sections
MORE

നിയമം ലംഘിച്ചാല്‍ ഗൂഗിളിനെയും മറ്റും പുറത്താക്കാന്‍ യൂറോപ്പ്; അമേരിക്ക ചൈനയ്‌ക്കെതിരെ നയം മാറ്റിയോ?

breton-pichai
SHARE

ടെക്‌നോളജി കമ്പനികള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കാനിരിക്കുന്ന നിയമങ്ങള്‍ ലംഘിച്ചാല്‍ കമ്പനികളെ യൂറോപ്യന്‍ വിപണിയിൽ നിരോധിക്കും. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കുന്ന ടീമിലെ പ്രമുഖനായ തിയറി ബ്രെട്ടൻ അറിയിച്ചതാണിത്. ജര്‍മന്‍ ആഴ്ച്ചപ്പതിപ്പായ വെല്‍റ്റ് ആം സോണ്‍ടാഗിനു നല്‍കിയ അഭിമുഖത്തിലാണ് യൂറോപ്പ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാനിരിക്കുകയാണ് എന്ന കാര്യം ബ്രെട്ടൻ വെളിപ്പെടുത്തിയത്. ഡിസംബര്‍ 2ന് പുറത്തിറക്കുമെന്നു കരുതുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുന്ന തിരക്കിലാണിപ്പോള്‍ യൂറോപ്യന്‍ കമ്മിഷന്‍. ബ്രെട്ടനും യൂറോപ്യന്‍ കോംപറ്റീഷന്‍ കമ്മിഷണര്‍ മാര്‍ഗരെതാ വെസ്തഗറും ചേര്‍ന്നായിരിക്കും ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട്, ഡിജിറ്റല്‍ സര്‍വീസസ് ആക്ട് എന്നീ രണ്ടു ചിരിത്രപ്രധാന നിയമങ്ങള്‍ പുറത്തിറക്കുക. പുതിയ കമ്പനികള്‍ക്കും, തങ്ങളെപ്പോലെ കാശും ശക്തിയുമില്ലാത്ത കമ്പനികള്‍ക്കും കടന്നു വരാന്‍ അനുവദിക്കാതെ വഴിമുടക്കി, വിപണി അടക്കി വാഴുന്ന ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ എങ്ങനെ പെരുമാറണം എന്നായിരിക്കും നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്. അവര്‍ ശേഖരിക്കുന്ന ഡേറ്റ എല്ലാ കമ്പനികള്‍ക്കും നല്‍കണമെന്നും സ്വന്തം സേവനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അടിച്ചേല്‍പ്പിക്കരുതെന്നും നിയമങ്ങളില്‍ കണ്ടേക്കുമെന്നാണ് കരുതുന്നത്.

അമേരിക്കന്‍ ടെക് ഭീമന്മാരുടെ ചെയ്തികള്‍ക്കെതിരെ യൂറോപ്യന്‍ കമ്മിഷന്‍ ഒന്നും ചെയ്തിട്ടില്ലെന്ന വിമര്‍ശകരുടെ നിശിതമായ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. കൂടുതല്‍ നിയമങ്ങളിറക്കി സമയം കളയുക പോലും വേണ്ട. ഇപ്പോള്‍ ഗൂഗിള്‍, ഫെയ്‌സബുക് തുടങ്ങിയ കമ്പനികള്‍ നടത്തിവരുന്ന രീതികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിറക്കിയാല്‍ മതിയെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഇപ്പോള്‍ തയാറാക്കപ്പെടുന്ന നിയമങ്ങള്‍ പ്രകാരം അമേരിക്കന്‍ ടെക് ഭീമന്മാരുടെ സേവനം അവസാനിപ്പിച്ചു പറഞ്ഞുവിടല്‍ ഒരു അറ്റകൈ പ്രയോഗം എന്ന നിലയിലാണ് കൊണ്ടുവരുന്നതത്രെ. 

എന്തായാലും പുതിയ നിയമങ്ങള്‍ വരുന്നതു വരെ ഇപ്പോള്‍ നടക്കുന്ന ടെക്‌നോളജിയുടെ അധിനിവേശത്തിനെതിരെ പ്രതികരിക്കാന്‍ സാധ്യമല്ലാത്ത തരീതിയിലാണ് യൂറോപ്പിലെ 27 രാജ്യങ്ങളും. പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്ന രീതിയിലാണ് കൊണ്ടുവരുന്നതെന്ന് ബ്രെട്ടൻ പറഞ്ഞു. എന്നാല്‍ ഇതിനു കൃത്യമായ ആയുധങ്ങളും കരുതണം. ആദ്യം ഫൈനുകള്‍ ഏര്‍പ്പെടുത്തണം. പിന്നെ കമ്പനികളുടെ ചില സേവനങ്ങള്‍ 27 രാജ്യങ്ങളില്‍ വേണ്ടെന്നു പറയണം. ചെറിയ കമ്പനികളാക്കാന്‍ പറയണം. (ഉദാഹരണത്തിന് ഗൂഗിളിന് തങ്ങളുടെ കീഴിലുള്ള സേര്‍ച്ച് ഉപയോക്താക്കളില്‍ നിന്നും, യുട്യൂബ് ഉപയോക്താക്കളില്‍ നിന്നും, ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ നിന്നും, ജിമെയില്‍ ഉപയോക്താക്കളില്‍ നിന്നും മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ ഓരോ പ്രൊഡക്ടിന്റെ കാര്യത്തിലും ഉപയോഗിക്കാം. എന്നാല്‍ ഇവയെല്ലാം വെവ്വേറെ കമ്പനികളാക്കിയാല്‍ അവരുടെ എതിരാളികള്‍ക്ക് കുറച്ചു കൂടെ ഇടം ലഭിക്കാം.) അല്ലെങ്കില്‍ ഇവ എല്ലാം കൂടെ ഒരുമിച്ചു നടപ്പിലാക്കാമെന്നും ബ്രെട്ടൻ പറയുന്നു. നടപടിഎടുക്കുന്നത് യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെ ബഹുമാനിക്കാത്ത കമ്പനികള്‍ക്കെതിരെ മാത്രമായിരിക്കുമെന്നും ബ്രെട്ടൻ പറഞ്ഞു. എന്നാല്‍, ഏറ്റവും കടുത്ത നടപടികള്‍ വേറെ ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ മാത്രമെ പ്രയോഗിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ടെക്‌നോളജി കമ്പനികള്‍ ഇതിനെ ഭയപ്പെടുന്നു എന്ന കാര്യം വ്യക്തമാണ്. പുതിയ നിയമങ്ങളെ ഒരു 60-ദിന തന്ത്രം ഉപയോഗിച്ച് പരാജയപ്പെടുത്താനാണ് ഗൂഗിളും മറ്റ് അമേരിക്കന്‍ കമ്പനികളും ശ്രമിക്കുന്നത്.

∙ വാവേയക്ക് പ്രോസസര്‍ നല്‍കാന്‍ ക്വാല്‍കമിന് അനുമതി; അമേരിക്ക ചൈനയ്‌ക്കെതിരെ നയം മാറ്റിയോ?

അമേരിക്കയിലെ പ്രധാന ചിപ്പ് നിര്‍മാതാക്കളിലൊരാളായ ക്വാല്‍കം കമ്പനിക്ക് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ വാവെയക്ക് 4ജി മൊബൈല്‍ ഫോണ്‍ ചിപ്പുകള്‍ നല്‍കാന്‍ അനുമതി ലഭിച്ചു. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയരുന്ന ഉപരോധത്തെ മറികടന്നാണ് അനുമതി. തങ്ങള്‍ക്ക് 4ജി ചിപ്പുകളടക്കം പല ഇലക്ട്രോണിക് സാമഗ്രികളും വാവെയ്ക്കു വില്‍ക്കാനുള്ള അനുമതി ലഭിച്ചുവെന്ന് ക്വാല്‍കമിന്റെ വക്താവ് അറിയിച്ചു. ക്വാല്‍കം അടക്കം എല്ലാ അമേരിക്കന്‍ സെമികണ്‍ഡക്ടര്‍ നിര്‍മാതാക്കളോടും വാവെയ്ക്ക് സാങ്കേതികവിദ്യ നല്‍കരുത് എന്നായിരുന്നു നിലനിന്നിരുന്ന ഉത്തരവ്. എന്നാല്‍, എന്തെല്ലാം സാങ്കേതികവിദ്യയാണ് നല്‍കാന്‍ അനുമതി ലഭിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് കൂടൂതലായി പറയാന്‍ വക്താവ് വിസമ്മതിച്ചു. 4ജി ചിപ്പുകള്‍ സ്മാര്‍ട് ഫോണുകള്‍ക്കു വേണ്ടിയുള്ളവയാണ് എന്നു മാത്രം അറിയിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുമതികള്‍ക്കു പുറമെ മറ്റ് ഉപകണങ്ങളും വില്‍ക്കുന്ന കാര്യത്തില്‍ തങ്ങള്‍ നല്‍കിയിരിക്കുന്ന അപേക്ഷ പരിഗണിക്കാനിരിക്കുന്നതേയുള്ളു എന്നും വക്താവ് പറഞ്ഞു. എന്നാല്‍, ക്വാല്‍കം കമ്പനിയില്‍ നിന്ന് അധികം ചിപ്പുകള്‍ വാവെയ് നേരത്തെ വാങ്ങിയിരുന്നില്ലെന്നും പറയുന്നു. അവരുടെ മികച്ച ഫോണുകളില്‍ സ്വന്തമായി നിര്‍മ്മിച്ച ചിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ വില കുറഞ്ഞ മോഡലുകളില്‍ ക്വാല്‍കം ചിപ്പുകളും ഉപയോഗിച്ചിരുന്നു.

എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറില്‍ വാവെയ് സ്വന്തമായി ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള കഴിവിനെയും അമേരിക്ക തകര്‍ത്തിരുന്നു. ചിപ് ഡിസൈന്‍, ഫാബ്രിക്കേഷന്‍ ടൂളുകളില്‍ വാവെയ് തൊട്ടുകൂടാ എന്ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയതോടെ കമ്പനിയുടെ നില പരുങ്ങലിലായിരുന്നു. നിരോധനം മുന്‍കൂട്ടിക്കണ്ട് വാവെയ് വാങ്ങിക്കൂട്ടിയരുന്ന ചിപ്പുകളുടെ സ്റ്റോക്ക് അടുത്ത വര്‍ഷം ആദ്യം അവസാനിക്കുമെന്നും, അതോടെ വാവെയുടെ സ്മാര്‍ട് ഫോണ്‍ നിര്‍മാണം പ്രശ്‌നത്തിലാകുമെന്നും വ്യവാസായത്തെക്കുറിച്ച് അറിയാവുന്ന നിരീക്ഷകര്‍ പറഞ്ഞിരുന്നു. ക്വാല്‍കമിന് നല്‍കാന്‍ അനുമതി ലഭിച്ചിരിക്കുന്നത് 4ജി ചിപ്പുകളാണ്. ഫോണ്‍ ഉപയോക്താക്കളെല്ലാം 5ജി സാങ്കേതികവിദ്യയിലേക്ക് മാറുന്ന സമയമാണിത്. എന്നാല്‍ 5ജി ചിപ്പുകള്‍ വില്‍ക്കാനും പുതിയ ഭരണകൂടം അനുമതി നല്‍കുമോ എന്ന് അറിയില്ലെന്നും നിരീക്ഷകര്‍ പറയുന്നു. വാവെയും, സർക്കാർ പ്രതിനിധികളും പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

huawei-logo

∙ ഫര്‍ണ്ണിച്ചര്‍ വ്യാപാര സ്ഥാപനമായ ആര്‍ബന്‍ ലാഡറും റിലയന്‍സ് വാങ്ങി

ഇന്ത്യയിലെ പ്രധാന ഫര്‍ണിച്ചര്‍ റീട്ടെയില്‍ വ്യാപാര സ്ഥാപനമായ അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരി 1,821.2 ദശലക്ഷം രൂപയക്ക് തങ്ങള്‍ സ്വന്തമാക്കിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.

∙ ചില ഐഫോണ്‍ 12 മിനി ഉടമകളുടെ ലോക് സ്‌ക്രീന്‍ പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 മിനി വാങ്ങിയ ചില ഉപയോക്താക്കളുടെ ലോക്‌സ്‌ക്രീന്‍ പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

∙ ആപ്പിള്‍ ക്രിസ്മസ് സര്‍പ്രൈസിന് ഒരുങ്ങുന്നു?

ആപ്പിള്‍ ക്രിസ്മസിന് ഒരു അപ്രതീക്ഷിത നീക്കം നടത്തുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത് തങ്ങളുടെ ഉപകരണങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ക്രിസ്മസ് സമയത്ത് വില കുറച്ചു നല്‍കാനുള്ള തീരുമാനമോ, പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കലോ ആകാമെന്നു പറയുന്നു.

∙ തനിക്ക് നേരിയ രീതിയില്‍ കോവിഡ് ബാധയുണ്ടാകാമെന്ന് മസ്‌ക്

ടെസ്‌ല കമ്പനിയുടെ മേധാവി ഇലോണ്‍ മസ്‌ക് പറയുന്നത് തനിക്ക് നേരിയ രീതിയില്‍ കോവിഡ്-19 ബാധിച്ചിരിക്കാമെന്നാണ്. എന്തായാലും അദ്ദേഹം ഇപ്പോഴും കോവിഡ് ടെസ്റ്റുകളുടെ കൃത്യതയെ ചോദ്യം ചെയ്യുന്നതു തുടരുകയും ചെയ്യുന്നു. ഒരേ ദിവസം തന്നെ നടത്തിയ റാപ്പിഡ് ടെസ്റ്റുകളില്‍ അദ്ദേഹം രണ്ടു തവണ നെഗറ്റീവ് ആകുകയും രണ്ടു തവണ പോസിറ്റീവ് ആകുകയും ചെയ്തിരുന്നല്ലോ. പക്ഷേ, തനിക്ക് ചെറിയൊരു ജലദോഷം ബാധിച്ചതു പോലെയുള്ള തോന്നലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ പിസിആര്‍ ടെസ്റ്റിന്റെ റിസള്‍ട്ട് എന്തു പറഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞില്ല. ലോക ടെക്‌നോളജിയെ മുന്നോട്ടു നയിക്കുന്നതില്‍ നിസ്തുലമായ സ്ഥാനമാണ് പലരും മസ്‌കിനു നല്‍കുന്നത്. കോവിഡ്-19 വ്യാപിച്ചു തുടങ്ങിയ ആദ്യ കാലത്ത് കൊറോണാവൈറസ് ഗൗരവത്തിലെടുക്കണ്ട രോഗമല്ലെന്നു പറഞ്ഞ് അദ്ദേഹം രംഗത്തുവരികയുണ്ടായി.

∙ സൂമില്‍ നവംബര്‍ 26ന് പരിധിയില്ലാതെ ഫ്രീ കോള്‍

നവംബര്‍ 26 അര്‍ദ്ധരാത്രി മുതല്‍ നവംബര്‍ 27 രാവിലെ ആറു വരെ 40 മിനിറ്റ് പരിധിയില്ലാതെ വിഡിയോ കോള്‍ നടത്താം. കുടുംബങ്ങള്‍ക്ക് താങ്ക്‌സ്ഗിവിങ് ദിനത്തില്‍ ആശയവിനിമയം കൂടുതല്‍ സുഗമമാക്കാനാണിത്.

∙ പബ്ജിയുടെ പ്രീ റജിസ്‌ട്രേഷന്‍ ഇനിയും ഔദ്യോഗികമായിട്ടില്ല

പബ്ജി തങ്ങള്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചെങ്കിലും സർക്കാർ അതില്‍ വലിയ ആവേശമൊന്നും കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യം എല്ലാ സുരക്ഷാ, സ്വകാര്യതാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് ബോധ്യപ്പെടുത്തിയിട്ട് മറ്റു കാര്യങ്ങളിലേക്കു കടക്കാം എന്ന നിലപാടാണ് അധികാരികള്‍ക്കെന്നു പറയുന്നു.

English Summary: Technology Companies Could Face Bans If They Don’t Follow Regulations, Warns EU Industry Chief

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA