ADVERTISEMENT

യാത്രക്കാരുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബ്രിട്ടിഷ് എയര്‍വേയ്‌സിന് ചരിത്രത്തിലെ എക്കാലത്തേയും വലിയ പിഴ. 2018ല്‍ നാല് ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലാണ് 20 ദശലക്ഷം പൗണ്ട് (ഏകദേശം 189 കോടി രൂപ) പിഴ വിധിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണേഴ്‌സ് ഓഫിസിന്റെ (ഐസിഒ) നിര്‍ണായക തീരുമാനം. 

 

2018 ജൂണില്‍ സംഭവിച്ച വിവര ചോര്‍ച്ച രണ്ട് മാസത്തിനു ശേഷമാണ് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുന്നത് തന്നെ. ബ്രിട്ടിഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്ത യാത്രക്കാരുടേയും ജീവനക്കാരുടേയും അടക്കം 4,29,612 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. പേര്, വിലാസം, കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍ എന്നിവയടക്കം ചോര്‍ന്നു. വ്യക്തിപരവും സാമ്പത്തികവുമായ അതീവ നിര്‍ണായക വിവരങ്ങളെന്നാണ് വിവര ചോര്‍ച്ചയെ കുറിച്ച് അന്വേഷിച്ച ഐസിഒ വിശേഷിപ്പിച്ചത്. 

 

ചുമതലപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പിഴവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. വിവരങ്ങള്‍ ചോര്‍ന്ന് മാസങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ അഞ്ചിന് പുറത്തു നിന്നുള്ള ഒരാളാണ് ബ്രിട്ടിഷ് എയര്‍വേയ്‌സിനെ വിവര ചോര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും വലിയ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടും ബ്രിട്ടിഷ് എയര്‍വേയ്‌സ് അക്കാര്യം അറിഞ്ഞുപോലുമില്ലെന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

 

ബ്രിട്ടിഷ് എയര്‍വേയ്‌സിന് ഉപഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. ലക്ഷക്കണക്കിന് പേരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വീഴ്ച്ച കണ്ടില്ലെന്ന് നടിക്കാനാവില്ല. സൈബര്‍ സുരക്ഷ കാലാനുസൃതമായി പരിഷ്‌ക്കരിച്ചിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാനാകുമായിരുന്നു. അതുകൊണ്ടാണ് 20 ദശലക്ഷം പൗണ്ട് പിഴ വിധിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം പറഞ്ഞു. ഐഒഎ വിധിക്കുന്ന ഏറ്റവും ഉയര്‍ന്ന പിഴയാണിത്.

 

സൈബര്‍ ആക്രമണത്തിനും വിവര ചോര്‍ച്ചക്കും ശേഷം ബ്രിട്ടിഷ് എയര്‍വേയ്‌സ് സൈബര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഐസിഒ റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ പിഴവ് ഉള്‍ക്കൊള്ളുന്നുവെന്നും വിവര ചോര്‍ച്ച ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്നും ബ്രിട്ടിഷ് എയര്‍വേയ്‌സ് വക്താവ് വ്യക്തമാക്കുന്നു. ഐസിഒ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

 

English Summary: British Airways fined £20m for data breach affecting 400,000 customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com