ADVERTISEMENT

കൊറോണാവൈറസ് കാലഘട്ടത്തില്‍ പോലും ആപ്പിളിന്റെ ഒമ്പത് ഓപ്പറേറ്റിങ് യൂണിറ്റുകള്‍, ഘടകഭാഗ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ, അവയുടെ പ്രവര്‍ത്തനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയെന്ന് ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി. ആപ്പിള്‍ കമ്പനി കാര്യമായി തന്നെ തങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്കു കടന്നുവന്നുകഴിഞ്ഞു എന്നാണ് മന്ത്രി പറഞ്ഞത്. ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ചൈനയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ നിര്‍മാണം ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യം പ്രൊഡക്ഷന്‍-ലിങ്ക്ട് ഇന്‍സെന്റീവ് സ്‌കീം അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. സാംസങ്, ഫോക്‌സ്കോണ്‍, റൈസിങ് സ്റ്റാര്‍, വിന്‍സ്ട്രണ്‍, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ പിഎല്‍ഐ സ്‌കീമിന്റെ ഗുണഭോക്താക്കളായിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

 

∙ ടെക്‌നോളജിയെ സ്തുതിച്ച് പ്രധാനമന്ത്രിയും

 

ടെക്‌നോളജിയുടെ ശക്തിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചു. കൊറോണാവൈറസ് കാലത്ത് കാര്യങ്ങള്‍ ഇത്രയും സുഗമമായി നടന്നതിനു പിന്നില്‍ ടെക്‌നോളജിയുണ്ടെന്നും, പുതിയ മാറ്റങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ തയാറായെന്നും അദ്ദേഹം വിലയിരുത്തി. അതുപോലെ, ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ലോകമെമ്പാടും വിന്യസിക്കപ്പെടാന്‍ സമയമായിരിക്കുന്നുവെന്നും, വിവിരാധിഷ്ടിത ലോകത്ത് ഒരു കുതിച്ചുചാട്ടത്തിന് രാജ്യം തയാറാണെന്നുമാണ് പ്രധാനമന്ത്രി  അറിയിച്ചത്. രവിശങ്കര്‍ പ്രസാദിനെപ്പോലെ, പ്രധാനമന്ത്രിയും ബെംഗളൂരു ടെക് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോക്ഡൗണ്‍ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും ടെക്‌നോളജിയിലൂടെ പല പരിമിതികളെയും മറികടക്കാനാണ് ലോകം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു പോലും ഇടതടവില്ലാതെ ജോലിചെയ്യാനുള്ള സാധ്യത ഒരുക്കിയിരിക്കുന്നത് ടെക്‌നോളജിയാണ്. ഇത്തരത്തില്‍ ഓഫിസുകളില്‍ നിന്ന് വീടുകളിലേക്ക് എത്തിയ ടെക്‌നോളജി അങ്ങനെ തന്നെ തുടര്‍ന്നേക്കും. വെല്ലുവിളികളാണ് ആളുകളിലെ സാമര്‍ഥ്യം വെളിയിൽ കൊണ്ടുവരുന്നത്. ഇന്ത്യയിലെ ടെക്‌നോളജിയുടെ കാര്യത്തിലും അതു ശരിയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

 

youtube

∙ പാക്കിസ്ഥാന്റെ പുതിയ നിയമങ്ങള്‍ക്കെതിരെ ടെക് കമ്പനികള്‍

 

സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്ന നിയമം പാക്കിസ്ഥാന്‍ അംഗീകരിച്ചതോടെ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഏഷ്യാ ഇന്റര്‍നെറ്റ് കൊആലിഷന്‍ അറിയിച്ചിരിക്കുകയാണ്. ഗൂഗിള്‍, ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സർക്കാരാണ് നിയമങ്ങള്‍ പുതുക്കിയത്. ഡിജിറ്റല്‍ മീഡിയയിലുള്ള ഉള്ളടക്കം നിയന്ത്രിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതാണ് ടെക്‌നോളജി ഭീമന്മാരെ ചൊടിപ്പിച്ചത്. പുതിയ നിയമത്തിന്റെ അധികാരപരിധി കണ്ട് തങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ് എന്നാണ് ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മ അറിയിച്ചത്. ഇന്റര്‍നെറ്റ് കമ്പനികളെ ലക്ഷ്യംവച്ചുള്ളതാണ് പുതിയ നിയമങ്ങള്‍ എന്നതു കൂടാതെ അവയില്‍ പലതും അതാര്യവുമാണെന്ന് അവര്‍ പറയുന്നു. പുതിയ നിയമങ്ങള്‍ പ്രകാരം ഇസ്‌ലാം വിരുദ്ധത, തീവ്രവാദം പോഷിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കല്‍, അശ്ലീലം, ദേശസുരക്ഷയ്‌ക്കെതിരെയുള്ള തുടങ്ങിയ കണ്ടെന്റ് പ്രചരിക്കാനിടയായാല്‍ 3.14 ദശലക്ഷം ഡോളര്‍ വരെ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ സമൂഹ മാധ്യമങ്ങള്‍ ഡേറ്റ ഡീക്രിപ്റ്റ് ചെയ്തു നല്‍കണമെന്നും പറയുന്നു. സമൂഹ മാധ്യമങ്ങളുടെ ഓഫിസുകള്‍ പാക്കിസ്ഥാനില്‍ വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

 

ഡേറ്റാ പ്രാദേശികവല്‍ക്കരണമടക്കമുള്ള കാര്യങ്ങളാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, ഇത് പാക്കിസ്ഥാനികള്‍ക്ക് സ്വതന്ത്ര ഇന്റര്‍നെറ്റിലേക്കുള്ള പാത അടയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനു തുല്യമാണിതെന്നുമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. തങ്ങളുടെ സേവനങ്ങള്‍ ഇനി പാക്കിസ്ഥാനില്‍ തുടരുക ദുഷ്‌കരമായിരിക്കുമെന്നാണ് ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ പറഞ്ഞിരിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം സർക്കാർ ആവശ്യപ്പെടുന്ന ഉള്ളടക്കം 24 മണിക്കൂറിനുള്ളില്‍ സമൂഹ മാധ്യമങ്ങള്‍ നീക്കംചെയ്തിരിക്കണം. ഇന്ത്യയും തങ്ങളുടെ പുതിയ ഇന്റര്‍നെറ്റ് നിയമങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കും.

 

∙ യുട്യൂബിനെയും ഫെയ്‌സ്ബുക്കിനെയും നിശബ്ദമാക്കാന്‍ റഷ്യയും

 

chingari

പൗരന്മാര്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്, ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബ് തുങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താനുള്ള നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ് റഷ്യയും. റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ പ്രചാരം കുറയ്ക്കാന്‍ ഇവ ശ്രമിക്കുന്നുവെന്ന ആരോപണമാണ് കമ്പനികള്‍ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. വിദേശ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ റഷ്യ ഏര്‍പ്പെടുത്താന്‍ പോകുന്ന വിലക്കുകൾ ലംഘിച്ചാല്‍ കടുത്ത വില നല്‍കേണ്ടി വരുമെന്ന രീതിയിലായിരിക്കും പുതിയ നിയമങ്ങള്‍. ശിക്ഷയായി പിഴമുതല്‍ സമ്പൂര്‍ണ നിരോധനം വരെ പ്രതീക്ഷിക്കാം. റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ കണ്ടെന്റ് വിദേശ സമൂഹ മാധ്യമ വെബ്‌സൈറ്റുകളും മറ്റും പ്രചരിപ്പിക്കുന്നില്ലെന്നതാണ് പ്രധാന ആരോപണം. റഷ്യന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള തിരിച്ചുവ്യത്യാസം കാണിക്കലാണ് അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, റഷ്യയിലെ പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ചു പ്രതികരിച്ചത് ഇങ്ങനെയാണ്: 'കൊള്ളാം. ഈ നിയമം അവര്‍ എത്രയും വേഗം പാസാക്കട്ടെ. രാജ്യം മുഴുവന്‍ വിപിഎന്‍ ഉപയോഗിച്ചു തുടങ്ങും,' എന്നാണ്. പക്ഷേ വിപിഎനും വേണമെന്നു വച്ചാല്‍ രാജ്യങ്ങള്‍ക്കു നിരോധിക്കാം. ചൈനയില്‍ അവയുടെ ഉപയോഗം പരിമിതമാണ്.

 

∙ പിഎസ്5 വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ റിലയന്‍സ് ഡിജിറ്റലില്‍ നിന്നു ചോര്‍ന്നു

 

ഇന്ത്യന്‍ ഗെയിമര്‍മാരും സോണിയുടെ പുതിയ പിഎസ്5 വാങ്ങാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്നാണ് ഇത് ഇന്ത്യയില്‍ പുറത്തിറക്കുക എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും, രാജ്യത്ത് ഇതിന് എത്ര ആവശ്യക്കാരുണ്ടാകാം എന്നതിനെക്കുറിച്ച് റിലയന്‍സ് റീട്ടെയില്‍ ഒരു പഠനം നടത്തി. ഈ പ്രീ-റജിസ്‌ട്രേഷന്‍ സര്‍വേയില്‍ പങ്കെടുത്തവരുടെ പേരും, ഇമെയിലുകളും, ഫോണ്‍ നമ്പറുകളുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിൽ പുറത്തായിരിക്കുന്നതെന്ന് മീഡിയാനാമ പറയുന്നു. മീഡിയനാമയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍വെ നിർത്തിവച്ചുവെങ്കിലും റിലയന്‍സ് ഡിജിറ്റല്‍ തങ്ങള്‍ക്ക് സംഭവിച്ചത് എന്താണ് എന്നതിനെക്കുറിച്ചുള്ള വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നതിന് മീഡിയനാമയ്ക്ക് നന്ദി പറഞ്ഞ സോണി രംഗത്തെത്തുകയും ചെയ്തു. തങ്ങള്‍ ഇത്തരിത്തിലൊരു വിവരവും ലീക്കു ചെയ്യില്ലെന്നും അവര്‍ അറിയിച്ചു.

 

∙ മൈക്രോസോഫ്റ്റ് ടീംസിലൂടെ ഇനി 300 പേര്‍ക്ക് ഫ്രീയായി വിളിക്കാം

 

വിഡിയോ കോളിങ്ങില്‍ അതിവേഗം മുന്നേറുന്ന സൂമിനെതിരെ ചില നീക്കങ്ങള്‍ നടത്തുകയാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ കീഴിലുള്ള ടീംസ് പ്ലാറ്റ്‌ഫോം. ഇനിമേല്‍ ടീംസിലൂടെ ദിവസം മുഴുവന്‍ ഫ്രീയായി വിഡിയോ കോള്‍ നടത്താം. ടീംസിന്റെ ഡെസ്‌ക്ടോപ്, വെബ് ക്ലൈന്റ് എന്നിവയിലുള്ള ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി ഓപ്ഷന്റെ ഭാഗമായാണ് ഇത് എത്തുന്നത്. ഈ വിഡിയോ കോളില്‍ 300 പേരെ വരെ പങ്കെടുപ്പിക്കാം. സൂമില്‍ ഇതു ഫ്രീയായി ചെയ്യാനാവില്ല. മറ്റൊരു സുപ്രധാന കാര്യം കോളില്‍ ചേരാന്‍ മൈക്രോസോഫ്റ്റ് അക്കൗണ്ട് വേണ്ട എന്നതാണ്. വെബ് ബ്രൗസറിലൂടെയും നിങ്ങള്‍ക്ക് വിഡിയോ കോളില്‍ ഒത്തു ചേരാം. കോളില്‍ പങ്കെടുക്കുന്നവരില്‍ 49 പേരെ ഗ്യാലറി വ്യൂവില്‍ കാണുകയും ചെയ്യാം.

 

∙ ഐഐടി-ജോധ്പൂരുമായി ചേര്‍ന്ന് എആര്‍-വിആര്‍ ലാബ് സ്ഥാപിക്കാന്‍ സാംസങ്

 

പുതിയ എആര്‍-വിആര്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി-ജോധ്പൂരുമായി സഹകരിക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് ടെക്‌നോളജി ഭീമന്‍ സാംസങ് അറിയിച്ചു. സ്പര്‍ശം, രുചി, മണം, റോബോട്ടിക് ഇന്റര്‍ഫെയ്‌സുകള്‍ ടെലിപ്രസന്‍സ്, ബ്രെയില്‍-മെഷീന്‍ ഇന്റര്‍ഫെയ്‌സുകള്‍ തുടങ്ങിയവയൊക്കെ വികസിപ്പിക്കാനാണ് ശ്രമം.

 

∙ ചിങ്കാരിക്ക് 38 ദശലക്ഷം ഉപയോക്താക്കള്‍

 

ടിക്‌ടോക്കിന് പകരമെത്തിയ ആപ്പായ ചിങ്കാരിക്ക് 38 ദശലക്ഷം ഉപയോക്താക്കളായെന്ന് കമ്പനി അറിയിച്ചു. ആപ്പിലൂടെ ഇപ്പോള്‍ പ്രതിദിനം 95 ദശലക്ഷം വിഡിയോ കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

English Summary: Apple's 9 operating units and component makers shifted from China to India: Ravi Shankar Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com