആത്മീയത പകരുന്ന ആപ്പുകള്‍ക്കു മെമ്പര്‍ഷിപ്പുകള്‍ കുതിച്ചുയരുന്നു. അമേരിക്കയിലെ വിശ്വാസികളുടെ ഒരു ആപ്പിന് 23 ലക്ഷം ഡൗണ്‍ലോഡാണ് ഈ വര്‍ഷം മാര്‍ച്ചിനും ഓഗസ്റ്റിനുമിടയില്‍ ലഭിച്ചത്. ഇത് അവരുടെ നേരത്തെയുള്ള നിലയില്‍ നിന്ന് 325 ശതമാനം വര്‍ധനയാണത്രെ.

സിലിക്കന്‍ വാലിയില്‍ ആര്‍ക്കും അഞ്ചു വര്‍ഷം മുൻപ് വരെ മതവുമായി ബന്ധപ്പെട്ട പദ്ധതികളോട് അധികം താത്പര്യമില്ലായിരുന്നു. ഒരു വെഞ്ചര്‍ ക്യാപ്പിറ്റലിസ്റ്റും മതകാര്യങ്ങള്‍ക്കുള്ള ടെക്‌നോളജി വികസിപ്പിക്കാന്‍ മുതല്‍മുടക്കുന്ന കാര്യത്തെക്കുറിച്ചു അധികം ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ പുതിയ സാധ്യത മുതലാക്കാന്‍ കമ്പനികള്‍ ക്യൂ നില്‍ക്കുകയാണ്. ഡിജിറ്റലായി ആത്മീയത പകരാനുള്ള സാധ്യതയിലേക്ക് നോക്കിയ നിക്ഷേപകര്‍ അവിടത്തെ സാധ്യത കണ്ട് സ്തംഭിച്ചു നിൽക്കുന്നു. ഉദാഹരണത്തിന് 2016ല്‍ സ്ഥാപിതമായ പ്രേ.കോമിന് ഒറ്റയടിക്ക് വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ മുടക്കിയത് 16 ദശലക്ഷം ഡോളറാണ്. ആത്മീയതയും, ഭക്തിയും മാത്രമല്ല പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഈ മേഖലയില്‍ പൈസയുമുണ്ട്. പണം മറിയുന്ന ഇത്തരം പ്രോജക്ടുകൾ എന്തുകൊണ്ട് നേരത്തെ ഏറ്റെടുക്കാന്‍ തോന്നിയില്ലെന്ന കാര്യത്തില്‍ കുണ്ഠിതപ്പെടുകയാണ് സിലിക്കന്‍ വാലി ഭീമന്മാരിപ്പോൾ.

ആരാധാനാലയങ്ങളുടെ വിവിധ സാധ്യതകള്‍ ടെക്‌നോളജി ഉപയോഗിച്ച് എങ്ങനെ വിപണി ചെയ്യാമെന്നതിനെക്കുറിച്ചുള്ള പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥലം കൈയ്യേറ്റത്തിനു സമാനമായ കാര്യങ്ങളാണ് അതിദ്രുതം ടെക്‌നോളജി കമ്പനികള്‍ നടത്തുന്നത് എന്നാണ് കോണ്‍ട്രററി ക്യാപ്പിറ്റലിലെ വില്‍ റോബിന്‍സ് പറയുന്നത്. ഈ കമ്പനി ഫെയ്‌സ്ബുക്, റെഡിറ്റ്, ടെസ്‌ല തുടങ്ങിയ കമ്പനിളിലടക്കം മുതല്‍മുടക്കിയിട്ടുണ്ട്. കോണ്‍ട്രററി ക്രിസ്ത്യന്‍ മെഡിറ്റേഷന്‍ ആപ് ഹാലോയിലടക്കം മുതല്‍മുടക്കിക്കഴിഞ്ഞു. ഈ മേഖലയില്‍ അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില കമ്പനികള്‍ മേധാവിത്വം സ്ഥാപിക്കുമെന്ന് അദ്ദേഹം പറയുന്നു.

മത, ഭക്തി കേന്ദ്രീകൃത ആപ്പുകള്‍ക്കുള്ള മുതല്‍മുടക്ക് മൂന്നുമടങ്ങാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. സ്ഥിരം ആരാധാനാലയങ്ങളിൽ പോകുന്നവരെ മാത്രമല്ല, ആത്മീയതയില്‍ അര്‍ഥം കാണുന്നവരെയും ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ആപ്പുകള്‍. പൊതു വിഡിയോ സ്ട്രീമിങ് സേവനമായ സൂമും മറ്റും നടത്തുന്നതുപോലെയല്ലാതെ, കൂടുതല്‍ അര്‍ഥതലങ്ങളുള്ള അനുഭവം പകരാനുള്ള ശ്രമമായിരിക്കും ഇനി നടക്കുക. ആത്മീയക്കൂട്ടായ്മകളോ ആത്മീയ ഗുരുക്കന്മാരുടെ സാന്നിധ്യമോ സാധ്യമല്ലാത്ത സമയത്ത് ഇത്തരം ആപ്പുകളാണ് പലര്‍ക്കും ആശ്രമയമാകുന്നത്. ആപ്പിന്റെ പ്രീമിയം സേവനം വേണ്ടവര്‍ക്ക് പ്രത്യേക നിരക്ക് പ്രതിവര്‍ഷം നല്‍കണം എന്നത് പോലുള്ള പദ്ധതികൾ ചിലർ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു.

മഹാവ്യാധി വ്യാപിച്ചതോടെ പ്രേ.കോമിന്റെ ഡൗണ്‍ലോഡ് 955 ശതമാനമാണ് വര്‍ധിച്ചത്. റേഡിയോ നാടകങ്ങളുടെ രീതിയിലുള്ള കണ്ടെന്റാണ് ഈ ആപ് പ്രക്ഷേപണം ചെയ്യുന്നത്. പക്ഷേ, അമേരിക്കയിലും മറ്റും പലരും ഇപ്പോഴും ടെക്‌നോളജി ഉപയോഗിക്കാന്‍ മടിച്ചു നില്‍ക്കുകയാണെന്നും എന്നാല്‍, ചിലർ അവസരം മുതലാക്കി തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന പണം വരവു കുറഞ്ഞിരിക്കുകയാണ്. അവരും അതിവേഗം ടെക്‌നോളജിയെ പുണരേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലുള്ള ടെക്‌നോളജി കൂടാതെ ഓഗ്‌മെന്റഡ് റിയാലിറ്റി പോലെയുള്ളവ ഉപയോഗിച്ച് കൂടുതല്‍ തികവുറ്റ ആചാരാനുഷ്ടാനുഭവങ്ങള്‍ കൊണ്ടുവരാനായിരിക്കും ഇനി ശ്രമം. മതത്തോട് കാര്യമായ അനുഭാവം കാണിക്കാതെയിരുന്ന സിലിക്കന്‍ വാലി ഭീമന്മാര്‍ ഇതുവരെ ശ്രദ്ധിക്കാതെ കിടന്ന ഈ മേഖലയെ അതിവേഗം കൈക്കലാക്കാനുള്ള ശ്രമം നടത്തുന്നു. കോവിഡ്-19 തുടര്‍ന്നാല്‍ മിക്കവാറും എല്ലാ മതങ്ങളും, എല്ലാ രാജ്യങ്ങളും ടെക്‌നോളജിയെ ആശ്രയിച്ചുള്ള അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയേക്കും.

English Summary: Silicon Valley to do faith business? Religions all set to make big comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com