ADVERTISEMENT

രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടാൻ പോകുകയാണെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയ (വി), എയർടെൽ തുടങ്ങിയ കമ്പനികവ്‍ നിരക്കുകൾ ഉയർത്താൻ തന്നെയാണ് നീക്കം. ഇതോടെ ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്.

 

നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ മിക്ക കമ്പനികൾക്കും ലഭിക്കുന്ന വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വോഡഫോൺ ഐഡിയ നിരക്ക് കൂട്ടിയാൽ എയർടെലും പിന്തുടരാം. എന്നാൽ ഇവരുടെ എതിരാളികളായ റിലയൻസ് ജിയോയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനനുസരിച്ച് നിരക്കുകൾ അവതരിപ്പിച്ചിട്ടില്ലെങ്കിലും നിലവിലെ വരിക്കാരെയും നഷ്ടപ്പെടും.

 

നിരക്കുകൾ 25 ശതമാനം വരെ ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് നടപ്പാക്കാൻ പ്രയാസമാണെന്നാണ് ടെലികോം കമ്പനി വക്താക്കളുടെ നിരീക്ഷണം. രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും നേരത്തെ 2019 ഡിസംബറിൽ നിരക്ക് വർധിപ്പിച്ചിരുന്നു. 2016 ൽ റിലയൻസ് ജിയോ വന്നതിനുശേഷം ആദ്യമായാണ് അവർ നിരക്കുകൾ കൂട്ടിയത്.

 

നിലവിൽ ഭാരതി എയർടെല്ലിന് 2,600 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 5,000 കോടി രൂപയും മാർച്ചോടെ അടക്കേണ്ടിവരും. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റ കണക്കനുസരിച്ച് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 10 മുതൽ 27 ശതമാനം വർധിപ്പിക്കേണ്ടിവരും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ എആർ‌പിയു എയർടെലിന് 157 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 114 രൂപയുമാണ്. ഇതിനാൽ തന്നെ നിരക്കുകൾ കുറഞ്ഞത് 10 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

 

ടെലികോം കമ്പനികൾ ഡിസംബറിൽ 40 ശതമാനം വരെയാണ് ചാർജുകൾ ഉയർത്തിയത്. ഇത് 2020 ന്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ 20 ശതമാനം വർധനവ് വരുത്തി. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടുത്ത 12-24 മാസത്തിനുള്ളിൽ കമ്പനികൾക്ക് ആർപിയു 200 രൂപയിൽ എത്തേണ്ടിവരുമെന്നാണ് അനാലിസിസ് മേസൺ– ഇന്ത്യ, മിഡിൽ ഈസ്റ്റ് മേധാവി രോഹൻ ധമിജ പറഞ്ഞത്.

 

ടെലികോം കമ്പനികളുടെ കുടിശിക ഈടാക്കാമെന്ന് കഴിഞ്ഞ ഒക്ടോബർ 24നാണു കോടതി വിധിച്ചത്. പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കോടതി തള്ളിയിരുന്നു. പിന്നീട്, 20 വർഷത്തെ സമയപരിധി അനുവദിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. കുടിശിക പുനഃക്രമീകരിക്കാൻ പാടില്ലെന്നും വാർഷിക ഗഡു അടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ പലിശയും പിഴയും പിഴപ്പലിശയും നൽകണമെന്നും, ഒപ്പം, കോടതിയലക്ഷ്യ നടപടിയുമുണ്ടാകുമെന്നും കോടതി പറഞ്ഞു. വാർഷിക ഗഡു എല്ലാ വർഷവും ഫെബ്രുവരി 7ന് അടയ്ക്കണം. കുടിശിക തീർക്കുംവരെ ബാങ്ക് ഗാരന്റി നിലനിർത്തണം. പാപ്പർനടപടിയിലുൾപ്പെട്ട കമ്പനികൾ സ്പെക്ട്രം വിൽക്കുന്നത് അനുവദനീയമോയെന്നത് ദേശീയ കമ്പനി നിയമ  ട്രൈബ്യൂണലിന്റെ തീരുമാനത്തിനു വിട്ടു. 

 

പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് കഴിഞ്ഞ ജനുവരി 23ന് ടെലികോം വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവുനൽകിയ ഉദ്യോഗസ്ഥൻ നിരുപാധികം മാപ്പു പറഞ്ഞതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

English Sumamry: This New Year your phone bill may go up by 20%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com