ADVERTISEMENT

കോവിഡിൽ അകപ്പെട്ട പത്തുമാസം ലോകം അത് ഉറപ്പായും അതിജീവിക്കുമെന്നതിന്റെ കൂടി സൂചകമായെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത. ഇന്ത്യയിലെ വ്യക്തിഗത ഡാറ്റ ഉപഭോഗം 2018 ൽ എട്ടു ജിബി എന്ന ശരാശരിയിൽ നിന്ന് 2020ൽ 14 ജിബി എന്ന തലത്തിലെത്തി. ഷോപ്പിങ്ങിനും ബാങ്കിങ്ങിനും വിദ്യാഭ്യാസത്തിനും വ്യക്തിഗത ഇടപെടലുകളിൽ പോലും ഡിജിറ്റൽ കടന്നെത്തിയ കാഴ്ചയാണ് 2020 നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് ഗുപ്ത.

ജനജീവിതത്തിൽ സാങ്കേതികവിദ്യ മാറ്റം വരുത്തിയ കാലം കൂടിയാണിത്. ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ പ്രാദേശിക ഭാഷകളിലും പഠന വിഡിയോകൾ ഉൾപ്പെടുത്തുന്നതിന് യുട്യൂബ് മുൻഗണന നൽകിവരുന്നു. ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ ഡിജിറ്റൽവത്കരണം ഊർജിതമാകുന്ന കാഴ്ച കൂടി 2020 നൽകിയെന്നും സഞ്ജയ് ഗുപ്ത പറഞ്ഞു. സാമ്പത്തിക അവസ്ഥ, പ്രായഭേദങ്ങൾ എന്ന വേർതിരിവില്ലാതെ അവസരങ്ങളുടെ ജനാധിപത്യവത്കരണത്തിന്റെ കാലം കൂടിയാണിത്. പുത്തൻ സാഹചര്യം നൽകുന്ന അവസരങ്ങൾക്കൊത്തുയർന്നാൽ നേട്ടം കൊയ്യാനാകുമെന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.

നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഗൂഗിൾ പ്രോത്സാഹിപ്പിക്കുന്നു. എഐ മനുഷ്യജീവിതത്തെ മാറ്റി മറിക്കും. പ്രളയ പ്രവചനം എഐ ഉപയോഗിച്ച് സാധ്യമാകും. 48 മണിക്കൂർ മുൻപ് ആളുകൾക്ക് തങ്ങളുടെ ഫോണിൽ എവിടെ എത്ര വെളളം വരുമെന്ന വിവരം കൈമാറാൻ സാധിക്കും. വെളെളത്തിന്റെ മൂവ്മെന്റ് മനസ്സിലാക്കിയും മറ്റു സാധ്യതകൾ ഉപയോഗിച്ചുമാണ് ഇതു സാധ്യമാകുന്നത്. രോഗപ്രവചനവും എഐ കൊണ്ട് സാധ്യമാകും. നിർമിത ബുദ്ധി രോഗം നേരത്തെ തന്നെ കണ്ടെത്താൻ വരെ ഉപയോഗിക്കാമെന്നും സഞ്ജയ് ഗുപ്ത പറഞ്ഞു.

sanjai-guptha

ഗൂഗിൾ ഇന്ത്യയുടെ ഭാവി പ്രവർത്തനങ്ങൾ ഇന്ത്യയിലാണ്. ഇന്ത്യയെ ലീഡിങ് ഡിജിറ്റൽ രാജ്യമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഏകദേശം 50 കോടി ആളുകൾ ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അത് 100 കോടി ആളുകളിലേക്ക് എത്തിക്കും. ജിയോയുമായി ചേർന്ന് വില കുറഞ്ഞ സ്മാർട് ഫോണുകൾ പുറത്തിറക്കുന്നത് കൂടുതൽ ആളുകളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കാൻ സഹായിക്കും. ഇതോടൊപ്പം തന്നെ ആളുകളുടെ ക്രിയേറ്റിവിറ്റി പ്രോത്സാഹിപ്പിക്കാൻ യുട്യൂബ് പോലുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കും. ഇന്ന് ഇന്ത്യയിൽ യുട്യൂബിന് പത്തു ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സുള്ള 2500 ൽ ആധികം ചാനലുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരിക്കാൻ നിർബന്ധിതമായ കോവിഡ് കാലത്ത് കുടുംബത്തിലെ ചെറുപ്രായക്കാർ മുതിർന്നവർക്ക് സാങ്കേതികവിദ്യയുടെ പുതു അനുഭവം പകർന്നു നൽകുന്ന കാഴ്ചയുണ്ടായി. ഒരു മാറ്റം പുതിയ അവസരമാകുന്നതിന്റെ ഉദാഹരണമായിരുന്നു ഇത്. വീടുകളിലെ കുട്ടികളാണ് ഇപ്പോൾ അമ്മമാരെ പഠിപ്പിക്കുന്നത്. ഗൂഗിളിന് കേരളീയരുടെ ഹൃദയത്തിൽ സ്ഥാനമുണ്ടെന്നത് അറിയാമെന്നും ഗൂഗിളിന്റെ ഒരു ഓഫിസ് കേരളത്തിൽ തുടങ്ങുന്നതിലേറെ മലയാളികൾക്കിടയിൽ ഗൂഗിളിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയെന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് സഞ്ജയ് ഗുപ്ത. ഗൂഗിളിന്റെ ഓഫിസ് കേരളത്തിൽ തുടങ്ങുമോ എന്ന പ്രതിനിധികളിൽ ഒരാളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിനു തുടക്കം. പൂർണമായും ഓൺലൈനായി നടക്കുന്ന ഇത്തവണത്തെ ഡിജിറ്റൽ കൂട്ടായ്മയ്ക്കു തുടക്കമിട്ട് ബിസിനസ് ബ്ലോഗിങ് സിഇഒ കിരുബ ശങ്കർ സംസാരിക്കുന്നു. മൂവായിരത്തോളം പേർ ഇത്തവണ ടെക്സ്പെക്റ്റേഷന് റജിസ്റ്റർ ചെയ്തതായി സംഗമത്തിലെ ചർച്ചകൾ പരിചയപ്പെടുത്തി നടത്തിയ ആമുഖ അവതരണത്തിൽ കിരുബ അറിയിച്ചു. ടെക്‌ലോകത്തെ പുത്തൻ ആശയങ്ങളുടെ ചർച്ചാതലം കൂടിയായി മാറിയ ടെക്‌സ്പെക്റ്റേഷൻസിലൂടെ കോവിഡ് അനന്തര ലോകത്തിന്റെ പുത്തൻ സാധ്യതകൾ കൂടി ഇത്തവണ വിലയിരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ആമുഖ പ്രസംഗത്തിൽ മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിലാണ്, കഴിഞ്ഞ രണ്ടു പതിപ്പുകളിൽനിന്ന് വ്യത്യസ്തമായി മൂന്നാം പതിപ്പ് വെർച്വൽ മീറ്റായി നടക്കുന്നത്.ആമസോൺ പ്രൈം വിഡിയോ ഇന്ത്യ ഡയറക്ടർ ആൻഡ് ഹെഡ് – കണ്ടെന്റ് വിജയ് സുബ്രഹ്മണ്യം, സിനിമ സംവിധായകൻ മഹേഷ് നാരായണൻ, ഫയർസൈഡ് വെഞ്ച്വേഴ്സ് പാർട്ണറും സിഎഫ്ഒയുമായ ദിപാഞ്ജൻ ബസു, അയൺ പില്ലർ ഫണ്ട് മാനേജിങ് പാർട്ണർ ആനന്ദ് പ്രസന്ന, ഇൻ‌മോബി വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ നവീൻ മാധവൻ, അക്കാമെയ് ടെക്നോളജീസ് പ്രൊഡ്കട് മാനേജർ റിഷി വര്‍മ എന്നിവരുൾപ്പെടെ ഇരുപത്തിയഞ്ച് പ്രഗത്ഭർ വിവിധ സെഷനുകളിലായി സംസാരിക്കും.

പ്രമുഖ കമ്പനികളുടെ സി‌ഇ‌ഒമാർ, സി‌ടി‌ഒമാർ, സി‌എക്സ്ഒമാർ, വിപിമാർ, സീനിയർ മാനേജർമാർ, ഡയറക്ടർമാർ, ബോർഡ് അംഗങ്ങൾ, മാനേജർമാർ, തലവന്മാർ, ഐടി എൻജിനീയർമാർ, ഡവലപ്പർമാർ, സംരംഭകർ, ബിസിനസ് പങ്കാളികൾ, ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷനലുകൾ, പ്രഫസർമാർ, ഗവേഷകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് കൺസൽറ്റന്റുമാർ, എക്സിക്യൂട്ടീവുകൾ തുടങ്ങിയവരെല്ലാം സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് അവസരം.

സ്റ്റാർട്ടപ്പുകൾക്കും പുതിയ സംരംഭങ്ങൾക്കുമുള്ള നിക്ഷേപ വഴികൾ, ബ്രാൻഡുകളുടെയും ബിസിനസ്സിന്റെയും മാർക്കറ്റിങ് കാഴ്ചപ്പാടിലെ മാറ്റങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ് 2021 - ബ്രാൻഡുകൾക്ക് എന്ത്, എങ്ങനെ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഒന്നാം ദിവസത്തെ പാനൽ ചർച്ച. സ്ട്രീമിങ് കണ്ടെന്റ് ഇക്കോസിസ്റ്റം, വിദ്യാഭ്യാസവും ഡിജിറ്റൽ പഠനത്തിലേക്കുള്ള പുതിയ മാറ്റവും, ബ്രാൻഡുകളും മൊബൈൽ പരസ്യങ്ങളും, നവയുഗ വിഡിയോ പ്ലാറ്റ്‌ഫോമുകളും വ്ലോഗർമാരും എന്നീ വിഷയങ്ങളിലാണ് രണ്ടാം ദിവസ ചർച്ചകൾ. ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജ് പാര്‍ട്ണര്‍. അക്കാമെ സഹപ്രായോജകരാണ്. 

കൂടുതൽ വിവരങ്ങൾക്ക്:  www.techspectations.com

English Summary: The Digital Meet of Kerala: Techspectations-2020, third edition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com