sections
MORE

ഉണ്ണി രാധാകൃഷ്ണന്‍ : മാര്‍ക്കറ്റിങ്ങിന്റെ മാനവികത മുഖം

Unny-Radhakrishnan
SHARE

ഡിജിറ്റാസ് ഇന്ത്യ മേധാവി ഉണ്ണി രാധാകൃഷ്ണനെക്കുറിച്ചു പറയുന്നത്, നാളെയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന, ഇന്നിന്റെ യാഥാര്‍ഥ്യമറിയുന്ന പ്രഫഷനല്‍ എന്നാണ്. പബ്ലിസിസ് ഗ്രൂപ്പെ (Publicis Groupe) എന്ന ആഗോള പരസ്യ ഭീമന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റാസ് ഇന്ത്യ ആഗോള തലത്തില്‍ത്തന്നെ മുന്നിട്ടുനിൽക്കുന്ന മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ്, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ തലയെടുപ്പുള്ള കമ്പനിയാണ്. മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സ്, ടെക്‌നോളജി, സെയില്‍സ് തുടങ്ങിയ മേഖലകളില്‍ 25 വര്‍ഷത്തിലേറെയുള്ള പ്രവൃത്തിപരിചയമാണ് മലയാളിയായ ഉണ്ണിക്ക് മുതൽകൂട്ടായുള്ളത്. ഡിജിറ്റാസ് ഇന്ത്യയില്‍ എത്തുന്നതിനു മുൻപ് അദ്ദേഹം വേവ്‌മെയ്ക്കര്‍ കമ്പനിയില്‍ 11 വര്‍ഷത്തോളം ദക്ഷിണേഷ്യയുടെ ചുമതലയുള്ള ചീഫ് ഡിജിറ്റല്‍ ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.

ഉണ്ണി ഔദ്യോഗിക ജീവിതം തുടങ്ങുന്നത് ഒരു പ്രോഗ്രാമറായാണെങ്കിലും തന്റെ വഴി അതല്ലെന്നു മനസ്സിലാക്കി മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സിലേക്ക് ചുവടു മാറുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം തൊഴില്‍ജീവിതം ആരംഭിക്കുന്നത്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ വിജയങ്ങളൊന്നും അദ്ദേഹത്തിന്റെ വിജ്ഞാന ദാഹത്തെ അടക്കിനിറുത്താന്‍ പര്യാപ്തമല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അടുത്തിടെ പബ്ലിക് പോളിസിയില്‍ ഒരു ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. അതാണ് അദ്ദേഹത്തില്‍ താത്പര്യമുണര്‍ത്തിയ വിജ്ഞാന മേഖല. ബിസിനസിന് മനുഷ്യത്വപരമായ ഗുണം വേണം എന്നു വിശ്വസിക്കുന്ന ചുരുക്കം ചില മാര്‍ക്കറ്റിങ് പ്രഫഷനലുകളില്‍ ഒരാളായും അദ്ദേഹം വിലയിരുത്തപ്പെടുന്നു.

ബിസിനസിനെ ഒരു സ്ഥാപനമായി കണ്ടാല്‍, അതിന് ആളുകളെ സ്വാധീനിച്ച് നല്ല മനുഷ്യരാക്കാനുള്ള ഉത്തരവാദിത്വം കൂടിയുണ്ടെന്നും സാമ്പത്തിക വിജയം നേടാനുള്ള ഒരു ഇടമായി മാത്രമല്ല പരിഗണിക്കേണ്ടതെന്നും തനിക്ക് അഭിപ്രായമുണ്ടെന്ന് ഉണ്ണി പറയുന്നു. ആളുകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നതും അവരെ കൂട്ടി ടീമുകള്‍ ഉണ്ടാക്കുന്നതുമാണ് തനിക്ക് ഏറ്റവുമധികം പ്രചോദനം നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. ടീമിലെ ആളുകളുടെ വ്യക്തിഗത ശേഷികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരവരെ കൂടുതല്‍ അറിയാന്‍ സഹായിക്കുക വഴി കൂടുതല്‍ ശക്തിയുള്ള ടീമുകള്‍ കെട്ടിപ്പെടുക്കാന്‍ തനിക്കു സാധിച്ചിരുന്നുവെന്നും, അതിന് കുറച്ചു പ്രയത്‌നം മാത്രമാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരം വിജയങ്ങള്‍ തനിക്ക് സ്ഥിരമായി കൈവരിക്കാനായെന്നും അദ്ദേഹം പറയുന്നു.

മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍സിലും ടെക്‌നോളജിയിലുമാണ് പ്രധാന ശ്രദ്ധയെങ്കിലും അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ ബഹുമുഖമാണ്. കുട്ടികള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ക്യൂരിയസ്‌ടൈംസിന്റെ ഉപദേശക സമിതിയില്‍ അംഗമാണ് അദ്ദേഹം. കൂടാതെ, ട്രാവല്‍ ബ്രാന്‍ഡായ റസ്റ്റിക് ട്രാവല്‍, എജ്യൂക്കേഷല്‍ ടെക്‌നോളജി കമ്പനിയായ ഇമാര്‍ട്ടിക്കസ് ലേണിങ്, നെറ്റ്‌‌വര്‍ക്ക് വെഞ്ച്വര്‍ തുടങ്ങിയ കമ്പനികളുടെയും ഉപദേശക സമിതികളില്‍ അംഗമാണ്. ഐഐഎം-അഹമ്മദാബാദ്, ഐഎസ്ബി ഹൈദരാബാദ്, ഐഐടി ഖരഗ്പുര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഡിജിറ്റല്‍ ടെക്‌നോളജിയെയും അതിൽവരുന്ന മാറ്റങ്ങളെയും പറ്റി ഗെസ്റ്റ് ലക്ചറുകള്‍ നല്‍കിയിട്ടുണ്ട്. വ്യവസായ ഫോറങ്ങളിലും അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ സ്ഥിരമായി കേള്‍ക്കാം. ഈ ലോകത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാനാണ് തന്റെ നിരന്തര ശ്രമം എന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് ഒരു പ്രോഗ്രാമറായാണ് എന്നു പറഞ്ഞല്ലോ. അത് ബെംഗളൂരുവില്‍ ആയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഏജന്‍സികളിലൊന്നായ ബ്രിജ് ഓവര്‍ ട്രബ്ള്‍ഡ് വാട്ടേഴ്‌സിനു വേണ്ടിയും ജോലി ചെയ്തു. തുടര്‍ന്ന് 11 വര്‍ഷത്തോളം മാക്‌സസിനു വേണ്ടി ജോലി ചെയ്തു. ഗ്രൂപ്പ്എം (GroupM) സിസ്റ്റത്തിലെ ആദ്യ മാധ്യമ ഏജന്‍സിയായി അതിനെ വളര്‍ത്തിയെടുത്തു. സര്‍ഗാത്മക, സാമൂഹിക വശങ്ങളും സാങ്കേതികവിദ്യയും ഗവേഷണവും വികസിപ്പിക്കലും സമന്വയിപ്പിച്ച് ഡിജിറ്റല്‍ മാധ്യമത്തെ വാര്‍ത്തെടുത്തു. 2018 ല്‍ അദ്ദേഹം ഔദ്യോഗിക വൃത്തിയില്‍നിന്ന് അവധിയെടുത്ത് തിയറ്റര്‍ ട്രെയിനിങ്ങിനു പോകുകയും പബ്ലിക് പോളിസി പഠിക്കുകയും കണ്‍സൽറ്റിങ് അസൈന്‍മെന്റുകള്‍ നടത്തുകയും ചെയ്തു.

സ്ത്രീകള്‍ക്കു മാത്രമുള്ള ഇന്റര്‍നെറ്റ് സമൂഹ മാധ്യമ സ്റ്റാര്‍ട്ട്-അപ് ആയ ഷീറോസിനു (SHEROES) വേണ്ടി കണ്‍സൽറ്റിങ് അസൈന്‍മെന്റ്‌സ് ചെയ്തു. അദ്ദേഹം അവിടെ ചീഫ് പീപ്പിള്‍ ആന്‍ഡ് ബിസിനസ് ഓഫിസര്‍ എന്ന പദവിയിലാണ് ജോലിയെടുത്തത്. പ്രധാനപ്പെട്ട വ്യവസായ സമ്മേളനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ബാങ്കോക്ക് എപിഎസി കമ്യൂണിക്കേഷന്‍സ് സമ്മിറ്റ് ഉദാഹരണമാണ്. ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകള്‍ തന്നെയാണ് അദ്ദേഹത്തെ മേധാവിയാക്കാനുള്ള ഡിജിറ്റാസ് തീരുമാനത്തിനു പിന്നിൽ. അദ്ദേഹത്തിന്റെ തെളിയിക്കപ്പെട്ട കഴിവുകളെക്കാളേറെ, ഭാവിയോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് തനിക്ക് പ്രധാനമായി തോന്നിയത് എന്നാണ് പബ്ലിസൈസ് ഗ്രൂപ്പെയുടെ ചീഫ് എക്‌സിക്യൂട്ടീവ് അനുപ്രിയ ആചാര്യ അദ്ദേഹത്തെ തിരഞ്ഞെടുത്തതിനെപ്പറ്റി പറഞ്ഞത്. ഡിജിറ്റല്‍ മേഖലയിലെ ഓരോ ചെറുചലനത്തെയും കുറിച്ചറിയുക, സാമര്‍ഥ്യമുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുക തുടങ്ങിയവയും അദ്ദേഹത്തിന്റെ മികവുകളാണ്. ഇവയെല്ലാമാണ് ഇക്കാലത്ത് ഒരു കമ്പനിക്കു വിജയിക്കാന്‍ വേണ്ടത് എന്നാണ് അനു പറയുന്നത്.

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ ഉണ്ണി രാധാകൃഷ്ണനും

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ഡിജിറ്റാസ് ഇന്ത്യയുടെ സിഇഒ ഉണ്ണി രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്.

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്.

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

English Summary: Unny Radhakrishnan, the CEO of Digitas India– Techspectations - 2020

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA