ADVERTISEMENT

കൃഷിസ്ഥലത്തെ ഓരോ ചെടിയേയും നിരീക്ഷിച്ച് എന്തെല്ലാം കുറവുകളുണ്ടെന്നും രോഗങ്ങളുണ്ടെന്നും കണ്ടെത്തി വേണ്ട സമയത്ത് വളവും വെള്ളവും കീടനാശിനിയും നല്‍കാന്‍ സഹായിക്കുന്ന ഒരാളെ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. നാല് ചക്രത്തിലോടുന്ന ബഗ്ഗി എന്ന റോബോട്ടാണ് കൃഷിയിടത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ട് ഓരോ ചെടികളില്‍ നിന്നും വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്നത്. ബഗ്ഗിയുടെ സഹായത്തില്‍ കര്‍ഷകര്‍ക്ക് വിളയുടെ പരിചരണവും വിളവും വര്‍ധിപ്പിക്കാനാകുമെന്നാണ് ആല്‍ഫബെറ്റ് സാക്ഷ്യപ്പെടുത്തുന്നത്. 

 

ആല്‍ഫബെറ്റിന് കീഴിലുള്ള എക്‌സ് കമ്പനിയാണ് കാര്‍ഷിക രംഗത്ത് സാങ്കേതിക വിപ്ലവത്തിന് ഒരുങ്ങുന്നത്. പ്രൊജക്ട് മിനറല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ബഗ്ഗി എന്ന കാര്‍ഷിക റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. നാല് ചക്രത്തിലോടുന്ന ബഗ്ഗിക്ക് നമ്മുടെ കപ്പലണ്ടി വില്‍പ്പനക്കാരുടേയും മറ്റും തള്ളുവണ്ടിയുടെ രൂപമാണ്. ഉയരത്തില്‍ നാല് ചക്രത്തിന് മുകളിലായി മറ്റു ഭാഗങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ വിളകളെ ഒന്നു തൊടുക പോലും ചെയ്യാതെ ബഗ്ഗി വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നു.

 

ആഗോളതലത്തില്‍ ഭക്ഷണത്തിനായി ഉയരുന്ന ആവശ്യത്തിന് അനുസരിച്ച് കാര്യക്ഷമമായി കൃഷി ചെയ്യാന്‍ ബഗ്ഗി സഹായിക്കുമെന്നാണ് പ്രൊജക്ട് മിനറലിന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്. ഓരോ ചെടിയേയും നിരീക്ഷിച്ച് അവയുടെ കുറവുകള്‍ മനസിലാക്കി ആവശ്യമായ പോഷണങ്ങള്‍ നല്‍കാന്‍ ബഗ്ഗിക്ക് സാധിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടവും വിവരങ്ങളാക്കി ശേഖരിക്കാനും കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങളില്‍ പോലും ചെടി എങ്ങനെ പ്രതികരിക്കുന്നുവെന്ന് തിരിച്ചറിയാനും ഇതുവഴി സാധിക്കും. 

 

കാലിഫോര്‍ണിയയിലെ സ്‌ട്രോബറി തോട്ടങ്ങളിലും ഇല്ലിനോയിസിലെ സോയാബീന്‍ തോട്ടങ്ങളിലുമെല്ലാം ഇപ്പോള്‍ തന്നെ മേല്‍നോട്ടക്കാരനാണ് ബഗ്ഗി. ഓരോ ചെടികളുടേയും ചിത്രസഹിതമായ വിവരങ്ങളും ബെറികളുടേയും ബീന്‍സിന്റേയും എണ്ണവും വരെ ബഗ്ഗിയുടെ പക്കലുണ്ട്. ചെടികളുടെ ഉയരം ഇലകളുടെ ഭാഗം, ഫലത്തിന്റെ വലുപ്പം എന്നിവയെല്ലാം ശേഖരിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കര്‍ഷകര്‍ക്കാവശ്യമായ വിവരങ്ങളാക്കി മാറ്റുകയാണ് ബഗ്ഗി ചെയ്യുന്നത്. ചെടികളില്‍ കീടങ്ങളും പുഴുക്കളുമുണ്ടോ? വിളവെടുക്കുന്നത് കൃത്യസമയത്താണോ? തുടങ്ങിയ ജോലികളും കര്‍ഷകര്‍ക്കിനി ബഗ്ഗിക്ക് വിട്ടുകൊടുക്കാം. 

 

നിര്‍മിത ബുദ്ധിയും റോബോട്ടിക്‌സുമായി ബന്ധപ്പെട്ട മറ്റെന്തിനേയും പോലെ തന്നെ ശേഖരിച്ച വിവരങ്ങള്‍ എങ്ങനെ സൂക്ഷിക്കുന്നുവെന്നത് ബഗ്ഗിയുടെ കാര്യത്തിലും ഏറെ നിര്‍ണായകമാണ്. സ്വന്തം കൃഷിയിടത്തിലെ ഏറ്റവും സൂഷ്മമായ വിവരങ്ങള്‍ പോലും ആരെങ്കിലും ചോര്‍ത്തിയെടുക്കുന്നതിനെ ആരും ഇഷ്ടപ്പെടില്ല. സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലായിരിക്കണം ഇത്തരം വിവരങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതെന്നാണ് ബഗ്ഗിക്ക് രൂപം നല്‍കിയ ഗവേഷകരുടെ വിശദീകരണം. ഇപ്പോള്‍ തന്നെ അര്‍ജന്റീന, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ബഗ്ഗി പണിയെടുക്കുന്നുണ്ട്. ഫലപ്രദമെന്നുറപ്പിച്ചാല്‍ വൈകാതെ ബഗ്ഗിയെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

 

English Summary: Google reveals Mineral crop-inspecting robots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com