ADVERTISEMENT

ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്ന രീതി അത്ര തൃപ്തികരമല്ല എന്നൊരു വാദം ഉയര്‍ത്തിയിരിക്കുകയാണ് ചില വിദഗ്ധര്‍. ചൈനീസ് ആപ്പുകളെ നിരോധിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന അപാരമായ അധികാരവും, അതിലെ സുതാര്യത ഇല്ലായ്മയുമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്. നിരോധിക്കപ്പെട്ട കൂടുതല്‍ ആപ്പുകളിലും കുറച്ച് സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കാമെങ്കിലും അവ ഈ ചൈനീസ് ആപ്പുകളില്‍ മാത്രമാണോ ഉള്ളതെന്നാണ്, ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അപാര്‍ ഗുപ്ത ചോദിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ മറ്റ് ആപ്പുകളിലും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പൊതു നയം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാകണം.

 

മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് അതിനനസുസരിച്ച് പിഴകള്‍ ചുമത്തണമെന്നും, അതില്‍ തുല്യനീതി ഉറപ്പാക്കണം എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ന്യൂ യോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി നിയമ വിദഗ്ധയായ മിഷി ചൗധരിക്കും ഇക്കാര്യത്തില്‍ ചില വാദങ്ങള്‍ ഉയര്‍ത്താനുണ്ട്. അവര്‍ പറയുന്നത് ആപ്പ് നിരോധനത്തില്‍ അയല്‍ക്കാര്‍ തമ്മിലുള്ള കിടമത്സരവും, സൈബര്‍ നയവും ഉള്‍പ്പെടുന്നു. ഇവരണ്ടും കെട്ടുപിണഞ്ഞു കിടക്കുകയും ചെയ്യുന്നു. ചൈന നിയമമനുസരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യവുമല്ല. പല കാര്യങ്ങളിലും ചൈനയുടെ പ്രവര്‍ത്തനം കുപ്രസിദ്ധവുമാണ്. അതിനാല്‍ തന്നെ സർക്കാരിന് ഇപ്പോള്‍ സ്വീകിരിച്ചുവരുന്ന നടപടികള്‍ എടുക്കാന്‍ വയ്യെന്നു വാദിക്കാന്‍ സാധ്യമല്ല. പക്ഷേ, സ്വദേശി ആപ്പുകളാണ് വിദേശി ആപ്പുകളെക്കാള്‍ നല്ലതെന്ന് എന്തിനാണ് പറഞ്ഞു പരത്തുന്നതെന്നാണ് മിഷി ചോദിക്കുന്നത്.

 

ആപ്പുകളെ വിലക്കുന്ന കാര്യത്തില്‍ സുതാര്യത വേണമെന്ന് മിഷിയും ആവശ്യപ്പെടുന്നു. ആപ്പുകള്‍, അവ ഇന്ത്യനാണെങ്കിലും അമേരിക്കനാണെങ്കിലും ചൈനീസ് ആണെങ്കിലും ഒരേ മാനദണ്ഡങ്ങള്‍ കൊണ്ട് വിലയിരുത്തണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ, മാനദണ്ഡങ്ങള്‍ എന്താണെന്നു വ്യക്തമാക്കാതെ നടപ്പാക്കുന്ന വിലക്കുകള്‍ അനിശ്ചിതത്വം സൃഷ്ടക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നന്നായി ചിന്തിച്ചുറപ്പിച്ച നയങ്ങള്‍ പ്രകാരമാണ് നിരധോനം നടപ്പിലാക്കുന്നതെന്ന് തനിക്കു തോന്നുന്നില്ലെന്നാണ് മിഷി പറയുന്നത്. ഇന്ത്യയ്ക്ക് ഒരു ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമമില്ല എന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ ഈ നിയമം വരുമെന്നാണ് കരുതുന്നത്. ഇതിനു ശേഷം അതനുസരിച്ച് ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലാ ആപ്പുകള്‍ക്കും നിയമം ഒരേ പോലെ ബാധകമാക്കണം. ഡേറ്റാ മോഷണം നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ടെക്‌നോളജി കമ്പനികളെക്കൂടാതെ ആളുകളുടെ ഫോണ്‍ നമ്പര്‍ വില്‍ക്കുന്നതിനെക്കുറിച്ചും ആധാര്‍ നമ്പര്‍ വില്‍ക്കുന്നതിനെക്കുറിച്ചും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തിലൊക്കെ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 

TCS-FC-Kohli

ഉപയോക്താവിന്റെ ഡേറ്റാ ചോർത്തല്‍ ചൈനീസ് ആപ്പുകളുടെ മാത്രം പ്രശ്‌നമാണെന്ന ചിത്രീകരണത്തിനെതിരെയാണ് ഗുപ്തയും രംഗത്തുവന്നിരിക്കുന്നത്. സ്വദേശി വിദേശി വിഭജനമില്ലാതെ എല്ലാ ആപ്പുകള്‍ക്കും ഇതു ബാധകമാക്കണം. സ്വദേശി ആപ്പുകള്‍ ഡേറ്റാ ശേഖരിച്ച ശേഷം അതു വില്‍ക്കുന്നില്ലെന്ന് എങ്ങനെ പറയാനൊക്കും? സൈബര്‍ സുരക്ഷാ പ്രശ്‌നം, വ്യക്തികളുടെ ഡേറ്റ എടുത്തുകൊണ്ടു പോകല്‍ തുടങ്ങിയവയെല്ലാം പ്രശ്‌നങ്ങളാണ്. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ അതിനെതിരെ നിയമമില്ല. മാര്‍ക്കറ്റിലുള്ള ദശലക്ഷക്കണക്കിന് മറ്റ് ആപ്പുകളും ഇതെല്ലാം ചെയ്യുന്നുണ്ടാകാം. അതിനാല്‍ തന്നെ ഒരു ആപ്പ് ചൈനയില്‍ വികസിപ്പിച്ചതാണോ അതോ ടിംഹബുക്റ്റുവില്‍ (Timbuktu) വികസിപ്പിച്ചതാണോ എന്നതില്‍ ഒരു വ്യത്യാസവുമില്ലെന്ന് ഗുപ്ത പറയുന്നു. നമുക്കു നിയമം വേണം. എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള ശരിയായ വീക്ഷണമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. അതു കൂടാതെ ഈ വിലക്കുള്‍, ഇന്ത്യയുടെ ടെക്‌നോളജി പോളിസി എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ചില ചോദ്യങ്ങളും ഉന്നയിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ടെക്‌നോളജിയെക്കുറിച്ച് എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചിന്താ പദ്ധതി ഇനിയും ഉരുത്തിരിഞ്ഞുവന്നിട്ടില്ല. ഇപ്പോള്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ പല കമ്പനികള്‍ക്കും ആകര്‍ഷകമായിരിക്കില്ലെന്നും അവര്‍ പറയുന്നു. എന്തും ചെയ്‌തോട്ടെ പക്ഷേ അതില്‍ സുതാര്യത ഉണ്ടാകുന്നതായിരിക്കും നല്ലതെന്ന അഭിപ്രായമാണ് ഉയരുന്നത്. കാര്യങ്ങള്‍ പ്രവചനീയമായിരിക്കണം എന്നാണ് വാദം.

 

∙ ഇന്ത്യന്‍ ടെക്‌നോളജിയുടെ പിതാവ് അന്തരിച്ചു

 

ഇന്ത്യന്‍ ടെക്‌നോളജി വ്യവസായത്തിന്റെ ആദ്യകാല നായകനായ ഫക്കീര്‍ ചന്ദ് കോലി അന്തരിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ റ്റാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വിസിന്റെ സ്ഥാപകനായതാണ് അദ്ദേഹത്തെ ഇന്ത്യന്‍ കംപ്യൂട്ടര്‍ വ്യവസായത്തിന്റെ പിതാവ് എന്നു വിളിക്കാന്‍ കാരണം. 1924 മാര്‍ച്ച് 19ന് ജനിച്ച അദ്ദേഹം നവംബര്‍ 26 നാണ് അന്തരിച്ചത്. അദ്ദേഹം റ്റാറ്റാ ഇലക്ട്രിക് കമ്പനീസില്‍ ജോലിക്കു ചേരുന്നത് 1951ലാണ്. അമേരിക്കയിലെ എംഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സമ്പാദിച്ച ശേഷമാണ് അദ്ദേഹം ജോലിക്കു കയറുന്നത്. മുംബൈയ്ക്കും പൂനെയ്ക്കുമിടയ്ക്ക് ഇലക്ട്രിക് ലൈന്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യങ്ങളിലൊന്ന്. ഇതോടെ ഇക്കാര്യത്തില്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ലോകത്തെ മൂന്നാമത്തെ കമ്പനിയായി ടാറ്റാ ഇലക്ട്രിക്. ടിസിഎസ് സ്ഥാപിക്കാനായി 1968ല്‍ അദ്ദേഹത്തെ ജെആര്‍ഡി ടാറ്റാ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ടിസിഎസിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിച്ചത് കോലിയായിരുന്നു. ഈ പ്രവര്‍ത്തനമാണ് ആഗോളതലത്തില്‍ ടിസിഎസിന് പിന്നീട് വിജയം നേടാനായതെന്ന് റ്റാറ്റാ ട്രസ്റ്റ്‌സിന്റെ മേധാവി രത്തന്‍ ടാറ്റ പറഞ്ഞു.

 

ടിസിഎസ് ഇന്ന് ലോകത്തെ മൂന്നാമത്തെ ഐടി സര്‍വിസസ് കമ്പനിയാണ്. ടാറ്റാ ഗ്രൂപ്പിന്റെ തൊപ്പിയിലെ പൊന്‍തൂവലും. കോലി തന്റെ 75-ാമത്തെ വയസില്‍ 1999ലാണ് ടിസിഎസില്‍ നിന്നു വിരമിക്കുന്നത്. കുറച്ചു വാക്കുകള്‍ മാത്രം ഉപയോഗിച്ചിരുന്ന അദ്ദേഹം വേണ്ടിടത്ത് കടുത്ത നിലപാടുകളെടുക്കുന്ന കാര്യത്തില്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ഇന്ത്യയില്‍ കംപ്യൂട്ടര്‍ വിപ്ലവം തുടങ്ങിയ ടിസിഎസിന്റെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി തീരുകയായിരുന്നു കോലി. ഇന്ത്യയുടെ ഇന്നത്തെ 190 ബില്ല്യന്‍ ഡോളറിലേറെ മൂല്യമുള്ള കംപ്യൂട്ടര്‍ വ്യവസായത്തിന്റെ മൂലക്കല്ലായിരുന്നു ടിസിഎസ്. ടാറ്റാ സണ്‍സ് വെബ്‌സൈറ്റിലെ ഒരു കുറിപ്പ് ഇങ്ങനെയാണ്: മറ്റാരും അതിന്റെ ശക്തിയെക്കുറിച്ച് ചിന്തിക്കാതിരുന്ന സമയത്ത് ഇന്ത്യയില്‍ കംപ്യൂട്ടറൈസേഷന്‍ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഗുണങ്ങളെക്കുറിച്ചും ചിന്തിക്കുകയും ചെയ്ത കോലി രാജ്യത്തിന്റെ വികസനത്തിന് ചാലകശക്തിയായി തീരുകയായിരുന്നു. സ്വതവേ ദാര്‍ശനികനും, വഴിയൊരുക്കലുകാരനുമായി അറിയപ്പെടുന്ന അദ്ദേഹത്തെ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ പിതാവായി അംഗീകരിക്കുന്നു.

amazon

 

∙ ഡിസംബര്‍ ആദ്യ ആഴ്ച വീണ്ടും പബ്ജി കളിക്കാനായേക്കുമെന്ന്

 

പബ്ജി മൊബൈല്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത് ഡിസംബര്‍ ആദ്യ വാരമാകാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമ്പൂര്‍ണമായും പുതിയ ഗെയിമായിരിക്കും പബ്ജി മൊബൈല്‍ ഇന്ത്യ അവതരിപ്പിക്കുക. ആദ്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും പിന്നീട് ഐഒഎസ് ഉപയോക്താക്കള്‍ക്കും പബ്ജി ലഭിക്കുമെന്നാണ് സൂചന.

 

∙ ഗൂഗിള്‍ പേ ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ലെന്ന്

 

അടുത്ത വര്‍ഷം മുതല്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇതിനൊരു വിശദീകരണവുമായി ഗൂഗിള്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. അവര്‍ പറയുന്നത് പുതിയ മാറ്റം ഇന്ത്യയില്‍ ബാധകമായിരിക്കില്ല എന്നാണ്. ഇന്ത്യയില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍ ഫ്രീയായി തുടരും.

 

∙ വേണ്ട വിവരങ്ങള്‍ നല്‍കാത്തതിന് ആമസോണിനു പിഴ

 

ആമസോണില്‍ കൂടെ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരുന്നതില്‍ ആമസോണിന് സർക്കാർ പിഴയിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആണസോണിനും ഫ്‌ളിപ്കാര്‍ട്ടിനും കഴിഞ്ഞ മാസം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആദ്യ നിയമ ലംഘനമെന്ന നിലയില്‍ 25,000 രൂപയാണ് വാങ്ങിയിരിക്കുന്നത്. ഈ കുറ്റം ഫ്‌ളിപ്കാര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല.

 

∙ ആപ്പിളിന്റെ പുതിയ എം1 മാക്കുകള്‍ക്ക് ബ്ലൂടൂത്ത് പ്രശ്‌നം

 

ആപ്പിളിന്റെ സ്വന്തം സിലിക്കണ്‍ പ്രോസസര്‍ എം1 ഉപയോഗിച്ചെത്തിയ മൂന്ന് കംപ്യൂട്ടറുകള്‍ക്കും ബ്ലൂടൂത്ത് പെയറിങ് പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിളിന്റെ സ്വന്തം എയര്‍പോഡ്‌സിനു വരെ ചില സമയത്ത് പെയറിങ് പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

∙ റെഡ്മി നോട്ട് 7, നോട്ട് 7എസ് മോഡലുകള്‍ക്ക് പുതുക്കിയ ഒഎസ്

 

ഷഓമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7എസ് മോഡലുകള്‍ക്ക് പുതിയ എംഐയുഐ12 അപ്‌ഡേറ്റ് ഇന്ത്യയില്‍ ലഭിച്ചു തുടങ്ങി.

 

English Summary: Faqir Chand Kohli, father of India's software industry, passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com