ADVERTISEMENT

ആപ്പിളിന്റെ ഐഒഎസ് 14ലെ അതിശക്തമായ ഫീച്ചറുകളിലൊന്നായിരുന്നു ഉപയോക്താക്കളെ പരസ്യക്കാര്‍ ട്രാക്കു ചെയ്യുന്നതു തടയാനുള്ള നീക്കം. എന്നാല്‍, ഇത് തത്കാലത്തേക്ക് കൊണ്ടുവരുന്നില്ലെന്ന് കമ്പനി പ്രഖ്യാപിച്ചപ്പോള്‍ ഇന്‍മൊബിയുടെ (InMobi) ഗ്രോത് പ്ലാറ്റ്‌ഫോമുകളുടെ വൈസ് പ്രസിഡന്റായ നവീന്‍ മാധവന്‍ അതിനെ സ്വാഗതം ചെയ്യുകയുണ്ടായി. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ആപ് ഡവലപ്പര്‍മാരുടെ താൽപര്യവും സംരക്ഷിക്കാന്‍ ആപ്പിള്‍ പ്രതിജ്ഞബദ്ധമായിരിക്കണം എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഡവലപ്പര്‍മാരുടെ താൽപര്യം സംരക്ഷിക്കാന്‍ വേണ്ടി തന്നെയാകണം ആപ്പിള്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് നീക്കി വച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിവിധ ബിസിനസ് സംരംഭങ്ങളുമായി അടുത്തിടപഴകിയതില്‍ നിന്നാണ് അദ്ദേഹത്തിന് ഡവലപ്പര്‍മാര്‍ക്കു വന്നേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാന്‍ സാധിച്ചത്. ഇന്ത്യയില്‍ നിന്നുളള ആഗോള മൊബൈല്‍ പരസ്യ ടെക്‌നോളജി കമ്പനിയായ ഇന്‍മൊബിയുടെ ആസ്ഥാനം ബെംഗളൂരാണ്. വിവിധ കമ്പനികള്‍ക്ക് ആഗോള തലത്തിലെ തങ്ങളുടെ പരസ്യ രംഗത്തെ വളര്‍ച്ച നേടാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കമ്പനിയാണിത്.

 

∙ ആരാണ് നവീന്‍ മാധവന്‍?

ഏഷ്യ പസിഫിക് മേഖലയിലുള്ള വിവിധ ആപ് ഡവലപ്പര്‍മാരുമൊത്ത് പ്രവര്‍ത്തിച്ചുകൊണ്ടാണ് ഇന്‍മൊബിയില്‍ നവീനിന്റെ തുടക്കം. അവര്‍ക്ക് ഏറ്റവും മികച്ച വരുമാനം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്ന കാര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കഴിവുകള്‍ കാണാനായത്. തുടര്‍ന്ന് ഇന്ത്യയിലെ പല കമ്പനികളുമായും തന്ത്രപരമായ കൂട്ടുകെട്ടുകള്‍ തുടങ്ങാന്‍ ഇൻമൊബിയെ നവീന്‍ സഹായിച്ചിട്ടുണ്ട്. ലഭ്യമായ ഡേറ്റാ വിശകലനം ചെയ്ത് അതില്‍ നിന്നു ലഭ്യമായ ഉള്‍ക്കാഴ്ചകള്‍ ഉപയോഗിച്ച് തന്ത്രങ്ങള്‍ മെനയാന്‍ തന്റെ മിടുക്ക് ഉപയോഗപ്പെടുത്തിയിട്ടുള്ളയാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.

 

∙ ഇൻമൊബിയുടെ പ്രധാന കണ്ണി

 

നിലവില്‍ ഇന്ത്യയിലെ മൊബൈല്‍ ആപ് ഡവലപ്പര്‍മാരുമായുള്ള ഇന്‍മൊബിയുടെ ബന്ധത്തിലെ പ്രധാന കണ്ണിയാണ് നവീന്‍. ആഗോള തലത്തിലെ കമ്പനിയുടെ തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും നോക്കി നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുന്‍ പ്രവര്‍ത്തന മേഖല. ഇത് ഇന്‍മൊബിയുടെ ബിസിനസ് ടു ബിസിനസ് മാര്‍ക്കറ്റിങ്ങിനെ കാര്യമായി സഹായിച്ചിട്ടുണ്ട്. ഐഐഎം ബെംഗളൂരില്‍ നിന്ന് എംബിഎ ഡിഗ്രിയും, ബിറ്റ്‌സ് പിലാനിയല്‍ നിന്ന് എൻജിനീയറിങ് ഡിഗ്രിയും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം കർമ്മ മണ്ഡലങ്ങള്‍ തേടിയിറങ്ങിയത്.

 

തന്റെ രംഗത്ത് ആര്‍ജ്ജിച്ച പ്രവൃത്തിപരിചയത്തിലൂടെ വിവിധ കമ്പനികള്‍ക്ക് വഴികാട്ടിയാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുന്നുണ്ട്. കമ്പനികള്‍ക്ക് ഇനിയുള്ള കാലം മുന്നേറണമെങ്കില്‍ പല സാങ്കേതികവിദ്യകളും ആദ്യമെ ഉപയോഗിച്ചു തുടങ്ങേണ്ടതായുണ്ടെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സ്റ്റാര്‍ട്ട്-അപ്പുകളും കമ്പനികളും തുടക്കത്തിലെ തന്നെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു തുടങ്ങണം. താന്‍ ജോലിയെടുക്കുന്ന കമ്പനിയുടെ പുരോഗതി എന്നു പറയുന്നത്, തങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പുരോഗതിയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. വരുംകാല മാര്‍ക്കറ്റിങ്ങില്‍ മൊബൈലുകള്‍ക്കായിരിക്കണം ആദ്യ പരിഗണന എന്നും അദ്ദേഹം പറയുന്നു. ആപ്പുകളിലൂടെയുള്ള ഡിജിറ്റല്‍ അനുഭവമാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഉചിതമായും മനോഹരമായും തോന്നുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.  

 

മഹാമാരി ആളുകളുടെ മൊബൈല്‍ ഉപകരണങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറ്റിമറിച്ചു. പ്രത്യേകിച്ചും ഇന്ത്യ പോലൊരു മാര്‍ക്കറ്റില്‍ വന്‍മാറ്റങ്ങളാണ് ലോക്ഡൗണ്‍ കൊണ്ടുവന്നിരിക്കുന്നത്. ആളുകള്‍ ഫോണുകളിലും മറ്റും കൂടുതല്‍ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങി. ഓണ്‍ലൈന്‍ വ്യാപരത്തെ ആശ്രയിക്കുന്ന രീതിയും വര്‍ധിച്ചു. സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസു ചെയ്യുന്നു. ഇതെല്ലാം കണക്കിലെടുത്തുള്ള മാറ്റങ്ങളായിരിക്കണം കമ്പനികള്‍ വരുത്തുന്നതെന്ന് നവീന്‍ കരുതുന്നു.

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ നവീന്‍ മാധവനും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഇന്‍മൊബിയുടെ (InMobi) ഗ്രോത് പ്ലാറ്റ്‌ഫോമുകളുടെ വൈസ് പ്രസിഡന്റായ നവീന്‍ മാധവനും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Navin Madhavan- InMobi Vice President and General Manager– Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com