ADVERTISEMENT

തന്റെ സംഗീത ട്രൂപ്പിന്റെ വിജയത്തില്‍ ശ്രദ്ധിക്കാനായി ഹൈസ്‌കൂളില്‍ വച്ചു പഠിപ്പു നിർത്തിയ കുട്ടിയ 17-ാം വയസില്‍ മാതാപിതാക്കള്‍ വീട്ടില്‍ നിന്നു പുറത്താക്കുന്നു. വിറച്ചു മരിച്ചുപോകുമോ എന്നു പേടിച്ച് ടോക്കിയോയിലെ തെരുവില്‍ അവന്‍ രണ്ടു ശൈത്യകാലം മുഴുവന്‍ കഴിച്ചുകൂട്ടി. കോച്ചുന്ന തണുപ്പില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ആയിരുന്നു അവന് ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായത്. പകല്‍ പാട്ടു പാടും. രാത്രിയിലെ കൊടും തണുപ്പില്‍ തെരുവില്‍ കിടക്കും. മാതാപിതാക്കള്‍ക്ക് അവന്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ടതു ചെയ്യാനേ ഉദ്ദേശമുള്ളു എന്നു തീര്‍ത്തു പറഞ്ഞപ്പോഴാണ് അവര്‍ അവനെ പുറത്താക്കിയത്. തിരിച്ചു വീട്ടിലേക്കില്ലെന്ന വാശിയിലായിരുന്നു തായിഹെയ് കൊബായാഷി (Taihei Kobayashi) എന്ന ബാലന്‍. തെരുവില്‍ അവന്‍ നിരവധി പേരുമായി സന്ധിച്ചു. അതിന്റെയല്ലാം ഫലമായി അവന്റെ ഭാഗ്യം മാറിമറിഞ്ഞു. അങ്ങനെ അവന്‍ ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയറായി ജോലിയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് 2012ല്‍ സണ്‍ ആസ്‌ട്രെറിസ്‌ക് (എഴുതുന്നത് Sun* Inc.) എന്ന കമ്പനി സ്ഥാപിച്ചവരുടെ കൂട്ടത്തില്‍ ഒരാളായി തീരുകയായിരുന്നു തായിഹെയ്. ഇന്ന് അദ്ദേഹം അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ്. ഈ കമ്പനിയുടെ ആസ്തി ഇപ്പോൾ 100 കോടി ഡോളറിന് (ഏകദേശം 7355.75 കോടി രൂപ) മുകളിലാണ്.

 

∙ താന്‍ മരിച്ചു പോയേക്കാമായിരുന്നു

 

രണ്ടു പതിറ്റാണ്ടു മുൻപ് തന്നെ കണ്ടിരുന്ന ആര്‍ക്കും താന്‍ ഈ നിലയിലെത്തുമെന്ന് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ലെന്ന് തായ്‌ഹെയ് പറയുന്നു. ഹൈസ്‌കൂളില്‍ വച്ച് പഠിപ്പു നിർത്തുന്നു എന്നു പറഞ്ഞത് തന്റെ മാതാപിതാക്കള്‍ക്ക് സമ്മതിക്കാനാകുമായിരുന്നില്ലെന്ന് അദ്ദേഹം ഇന്നു സമ്മതിക്കുന്നു. അവർ അന്ന് എന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഞാന്‍ ഇറങ്ങിപ്പോന്നു. അത്രതന്നെ, തായ്‌ഹെയ് പറയുന്നു. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് എനിക്കെന്റെ ജീവിതം ആസ്വദിക്കണമായിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, താന്‍ തെരുവില്‍ കഴിഞ്ഞ ശൈത്യകാലങ്ങള്‍ അത്രമേല്‍ തണുപ്പുള്ളവയായിരുന്നു എന്നും താന്‍ തണുത്തു മരിച്ചു പോയേക്കാമായിരുന്നു എന്നും ഇപ്പോള്‍ 37-കാരനായ തായ്‌ഹെയ് പറയുന്നു. അക്കാലം ശരിക്കും നരകമായിരുന്നു. എന്നാല്‍, താന്‍ അതിനെ അതിജീവിച്ചു. അക്കാലത്ത് തനിക്ക് എവിടെക്കിടക്കാമോ അവിടെ കിടന്നുറങ്ങി. അതില്‍ 80 ശതമാനം ദിവസങ്ങളിലും തെരുവില്‍ തന്നെയായിരുന്നു കിടപ്പ്. ടോക്കിയോയിലെ ഷിഞ്ചുകു (Shinjuku), ഷിബുയ എന്നീ രണ്ടു ജില്ലകളിലായിരുന്നു തായ്‌ഹെയ് തെരുവില്‍ കഴിഞ്ഞത്. സ്‌കൂളിലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഇപ്പോള്‍ സണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളുമായ യുഷി ഫുക്കാഗാവ അദ്ദേഹം തെരുവില്‍ കഴിഞ്ഞ കാലം ഓര്‍ത്തെടുക്കുന്നു. താന്‍ അതേപ്പറ്റി അന്ന് അത്രയ്ക്ക് ചിന്തിച്ചിരുന്നില്ല. എന്നാല്‍ തന്റെ മാതാപിതാക്കള്‍ക്ക് തായ്‌ഹെയ് തെരുവില്‍ കഴിയുന്നത് വളരെ വിഷമം ഉണ്ടാക്കിയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ബാക്കിയെല്ലാം ഒരു സിനിമാക്കഥ പോലെ, സ്വപ്‌നം പോലെ എന്നൊക്കെ പറയാം.

 

തായ്‌ഹെയ്‌യുടെ 19-ാം വയസില്‍ ഒരു ലൈവ് മ്യൂസിക് ക്ലബിന്റെ മാനേജര്‍ക്ക് യുവാവിന്റെ അവസ്ഥകണ്ട് മനസ്സലിഞ്ഞ് അവനെ തന്റെ ക്ലബിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആറു വര്‍ഷക്കാലത്തോളം അവിടെയായിരുന്നു. എന്നാല്‍, ആ കാലഘട്ടത്തിനു ശേഷം തനിക്ക് അവിടെ നിന്നിറങ്ങണമെന്ന് തോന്നി. തുടര്‍ന്ന് തന്റെ മ്യൂസിക് റെക്കോഡുകള്‍ ഓണ്‍ലൈനില്‍ വിറ്റ് കുറച്ചു പണം സമ്പാദിക്കുകയായിരുന്നു തായ്‌ഹെയ് ആദ്യം ചെയ്തത്. അതിനു ശേഷം എന്തെങ്കിലും യോഗ്യതയോ പ്രവൃത്തി പരിചയമോ വേണ്ടാത്ത ഒരു ജോലിയുടെ പരസ്യം അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. ഒരു ടെസ്റ്റ് എഴുതിയാല്‍ മതിയെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞത്. ആറു മണിക്കൂര്‍ നീണ്ട ടെസ്റ്റില്‍ ഗണിതശാസ്ത്രത്തിലെ കഴിവും, തര്‍ക്കശാസ്ത്രത്തിലെ കഴിവും, ഐക്യുവുമായിരുന്നു പരീക്ഷിക്കപ്പെട്ടത്. അവിടെ ജോലിക്കു കയറിയ തായ്‌ഹെയ്ക്ക് അവര്‍ സോഫ്റ്റ്‌വെയര്‍ പരിശീലനം നല്‍കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ആകുന്നത്.  

 

∙ സ്വന്തം കമ്പനി

 

അക്കാലത്താണ് സണ്‍ കമ്പനിയുടെ സ്ഥാപകരിലൊരാളായ മക്കൊട്ടോ ഹിരായിയുമായി തായ്‌ഹെയ് പരിചയത്തിലാകുന്നത്. ധാരാളം കഴിവുകളുള്ള സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകള്‍ ഉണ്ടെങ്കിലും അവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ വേണ്ടത്ര വേദികളില്ല എന്നകാര്യത്തില്‍ ഇരുവരും യോജിച്ചു. അങ്ങനെയാണ് പുതിയ കമ്പനിയുടെ ജനനം.

 

തുടര്‍ന്ന് 2012ല്‍ തായ്‌ഹെയ് വിയറ്റ്‌നാമിലേക്കു താമസം മാറ്റി. അവിടെ പുതിയ കമ്പനിയ്ക്കു വേണ്ട എൻജിനീയര്‍മാരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് 2013ല്‍ ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഫ്രാംഗിയയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പിന്നീട് 2019ലാണ് സണ്‍ ആസ്‌ടെറിസ്‌ക് എന്ന പേര് കമ്പനിക്കു ഇടുന്നത്. പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ജാപ്പനീസ് കമ്പനികളെ സഹായിക്കാനായി എന്‍ജിനീയര്‍മാരെ നല്‍കുക എന്നതായിരുന്നു കമ്പനിയ്ക്കു പിന്നിലെ ആശയം. സ്റ്റാര്‍ട്ട്-അപ് കമ്പനികളെ സഹായിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് തായ്‌ഹെയ് പറയുന്നു.

 

ഇന്ന്, തന്റെ കമ്പനിയുമായി ബന്ധപ്പെട്ട് തായ്‌ഹെയ്‌യുടെ മാത്രം ആസ്തി 7.4 കോടി ഡോളറാണ്! സണ്‍ ആസ്‌ട്രെറിറിസ്‌കിന് 70 ക്ലൈന്റുകളാണ് ഉള്ളത്. കമ്പനി ടോക്കിയോ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ, സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കുള്ള മദേഴ്‌സ് മാര്‍ക്കറ്റില്‍ ഈ വര്‍ഷം ജൂലൈയില്‍ ലിസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഓഹരി വില ആറുമടങ്ങാണ് ഉയര്‍ന്നത്. സെപ്റ്റംബറില്‍ അത് 140 കോടി ഡോളറായി ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീടത് 37 ശതമാനം ഇടിയുകയും ചെയ്തു. കമ്പനിയില്‍ 7.9 ശതമാനം ഓഹരിയാണ് തായ്‌ഹെയ്‌യുടെ കൈയ്യിലുള്ളത്.

 

തായ്‌ഹെയ് 2019ലാണ് വിയറ്റ്‌നാമില്‍ നിന്ന് ജപ്പാനിലേക്ക് മടങ്ങിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് തങ്ങളെക്കാള്‍ പേരെടുത്ത കമ്പനികളുടെ ബിസിനസ് വരെ ലഭിക്കുന്നുണ്ടെന്നാണ് തായ്‌ഹെയ് പറയുന്നത്. മറ്റു പല കമ്പനികളെക്കാളും വിശ്വാസവും കമ്പനി പിടിച്ചുപറ്റിയതായി പറയുന്നു. പ്രതിവര്‍ഷം 20-30 ശതമാനം വളര്‍ച്ച നേടാനായിരിക്കും സണ്ണിന്റെ ശ്രമം. തന്റെ കമ്പനിക്ക് ഇനിയും പല വെല്ലുവിളികളും നേരിടാനുണ്ടെന്നാണ് തായ്‌ഹെയ് തന്നെ പറയുന്നത്. എന്നാല്‍, 17-ാം വയസില്‍ വീടുവിട്ടിറങ്ങാന്‍ കാണിച്ച ധൈര്യം കൈമുതലായുള്ള ഒരാള്‍ക്ക് എങ്ങനെയായിരിക്കും പേടി കാണുക എന്നാണ് സണ്‍ കമ്പനിയുടെ എതിരാളികള്‍ ചോദിക്കുന്നത്.

 

English Summary: How a Homeless High School Dropout Became CEO of a $1 Billion Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com