ADVERTISEMENT

ഇന്ത്യയില്‍ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോയുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ച് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ അഥവാ സിസിഐ ഗൂഗിളിനെ ചോദ്യംചെയ്‌തേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ 7.73 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത്തരം വമ്പന്‍ കമ്പനികള്‍ ഒത്തു ചേരുകയും പരസ്പരം ഉപയോക്താക്കളെക്കുറിച്ചുള്ള ഡേറ്റാ കൈമാറുകയും ചെയ്യുമ്പോള്‍ എതിരാളികള്‍ക്ക് അവരോടു മത്സരിക്കാനായേക്കില്ല. ഇരു കമ്പനികളും സംയുക്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മാണവും തുടങ്ങാനിരിക്കുകയാണ്. 

ജിയോയുമായുള്ള ഡേറ്റാ കൈമാറ്റത്തിന്റെ വിശദാംശങ്ങളെക്കുറിച്ചാണ് സിസിഐ ഗൂഗിളിനെ ചോദ്യംചെയ്യാനിരിക്കുന്നത് എന്നാണ് ഈ വിഷയത്തെക്കുറിച്ച് അറിയാവുന്ന, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത നിയമജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും നല്‍കുന്ന സൂചന. ഇക്കാലത്ത് പല രാജ്യങ്ങളിലും ഇത്തരം വലിയ കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെടുന്ന കരാറിലേര്‍പ്പെടുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ ചോദിച്ചു മനസിലാക്കുന്നുണ്ട്. ജിയോയും ഗൂഗിളും തമ്മിലുള്ളത് അത്തരത്തിലൊരു ഇടപാടാണെന്ന് ഒരാള്‍ വ്യക്തമാക്കി.

 

ഇത്തരം വിവരങ്ങള്‍, ജിയോയുമായുള്ള തമ്മിലുള്ള ഇടപാടിന് അനുമതി നല്‍കുന്നതിനു മുൻപായി ഫെയ്‌സ്ബുക്കിനോടും സിസിഐ ആരാഞ്ഞിരുന്നു. ജിയോ പ്ലാറ്റ്‌ഫോംസിലാണ് ഫെയ്‌സ്ബുക് വന്‍ തുക നിക്ഷേപിച്ചത്. ഗൂഗിള്‍ സെപ്റ്റംബര്‍ മാസത്തിലാണ് തങ്ങളും ജിയോയുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന് അംഗീകാരം നല്‍കണമെന്നു പറഞ്ഞ് സിസിഐയെ സമീപിച്ചത്. ജിയോ പ്ലാറ്റ്‌ഫോംസില്‍ വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ നിര്‍മിക്കാനായാണ് ഗൂഗിള്‍ 33,737 കോടി രൂപ മുടക്കുന്നത്. ഈ ഇടപാടാണ് ഇപ്പോള്‍ സിസിഐ പരിശോധിച്ചുവരുന്നത്. വാര്‍ത്തകളെക്കുറിച്ച് സിസിഐ, ഗൂഗിള്‍, ജിയോ പ്രതിനിധികള്‍ പ്രതികരിച്ചില്ല. മറ്റു സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളോട് ഇക്കാര്യത്തെക്കുറിച്ച് സിസിഐ പ്രതിനിധികള്‍ സംസാരിച്ചു. മാര്‍ക്കറ്റിലെ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായിരുന്നു ഇത്.

 

മിക്കവാറും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനാലാണ്, ജിയോയും ഗൂഗിളും തമ്മിലുള്ള ഇടപാടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സിസിഐ അറിയാന്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ ഈ ഇടപാടില്‍ ജിയോയ്ക്കു മാത്രമായി ചില ഫീച്ചറുകള്‍ നല്‍കിയേക്കാം. ഇത് മറ്റു സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വിനയാകാം. കേന്ദ്രം 6.6 ബില്ല്യന്‍ ഡോളര്‍ ഇളവുകള്‍ പ്രഖ്യാപിച്ചാണ് രാജ്യത്തെ ഒരു സ്മാര്‍ട് ഫോണ്‍ നിര്‍മാണശാലയാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കിണഞ്ഞു ശ്രമിക്കുന്ന സമയത്താണ് ജിയോ-ഗൂഗിള്‍ ഇടപാട് നടന്നിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഉടമ എന്ന നിലയില്‍ ഗൂഗിളും ജിയോയും ചേര്‍ന്ന് ഫോണ്‍ നിര്‍മിക്കുമ്പോള്‍ അത് മറ്റുള്ള സ്മാര്‍ട് ഫോണ്‍ കമ്പനികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലായിരിക്കും ഗൂഗിള്‍ സിസിഐയ്ക്ക് ഉത്തരം നല്‍കേണ്ടത്. ഗൂഗിള്‍ ജിയോയ്ക്കു മാത്രമായി ചില ഫീച്ചറുകള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ അതു തിരിച്ചടിയായേക്കാമെന്ന തിരിച്ചറിവിലാണ് അധികാരികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ഇരു കമ്പനികളും തമ്മില്‍ ഒത്തു പ്രവര്‍ത്തിക്കുന്നതല്ല പ്രശ്‌നം. ആന്‍ഡ്രോയിഡില്‍ ഗൂഗിളിനുള്ള സ്വാധീനം ഉപയോഗിച്ച് അവര്‍ ജിയോയ്ക്ക് കൂടുതല്‍ ഇളവു നല്‍കുമോ എന്നാണ് അറിയേണ്ടതെന്ന് ഒരാള്‍ വെളിപ്പെടുത്തി. അമേരിക്കയിലും ഗൂഗിള്‍, ഫെയ്‌സ്ബുക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. യൂറോപ്യന്‍ യൂണിയനും ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നു. സേര്‍ച്ച്, വിഡിയോ, മാപ്‌സ്, ഇമെയില്‍ തുടങ്ങിയ മേഖലകളില്‍ ആധിപത്യമുള്ള കമ്പനിയാണ് ഗൂഗിള്‍. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 10 സ്മാര്‍ട് ഫോണുകളില്‍ ഒൻപതും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഉണ്ടാക്കുന്നതാണ്. അതുപോലെ, ജിയോ പ്ലാറ്റ്‌ഫോംസ് എന്ന കമ്പനി ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച മൊബൈല്‍ സേവനദാതാവായ ജിയോയുടെ മാതൃസ്ഥാപനമാണ്.

 

ഇരു കമ്പനികളും പണമടയ്ക്കല്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ പേ യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കാണ് മാര്‍ക്കറ്റ് മേധാവിത്വം എന്നു കണക്കാക്കപ്പെടുന്നു. ഇത്തരം പണം കൈമാറ്റ സംവിധാനത്തില്‍ ഏകദേശം 50 ശതമാനം ഇടപാടുകളും ഗൂഗിള്‍ പേയിലൂടെയാണ് നടക്കുന്നത്. വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, പേടിഎം എന്നീ സേവനങ്ങളാണ് ഗൂഗില്‍ പേയ്ക്കു പിന്നില്‍.

 

ജിയോ പ്ലാറ്റ്‌ഫോമില്‍ 9.99 ശതമാനം ഓഹരി വാങ്ങിയ ഫെയ്‌സ്ബുക് സിസിഐക്കു നല്‍കിയ മറുപടിയില്‍ പറഞ്ഞത് തങ്ങള്‍ ചെറിയൊരു ശതമാനം ഡേറ്റ മാത്രമായിരിക്കും കൈമാറുക എന്നാണ്. ഈ ഇടപാട് അംഗീകരിച്ച സിസിഐ എതിരാളികളെ നിലംപരിശാക്കുന്ന നീക്കങ്ങള്‍ നടത്തുന്നതിനെതിരെ ഇരു കമ്പനികള്‍ക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അല്ലാതെയാണ് ഇടപാടെന്നു കണ്ടാല്‍ തങ്ങള്‍ നടപടി സ്വീകരിക്കുമെന്നാണ് സിസിഐ അറിയിച്ചിരിക്കുന്നത്.

 

English Summary: Jio-Google deal under CCI scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com