ADVERTISEMENT

ഇന്റര്‍നെറ്റിന് ഒച്ചിഴയും വേഗമാണെങ്കിലും പല കണക്ഷനും ബ്രോഡ്ബാന്‍ഡ് എന്ന വിശേഷണം ഉണ്ടാവും. ബ്രോഡ്ബാന്‍ഡിന്റെ പേര് കളയുന്ന ഈ മെല്ലെപ്പോക്കുകാരെ ഒഴിവാക്കാന്‍ ട്രായ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം (ബിഐഎഫ്). നിലവില്‍ 512 കെബിപിഎസ് വേഗമുള്ള കണക്ഷന് പോലും ബ്രോഡ്ബാന്‍ഡ് വിശേഷണം ലഭിക്കുമെന്നത് മാറ്റി കുറഞ്ഞവേഗം 2എംബിപിഎസ് എങ്കിലും ആക്കണമെന്നാണ് ആവശ്യം. 

 

വിവരസാങ്കേതികവിദ്യാ രംഗത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലുണ്ടായ വലിയ മാറ്റങ്ങളാണ് ഇത്തരമൊരു നിര്‍ദേശത്തിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ബിഐഎഫ് പറയുന്നു. ആധുനിക കാലത്തെ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗം ആവശ്യമാണെന്നതുകൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

'നിലവിലെ വിവര സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിയോ ഉപഭോക്താക്കളുടെ ആവശ്യമോ ഈയൊരു ബ്രോഡ്ബാന്‍ഡ് വേഗംകൊണ്ട് അര്‍ഥമാക്കുന്നില്ല. അതിവേഗ ബ്രോഡ്ബാന്‍ഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സേവനങ്ങളുടെ നിര്‍വ്വചനം കാലാനുസൃതമായി മാറ്റേണ്ടതുണ്ട്' എന്നാണ് ട്രായിക്ക് നല്‍കിയ നിര്‍ദേശത്തില്‍ ബിഐഎഫ് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി ബന്ധപ്പെട്ട ട്രായ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ ബിഐഎഫ് സമര്‍പിച്ചിരിക്കുന്നത്. 'ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും വേഗവും വര്‍ധിപ്പിക്കാനുള്ള വഴികാട്ടി' എന്നാണ് ചര്‍ച്ചക്ക് ട്രായ് നല്‍കിയിരുന്ന തലക്കെട്ട്. 

 

ബിഐഎഫ് പ്രസിഡന്റ് ടിവി രാമചന്ദ്രനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ ഈ വാര്‍ത്ത റിപോര്‍ട്ടു ചെയ്തിരുന്നു. ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ കുറഞ്ഞവേഗം 512 കെബിപിഎസ് എന്നത് വളരെ കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആഗോളതലത്തില്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ 70ാം സ്ഥാനത്താണ്.

 

English Sumamry: TRAI Defines Broadband At 512 Kbps, Appeal Made To Revise It To 2 Mbps Minimum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com