sections
MORE

ആമസോണില്‍ നിന്ന് പ്ലേ സ്റ്റേഷന്‍ വാങ്ങിയവര്‍ക്ക് ലഭിച്ചത് അരിച്ചാക്ക്! ഐഫോണില്‍ ഷാസം ഫീച്ചര്‍ ഉപയോഗിക്കുന്നത് എങ്ങനെ?

amazon-play-station
SHARE

ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ഒരു ബാര്‍ സോപ്പ് ലഭിക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് ആര്‍ക്കെങ്കിലും തെറ്റിധാരണയുണ്ടെങ്കില്‍ അത് ഇനി മാറ്റാം. ബ്രിട്ടനില്‍ 450 പൗണ്ട് നല്‍കി, സോണിയുടെ പ്ലേസ്റ്റേഷന്‍ 5 ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ലഭിച്ചത് ഒരു ചാക്ക് അരിയും പൂച്ചത്തീറ്റയും ജോര്‍ജ് ഫോര്‍മാന്‍ ഗ്രില്ലും വരെയാണ്! ട്രാന്‍സിറ്റ് പോയിന്റില്‍ വച്ചാണ് കള്ളന്മാര്‍ സോണിയുടെ പ്ലേ സ്റ്റേഷന്‍ 5 ഓര്‍ഡര്‍ ചെയ്തവര്‍ക്കുള്ള പാക്കുകള്‍ തട്ടിയെടുത്ത ശേഷം അരിച്ചാക്കും മറ്റും പകരം വച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമസോണ്‍ ഇതേപ്പറ്റി അന്വേഷണം നടത്തിവരികയാണ്. പിഎസ്5യുടെ ലഭ്യതക്കുറവ് മൂലം വിലയൊന്നും പ്രശ്‌നമല്ലെന്ന രീതിയില്‍ ഓര്‍ഡറുകള്‍ കുമിഞ്ഞുകൂടുകയാണ്. ഇതിനിടയിലാണ് പിഎസ്5 ഓര്‍ഡര്‍ ചെയ്ത് ആകാംക്ഷയോടെ കാത്തിരുന്നവരെ കബളിപ്പിച്ച് പൂച്ചത്തീറ്റയും മറ്റും എത്തുന്നത്. പലര്‍ക്കും അവര്‍ ഓര്‍ഡര്‍ ചെയ്ത പിഎസ്5നുള്ള പാക്കറ്റ് ആമസോണ്‍ എത്തിച്ചുകൊടുത്തുവെങ്കലും അരിച്ചാക്കും മറ്റുമായിരുന്നു അകത്തുണ്ടായിരുന്നത്. മറ്റു ചിലരുടെ പാക്കുകള്‍ ഡെലിവേഡ് എന്നാണ് കാണിക്കുന്നത്. അവര്‍ക്കാരും ഇഷ്ടിക പോലും എത്തിച്ചുകൊടുക്കാന്‍ മെനക്കെട്ടതുമില്ല. എംടിവി ജേണലിസ്റ്റ് ബെക്‌സ് മേയ്ക്ക് പിഎസ്5നു പകരം ഒരു എയര്‍ ഫ്രയറാണ് കിട്ടിയത്.

ഉപയോക്താക്കളുടെ പരാതികളെല്ലാം ആമസോണ്‍ സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ സന്തുഷ്ടരാക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശം. എന്നാല്‍, ഒരു ചെറിയ കൂട്ടം ഉപഭോക്താക്കളുടെ കാര്യത്തില്‍ അതല്ല സംഭവിച്ചിരിക്കുന്നതെന്ന് തങ്ങള്‍ മനസിലാക്കുന്നതായി ആമസോണ്‍ പറയുന്നു. പ്രശ്‌നമുള്ള ഓരോ കസ്റ്റമറെയും തങ്ങള്‍ നേരിട്ടു വിളച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെല്ലാം പരിഹാരമുണ്ടാക്കുമെന്നും കമ്പനി അറിയിച്ചു. ആര്‍ക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ കസ്റ്റമര്‍ കെയറിനെ വിളിച്ച് അറിയിക്കണമെന്നും ആമസോണ്‍ പറയുന്നു.

∙ ഐഫോണില്‍ ഷാസം ഫീച്ചര്‍ ഉപയോഗിക്കുന്നത് എങ്ങനെ?

നിങ്ങള്‍ ഒരു വണ്ടിയില്‍ യാത്ര ചെയ്യുകയാണെന്നു കരുതുക. വണ്ടിയിൽ നിങ്ങള്‍ കേട്ടിട്ടിട്ടല്ലാത്ത ഒരു പാട്ടു വച്ചിരിക്കുന്നു. ഷാസം ആപ്പില്‍ ഒന്നു ടാപ്പു ചെയ്താല്‍ അതേതു പാട്ടാണെന്നു തിരിച്ചറിയാം. ആപ്പിള്‍ കമ്പനി 400 ദശലക്ഷം ഡോളര്‍ നല്‍കി 2018 ലാണ് ഷാസം (Shazam) ആപ് ഏറ്റെടുത്തത്. ഷാസം ആപ്പിന്റെ ഫീച്ചറുകള്‍ ഇപ്പോള്‍ ഐഫോണില്‍ നേരിട്ടെത്തിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 14.2 മുതലുളള സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് ഈ കഴിവ് സിദ്ധിച്ചിരിക്കുകന്നത്. കണ്ട്രോള്‍ സെന്ററില്‍ ഇതെത്തിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ സോഫ്റ്റ്‌വെയറുള്ള ആളുകള്‍ സെറ്റിങ്‌സ് ആപ് തുറക്കുക. കണ്‍ട്രോള്‍ സെന്ററിന്റെ സെറ്റിങ്‌സ് തുറക്കുക. ഏറ്റവും താഴെ മോര്‍ വിഭാഗത്തിലുള്ള മ്യൂസിക് റെക്കഗ്നിഷന്‍ എന്ന ഓപ്ഷന് അടുത്തുളള + ചിഹ്നത്തില്‍ സ്പര്‍ശിക്കുക. ഇനി കണ്ട്രോള്‍ സെന്റര്‍ തുറന്നാല്‍ അവിടെ മ്യൂസിക് റെക്കഗ്നിഷന്‍ ഫീച്ചര്‍ ഉണ്ടായിരിക്കും. ഇതുപയോഗിച്ച് പാട്ടുകള്‍ തിരിച്ചറിയാം.

∙ സത്യപ്രതിജ്ഞാ ദിനത്തില്‍ പ്രസിഡന്റിന്റെ അക്കൗണ്ട് ബൈഡനു നല്‍കുമെന്ന് ട്വിറ്റര്‍

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമൊഴിയാന്‍ വിസമ്മതിച്ചാല്‍ പോലും, അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടായ @POTUS നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചുമതലയേല്‍ക്കുന്ന ദിവസം തന്നെ അദ്ദേഹത്തെ ഏല്‍പ്പിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. വൈറ്റ് ഹൗസിന്റെ ഔദ്യാഗിക അക്കൗണ്ടുകളെല്ലാം ഇപ്രകാരം നല്‍കാനാണ് ട്വിറ്റര്‍ ഇരിക്കുന്നത്. @VP, @FLOTUS, @whitehouse തുടങ്ങിയ ഔദ്യോഗിക അക്കൗണ്ടുകളെല്ലാം ഇതില്‍ പെടും. ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മോഷ്ടിച്ചുകൊണ്ടുപോയി (stolen) എന്നൊക്കെ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനെല്ലാം ട്വിറ്റര്‍ തര്‍ക്കവിഷയം (diputed) എന്ന ലേബലും ചാര്‍ത്തി വിടും.

∙ റെഡ്മി നോട്ട് 5ജിയുടെ സിംഗിള്‍ കോര്‍ ഗീക്‌ബെഞ്ച് സ്കോര്‍ 645

ഇന്ത്യക്കാര്‍ ധാരാളമായി വാങ്ങിക്കൂട്ടിയേക്കാവുന്ന 5ജി ഫോണുമായി എത്താന്‍ ഒരുങ്ങുകയാണ് ഷഓമി. ഫോണുകളുടെ പ്രകടനക്കരുത്ത് അളക്കുന്ന ഗീക്‌ബെഞ്ച് ടെസ്റ്റ് നടത്തിയ ഒരു മോഡലിനെപ്പറ്റിയുള്ള ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഇതിന് 8ജിബി റാം ആണുള്ളത്. ആന്‍ഡ്രോയിഡ് 10 കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്വാല്‍കം പ്രോസസറാണ് ഉള്ളതെന്നു പറയുന്നു. ഇത് സ്‌നാപ്ഡ്രാഗണ്‍ 750ജി ആയിരിക്കാം. ഫോണിന് സിംഗിള്‍ കോര്‍ 645 ആണ്. മൾട്ടി കോര്‍ സ്‌കോര്‍ 1963 ആണ്. നോട്ട് 9 പ്രോ 5ജിയ്ക്ക് ഒരു 12 ജിബി റാം മോഡലും ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഫോണിന് 108 എംപി പിന്‍ ക്യാമറയുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പറയുന്നു.

∙ ഗൂഗിള്‍ ക്രോം അടുത്ത ആറു മാസത്തേക്കു കൂടി വിന്‍ഡോസ് 7ല്‍ ഉപയോഗിക്കാം

ഗൂഗിളിന്റെ ക്രോം ബ്രൗസറിന് വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ 6 മാസത്തേക്കു കൂടി പ്രവര്‍ത്തിക്കാനുള്ള അപ്‌ഡേറ്റ് നല്‍കി. ജൂലൈ 15, 2021ല്‍ സപ്പോര്‍ട്ട് അവസാനിപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

∙ നിക്കോണ്‍ ജോലിക്കാരെ കുറയ്ക്കുന്നു

ക്യാമറാ വില്‍പ്പന കുറഞ്ഞതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പ്രമുഖ ജാപ്പനീസ് ക്യാമറാ നിര്‍മാതാവായ നിക്കോണ്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം കമ്പനി നേരിട്ടത് 251 ദശലക്ഷം ഡോളറിന്റെ നഷ്ടമാണത്രെ. ഇനി ഏകദേശം 2000 ജോലിക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നു പറയുന്നു. സെമികണ്ടക്ടര്‍ ഉപകരണങ്ങളും കമ്പനി നിർമിച്ചിരുന്നു. അവരില്‍ നിന്ന് ഇത് കൂടുതലായി വാങ്ങിയിരുന്ന ഇന്റല്‍ കമ്പനിക്ക് നേരിട്ട പ്രശ്‌നങ്ങളും നിക്കോണിനെ കാര്യമായി ബാധിച്ചു. തായ്‌ലൻഡിലേക്ക് പരിപൂര്‍ണമായി മാറുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.

BOSNIA-FACEBOOK/

∙ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരം സർക്കാരുകള്‍ ചോദിക്കുന്നത് 23 ശതമാനം വര്‍ധിച്ചുവെന്ന് ഫെയ്‌സ്ബുക്; ഇന്ത്യ രണ്ടാമത്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരം ചോദിച്ചുകൊണ്ട് വിവിധ രാജ്യങ്ങള്‍ സമീപിക്കുന്നത് 23 ശതമാനം വര്‍ധിച്ചതായി ലോകത്തെ ഏറ്റവും വിപുലമായ സമൂഹ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക് അറിയച്ചു. ഇക്കാര്യത്തില്‍ ഏറ്റവുമധികം പേരുടെ കാര്യങ്ങള്‍ ചോദിച്ചിരക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യ ഈ കാലയളവില്‍ 35,560 അഭ്യർഥനകള്‍ നടത്തി. 57,294 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യ ചോദിച്ചത്. ഇതില്‍ 50 ശതമാനം കേസുകളിലും എന്തെങ്കിലും ഡേറ്റ നല്‍കുകയും ചെയ്തുവെന്ന് കമ്പനി വെളിപ്പെടുത്തി. അമേരിക്ക 106,114 അക്കൗണ്ടുകളെക്കുറിച്ച് അറിയാനായി 61,528 അഭ്യര്‍ഥനകള്‍ നടത്തിയെന്നും കമ്പനി അറിയിച്ചു.

English Summary: Amazon PlayStation 5 customers report receiving toys, cat food, or simply nothing at all

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA