ADVERTISEMENT

രണ്ട് വർഷത്തോളം നീണ്ട പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും ശേഷം ബോയിങ് 737 മാക്സിന് വീണ്ടും പറക്കാൻ അനുമതി ലഭിച്ചു. സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ പരിഹരിക്കുകയും പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും നൽകിയതോടെയാണ് നിരോധനം നീക്കിയതായി അമേരിക്കൻ അധികൃതർ അറിയിച്ചത്. 20 മാസത്തിനു ശേഷമാണ് ബോയിങ് 737 മാക്സ് വീണ്ടും പറക്കാൻ പോകുന്നത്. അതേസമയം, അമേരിക്ക അനുമതി നൽകിയെങ്കിലും മറ്റു രാജ്യങ്ങളിൽ പറക്കണമെങ്കിൽ അതാത് രാജ്യങ്ങളുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

 

ഇന്തൊനീഷ്യയിലും ഇത്യേപ്യയിലും വിമാനങ്ങൾ തകര്‍ന്ന് 346 പേരുടെ മരണത്തിനിടയാക്കിയ തകരാരുകൾ കണ്ടെത്തി പരിഹരിച്ചുവെന്നാണ് ബോയിങ് അധികൃതരും അറിയിച്ചത്. 737 മാക്സ് ബോയിങ്ങിന്റെ ഫ്ലൈറ്റ് സ്റ്റിമുലേറ്റർ സോഫ്റ്റ്‌വെയറിന്റെ പ്രശ്നമാണ് പരിഹരിച്ചത്. സോഫ്റ്റ്‍‌വെയർ അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. എന്നാൽ, എന്നാണ് ഈ പ്രശ്നം കണ്ടെത്തിയതെന്ന കമ്പനിയുടെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല..

 

എന്നാൽ വിമാന ദുരന്തങ്ങൾ സംഭവിക്കും മുൻപെ 2017 ൽ തന്നെ ബോയിങ് കമ്പനിയിലെ എൻജിനീയർമാർ പ്രശ്നം കണ്ടെത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്ന് നേരത്തെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് മാസത്തിനിടെ രണ്ട് ദുരന്തങ്ങളാണ് സംഭവിച്ചത്. ഇതോടെയാണ് വിമാനങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയത്. 

 

ഇത്യോപ്യൻ എയർലൈനും ലയൺ എയറും ടേക്ക് ഓഫിനിടെ തകർന്നു വീഴാൻ കാരണം സോഫ്റ്റ്‌വെയർ സംവിധാനത്തിന്റെ പ്രശ്നമായിരുന്നുവെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന ചക്രത്തിനുമേലുള്ള ബലം കടുപ്പിക്കാൻ പുതിയ മാറ്റം സഹായകമാവുമെന്ന് കമ്പനി അധികൃതർ അവകാശപ്പെടുന്നത്.

 

കമ്പനിയിലെ സാങ്കേതിക വിദഗ്ധർ കണ്ടെത്തിയ ഈ പ്രശ്നങ്ങളെ കുറിച്ച് ഒരു വർഷത്തിനു ശേഷവും ഇന്തൊനീഷ്യൻ ലയൺ എയർ തകർന്നു വീഴുന്നതുവരെ ബോയിങ് മാനേജ്മെന്റ് അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2018 ഒക്ടോബർ 29നുണ്ടായ അപകടത്തിൽ 189 പേരാണ് മരിച്ചത്. ഇത്യോപ്യൻ എയർലൈൻ അപകടത്തിൽ 157 പേരാണ് മരിച്ചത്. രണ്ടു ദുരന്തങ്ങളിലായി 346 പേരാണ് മരിച്ചത്. 

 

ഇതോടെ ലോകത്തെങ്ങുമുള്ള 737 മാക്സ് വിമാനങ്ങൾ സർവീസ് നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്നും വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പ് നൽകുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അമേരിക്കയിലെ ബോയിങ്. ഒട്ടുമിക്ക വിമാന കമ്പനികളുടെയും വിമാനങ്ങളും ബോയിങ്ങിന്റെതാണ്. എന്നാൽ നിർമാണത്തിലെ ചെറിയൊരു അശ്രദ്ധ ബോയിങ് 737 മാക്സ് വിമാനം കമ്പനിക്ക് തന്നെ വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

 

2016 ജനുവരിയിലാണ് ബോയിങ്ങിന്റെ 737 മാക്സ് സീരീസ് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തു തുടങ്ങിയത്. ഇതുവ വരെ 393 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന വ്യോമയാന കമ്പനികളൊക്കെ ഈ സീരീസ് വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടുമുണ്ട്.

 

English Summary: US regulators clear Boeing 737 Max to fly again after 20-month grounding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com