sections
MORE

ഇന്ത്യക്ക് നേട്ടം, ഐഫോണ്‍ 12 പ്രോ കാഞ്ചീപുരത്ത് നിര്‍മിച്ചേക്കും; വണ്‍പ്ലസിന്റെ സ്ഥാപകാംഗങ്ങളിലൊരാള്‍ രാജിവച്ചതെന്തിന്?

iphone-12-foxconn
SHARE

ആപ്പിളിന്റെ പുതുപുത്തന്‍ എഫോണ്‍ 12 പ്രോ മോഡല്‍ ഇന്ത്യയില്‍ നിർമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിലെ നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ഏജന്‍സിയുടെ കൈവശം കിട്ടിയ പേപ്പറിലാണ് ഐഫോണ്‍ 12 പ്രോ എങ്കിലും ഇന്ത്യയിലും ബ്രസീലിലുമുള്ള ഫോക്‌സ്‌കോണിന്റെ നിര്‍മാണ ശാലയില്‍ അസംബിള്‍ ചെയ്‌തേക്കുമെന്ന പരാമര്‍ശമുള്ളത്. ഫോക്‌സ്‌കോണിന്റെ ചെന്നൈ-ബെംഗളുരു ഹൈവേയില്‍ കാഞ്ചീപുരത്തുള്ള ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലായിരിക്കും ഐഫോണ്‍ 12 പ്രോ അസംബിള്‍ ചെയ്യുക എന്നും രേഖകളില്‍ കാണാം. തിരഞ്ഞെടുത്ത ചില ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചെടുക്കുന്നുണ്ട്. നിലവില്‍ ഐഫോണ്‍ 11 അവിടെ നിര്‍മിക്കുന്നുണ്ട്.

∙ വണ്‍പ്ലസിന്റെ സ്ഥാപകാംഗങ്ങളിലൊരാള്‍ രാജിവച്ചതെന്തിന്?

ഇതുവരെയുള്ള സ്മാര്‍ട് ഫോണ്‍ ചരിത്രത്തില്‍ സ്വന്തമായ ഇടുമുണ്ടാക്കിയ കമ്പനിയാണ് വണ്‍പ്ലസ്. ഐഫോണും സാംസങിന്റെ പ്രീമിയം നിരയിലെ ഫോണുകളും ഇത്രമാത്രം വിലയിടാക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അത്തരം ഫോണുകളിറക്കുക കൂടി ചെയ്ത കമ്പനിയാണ് വണ്‍പ്ലസ്. ഫ്‌ളാഗ്ഷിപ് ഫോണുകളുടെ അന്തകനാകുക, ചടഞ്ഞിരിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കമ്പനിയെ വേറിട്ട സംരംഭമാക്കിയതും ലോകമെമ്പാടും ധാരാളം ആരാധകരെ സൃഷ്ടിച്ചതും. വണ്‍പ്ലസിന്റെ ഫോണുകള്‍ക്ക് ഒരാരാധകവൃന്ദത്തെ സൃഷ്ടിക്കാനായി എന്നത് ചെറിയൊരു കാര്യമല്ല. അവരുടെ ഒന്നോ രണ്ടോ മോഡലുകളൊഴിച്ചാല്‍ വണ്‍പ്ലസ് 8റ്റി വരെയുള്ള ഫോണുകളില്‍ എല്ലാം തന്നെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു എന്നാണ് പറയുന്നത്. കമ്പനിയുടെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്നയാളാണ് കാള്‍ പെയ്. അദ്ദേഹം 2014 ഡിസംബറില്‍ വണ്‍പ്ലസിന്റെ ആദ്യ ഫോണ്‍ അവതരിപ്പിക്കുന്നതിനു മുൻപെ മുതല്‍ അവസാനമിറക്കിയ വണ്‍പ്ലസ് 8 വരെയുള്ള ഫോണുകളെല്ലാം ഇറക്കുന്ന കാര്യത്തില്‍ ഒപ്പമുണ്ടായിരുന്നു. ഒരെണ്ണമൊഴികെ. അതാണ് അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചതെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

OnePlus-Nord-

തന്റെ 24-ാം വയസിലാണ് പെയ് വണ്‍പ്ലസിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഇപ്പോള്‍ 31-ാം വയസില്‍ വിടപറയുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയും അദ്ദേഹവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് അഭ്യൂഹങ്ങള്‍ പറയുന്നത്. ഏകദേശം ഏഴു വര്‍ഷത്തോളം വണ്‍പ്ലസിനോടൊപ്പം ചെലവഴിച്ച ശേഷം, താനീ വിഷമംപിടിച്ച തീരുമാനം എടുക്കുകയാണെന്ന് പെയ് വണ്‍പ്ലസിന്റെ ബ്ലോഗില്‍ കുറിച്ചു. ഫ്‌ളാഗ്ഷിപ്പുകളുടെ അന്തകനാകാനുള്ള ഫോണ്‍ ഇറക്കിത്തുടങ്ങി ഫ്‌ളാഗ്ഷിപ് ഫോണ്‍ തന്നെ ഇറക്കിയ കമ്പനിയാണ് വണ്‍പ്ലസ്. ഇന്റര്‍നെറ്റില്‍ ധാരാളം സമയം ചെലവഴിച്ചു വന്ന താന്‍ പല പ്രൊഡക്ടുകളും നിര്‍മിച്ചുവെന്നും അദ്ദേഹം പറയുന്നു. മനസിലെ ആശയത്തെ യാഥാര്‍ഥ്യമാക്കി ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുക എന്ന കാര്യം തനിക്ക് സന്തോഷം തന്നിരുന്നതായി അദ്ദേഹം പറയുന്നു. അതാണ് തന്റെ പാതയെന്നു തിരിച്ചറിയാനുമായി എന്നും അദ്ദേഹം പറയുന്നു. പെയ് സ്വന്തമായി കമ്പനി തുടങ്ങിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താനിപ്പോള്‍ തത്കാലം എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്. തന്റെ ജീവിതത്തില്‍ മറ്റെല്ലാത്തിനെക്കാളും പ്രാധാന്യം വണ്‍പ്ലസിനായിരുന്നു. തന്റെ കുടുംബവും സുഹൃത്തക്കളും വരെ. അവരോടൊപ്പം കുറച്ചു സമയം ചെലവഴിച്ച ശേഷം അടുത്ത തീരുമാനം കൈക്കൊള്ളുമെന്നാണ് പെയ് പറയുന്നത്.

വണ്‍പ്ലസിന്റെ വ്യത്യസ്തമായ മോഡലാണ് ഈ വര്‍ഷം പുറത്തിറക്കിയ നോര്‍ഡ്. കമ്പനിയുടെ അടുത്ത കാലത്തിറങ്ങിയ പ്രീമിയം മോഡലുകളെല്ലാം 40,000-60,000 രൂപ റെയ്ഞ്ചിലായിരുന്നെങ്കില്‍ നോര്‍ഡിന്റെ തുടക്ക വേരിയന്റിന് 25,000 രൂപയാണ് വില. പ്രീമിയം മോഡലുകളുടെ നിര്‍മാണത്തില്‍ ഉന്നത നിലവാരമാണ് വണ്‍പ്ലസ് പുലര്‍ത്തിവന്നത്. എന്നാല്‍, നോര്‍ഡിന്റെ കാര്യത്തില്‍ പല വിട്ടുവീഴ്ചകളും വരുത്തി. ഇതാണ് പെയ് വണ്‍പ്ലസിന്റെ സഹസ്ഥാപകനായ പീറ്റര്‍ ലാവുവുമായി തെറ്റിപ്പിരിയാനുണ്ടായ കാരണമെന്നാണ് സംസാരം. വണ്‍പ്ലസാകട്ടെ 20,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ പോലും ഇറക്കുന്ന കാര്യം പരിഗണക്കുകയാണെന്നും വര്‍ത്തകളുണ്ട്.

∙ ആപ്പിളിന്റെ ഐഫോണ്‍ 11+ എയര്‍പോഡ്‌സ് ഓഫര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു

ആപ്പിള്‍ ഇന്ത്യക്കാര്‍ക്കായി അവതരിപ്പിച്ച ദീപാവലി ഓഫറായിരുന്നു ഐഫോണ്‍ 11 ഒപ്പം എയര്‍പോഡ്‌സ് ഫ്രീയായി നല്‍കുക എന്നത്. 54,900 രൂപയ്ക്ക് ഐഫോണ്‍ 11ന്റെ തുടക്ക വേരിയന്റിനൊപ്പം 14,900 രൂപ വിലയുള്ള എയര്‍പോഡ്‌സ് 2 ഫ്രീയായി നല്‍കുകയായിരുന്നു ആപ്പിള്‍. ഇതെഴുതുന്ന സമയത്ത് ഈ മോഡല്‍ 47,999 രൂപയ്ക്ക് ആമസോണില്‍ നിന്നു വാങ്ങാം. എയര്‍പോഡ്‌സ് ഉണ്ടായിരിക്കില്ല. എച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചാല്‍ വില വീണ്ടും കുറയും. കൂടാതെ 16,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്.

∙ ഗ്യാലക്‌സി ഫിറ്റ്2 ഫിറ്റ്നസ് ട്രാക്കര്‍ അവതരിപ്പിച്ചു; വില 3999 രൂപ

തങ്ങളുടെ പുതിയതും മികച്ചതുമായ കായികശേഷി പരിശോധിക്കല്‍ ബാന്‍ഡ് ആയ ഗ്യാലക്‌സി ഫിറ്റ്2 ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 3999 രൂപയായിരിക്കും. ഒറ്റ ചാര്‍ജില്‍ 15 ദിവസത്തേക്ക് ബാറ്ററി നിൽക്കുമെന്നാണ് കമ്പനി പറയുന്നത്. 1.1 അമോലെഡ് ഡിസ്‌പ്ലെയാണ് ബാന്‍ഡിനു നല്‍കിയിരിക്കുന്നത്. ഇതിന് 70 വാച്ച് ഫെയ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. സാംസങിന്റെ സ്വന്തം വെബ്‌സൈറ്റിലൂടെയും ആമസോണിലുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

∙ സോണി പ്ലേസ്റ്റേഷന്‍ 5ന്റെ ഇന്ത്യയിലെ വിലകള്‍ പ്രഖ്യാപിച്ചു

സോണിയുടെ പുതിയ പ്ലേസ്റ്റേഷന്‍5ന് രണ്ടു വേര്‍ഷനുകളാണ് ഉള്ളത്. ഒന്ന് 4കെ ബ്ലൂ-റേ ഡ്രൈവും മറ്റൊന്ന് ഡിജിറ്റല്‍ എഡിഷനും. ഇവയുടെ വില യഥാക്രമം 49,990 രൂപയും, 39,990 രൂപയുമായിരിക്കും. നവംബറിലായിരിക്കും വില്‍പ്പന തുടങ്ങുക എന്നാണ് സൂചന.

∙ നിര്‍മിച്ച രാജ്യമേതെന്നു വെളിപ്പെടുത്താത്തതിന് ആമസോണിനു ഫ്‌ളിപ്കാര്‍ട്ടിനും നോട്ടിസ്

തങ്ങള്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങള്‍ ഏതു രാജ്യത്ത് നിർമിച്ചതാണെന്ന് പ്രദര്‍ശിപ്പിക്കണം എന്നാണ് സർക്കാർ ഏതാനും മാസം മുൻപ് ഇറക്കിയ നിയമം അനുശാസിക്കുന്നത്. ഇത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും പൂര്‍ണമായി നടപ്പില്‍ വരുത്തിയിട്ടില്ല. അല്ലെങ്കില്‍ അവരിലൂടെ വില്‍ക്കുന്ന സെല്ലര്‍മാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. ചില പ്രൊഡക്ടുകള്‍ക്ക് ഇപ്പോഴും 'കണ്ട്രി ഓഫ് ഒറിജിന്‍' കാണിച്ചിട്ടില്ല. ഇരു കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കലും കാരണമുണ്ടെങ്കില്‍ അത് 15 ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണം എന്നാണ് കേന്ദ്രം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

amazon-vs-flipkart

∙ ഇപ്പോഴത്തോ ഓണ്‍ലൈന്‍ വില്‍പ്പനാ മേള ഇന്ത്യയിലെ ഏറ്റവും വലുതായിരിക്കാം

ആമസോണും ഫ്‌ളിപ്കാര്‍ട്ടും അടക്കമുള്ള ഇകൊമേഴ്‌സ് വ്യാപാരികള്‍ ഇപ്പോള്‍ നടത്തുന്ന വില്‍പ്പനാ മേളകള്‍ ഒരു പക്ഷേ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. മൊത്തം 6.5 ബില്ല്യന്‍ ഡോളറിന്റെ വില്‍പ്പന നടന്നേക്കാമെന്നാണ് വിശകലനവിദഗ്ധര്‍ അനുമാനിക്കുന്നത്. ആമസോണും ഫ്‌ളപ്കാര്‍ട്ടും മാത്രം 4.8 ബില്ല്യന്‍ ഡോളറിന്റെ കച്ചവടം നടത്തിയേക്കും. പല നഗരങ്ങളിലും കടകള്‍ അടച്ചു തുടങ്ങുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ വാങ്ങലിനു ശ്രമിക്കുന്നു. പുതിയ സാഹചര്യത്തില്‍ കടകളിലും മറ്റും കയറാന്‍ താത്പര്യമില്ലാത്തവരും ഓണ്‍ലൈന്‍ വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നു.

∙ നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന ഹോട്ടലില്‍ തിരക്കാണോ എന്ന് ഗൂഗിള്‍ മാപ്‌സ് പറയും

ലോകത്തെ പല നഗരങ്ങളിലും നിങ്ങള്‍ പോകാനിറങ്ങാനുദ്ദേശിക്കുന്ന ഭക്ഷണശാലയിലും, കടയിലും മറ്റും തിരക്കുണ്ടോ എന്നു പറയാന്‍ ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സിനു സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഡ്രൈവു ചെയ്ത് എത്തുന്ന സ്ഥലത്തും ജനക്കൂട്ടമുണ്ടോ എന്ന കാര്യവും മുന്‍കൂട്ടി പറഞ്ഞുതരാന്‍ ഒരുങ്ങുകയാണ് മാപ്‌സ്. ചില നഗരങ്ങളില്‍ ഇത് ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, മറ്റു പല നഗരങ്ങളിലും ഈ ഫീച്ചര്‍ താമസിയാതെ ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്.

English Summary: iPhone 12 Pro to be assembled at Kanchipuram, Why did OnePlus founding member resign?

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA