ADVERTISEMENT

അയ്യായിരം രൂപയില്‍ താഴെ 5ജി ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ക്രമേണ വില 2500-3000 രൂപയായി കുറയ്ക്കുമെന്നും പറയുന്നു. ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 20-30 കോടി ഉപയോക്താക്കളെയും തങ്ങള്‍ക്കൊപ്പം ചേര്‍ക്കുമെന്നാണ് പറയുന്നത്. തുടക്കത്തില്‍ അയ്യായിരം രൂപയില്‍ താഴെയും, തുടര്‍ന്ന് 2500-3000 റെയ്ഞ്ചിലും ഫോണുകള്‍ വില്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയില്ല.

 

∙ ഇന്ത്യ 2ജി മുക്തമാക്കാന്‍ അംബാനി

 

റലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാം വാര്‍ഷിക പൊതു മീറ്റിങ്ങില്‍, കമ്പനിയുടെ ഉടമയും ശതകോടീശ്വരനുമായ മുകേഷ് അംബാനി രാജ്യത്തെ 2ജി മുക്തമാക്കുന്നിതനെക്കുറിച്ചു സംസാരിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന 35 കോടി പേരെ ഒപ്പം കൂട്ടുക എന്ന തന്റെ സ്വപ്‌നം അദ്ദേഹം അന്നു പങ്കുവച്ചിരുന്നു. ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിള്‍ കമ്പനിയില്‍ 33,737 കോടി രൂപ നിക്ഷേപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇരു കമ്പനികളും ചേര്‍ന്നായിരിക്കും തീര്‍ത്തും വില കുറഞ്ഞ 5ജി ഫോണുകളിറക്കി ചൈനീസ് കമ്പനികളെയും രാജ്യത്തുനിന്നു തുരത്തുക.

reliance-jio

 

∙ ജൂലൈയില്‍ ജിയോ 25 ലക്ഷം ഉപയോക്താക്കളെ നേടിയെന്ന് ട്രായി

 

ജിയോയ്ക്ക് ഈ വര്‍ഷം ജൂലൈയില്‍ 25 ലക്ഷം പുതിയ ഉപയോക്താക്കളെ കൂടി കിട്ടിയെന്ന് ട്രായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അവരുടെ എതിരാളികളായ എയര്‍ടെല്ലിന് ഈ കാലഘട്ടിത്തില്‍ 40,000 ത്തോളം ഉപയോക്താക്കളെ നഷ്ടമായി. അതേസമയം, വോഡാഫോണ്‍-ഐഡിയയ്ക്ക് 38 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്.

 

∙ വാവെയെ മറികടന്ന് ലോക സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സാംസങ്

Hindu God Krishna on blue background

 

ആഗോള തലത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയുടെ കാര്യത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനീസ് കമ്പനിയായ വാവെയ് കമ്പനിയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ടെ്കനോളജി ഭീമന്‍ സാംസങ്. ഓഗസ്റ്റ് മാസത്തില്‍ ലോക വിപണില്‍ വിറ്റ സ്മാര്‍ട് ഫോണുകളില്‍ 22 ശതമാനം സാംസങ്ങിന്റേതാണെന്നാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാവെയുടെ വില്‍പ്പന 16 ശതമാനമായിരുന്നു ഈ സമയത്ത്. ഇന്ത്യയില്‍ സാംസങ് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ ശക്തമായ തിരിച്ചുവരവാണ് കമ്പനിയ ഓന്നാം സ്ഥാനത്ത് വീണ്ടുമെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018നു ശേഷം ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോള്‍ സാംസങ് ഇന്ത്യയില്‍ നടത്തുന്നത്. വിലയിലടക്കം കമ്പനിയുടെ പുതിയ തന്ത്രങ്ങളാണ് രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിച്ചിരിക്കുന്നതത്രെ. അതേസമയം, ഒന്നാം സ്ഥാനത്തു തുടര്‍ന്നിരുന്ന വാവെയ് വരും മാസങ്ങളില്‍ കൂടുതല്‍ തിരിച്ചടികള്‍ നേരിടാന്‍ തയാറാകുകയാണെന്നും പറയുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ തൊട്ടുകൂടായ്മയുടെ ഫലങ്ങള്‍ വരും മാസങ്ങളില്‍ തങ്ങളുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് കമ്പനി കരുതുന്നത്.

 

അതേസമയം, ആപ്പിള്‍ 12 ശതമാനം വില്‍പ്പനയുമായി നല്ല ചെറുത്തു നില്‍പ്പാണ് കാണിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍ 11, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകള്‍ മികച്ച രീതിയില്‍ വിറ്റുപോയതാണ് കമ്പനിക്കു ഗുണകരമായത്. വരും മാസങ്ങളില്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തുന്നതോടെ കമ്പനി നില മെച്ചപ്പെടുത്തിയേക്കാം. മികച്ച പ്രടനവുമായി നാലാം സ്ഥാനത്തേക്ക് ഷഓമിയും എത്തിയിട്ടുണ്ട്- 8 ശതമാനമാണ് ആഗോള തലത്തില്‍ അവരുടെ വില്‍പ്പന.

 

∙ കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കംചെയ്യാന്‍ എഐ ഉപയോഗിക്കാന്‍ അമേരിക്ക

 

എല്ലാ രാജ്യങ്ങളുടെയും നിയമങ്ങളിലും അനുശാസനങ്ങളിലും പലതും പഴകിപ്പോയിരിക്കുന്നു. പല രാജ്യങ്ങളിലും വേറൊരു കാലത്തിനു വേണ്ടി എഴുതപ്പെട്ട നിയമങ്ങളാണ് ഇന്നും നിലനില്‍ക്കുന്നത്. അവ കാലോചിതമായി പരിഷ്‌കരിക്കുക എന്നത് ഇന്നത്തെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. അമേരിക്കയുടെ നിയമംനടപ്പാക്കല്‍ അധികാരമുള്ള ഏജന്‍സികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കാലഹരണപ്പെട്ട നിയമങ്ങളും അനുശാസനങ്ങളും നീക്കം ചെയ്യാനൊരുങ്ങുകയാണെന്ന് ദി വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് അഥവാ ഒഎംബി അറിയിച്ചു. പുതിയ കാലവുമായി യാതൊരു ഒത്തൊരുമയുമില്ലാത്ത നിരവധി സർക്കാർ നിയമങ്ങള്‍ ഉണ്ട്. ഇവ പതിനായിരക്കണക്കിനു പേജുകളുള്ള നിയമ പുസ്തകങ്ങളായി പരന്നു കിടക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് 2019ല്‍ ഇതിനു മുന്നോടിയായുള്ള ഒരു പ്രൊജക്ട് നടപ്പിലാക്കിയിരുന്നു.

 

ഇതിലൂടെ നൂറുകണക്കിനു സാങ്കേതികപ്പിഴവുകളും, കാലഹരണപ്പെട്ട അനുശാസനങ്ങളും കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് ഇപ്പോഴും ചില അപേക്ഷകള്‍ ഫാക്‌സായി മാത്രമെ സമര്‍പ്പിക്കാവൂ എന്നു പറയുന്ന നിയമങ്ങള്‍ ഉണ്ട്. അമേരിക്കയുടെ കോഡ് ഓഫ് ഫെഡറല്‍ റെഗുലേഷന്‍സ് 185,000 പേജുകളിലായാണ് കിടക്കുന്നത് എന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി തിരിഞ്ഞു നോക്കാതെ കിടക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ പുതിയ ഉദ്യമം സഹായിക്കുമെന്ന് ഒഎംബി ഡയറക്ടര്‍ റസല്‍ വോട്ട് അഭിപ്രായപ്പെട്ടു. എഐ ടെക്‌നോളജി ഉപയോഗിച്ച് പതിനായിരിക്കണക്കിനു പേജുകളില്‍ എവിടെയല്ലാമാണ് പരിഷ്‌കരിക്കപ്പെടേണ്ട നിയമങ്ങള്‍ കിടക്കുന്നതെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും സാങ്കേതികപ്പിഴവുകള്‍ പോലും ഉണ്ടെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു.

 

∙ ഒരേസമയം ഐഫോണും എയര്‍പോഡ്‌സും ചാര്‍ജു ചെയ്യാവുന്ന മാഗ്‌സെയ്ഫ് ചാര്‍ജര്‍ ആപ്പിള്‍ ഇറക്കിയേക്കും

 

ആപ്പിള്‍ പുതിയതായി അവതരിപ്പിച്ച കാന്തിക ചാര്‍ജിങ് ടെക്‌നോളജി ഉള്‍ക്കൊള്ളുന്ന മാഗ്‌സെയ്ഫ് ചാര്‍ജറുകളുടെ പുതുക്കിയ പതിപ്പ് ഇറക്കിയേക്കും. കമ്പനി ഇപ്പോള്‍ ഫയല്‍ ചെയ്തിരക്കുന്ന പേറ്റന്റ് പേപ്പറിലാണ് ഈ സൂചനയുള്ളത്.

 

∙ ഐഫോണില്‍ ആപ്പിള്‍ എ14 ബയോണിക് ചിപ്പിന്റെ പ്രകടനം കുറയ്ക്കുന്നു എന്ന തോന്നല്‍ ശരിവച്ച് ഫലം

 

ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ 12 സീരിസില്‍ ഉപയോഗിച്ചിരിക്കുന്ന എ14 ബോയണിക് പ്രോസസറുകളില്‍ അവയുടെ പ്രകടനം കുറയ്ക്കുന്നുവെന്ന ആരോപണം മുൻപെ ഇന്റര്‍നെറ്റില്‍ പരന്നിരുന്നു. അതു ശരിവയ്ക്കുന്നതാണ് പുതിയ അന്ററ്റുറ്റു ടെസ്റ്റ് റിസള്‍ട്ടുകളും. ഇതേ പ്രോസസര്‍ ഉപയോഗിച്ച് നേരത്തെ ഇറക്കിയ ഐപാഡ് എയര്‍ 4 ഈ ടെസ്റ്റില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയതോടെയാണ് ഈ ആരോപണം ശരിയാണെന്ന് കൂടുതല്‍ വ്യക്തമാകുന്നത്. ഐപാഡ് എയര്‍ 4 മോഡല്‍ (4ജിബി റാം/256ജിബി സംഭരണ ശേഷി) 660038 സ്‌കോര്‍ നേടിയപ്പോള്‍ അതേ സ്‌പെസിഫിക്കേഷന്‍ ഉള്ള ഐഫോണ്‍ 12 ഏകദേശം 564899 സ്‌കോറാണ് നേടിയത്. ഐപാഡ് എയറിലെ സിപിയു പ്രകടനം 9.5 ശതമാനം വേഗമേറിയതാണ്. ജിപിയു പ്രകടനം 30 ശതമാനം എന്നുമാണ് കണ്ടെത്തല്‍. പുതിയ ഐഫോണ്‍ സീരിസില്‍ ഉപയോഗിച്ചിരിക്കുന്ന കുറഞ്ഞ ബാറ്ററിയും, ഫോണ്‍ ചൂടാകലും കുറയ്ക്കാനായരിക്കും ഈ നീക്കം ആപ്പിള്‍ ചെയ്തതെന്നാണ് പറയുന്നത്. പ്രോ മോഡലുകള്‍ ടെസ്റ്റു ചെയ്തിട്ടില്ല. പ്രോ മോഡലുകളോടും ഇതു ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അവയ്ക്ക് കൂടുതല്‍ ബാറ്ററി ഉള്ളതിനാല്‍ ചിലപ്പോള്‍ പ്രോസസറിന്റെ പ്രകടനം കുറച്ചിട്ടുണ്ടാവില്ല.  

 

∙ ഡിസ്‌പ്ലേയ്ക്കുള്ളില്‍ ഫിങ്ഗര്‍ പ്രിന്റുള്ള ഐഫോണ്‍ വന്നേക്കും

 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ വര്‍ഷങ്ങളായി നിലവിലുള്ള ഡിസ്‌പ്ലേയ്ക്കുള്ളിലുള്ള ഫിങ്ഗര്‍പ്രിന്റ് സ്‌കാനറൊന്നും ഇതുവരെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കു ലഭിച്ചിച്ചില്ല. എന്നാല്‍, ഭാവിയില്‍ അതു സംഭവിച്ചേക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്.

 

English Summary: Jio planning to sell 5G smartphones for Rs 2,500-3,000 apiece: Company official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com