ADVERTISEMENT

ഹൗഡി മോദിയും, നമസ്‌തേ ട്രംപുമൊക്കെ ഉപയോഗിച്ച് അരങ്ങു കൊഴുപ്പിച്ചെങ്കിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാങ്കേതികവിദ്യയുടെ കാര്യത്തിലായാലും, സാമ്പത്തികമാണെങ്കിലും ഇന്ത്യാ-അമേരിക്ക സഹകരണത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്ന് പറയാം. ട്രംപിന്റെ ചില നടപടികള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തിരുത്തിയാല്‍ അത് അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ആപ്പിളിനും ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമൊക്കെ ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ ചാലക ശക്തികളാകുകയും പങ്കുപറ്റുകയും ചെയ്യാനായേക്കുമെന്നാണ് ഒരു വിലയിരുത്തല്‍. ചൈനയില്‍ 61 ശതമാനം പേരും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ 32 ശതമാനം പേര്‍ മാത്രമെ ഉപയോഗിക്കുന്നുള്ളു. സിലിക്കന്‍ വാലി ഭീമന്മാര്‍ക്കു മുന്നില്‍ തുറന്നു കിട്ടാവുന്ന ചുരുക്കം ചില സാധ്യതകളുടെ വാതിലുകളിലൊന്നാണത്.

 

ഹൂസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ മോദിയും ട്രംപും കൈകോര്‍ത്തതൊക്കെ നല്ല കാഴ്ചകളായിരുന്നു എന്നു നമുക്കറിയാം. പക്ഷേ ആ സമയത്തു തന്നെയാണ് ചുങ്കപ്രിയനായ ട്രംപ് ഇന്ത്യയില്‍ നിന്നുള്ള പല ഉല്‍പന്നങ്ങള്‍ക്കും തീരുവ 14 ശതമാനമായി ഉയര്‍ത്തിയത്- സ്റ്റീല്‍, അലൂമിനിയം, തുണിയുത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെ അതില്‍പ്പെടും. താനൊരു ചുങ്കക്കാരനാണെന്ന് (Tariff Man) ട്രംപ് സ്വയം പ്രഖ്യാപിച്ചിട്ടുമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ബദാമിനും, വാഷിങ്ടണില്‍ നിന്നുള്ള ആപ്പിളിനും നികുതി വര്‍ധിപ്പിച്ച് ഇന്ത്യയും തിരിച്ചടിച്ചു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലും ആഢംബരക്കെട്ടു കാഴ്ചയ്ക്ക് ഒരു കുറവുമില്ലായിരുന്നു. എന്നാല്‍, ഇതും ഒരു വാണിജ്യ കരാറില്‍ പോലും ചെന്നെത്തിയില്ല എന്നതാണ് സത്യം. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഇടിവൊന്നും പറ്റിയിട്ടില്ല- കഴിഞ്ഞ വര്‍ഷം ഏകദേശം 3400 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കാള്‍ അഞ്ചിരട്ടി വലുപ്പമുള്ള ചൈനയിലേക്ക് അമേരിക്ക കയറ്റി അയച്ചത് ഇന്ത്യയിലെത്തിയതിന്റെ മൂന്നിരട്ടിയോളം വിലയ്ക്കുള്ള ചരക്കുകളാണ്. അമേരിക്കന്‍ ടെക്‌നോളജി തുടങ്ങിയവയ്ക്കായി വേറെ പണവും ഇന്ത്യ ചെലവിട്ടിട്ടുണ്ട്.

 

കൂടുതല്‍ വിവേകമുള്ള നീക്കം ബൈഡന്‍ ഭരണകൂടം നടത്തുകയാണെങ്കില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും സാമ്പത്തികമായും സാങ്കേതികാവിദ്യാപരമായും ഗുണം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു. ഉദാഹരണത്തിന് അമേരിക്കിയില്‍ നിന്നുള്ള കൂടുതല്‍ കണ്‍സ്യൂമര്‍ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രചരിക്കാനുള്ള അനുമതി ഇന്ത്യയില്‍ നിന്നു വാങ്ങുകയും പകരം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു 

മേല്‍ ചുങ്കക്കാരന്‍ ഏര്‍പ്പെടുത്തിയിട്ടു പോയ നികുതി എടുത്തു കളയുകയും ചെയ്താല്‍ ഇരു രാജ്യങ്ങള്‍ക്കും ഒരേപോലെ ഗുണകരമാകുമെന്നു കരുതുന്നു. മോദി-ട്രംപ് മേള സംഘടിപ്പിച്ചിട്ടും ട്രംപ് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിവന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് അഥവാ ജിഎസ്പി ആനുകൂല്യങ്ങള്‍ ട്രംപ് എടുത്തു കളഞ്ഞു. ഇത് പുഃനസ്ഥാപിക്കുക എന്നതായിരിക്കണം ബൈഡന്‍ ചെയ്യുന്ന ആദ്യ കാര്യങ്ങളിലൊന്ന് എന്നാണ് ഇന്ത്യാ നിരീക്ഷകര്‍ ആവശ്യപ്പെടുന്നത്.

 

ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ചില മേഖലകള്‍ ഇപ്പോള്‍ത്തന്നെ അമേരിക്കന്‍ ടെക്‌നോളജി കമ്പനികളുടെ നിയന്ത്രണത്തിലാണ്- മൊബൈല്‍ പെയ്‌മെന്റ്‌സ് മേഖലയില്‍ ഗൂഗിള്‍ പേയും, വാള്‍മാര്‍ട്ട് ഇങ്കിന്റെ ഫോണ്‍പേയുമാണ് ഇതുവരെ കരുത്തു കാണിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പിനും ഇനി ഡിജിറ്റല്‍ പണമടയ്ക്കല്‍ തുടങ്ങാന്‍ അനുമതി ലഭിച്ചു. ഡിജിറ്റല്‍ പണമടയ്ക്കല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയിലേറെയാണ് വളര്‍ന്നിരിക്കുന്നത്.

 

ഒരു ബാങ്കില്‍ കിടക്കുന്ന ചെറിയ തുക മറ്റൊരു ബാങ്കിലേക്കു മാറുന്ന പരിപാടിയില്‍ നിന്ന് കാര്യമായ വരുമാനമൊന്നും ഈ കമ്പനികള്‍ക്ക് ലഭിക്കില്ല. എന്നാല്‍, സബ്‌സ്‌ക്രൈബര്‍മാരെ തങ്ങള്‍ക്കൊപ്പം നിർത്താനാകുക എന്നതും അവരുടെ ഡേറ്റ കൈകാര്യം ചെയ്യാനാകുക എന്നതും കമ്പനികള്‍ക്ക് വളരെ ഗുണകരമാകുകയും ചെയ്യും. ഇവിടെ ബൈഡനും അദ്ദഹത്തിന്റെ ടീമിനും വളരെയധികം ചെയ്യാന്‍ കഴിയും. എന്നാല്‍, വാട്‌സാപ്പിന് പുതിയ അനുമതി നല്‍കിയതിനൊപ്പം ഗൂഗിള്‍ പേക്കും, ഫോണ്‍പേക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു ആപ്പിന് പരമാവധി 30 ശതമാനം ഇടപാടുകളെ നടത്താനാകൂ എന്ന് പരിമിതപ്പെടുത്തുന്നതും ഇന്ത്യ സമീപനത്തില്‍ വരുത്തുന്ന മാറ്റമായി കാണാമെന്നു പറയുന്നു.  വാട്‌സാപ്പിനുള്ള 40 കോടി ഉപയോക്താക്കളും വാട്‌സാപ് പേ ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അത് സ്വേച്ഛാധിപത്യമായി തീരാനുള്ള സാധ്യതയുള്ളതും പരിഗണിച്ചുവെന്നും മനസിലാകും. എന്നാല്‍, ഇന്ത്യ അമേരിക്കന്‍ കമ്പനികളോട് അമിത സൗഹാര്‍ദ്ദമൊന്നും ഇപ്പോള്‍ കാണിക്കുന്നില്ല. ഇകൊമേഴ്‌സ് വ്യവസായം നടത്തുന്ന അമേരിക്കന്‍ കമ്പനികളായ ആമസോണും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടുമൊക്കെ ഈ മാറ്റം ശരിക്ക് അനുഭവിച്ചു വിയര്‍ക്കുന്നുമുണ്ട്. ഈ കമ്പനികളോട് തങ്ങളുടെ സോഴ്‌സ് കോഡുകളും അല്‍ഗോറിതങ്ങളും വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യങ്ങളിലൊക്കെ ബൈഡന്‍ ഭരണകൂടത്തിന് ഇന്ത്യയുമായി ചര്‍ച്ച നടത്താവുന്നതാണ്. ഇത് ഇരു രാജ്യങ്ങള്‍ക്കും, കമ്പനികള്‍ക്കും സര്‍വ്വോപരി ഉപയോക്താക്കള്‍ക്കും ഗുണകരമാകാം. ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമൊപ്പം അംബാനിയുടെ റിലയന്‍സ് റീട്ടെയിലും ഇന്ത്യയില്‍ കച്ചവടം നടത്തുന്നതായിരിക്കും ഉപയോക്താവിന് എന്തുകൊണ്ടും നല്ലത്.

 

എന്നാല്‍, ടെക്‌നോളജി കമ്പനികള്‍ക്കു മൂക്കുകയറിടുക എന്ന കാര്യത്തിലും ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്നതു നല്ലതായിരിക്കും. അമിതാധികാരം ലഭിച്ചിരിക്കുന്ന ഈ കമ്പനികള്‍ തങ്ങളടെ നില ദുരുപയോഗം ചെയ്യുന്ന കാഴ്ച ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പതിഞ്ഞു കഴിഞ്ഞു. സിലിക്കന്‍ വാലി ഭീമന്മാര്‍ക്കെതിരെ ഡിജിറ്റല്‍ ടാക്‌സ് ചുമത്താനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇക്കാര്യങ്ങളൊക്കെ മുന്‍കൂട്ടി കണ്ടാലെന്നവണ്ണമായിരുന്നു ചൈനയുടെ ചെയ്തികള്‍. അവര്‍ സിലിക്കന്‍ വാലി ഭീമന്മാരെ അകറ്റി നിർത്തി തങ്ങളുടെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥ നിര്‍മിച്ചു. നാടന്‍ കമ്പനികള്‍ക്ക് യഥേഷ്ടം വളരാനുള്ള അനുമതി നല്‍കിയാണ് അവര്‍ കുതിച്ചത്. എന്നാല്‍, ആ നീക്കവും പാളിയെന്നാണ് ചൈനയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങള്‍ വളര്‍ത്തിയെടുത്ത ആലിബാബയും, ടെന്‍സന്റ് ഗ്രൂപ്പുമൊക്കെ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത രീതിയിലേക്കു വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവിലാണ് ചൈനയിപ്പോള്‍. അതായത് പ്രാദേശിക കമ്പനികളും സ്വന്തം കാര്യത്തിനായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്ന പാഠം ചൈന പഠിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ രാജ്യത്തിനു വെളിയില്‍ കൊണ്ടുപോകരുത് തുടങ്ങിയ നിബന്ധനകള്‍ താമസിയാതെ ഇന്ത്യ കൊണ്ടുവന്നേക്കും.

 

ഇന്ത്യയില്‍ കരുത്താര്‍ജ്ജിക്കാന്‍ ആഗ്രഹിക്കുന്ന മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ആഗോള കമ്പനികളുടെ ഡിജിറ്റല്‍ ഡേറ്റാ കോളനിവല്‍ക്കരണത്തിനെതിരെ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. രാജ്യമാണെങ്കില്‍ സ്വയംപര്യാപ്തതയിലേക്കു നീങ്ങാനും ശ്രമിക്കുന്നു. പക്ഷേ, ഇപ്പോള്‍ ചൈനയെ പുറത്തു നിർത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായെങ്കിലും അമേരിക്കയെ കൂടെ നിർത്തേണ്ട ആവശ്യം ഇന്ത്യയ്ക്കുണ്ടെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. പ്രാദേശിക തലത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലടക്കം പല കാര്യങ്ങളിലും ഇന്ത്യാ-അമേരിക്ക സഹകരണത്തിന് സാധ്യതയുണ്ട്. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ചൈനയ്ക്കു വെളിയില്‍ നിര്‍മാണ ശാലകള്‍ ആവശ്യമുള്ള സമയമാണിത്.

 

മറ്റെല്ലാത്തിലുമുപരിയായി സിലിക്കന്‍ വാലി കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ എത്തിയിരിക്കുകയാണ്. മുകേഷ് അംബാനി മാത്രം ഏകദേശം 2600 കോടി ഡോളറാണ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നേടിയിരിക്കുന്നത്. നിക്ഷേപകരില്‍ ഗൂഗിള്‍, ഫെയസ്ബുക് തുടങ്ങിയ കമ്പനികള്‍ ഉണ്ട്. മുന്‍ വര്‍ഷങ്ങളിലെ കാര്യം നോക്കിയാല്‍ ഫ്‌ളിപ്കാര്‍ട്ട് വാങ്ങാനായി വാള്‍മാര്‍ട്ട് മുടക്കിയത് 1600 കോടി ഡോളറാണെന്നു കാണാം. ഇതുകൂടാതെയാണ് ആമസോണ്‍ ഇന്ത്യയില്‍ നടത്തിയിരിക്കുന്ന ഭീമമായ മുതല്‍മുടക്ക്. വിദേശ കമ്പനികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവ ആകയാല്‍ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും ഒരുപാടു കൂച്ചുവിലങ്ങുകള്‍ വീണു കഴിഞ്ഞു. ബൈഡന്‍ ഭരണകൂടം ഇടപെട്ട് പല കാര്യങ്ങളിലും തീരുമാനമുണ്ടാക്കിയല്‍ എല്ലാവര്‍ക്കും ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

 

English Summary: India-America tech cooperation what Biden can do

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com