നഗ്നതയും രക്തവും കാണില്ല, സാരിയും സൽവാറും ധരിച്ചെത്തുമോ ഇന്ത്യൻ പബ്ജി ഗേൾ

Mail This Article
മറ്റ് ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പബ്ജി ഗെയിമും നിരോധിച്ചത്. എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന എന്തും ഇന്ത്യയ്ക്ക് വേണ്ടി നടപ്പിലാക്കാമെന്നും ഗെയിം അനുവദിക്കണമെന്നുമാണ് പബ്ജി അധികൃതർ ഇപ്പോൾ പറയുന്നത്. ഇന്ത്യയ്ക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത പബ്ജി മൊബൈൽ ഗെയിമിന്റെ പതിപ്പ് അവതരിപ്പിക്കാൻ എല്ലാ വഴികളും തേടുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷനൽകുന്ന പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
കൊറിയൻ ഗെയിം നിർമാതാക്കളായ പബ്ജി കോർപ്പറേഷന്റെ പ്രസിദ്ധമായ വാർ റോയൽ ഗെയിമിന്റെ സ്വന്തം പതിപ്പുള്ള മറ്റ് നിരവധി ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടുമെന്നാണ് അറിയുന്നത്. തായ്‌വാൻ, ചൈന, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ പബ്ജിയുടെ അവർക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്ത പതിപ്പുകളാണ് ഉപയോഗിക്കുന്നത്.
കൊറിയയിലും ജപ്പാനിലും പബ്ജി മൊബൈൽ കൂടുതൽ ജനപ്രിയമാണ്. രണ്ട് ഏഷ്യൻ രാജ്യങ്ങളിലും പബ്ജി മൊബൈൽ ‘ഡൊണാക്റ്റ്സു മെഡൽ’ എന്നറിയപ്പെടുന്ന പ്രത്യേകം കറൻസി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഇൻ-ഗെയിം സ്റ്റോറിൽ നിന്ന് ക്രേറ്റുകളും മറ്റ് ഗുഡികളും വാങ്ങാൻ ഉപയോഗിക്കാം. പബ്ജി മൊബൈലിന്റെ തായ്‌വാൻ പതിപ്പ് പബ്ജി മൊബൈൽ TW (തായ്‌വാൻ) എന്നറിയപ്പെടുന്നു. തായ്‌വാനിലെ ആളുകൾക്ക് രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ചൈനയിൽ പബ്ജി മൊബൈൽ ഗെയിം ഓഫ് പീസ് എന്നാണ് അറിയപ്പെടുന്നത്. പബ്ജി മൊബൈലിന്റെ ഈ പതിപ്പ് രാജ്യത്തെ ടെൻസെന്റ് കമ്പനി 2019 മെയിലാണ് അവതരിപ്പിച്ചത്. ചൈനയിലും ഗെയിം ആരംഭിക്കാൻ അനുവദിച്ചത് രാജ്യത്തെ സർക്കാർ ഏർപ്പെടുത്തിയ എല്ലാ ആവശ്യകതകളും നിറവേറ്റിയ ശേഷമാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) അംഗീകാരത്തിനായി കമ്പനി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇതിനാൽ പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. പബ്ജി മൊബൈൽ ഇന്ത്യയുടെ പ്രൊമോട്ടർമാർ ‘ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ തയാറാണ്’ എന്ന് അറിയിച്ചിട്ടുണ്ട്.
∙ പബ്ജിക്ക് ഇന്ത്യയിൽ വെല്ലുവിളികൾ ഏറെ
ഗെയിമിനെ വിമർശിക്കുന്ന സർക്കാരിനെയും മാതാപിതാക്കളെയും ആരോഗ്യ വിദഗ്ധരെയും പബ്ജി കോർപ്പറേഷൻ എങ്ങനെ പ്രീതിപ്പെടുത്തുമെന്നാണ് എല്ലാവരും വീക്ഷിക്കുന്നത്. പബ്ജി മൊബൈൽ നിരോധിക്കാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ പറയപ്പെട്ട കാരണം ഡേറ്റാ സുരക്ഷയാണ്. എന്നാൽ, ചൈനീസ് കമ്പനി ടെൻസെന്റിനെ ഇന്ത്യയിലെ വിതരണത്തിൽ നിന്ന് തന്നെ ഒഴിവാക്കി കഴിഞ്ഞു.
ഇതോടൊപ്പെ തന്നെ പൂർണവസ്ത്രം ധരിച്ച അവതാരങ്ങളെയാണ് മിക്കവരും ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിനു ഒത്തിണങ്ങിയ വസ്ത്രങ്ങളും ഫാഷനും മതിയെന്നാണ് വാദം. ഇതോടെ പബ്ജി ഗേൾ സാരിയും ചുരിദാറും ധരിച്ച് വന്നാലും അദ്ഭുതപ്പെടേണ്ട. സാധാരണയായി പുതിയൊരു ഉപയോക്താവ് ഗെയിം ആരംഭിക്കുമ്പോൾ പബ്ജി അവതാർ അർദ്ധ നഗ്നനാണ്. അടിവസ്ത്രം മാത്രം ധരിക്കുന്നു. നിങ്ങളുടെ ശേഖരത്തിൽ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ കഥാപാത്രത്തെ വസ്ത്രം ധരിപ്പിക്കാം. അല്ലാത്തപക്ഷം, ഈ കഥാപാത്രങ്ങൾ അടിവവസ്ത്രം ഒഴികെ വസ്ത്രങ്ങൾ ധരിക്കുന്നില്ല. എന്നാൽ പബ്ജി മൊബൈൽ ഇന്ത്യയിൽ ഈ സംവിധാനം മാറ്റിയേക്കുമെന്നാണ് അറിയുന്നത്. നിങ്ങൾ ഗെയിം തുടങ്ങുമ്പോൾ തന്നെ പബ്ജി കഥാപാത്രം പൂർണമായും വസ്ത്രം ധരിച്ചിരിക്കും. ഈ വസ്ത്രങ്ങൾ എന്തായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും സാരിയും സൽവാറുറുമൊക്കെ ആയേക്കാമെന്നാണ് നിരീക്ഷണം. ഒരുപക്ഷേ ഇന്ത്യൻ കളിക്കാർക്കായി ധോതികൾ, കുർത്ത എന്നിവയും ഉണ്ടായേക്കാം.
ഇതോടൊപ്പം രക്തം ചിന്തുന്നതും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കുട്ടികളാണ് ഈ ഗെയിം കാര്യമായി കളിക്കുന്നത്. ഇതിനാൽ തന്നെ ഗെയിമിൽ രക്തം ചിന്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗെയിം സമയം സംബന്ധിച്ച് നിയന്ത്രണം വേണമെന്നും ആവശ്യമുണ്ട്. പബ്ജി മൊബൈൽ നിരോധിക്കുന്നത് പ്രധാന കാരണവും ഇതാണ്. മിക്കവരും രാപകൽ പബ്ജി കളിക്കാനിരിക്കുന്നു.
English Summary: PUBG Mobile India Will Make India