sections
MORE

ഇന്ത്യയെ മാറ്റിമറിച്ചേക്കാവുന്ന ഡേറ്റാ സംരക്ഷണ നിയമങ്ങള്‍ ഉടന്‍; ഫെയ്‌സ്ബുക് അടച്ചു പൂട്ടുമെന്ന് വിയറ്റ്‌നാം

ravi-shankar-prasad
രവിശങ്കർ പ്രസാദ് (ഫയൽ ചിത്രം) (Image Courtesy - PIB)
SHARE

രാജ്യത്തിന്റെ ഡേറ്റാ സംരക്ഷണ നിയമം ഉടന്‍ പുറത്തിറക്കുമെന്ന ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി. ഇന്ത്യയുടെ പുതിയ ഡേറ്റാ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒന്നായിരിക്കും ഈ നിയമങ്ങള്‍ എന്നതിനാല്‍ അവയ്ക്ക് വന്‍ പ്രാധാന്യമാണുള്ളത്. രാജ്യം ഡേറ്റാ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായി മാറുന്നത് കാണാന്‍ തനിക്ക് വളരെയധികം താത്പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി ഡേറ്റയായിരിക്കും. രാജ്യാന്തര വ്യാപാരത്തിനു പിന്നിലും ഇതായിരിക്കും. ഡേറ്റാ സമ്പദ്‌വ്യവസ്ഥ, ഡേറ്റാ നവീകരണം, ഡേറ്റാ ശുദ്ധീകരണം തുടങ്ങിയവയെല്ലാം ഉടന്‍ വരും. എന്നാല്‍, ഇതെല്ലം വളരെ വെല്ലുവിളി നിറഞ്ഞ കാര്യങ്ങളാണെന്നും അദ്ദേഹം അറിയിച്ചു, കര്‍ണ്ണാടകയിൽ സംഘടിപ്പിച്ച ബെംഗളൂരു ടെക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

∙ ആപ്പിള്‍ നല്‍കിയ ഇളവ് അപര്യാപ്തം

ആപ് സ്റ്റോറിലൂടെ വില്‍ക്കുന്ന ആപ്പുകള്‍ 10 ലക്ഷം ഡോളറില്‍ താഴെയാണ് പ്രതിവര്‍ഷം വരുമാനമുണ്ടാക്കുന്നതെങ്കില്‍ അവര്‍ 30 ശതമാനം വിഹിതം തരേണ്ട, മറിച്ച് 15 ശതമാനം തന്നാല്‍ മതി എന്നൊരു ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍ കമ്പനി. എന്നാൽ, അതൊന്നും കമ്പനിയുടെ മര്‍ക്കടമുഷ്ടി അവസാനിപ്പിക്കാന്‍ പര്യാപതമല്ലെന്ന പ്രതികരണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ആപ്പിളിന്റെ പ്രഖ്യാപനം ചെറുകിട ആപ് നിര്‍മാതാക്കള്‍ക്ക് വളരെ ആഹ്ലാദം പകരുന്ന ഒന്നാണെങ്കിലും ഇതൊന്നും കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വലിയ ആരോപണങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്നാണ് ഒരു പറ്റം നിരീക്ഷകര്‍ കരുതുന്നത്. 

ആപ്പിളിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയാണ് അമേരിക്കയിലടക്കം നീക്കം നടക്കുന്നത്. അത്തരം കാര്യങ്ങള്‍ ഈ ചെറിയ ഇളവു പ്രഖ്യാപനം വഴി തീര്‍ക്കാവുന്നതല്ല എന്നാണ് അവര്‍ വാദിക്കുന്നത്. ഇതിലൂടെ തങ്ങള്‍ക്കെതിരെ സർക്കാർ തലത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ദിശ തെറ്റിക്കാനോ, വിമര്‍ശകരുടെ വായയടപ്പിക്കാനോ കമ്പനിക്കു സാധിക്കില്ലെന്നാണ് വാദം. ആപ് സ്റ്റോറില്‍ നിന്ന് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണ് 10 ലക്ഷം ഡോളറില്‍ താഴെ വരുമാനമുള്ള ആപ് ഡവലപ്പര്‍മാരില്‍ നിന്ന് കിട്ടിയതെന്ന് വിശകലന കമ്പനിയായ സെന്‍സര്‍ ടവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതിലേറെ, ആപ് സ്റ്റോറിന്റെ കാര്യത്തില്‍ ആപ്പിളിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാനില്ലെന്ന പ്രശ്‌നം ഒട്ടും പരിഹരിക്കപ്പെടുന്നില്ല എന്നതും ഉയര്‍ത്തിക്കാണിക്കപ്പെടുന്നു. അമേരിക്കയെ പോലെ തന്നെ യൂറോപ്യന്‍ യൂണിയനും ആപ്പിള്‍ പോലെയുള്ള കുത്തക കമ്പനികള്‍ നടത്തുന്ന ആധിപത്യത്തിനും അധിനിവേശ പ്രവണതയ്ക്കുമെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സമയമാണിത്.  കൂടുതല്‍ ഗൗരവമുള്ള ആന്റി ട്രസ്റ്റ് ആരോപണങ്ങള്‍ ആപ്പിളിനെതിരെ ഉന്നയിക്കാന്‍ ഒരുങ്ങുകയാണെന്നും, അതില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമല്ല അടങ്ങിയിരിക്കുന്നതെന്നും ചൂണ്ടിക്കാണക്കപ്പെടുന്നു. ചില ടെക്‌നോളജി കമ്പനികളുടെ കുത്തക മികച്ച ആശയങ്ങളുമായി ആ രംഗത്തേക്ക് കടന്നു വരുന്നവരെ പോലും തടയത്തക്ക വിധത്തില്‍ ശക്തമാണ് എന്നതാണ് അധികാരികളെ ഉണര്‍ത്തി ചിന്തിപ്പിക്കുന്നത്. ഉദാഹരണത്തിന് ആപ്പിളിന്റെ സഫാരിയില്‍ ഡീഫോള്‍ട്ട് സേര്‍ച്ച് എൻജിനാകാന്‍ ഗൂഗിള്‍ നല്‍കുന്നത് ബില്ല്യന്‍ കണക്കിനു ഡോളറാണ്. ഇത്തരത്തില്‍ ഒട്ടു മിക്ക ബ്രൗസറുകളിലും ഗൂഗിള്‍ പണം കൊടുത്തു കയറിയിരിക്കുകയാണ്. ഗൂഗിളിന്റെ സ്വന്തം ബ്രൗസറായ ക്രോമിലെ കാര്യം പറയേണ്ടതില്ലല്ലോ. സേര്‍ച്ചില്‍ പുതിയ ആശയങ്ങളുമായി ഒരാള്‍ എത്തിയാല്‍ അയാള്‍ക്ക് തന്റെ ആശയം പ്രദര്‍ശിപ്പിക്കാന്‍ വേദി പോലും ഇല്ല തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള റെഗുലേറ്റര്‍മാര്‍ കണക്കിലെടുക്കുന്നത്. ലോകത്തെ മികച്ച ടെക്‌നോളജി കമ്പനികള്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ നൂതനാശയങ്ങളുടെ വഴിമുടക്കികള്‍ കൂടിയാണെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്തായാലും ആപ്പിളിന്റെ പുതിയ നീക്കം, കമ്പനിക്ക് ഉള്ളില്‍ പേടി തോന്നി തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് എന്നാണ് വിലയിരുത്തല്‍. പക്ഷേ, കൂടുതല്‍ കാര്യങ്ങള്‍ ആപ്പിള്‍ ചെയ്യുക തന്നെ വേണമെന്നാണ് വാദം.

apple-logo

∙ അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ 4എന്‍എം കേന്ദ്രീകൃത പ്രോസസര്‍ ഇറക്കാന്‍ ആപ്പിള്‍

ഈ വര്‍ഷത്തെ എ14 ബയോണിക് പ്രോസസറിലൂടെ ലോകത്തെ ആദ്യ 5എന്‍എം പ്രോസസര്‍ നിര്‍മാതാവായി ആപ്പിള്‍ മാറിയിരുന്നു. തുടര്‍ന്ന് അതേ ആര്‍ക്കിടെക്ചറുമായി ആപ്പിളിന്റെ എം1 പ്രോസസറും എത്തി. എന്നാല്‍, തങ്ങളുടെ എ16 പ്രോസസര്‍ 4എന്‍എം കേന്ദ്രീകൃതമാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയത്രെ. മറ്റൊരു ചിപ് നിര്‍മാതാവായ ക്വല്‍കമും ഈ വഴി സ്വീകരിച്ചേക്കുമെന്നു പറയുന്നു.

∙ ഫെയ്‌സ്ബുക് അടച്ചു പൂട്ടുമെന്ന് വിയറ്റ്‌നാം

സർക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ രാജ്യത്ത് ഫെയ്‌സ്ബുക് അടച്ചുപൂട്ടുമെന്ന് വിയറ്റ്‌നാം മുന്നറിയിപ്പു നല്‍കി. രാജ്യത്തെ സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പറ്റിയുള്ള വാര്‍ത്ത പരക്കുന്നതിനെതിരെയാണ് അധികാരികള്‍ രംഗത്തു വന്നിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഫെയ്‌സ്ബുക് വിയറ്റ്‌നാം അധികാരികള്‍ പറഞ്ഞ ചില നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കിലും അതു പോരെന്നാണ് ഇപ്പോള്‍ സർക്കാരിന്റെ നിലപാട്. തങ്ങള്‍ പറയുന്നതാണ് ശരിയെന്ന് അക്കാലത്ത് ഫെയ്‌സ്ബുക് സമ്മതിച്ചിരുന്നുവെന്നാണ് സർക്കാർ ഇപ്പോള്‍ പറയുന്നത്. വിയറ്റ്‌നാമില്‍ നിന്നു മാത്രം ഫെയ്‌സ്ബുക് പ്രതവിര്‍ഷം 1 ബില്ല്യന്‍ ഡോളര്‍ ഉണ്ടാക്കുന്നു എന്നാണ് കരുതുന്നത്. ലോകമെമ്പാടും ഫെയ്‌സ്ബുക്കിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ചൈന പോലെയുള്ള രാജ്യങ്ങള്‍ ഫെയ്‌സ്ബുക്കിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക പോലും ചെയ്തിട്ടില്ല. ഫെയ്‌സ്ബുക്കിന് 60 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. ഏപ്രിലില്‍ ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നീട് സർക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കമ്പനി പ്രവര്‍ത്തനം തുടര്‍ന്നത്. വിയറ്റ്‌നാമിലെ ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അവര്‍ക്കെതിരെ ചെറിയ വിമര്‍ശനങ്ങള്‍ ഉയരുന്നതു പോലും താങ്ങാനാവില്ലെന്ന് നരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

∙ 47,265 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചെന്ന് റിലയന്‍സ്

47,265 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചെന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് അറിയിച്ചു. കമ്പനിയുടെ 10.09 ശതമാനം ഓഹരിയാണ് വിറ്റിരിക്കുന്നത്. ഇതിനായി 69,27,81,234 ഓഹരികള്‍ നല്‍കിയെന്നും കമ്പനി വെളിപ്പെടുത്തി. ഇതോടെ നിക്ഷേപ സമാഹരണം അവസാനിപ്പിച്ചുവെന്നും അവര്‍ അറിയിച്ചു. ഇന്ത്യയുടെ ഓണ്‍ലൈന്‍ വില്‍പ്പനാ രംഗത്തേക്ക് ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് റിലയന്‍സ്.

reliance-jio

∙ റെഡ്മി നോട്ട് 9 പ്രോ 5ജി വിപണിയിലേക്ക്

തങ്ങളുടെ സബ് ബ്രാന്‍ഡായ റെഡ്മിയില്‍ 5ജി കൊണ്ടുവരാനുള്ള യത്‌നത്തിലാണ് ഷഓമി എന്നുള്ള വാര്‍ത്ത കുറച്ചുകാലമായി പ്രചരിക്കുകയായിരുന്നു. റെഡമി 9 സീരിസില്‍ തന്നെ 5ജി ഉള്‍ക്കൊള്ളിച്ചുള്ള ഫോണ്‍ അടുത്ത ദിസങ്ങളില്‍ പുറത്തിറക്കിയേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. രണ്ടു മോഡലുകള്‍ ഇറക്കുമെന്നും ഇവ റെഡ്മി നോട്ട് 9 5ജി എന്നും, റെഡ്മി നോട്ട് 9 പ്രോ 5ജി എന്നും ആയിരിക്കുമെന്നും പറയുന്നു. അഭ്യൂഹങ്ങള്‍ ശരിയാണെങ്കിൽ റെഡ്മി നോട്ട് 9 5ജിയുടെ തുടക്ക വേരിയന്റിന് ഏകദേശം 11,400 രൂപയായിരിക്കും വില. അതേസമയം, പ്രോ മോഡലിന് 17,000 രൂപ നല്‍കേണ്ടി വരുമെന്നു പറയുന്നു. ഇതേ പേരില്‍ 5ജി ഇല്ലാതെ ഇപ്പോള്‍ വില്‍ക്കുന്ന മോഡലുകളുടെ അതേ സ്‌പെസിഫിക്കേഷനിലായിരിക്കാം ഇവ ഇറങ്ങുക.

∙ ആപ്പിള്‍ ഫോള്‍ഡിങ് ഫോണ്‍ ടെസ്റ്റിങ് തുടങ്ങിയെന്ന് അവകാശവാദം

ആപ്പിളിന്റെ ഉപകരണ നിര്‍മാണ പങ്കാളിയായ ഫോക്‌സ്‌കോണ്‍ ഫോള്‍ഡിങ് ഐഫോണിന്റെ ടെസ്റ്റിങ് തുടങ്ങിയെന്ന് ചിലര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇത് 2022 സെപ്റ്റംബറില്‍ മാത്രമായിരിക്കും പുറത്തിറക്കുക എന്നും വാദമുണ്ട്. ഓലെഡ് അല്ലെങ്കില്‍ മൈക്രോ എല്‍ഇഡി സ്‌ക്രീനുകളായിരിക്കും ഉപയോഗിക്കുക എന്നു പറയുന്നു. ഫോണിന്റെ സ്‌ക്രീനും, ബെയറിങ്ങുമാണ് (രണ്ടു സ്‌ക്രീനുകളും യോജിക്കുന്ന വിജാഗിരി പോലെ പ്രവര്‍ത്തിക്കുന്ന സ്ഥലം) ഇപ്പോള്‍ ടെസ്റ്റു ചെയ്യുന്നത്. സാധാരണ ലാപ്‌ടോപ്പുകള്‍ 20,000-30,000 തവണ വരെ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്നവയാണെങ്കില്‍, ഫോണിന് 100,000 തവണയെങ്കിലും അടയ്ക്കുകയും തുറക്കുകയും ചെയ്യാനാകുമോ എന്നാണത്രെ ഫോക്‌സ്‌കോണ്‍ ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഫോള്‍ഡിങ് ഐഫോണ്‍ മൈക്രോസോഫ്റ്റ് സര്‍ഫസ് ഡ്യൂവോയുടെ രീതിയിലായിരിക്കാമെന്നാണ് മറ്റൊരു അഭ്യൂഹം. എന്നാല്‍ വേറെ ചില പ്രവചനക്കാര്‍ പറയുന്നത് ഫോള്‍ഡിങ് ഐഫോണ്‍ വര്‍ഷങ്ങള്‍ അകലെയാണ് എന്നാണ്.

English Summary: Will finalise data protection law very soon Ravi Shankar Prasad

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA