ADVERTISEMENT

2017 സെപ്റ്റംബര്‍, പാരിസില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ നാല് എൻജിനുകളിലൊന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു. ഈ അപകടം നടക്കുമ്പോള്‍ ജീവനക്കാരടക്കം അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു വിമാനത്തില്‍. മഞ്ഞുപുതച്ചുകിടക്കുന്ന ഗ്രീന്‍ലാന്റിലെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തേക്കാണ് എൻജിന്‍ കൂപ്പുകുത്തിയത്. 

 

വിമാനത്തിന് എന്തോ സംഭവിച്ചെന്ന് തിരിച്ചറിഞ്ഞെങ്കിലും പൈലറ്റുമാര്‍ക്ക് അപ്പോള്‍ സംഭവത്തിന്റെ ഗൗരവം അറിഞ്ഞില്ല. എന്നാല്‍, യാത്രക്കാരില്‍ പലരും വിമാനത്തിന്റെ എൻജിന്റെ ഭാഗത്തു നിന്നുയരുന്ന തീയും പുകയും കാണുന്നുണ്ടായിരുന്നു. യാത്രക്കാരില്‍ ഒരാളുടെ സ്മാര്‍ട് ഫോണില്‍ എടുത്ത ചിത്രം ജീവനക്കാരില്‍ ഒരാള്‍ കോക്പിറ്റിലേക്ക് കൊണ്ടുവന്ന് കാണിച്ചതോടെയാണ് പൈലറ്റുമാര്‍ അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഒടുവില്‍ 37,000 അടി മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന എയര്‍ബസ് എ380 യാത്രാവിമാനം രണ്ട് മണിക്കൂറിനുള്ളില്‍ കാനഡയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. 

 

എൻജിനുകളിലൊന്ന് പൊട്ടിത്തെറിച്ചെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ അവര്‍ക്കായി. എങ്കിലും അപ്പോഴും പ്രശ്‌നം തീര്‍ന്നിരുന്നില്ല. എന്തായിരുന്നു അപകടകാരണമെന്ന് ഉറപ്പിക്കാന്‍ മഞ്ഞില്‍ പുതഞ്ഞുപോയ എൻജിന്‍ കണ്ടെത്തുകയല്ലാതെ വഴിയില്ലായിരുന്നു. തുടര്‍ന്ന് മാസങ്ങളും വര്‍ഷങ്ങളും നീണ്ടു നിന്ന ഒരു തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഗ്രീന്‍ലാന്റിലെ അതിശൈത്യത്തിന്റെ ദുഷ്‌കര കാലാവസ്ഥയും മറഞ്ഞിരിക്കുന്ന മഞ്ഞുപാളികളിലെ വിള്ളലുകളും ഹിമക്കരടികളുടെ ആക്രമണങ്ങളുമെല്ലാം ഈ തിരച്ചില്‍ ദൗത്യത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. 

 

അപകടം നടന്ന അന്ന് മുതല്‍ തന്നെ ഫ്രാന്‍സിന്റെ ബിഇഎ (Bureau of Enquiry and Analysis for Civil Aviation Safety)യും വിമാന കമ്പനികളായ എയര്‍ബസും, ജനറല്‍ ഇലക്ട്രികും പ്രാറ്റ് ആൻഡ് വൈറ്റ്‌നിയും ചേര്‍ന്ന് എൻജിന്റെ ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും കൃത്യം എപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ നിന്നും ഗ്രീന്‍ലാന്റിന്റെ തെക്കു പടിഞ്ഞാറ് 60 മൈല്‍ ദൂരത്തിലായിരിക്കും എൻജിന്‍ വീണിരിക്കുകയെന്ന് ഇവര്‍ കണക്കുകൂട്ടി. 

 

തിരച്ചില്‍ ഒരാഴ്ച്ച നീണ്ടപ്പോഴേക്കും ആ പ്രദേശത്ത് അപകടം നടന്നതിന് ശേഷം പുതിയൊരു മഞ്ഞു പാളികൂടി വന്നിരുന്നു. കൂട്ടത്തില്‍ മഞ്ഞുകാലം രൂക്ഷമാവുക കൂടി ചെയ്തതോടെ താല്‍ക്കാലികമായി തിരച്ചില്‍ നിര്‍ത്തിവെക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല. ഇതോടെ തിരച്ചില്‍ കൂടുതല്‍ ദുഷ്‌കരമാകുമെന്ന് ഉറപ്പായി. ഭൂമിയുടെ 3ഡി ഭൂപടം തയാറാക്കാനായി ഉപയോഗിക്കുന്ന എസ്എആര്‍ (synthetic-aperture radar) വിമാനങ്ങളുടെ സഹായത്തില്‍ എൻജിന്‍ കണ്ടെത്താനായി പിന്നീടുള്ള ശ്രമം. എന്നാല്‍ ഇത് പ്രതീക്ഷഇച്ച ഫലം നല്‍കിയില്ല.

 

മറ്റൊരു സംഘം കാല്‍നടയായും എൻജിന്‍ വീണതെന്ന് പ്രതീക്ഷിക്കുന്ന പ്രദേശത്ത് പുരാവസ്തു ഗവേഷകര്‍ ഉപയോഗിക്കുന്ന റഡാറുകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടര്‍ന്നു. മഞ്ഞ് പാളിയുടെ കനം കൂടിവന്നതും പ്രതീക്ഷിച്ച ആഴത്തിലേക്ക് റഡാറുകളുടെ തിരച്ചില്‍ എത്താത്തതും ഫലം നിരാശയാക്കി. ഇതിനിടെ വിമാനത്തിന്റെ എൻജിന്റെ മാതൃകയിലുള്ള ഒന്ന് എതാണ്ട് അതേ ഉയരത്തില്‍ നിന്നും താഴേക്കിട്ടും പരീക്ഷണം നടത്തി. എത്രത്തോളം ആഴത്തില്‍ ഇത് പൂഴ്ന്നുപോകുന്നുവെന്നറിയാനായിരുന്നു അത്. യഥാര്‍ഥ എൻജിനും ഡമ്മി എൻജിനും കണ്ടെത്താനായില്ലെന്നത് നിരാശ വര്‍ധിപ്പിച്ചു. 

 

ഫ്രോസ്റ്റി ബോയ് എന്ന പേരില്‍ ലൈന്‍സ് എന്നയാള്‍ നിര്‍മിച്ച റോബോട്ടാണ് ഒടുവില്‍ ഈ പ്രതിസന്ധി അവസാനിപ്പിച്ചത്. മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശങ്ങളിലെ ഭൂമിയിലെ പിളര്‍പ്പുകളുടെ ഭൂപടം നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ഈ റോബോട്ടിനെ നിര്‍മിച്ചത്. മഞ്ഞില്‍ മറഞ്ഞിരിക്കുന്ന പിളര്‍പ്പുകള്‍ തേടിപോയ ഫ്രോസ്റ്റി ബോയുടെ സെന്‍സറുകള്‍ മഞ്ഞിലെ ആഴങ്ങളില്‍ നിന്നും അസാധാരണമായ സിഗ്നലുകള്‍ കണ്ടെത്തുകയായിരുന്നു. 13 അടി വീതിയുള്ള കൂറ്റന്‍ ഗര്‍ത്തത്തില്‍ നിന്നും വെറും 20 അടി മാത്രം അകലെയായിട്ടായിരുന്നു ഈ വിമാനത്തിന്റെ എൻജിന്‍ കിടന്നിരുന്നത്.

 

കഴിഞ്ഞ വര്‍ഷം ജൂണില്‍ അഞ്ച് പേരടങ്ങുന്ന പര്യവേഷണ സംഘം വിമാനത്തിന്റെ എൻജിന്‍ കണ്ടെത്താനായി മൂന്നു ദിവസത്തെ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടു. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണുള്ള ഗൈഡും നേരത്തെ വിമാനത്തിന്റെ എൻജിന്‍ കണ്ടെത്തുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുത്തിരുന്നയാളും അടങ്ങുന്നതായിരുന്നു ഈ സംഘം. കയ്യെത്തും ദൂരത്ത് തോക്കുകള്‍ വെച്ചായിരുന്നു ഇവര്‍ ചെറിയ ടെന്റുകളില്‍ കിടന്നുറങ്ങിയിരുന്നത്. ഹിമക്കരടികളെ പേടിച്ചായിരുന്നു അത്. 

 

മറ്റൊരു പേടിസ്വപ്‌നം മഞ്ഞിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഗര്‍ത്തങ്ങളായിരുന്നു. ഓരോ മുന്നോട്ടുള്ള കാല്‍വെപ്പും നിരവധി അടി താഴ്ച്ചയുള്ള ഗര്‍ത്തത്തിലേക്കാണോ എന്ന ചിന്തയിലായിരുന്നു. അപകടം ഒഴിവാക്കാന്‍ സംഘാംഗങ്ങള്‍ പരസ്പരം കയറുകൊണ്ട് ബന്ധിച്ചിരുന്നു. ഇതിനറ്റം സുരക്ഷിതമായ സ്ഥലത്ത് ഉറപ്പിച്ച കുറ്റിയിലും കെട്ടിയിരുന്നു. ഒടുവില്‍ തിരച്ചിലിന്റെ മൂന്നാം ദിനം വിമാനത്തിന്റെ എൻജിന്റെ ഒരുഭാഗം 21 മാസത്തിനുശേഷം പുറംലോകത്തെത്തി. 

 

എന്താണ് എയര്‍ ഫ്രാന്‍സ് വിമാനത്തിന് സംഭവിച്ചത് എന്നത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഈ എൻജിിന്‍ ഭാഗങ്ങള്‍ നല്‍കി. നേരത്തെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചവര്‍ അറ്റകുറ്റപ്പണിയിലെ അപാകതയെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാല്‍ കോള്‍ഡ് ഡ്വെല്‍ ഫോറ്റീഗ് എന്ന അവസ്ഥയാണ് അപകടകാരണമെന്ന് തിരുത്തേണ്ടിവന്നു. വിമാനത്തിന്റെ എൻജിന്റെ ഫാന്‍ നിര്‍മിക്കാനുപയോഗിക്കുന്ന ടൈറ്റാനിയത്തിന്റെ Ti 6-4 എന്ന ലോഹത്തിന്റെ പോരായ്മയാണിതെന്ന് തിരിച്ചറിഞ്ഞു.

 

English Summary: Airbus jet engine greenland ice sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com