ADVERTISEMENT

സമ്പൂര്‍ണമായും മലയാളത്തിലുള്ള ഒരു വിഡിയോ-കേന്ദ്രീകൃത ഓണ്‍ലൈന്‍ പഠനശാല ഒരുക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തുടങ്ങിയ സ്റ്റാര്‍ട്ട്-അപ് പ്ലാറ്റ്‌ഫോമാണ് അരുൺ ചന്ദ്രന്റെ ട്രൈക്കിൾ. കോഴിക്കോട്ടെ സൈബര്‍പാര്‍ക്കില്‍ തുടങ്ങിയിരിക്കുന്ന ഈ സംരംഭം എട്ട് മിനിറ്റിലേറെ ദൈര്‍ഘ്യമില്ലാത്ത വിഡിയോകളിലൂടെ വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകളാണ് നല്‍കാന്‍ ശ്രമിക്കുന്നത്. ഇതില്‍ വിദ്യാർഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, കലാനൈപുണ്യം മിനുക്കിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വിവിധ രംഗങ്ങളിലുള്ള വിദഗ്ധരെ രംഗത്തിറക്കാനും ട്രൈക്കിൾ സ്ഥാപകര്‍ ശ്രമിച്ചിട്ടുണ്ട്.

 

ഉദാഹരണത്തിന് മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ് പാഠ്യഭാഗങ്ങള്‍ വിശദീകിരിക്കുന്നത് ഈ രംഗത്ത് 12 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള എൻജിനീയറാണ്. ഈ പ്ലാറ്റ്‌ഫോമില്‍ അധ്യാപകരാകാന്‍ ശ്രമിക്കുന്നവര്‍ക്കു നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശംതന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വ്യത്യസ്തമായ സമീപനരീതി വ്യക്തമാക്കുന്നു. നിങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വിഷയം നിങ്ങളുടെ സുഹൃത്തിനോ സഹോദരനോ വിശദീകരിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ വേണം പറഞ്ഞുകൊടുക്കാന്‍. അതായത് ആവശ്യമില്ലാത്ത ഗൗരവം ഒഴിവാക്കി, സാധാരണ സംഭാഷണത്തില്‍ വേണം അവതരിപ്പിക്കാന്‍. ഇത് വിദ്യപകരുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള മതിലുകള്‍ തകര്‍ത്ത് കൂടുതല്‍ സ്വാഭാവികമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ട്രൈക്കിളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്.

 

ആരാണ് അരുൺ ചന്ദ്രൻ?

 

വയനാട്ടുകാരനായ അരുണ്‍ ചന്ദ്രനാണ് ട്രൈക്കിളിന്റെ സിഇഒ. ഒപ്പം പാലക്കാട്ടുകാരി സുജിത രാജഗോപാലനും ഉണ്ട്. പന്ത്രണ്ട് വര്‍ഷത്തോളം ടെക്‌നോളജിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്നയാളാണ് അരുണ്‍. സമൂഹത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഗര്‍ത്തത്തെക്കുറിച്ചുള്ള അവബോധവും, അതിനെതിരെ എന്തെങ്കിലു ചെയ്യണമെന്ന തോന്നലുമാണ് ഈ ആശയത്തിനു പിന്നലെന്ന് അരുണ്‍ പറയാറുണ്ട്.

 

ട്രൈക്കിൾ എന്ന പ്ലാറ്റ്‌ഫോമിനു പിന്നിലെ ആശയം ആളുകള്‍ക്ക് വേണ്ടവിവരം അധികം പണം ചെലവിടാതെ, അവര്‍ക്ക് മനസിലാകുന്ന ഒരു ഭാഷയിലൂടെ എത്തിച്ചു നല്‍കുക എന്നതാണെന്ന് അരുണ്‍ പറയുന്നു. ഇന്നും ടൗണുകളില്‍ ജീവിക്കുന്നവര്‍ക്കാണ് കൂടുതല്‍ എളുപ്പത്തില്‍ ടെക്‌നോളജി എത്തിപ്പിടിക്കാനാകുക. സുജിതയ്ക്കും തനിക്കും യുവ പ്രൊഫഷണലുകളെ ജോലിക്കെടുക്കുന്ന കാര്യത്തിലും അവര്‍ക്കു പരിശീലനം നല്‍കുന്ന കാര്യത്തിലും അനുഭവസമ്പത്തുണ്ടെന്ന് അരുണ്‍ പറയുന്നു. ആദ്യം കരുതിയത് ഒരു സ്‌കൂള്‍ തുടങ്ങാമെന്നാണ്. അതിന് വളരെയധികം സാമ്പത്തികച്ചെലവുണ്ടായിരുന്നു. കൂടാതെ പല അധ്യാപകരും തങ്ങള്‍ ആഗ്രഹിച്ച സ്ഥലത്തേക്ക് യാത്രചെയ്‌ത് എത്താനും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതിനാലാണ് ഒരു വെര്‍ച്വല്‍ സ്ഥലത്ത് ഇത് തുടങ്ങാന്‍ തീരുമാനിച്ചത്. മഹാമാരിയുടെ പശ്ചാത്തലത്തിലും അതായിരുന്നു ഉചിതമായ തീരുമാനമെന്നും അരുണ്‍ പറയുന്നു.

 

articlemain-image

ട്രൈക്കിളിന്റെ സ്ഥാപകനും സിഇഒയുമായ അരുൺ ചന്ദ്രൻ ടെക്നോളജി, പ്രൊഡക്റ്റ് മാനേജുമെന്റ് മേഖലയിൽ 12ലേറെ വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് 32 കാരനായ അരുൺ. ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ഫ്രെഷ്മെനു, സ്കൂൾബീപ്പ് തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ പ്രാരംഭ ഘട്ടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്രൈക്കിളിന് മുൻപ് അരുൺ ഭക്ഷ്യ-സാങ്കേതിക വ്യവസായ മേഖലയിലും ഒരു സ്റ്റാർട്ടപ്പ് നടത്തിയിട്ടുണ്ട്. കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ് എന്നിവയിൽ എംടെക് നേടിയിട്ടുള്ള അരുണിന്റെ ഡൊമെയ്ൻ അനുഭവങ്ങൾ ഫുഡ്-ടെക് മുതൽ എഐ വരെയാണ്.

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ അരുൺ ചന്ദ്രനും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ ട്രൈക്കിൾ സ്ഥാപകനും സിഇഒയുമായ അരുൺ ചന്ദ്രനും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തീയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Arun Chandran is the Founder and CEO of Trycle – Techspectations - 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com