ADVERTISEMENT

ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ജന്മനാ പ്രശ്‌നക്കാരാണെന്ന ധാരണയില്‍ രാജ്യത്തലവന്മാര്‍ പോലും ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്ന ഉപകരണമാണ് ഐഫോണ്‍. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്ന ആപ്പിള്‍ കമ്പനിയാണ് ഐഫോണ്‍ നിര്‍മിക്കുന്നത്. എന്നാൽ, കമ്പനിക്കെതിരെ അതിഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് യൂറോപ്യന്‍ പ്രൈവസി ആക്ടിവിസ്റ്റുകള്‍. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോണ്‍ ഉപയോക്താക്കളുടെ ചെയ്തികള്‍ നിരീക്ഷിക്കുന്നു എന്നാണ് അവര്‍ കണ്ടെത്തിയരിക്കുന്നത്. എന്‍ഒവൈബി (നണ്‍ ഓഫ് യോ ബിസിനസ്) എന്നറിയപ്പെടുന്ന കമ്പനി ജര്‍മനിയിലെയും സ്‌പെയ്‌നിലേയും ഡേറ്റാ പ്രൊട്ടക്ഷന്‍ അധികാരികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുതിയ പരാതിയിലാണ് ആപ്പിള്‍ ഉപയോക്താക്കളുടെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന സോഫ്റ്റ്‌വെയര്‍ കോഡുകളുടെ നിയമ സാധുത പരിശോധിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.

 

ഐഡിഎഫ്എ അഥവാ ഐഡന്റിഫയര്‍ ഫോര്‍ അഡ്വര്‍ട്ടൈസേഴ്‌സ്, ബ്രൗസറുകളിലും മറ്റും വെബ്‌സൈറ്റുകള്‍ നിക്ഷേപിക്കുന്ന കുക്കികള്‍ക്കു സമാനമാണെന്നാണ് ആക്ടിവിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് ഓരോ ഐഫോണിനും ഒരു സവിശേഷ കോഡ് സൃഷ്ടിക്കുന്നുണ്ട്. ഇതിലൂടെ ആപ്പിളിനും തേഡ് പാര്‍ട്ടികള്‍ക്കും ഉപയോക്താക്കള്‍ ഓരോ ആപ്പിലും ചെയ്യുന്നത് തിരിച്ചറിയാന്‍ സാധിക്കും. അവരുടെ ഓണ്‍ലൈന്‍ ചെയ്തികളും ഫോണില്‍ നടത്തുന്ന മറ്റു കാര്യങ്ങളും തിരിച്ചറിയാനാകുമെന്നാണ് ആരോപണം. ഉപയോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ അയാളുടെ ചെയ്തികള്‍ നിരീക്ഷിക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത്. ഇത് യൂറോപ്യന്‍ യൂണിയന്റെ ഇലക്ട്രോണിക് പ്രൈവസി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ് എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും ഉപയോക്താവിനെ ട്രാക്കു ചെയ്യണമെങ്കില്‍ അയാളോട് അക്കാര്യം വെട്ടിത്തുറന്നു പറഞ്ഞ് അയാളുടെ സമ്മതം വാങ്ങണമെന്നാണ് യൂറോപ്യന്‍ നിയമം പറയുന്നതെന്ന് എന്‍ഒവൈബിയുടെ നിയമജ്ഞന്‍ സ്‌റ്റെഫാനോ റോസെറ്റി പറയുന്നു.

 

തങ്ങള്‍ അടുത്തതായി ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പരിശോധിക്കുമെന്ന് എന്‍ഒവൈബി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് ആപ്പിള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സ്വകാര്യതാ പ്രവര്‍ത്തകനും നിയമജ്ഞനുമായ മാക്‌സ് സ്‌ക്രേംസ് ആണ് എന്‍ഒവൈബി സ്ഥാപിച്ചത്. ടെക്‌നോളജി കമ്പനികള്‍ക്കെതിരെ പല കേസുകളും അവര്‍ നല്‍കിയിട്ടുണ്ട്. അവര്‍ ഫെയ്‌സ്ബുക്കിനെതിരെ നല്‍കിയ ഒരു കേസിന്റെ പരിണിത ഫലമായാണ്, യൂറോപ്യന്‍ ഉപയോക്താക്കളുടെ ഡേറ്റ അമേരിക്കയിലേക്കു കൊണ്ടുപോകരുതെന്ന കോടതിവിധി അടുത്തകാലത്ത് ഉണ്ടായത്. പലരും മുടിഞ്ഞ വില കൊടുത്ത് ഐഫോണ്‍ വാങ്ങുന്നതു തന്നെ സ്വകാര്യത സംരക്ഷിക്കുമെന്ന ആപ്പിളിന്റെ വാഗ്ദാനം മുഖവിലയ്‌ക്കെടുത്താണ്. കരുത്തന്‍ പ്രതിരോധമുയര്‍ത്തി തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിച്ചുവന്ന ബ്ലാക്‌ബെറിയെ ഇപ്പോഴെങ്കിലും ആളുകള്‍ സ്തുതിക്കുന്നുണ്ടാകും. എന്തായാലും ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ റഷ്യന്‍ പട്ടാളക്കാരുടെ ഇടയില്‍ പ്രസിദ്ധമായ ഒരു തമാശ ശരിയാണെന്നു വരും- ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ചാല്‍ നമ്മുടെ സംഭാഷണം വാഷിങ്ടണ്‍ കേള്‍ക്കും; വാവെയുടെ ഫോണുപയോഗിച്ചാല്‍ ബെയ്ജിങും!

 

∙ ചൈനീസ് ഫോണുകള്‍ക്കെതിരെ ഐഫോണ്‍ എസ്ഇ പ്ലസ് ഇറക്കാന്‍ ആപ്പിള്‍

 

തങ്ങളുടെ വില കുറഞ്ഞ ഫോണായ ഐഫോണ്‍ എസ്ഇ മോഡലിന് പുതിയൊരു പതിപ്പുമായി എത്താന്‍ ഒരുങ്ങുകായണ് ആപ്പിളെന്ന് പുതിയ അഭ്യൂഹം. ഐഫോണ്‍ എസ്ഇ പ്ലസിന് 5.5-ഇഞ്ച് അല്ലെങ്കില്‍ 6.1-ഇഞ്ച് വലുപ്പമുള്ള  എല്‍സിഡി ഡിസ്‌പ്ലെ ആയിരിക്കും ഉപയോഗിക്കുക. ഐഫോണ്‍ XRന്റെ അല്ലെങ്കില്‍ ഐഫോണ്‍ 8ന്റെ രൂപകല്‍പ്പനയായിരിക്കും നിര്‍മാണത്തിന് ഉപയോഗിക്കുക എന്നും അഭ്യൂഹങ്ങള്‍ പറയുന്നു. ടച്ച്‌ഐഡി നിലനിര്‍ത്തും. തങ്ങളുടെ ഏറ്റവും കരുത്തുറ്റ പ്രോസസറായ ഐ14 ബയോണിക് ആയിരിക്കും എസ്ഇ പ്ലസിനു നല്‍കുക. എന്നാല്‍ ഇതൊരു 4ജി ഫോണായിരിക്കാനാണ് സാധ്യത. ചെലവു കൂടിയേക്കാമെന്നതിനാല്‍ 5ജി ആയിരിക്കില്ലെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയേക്കുമെന്നും പറയുന്നു.

iphone-12-pro-max-camera

 

∙ 6ജിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ആപ്പിളും

 

ദി അലിയന്‍സ് ഫോര്‍ ടെലികമ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രി സൊലൂഷന്‍സിനൊപ്പം ആപ്പിളും ചേര്‍ന്നതായി അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്ത തലമുറയിലെ മൊബൈല്‍ ഡേറ്റാ സാങ്കേതികവിദ്യ ആയ 6ജിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് ആപ്പിളും കൈകോര്‍ക്കുന്നത്. അമേരിക്കയിലെയും കാനഡയിലേയും ടെലികോം ഓപ്പറേറ്റര്‍മാര്‍, എറിക്‌സണ്‍, നോക്കിയ തുടങ്ങിയ കമ്പനികളാണ് സഖ്യത്തിലുള്ളത്.

 

∙ ഐഫോണ്‍ 12 പ്രോ മാക്‌സിന് മള്‍ട്ടി-പോര്‍ട്ട് ചാര്‍ജിങ് ബഗ്

 

ഐഫോണ്‍ 12 പ്രോ മാക്‌സ് വില്‍പന തുടങ്ങിയിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ഇപ്പോള്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന മള്‍ട്ടിപോര്‍ട്ട് ചാര്‍ജിങ് ടെക്‌നോളജിയില്‍ ബഗുകള്‍ കണ്ടെത്തിയതായി പരാതികള്‍ ഉയരുന്നു.  

 

∙ സാംസങ് നോട്ട് സീരിസ് നിർത്തിയേക്കും?

 

സാംസങ്ങിന്റെ സുപ്രശസ്തമായ നോട്ട് സീരീസ് നിർത്താന്‍ ഒരുങ്ങുകയാണെന്നു വാര്‍ത്തകള്‍. ഗ്യാലക്‌സി എസ് സീരിസിനെക്കാള്‍ ഉപയോഗപ്രദമായ ഒന്നായി ഒരു പറ്റം ഉപയോക്താക്കള്‍ കണ്ടുവന്ന നോട്ട് സീരിസ് ഇനി നിര്‍മിക്കേണ്ട എന്നാണ് കമ്പനിക്കുള്ളില്‍ ഉയരുന്ന അഭിപ്രായമത്രെ. പകരം ആ ഊര്‍ജ്ജം കൂടെ തങ്ങളുടെ ഫോള്‍ഡബിൾ ഫോണ്‍ ശ്രേണിക്കു നല്‍കി അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് ഒരു കൂട്ടം സാംസങ് ഉദ്യോഗസ്ഥര്‍ കരുതുന്നതെന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹം.

 

∙ ഏഴു ലക്ഷം സെല്ലര്‍മാര്‍ക്ക് ഗുണകരമായി സെറ്റെപ് പ്രോഗ്രാമുമായി ആമസോണ്‍

 

ആമസോണിലുടെ വില്‍പന നടത്തുന്ന സെല്ലര്‍മാര്‍ക്ക് ഗുണകരമായ ഒന്നാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സ്റ്റെപ് (STEP) പദ്ധതി. ഏതെല്ലാം വിധത്തില്‍ തങ്ങളുടെ വില്‍പനയില്‍ മാറ്റംവരുത്തിയാല്‍ അതു ഗുണകരമാകും എന്നതിനെക്കുറിച്ച് സെല്ലര്‍മാരെ അറിയിക്കുകയാണ് ഇതിലൂടെ ചെയ്യുക. ബെയ്‌സിക്, സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ്, പ്രീമിയം എന്നീ തട്ടുകളായാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം, സെല്ലര്‍മാര്‍ക്കുള്ള ഫീസും പുനക്രമീകരിച്ചിട്ടുണ്ട്.

 

∙ എച്ബിഒ മാക്‌സ് ആമസോണ്‍ ഫയര്‍ ടിവിയില്‍ എത്തും

 

ഹോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയ ചാനലുകളിലൊന്നായ എച്ബിഒ മാക്‌സ് ആമസോണ്‍ ഫയര്‍ ടിവിയിലൂടെ ലഭ്യമാക്കാന്‍ തീരുമാനം.

 

∙ പിക്‌സല്‍ 5 ക്യാമറാ ആപ് മുന്‍ തലമുറ പിക്‌സല്‍ ഉപയോക്താക്കള്‍ക്കും

 

തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ പിക്‌സല്‍ 5 സെപ്റ്റംബറിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഇതിനായി വികസിപ്പിച്ച പുതിയ ക്യാമറാ ആപ് മുന്‍ തലമുറയലുള്ള പിക്‌സള്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. പിക്‌സല്‍ 2 മുതലുള്ള ഫോണുകള്‍ക്ക് ഇത് ആസ്വദിക്കാനായേക്കും.

 

∙ ഇറാന്‍ മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

 

ഇറാന്റെ ഓയില്‍ വകുപ്പു മന്ത്രി ബിജാന്‍ നംദാറിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. തങ്ങളുടെ നിയമം ലംഘിച്ചതിനാലാണ് നടപടി എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

 

English Summary: Apple's iPhone tracking breaches privacy law, says Max Schrems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com