sections
MORE

ഇന്ത്യയിൽ ആമസോണ്‍ കൂടുതൽ പ്രശ്‌നങ്ങളിലേക്ക്; മുതലയുടെ തോലുള്ള എയര്‍പോഡ്‌സ് മാക്‌സിനു വില 78,93,963 രൂപ!

amazon
SHARE

ആമസോണ്‍ ഇന്ത്യ പക്ഷപാതം കാണിക്കുന്നതായി ഓണ്‍ലൈന്‍ വില്‍പനക്കാരുടെ ഗ്രൂപ്പായ അയിയോവ (Aiova) ആരോപിച്ചു. ഇത് സംബന്ധിച്ച് നല്‍കിയ ആന്റിട്രസ്റ്റ് പരാതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആഗോള ഓണ്‍ലൈന്‍ വില്‍പനാ ഭീമന്‍ ആമസോണിന്റെ ഇന്ത്യന്‍ വിഭാഗം അവരുടെ സ്വന്തം വില്‍പനക്കാരായ ക്ലൗഡ്‌ടെയില്‍ (Cloudtail), ആമസോണ്‍ റീട്ടെയില്‍ എന്നീ സെല്ലര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നിരവധി പ്രതിസന്ധികളില്‍പ്പെട്ട് നട്ടംതിരിയുന്ന ആമസോണ്‍ ഇന്ത്യയെ മറ്റൊരു പ്രശ്നം കൂടി പിടികൂടിയിരിക്കുകയാണ്. 

അമേരിക്കന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ആമസോണും, അവരുടെ പ്രധാന എതിരാളി ഫ്‌ളിപ്കാര്‍ട്ടും എഫ്ഡിഐ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, ഇരു ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ണാടക ഹൈക്കോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന പരാതിയുടെ വിധിയും അധികം താമസിയാതെ ഉണ്ടായേക്കും. ഇനി വരാനിരിക്കുന്ന ചില പുതിയ ഓണ്‍ലൈന്‍ വില്‍പനക്കാര്‍ക്ക് ശക്തരായ എതിരാളികളില്ലാതാക്കാനുള്ള വഴിയൊരുക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആരോപണവും ചിലര്‍ ഉന്നയിക്കുന്നു.

∙ കോവിഡ് വന്നതോടെ എഐയുടെ കടന്നുവരവ് ശീഘ്രഗതിയിലാക്കി

ലോമെമ്പാടും വിവിധ കോവിഡ്-19 പ്രതിരോധ പദ്ധതികളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആഗോള ടെക്‌നോളജി ഭീമന്‍ ഐബിഎം പറയുന്നത് രോഗത്തിന്റെ വ്യാപനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവിനെ ശീഘ്രഗതിയിലാക്കി എന്നാണ്. എഐ അടക്കമുള്ള നൂതന ടെക്‌നോളജികള്‍ റീട്ടെയില്‍, ബാങ്കിങ് തുടങ്ങിയ മേഖലകളിലടക്കം അതിവേഗം കയറിക്കൂടുകയാണ്. ഐബിഎം ഇന്ത്യയുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ സുബ്രം നടരാജന്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം വളരെ നാടകീയമായ മാറ്റങ്ങളാണ് കണ്ടത് എന്നാണ്. എഐയുടെ കടന്നുവരവ് മെല്ലെയായിരുന്നു, എന്നാല്‍ കോവിഡിന്റെ വ്യാപനത്തോടെ അത് അതിവേഗം സ്വീകരിക്കപ്പെടുകയാണ്.

Hindu God Krishna on blue background

∙ ഐടി മേഖലാ ഓഫിസിലേക്ക് തിരിച്ചത്തുന്നത് ഈ വര്‍ഷവും പൂര്‍ണമായേക്കില്ലെന്ന് പഠനം

ഈ വര്‍ഷം ഐടി മേഖലയിലെ ഉദ്യോഗസ്ഥര്‍ തിരിച്ച് ഓഫിസുകളിലെത്താനുളള സാധ്യത കുറവാണെന്ന് പഠനം. ഈ വര്‍ഷം മാര്‍ച്ച് വരെ വലിയ മാറ്റമൊന്നും വന്നേക്കില്ല എന്നാണ് ഹൈദരാബാദ് സോഫ്റ്റ്‌വെയര്‍ എന്റര്‍പ്രൈസസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, 60 ശതമാനം കമ്പനികള്‍ മാര്‍ച്ചിനോടകം 20 ശതമാനം വരെ ജോലിക്കാരെ ഓഫിസിലെത്തിച്ചേക്കാം. വളരെ വലിയ കമ്പനികള്‍ ഏകദേശം 0-9 ജോലിക്കാരെ വരെ ഓഫിസിലിരുന്നു ജോലിചെയ്യാന്‍ വിളിച്ചേക്കാം. ഡിസംബര്‍ ആകുമ്പോഴേക്കക്ക് 50-70 ശതമാനം വരെ പേരെ ഓഫിസുകളിലെത്തിക്കാന്‍ കമ്പനികള്‍ ശ്രമിച്ചേക്കാം.

∙ സാംസങ് ഗ്യാലക്‌സി എസ് 21 അവതരണം താമസിയാതെ

ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട് ഫോണ്‍ മോഡലുകളിലൊന്നാകാന്‍ പോകുന്ന സാംസങ് ഗ്യാലക്‌സി എസ്21 സീരിസ് ഈ മാസം 14-ാം തിയിതി അവതരിപ്പിച്ചേക്കുമെന്ന് ശ്രുതി. സാംസങ് ചൈനയും, സാംസങ് അമേരിക്കയും ഫോണ്‍ നേരത്തെ ബുക്കു ചെയ്യുന്നവര്‍ക്ക് 50 ഡോളര്‍ വരെ വിലയുള്ള അക്‌സസറികള്‍ ഫ്രീയായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്21 അള്‍ട്രാ മോഡലിന് അഞ്ചു ക്യാമറാ സെന്‍സറുകള്‍ കണ്ടേക്കാമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. സീരിസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഗ്യാലക്‌സി എസ്21ന് 6.2-ഇഞ്ച് വലുപ്പമുളള സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക എന്നും കരുതുന്നു. എസ്21 പ്ലസ് ആണ് പ്രതീക്ഷിക്കുന്ന അടുത്ത മോഡല്‍. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്‌സെറ്റ് അല്ലെങ്കില്‍ അതിനു തുല്യമായ, സാംസങ് തന്നെ നിര്‍മിക്കുന്ന എക്‌സിനോസ് 2100 ആയിരിക്കും പ്രോസസര്‍. തുടക്ക മോഡലിന് 4000 എംഎഎച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ പ്ലസ് മോഡലിന് 4800 എംഎഎച് ബാറ്ററി ഉണ്ടായേക്കാം. ഈ വര്‍ഷത്തെ ഗ്യാലക്‌സി എസ്21 സീരിസിനൊപ്പം ചാര്‍ജർ നല്‍കിയേക്കുമെന്നും കേള്‍ക്കുന്നു. പുതിയ ഫോണിന്റെ അവതരണത്തോട് അനുബന്ധിച്ച് സാംസങ് ചെറിയൊരു വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്: https://youtu.be/02rHgZC9Dww

∙ സാംസങ് എം12 ഈ ആഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കാം

സാംസങ് തങ്ങളുടെ ഏറ്റവും വില കൂടിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നായ എം12 ഉം ഉടന്‍ അവതരിപ്പിച്ചേക്കുമെന്നു കേള്‍ക്കുന്നു. ഈ ആഴ്‌ചെ തന്നെ ഇതു പ്രതീക്ഷിക്കുന്നു. എക്‌സിനോസ് 850 ആയിരിക്കും പ്രോസസര്‍. ആൻഡ്രോയിഡ് 11 കേന്ദ്രീകൃത ഒഎസ് ആയിരിക്കും എന്നതും, 7000 എംഎഎച് ബാറ്ററി ഉണ്ടായിരിക്കും എന്നതും ഇതിന്റെ പ്രധാന ആകര്‍ഷണീയതകള്‍ ആയിരിക്കും. ഫോണിന് 3ജിബി റാം ആയിരിക്കാം നല്‍കുക.

∙ സമ്പത്തുകാര്‍ക്കായി ആപ്പിള്‍ എയര്‍പോഡ്‌സ് മാക്‌സ്- വില 78,93,963 രൂപ

ആപ്പിള്‍ എയര്‍പോഡ്‌സ് മാക്‌സിന്റെ ഇന്ത്യന്‍ വില വച്ചു തന്നെ അത് സാധാരണക്കാര്‍ വാങ്ങാന്‍ സാധ്യത ഇല്ലാത്ത ഒരു ഹെഡ്‌സെറ്റാണ് എന്നു കാണാം. അതിന്റെ എംആര്‍പി 59,900 രൂപയാണ്. എന്നാല്‍, കാവിയ കമ്പനി ലിമിറ്റഡ് എഡിഷന്‍ ആപ്പിള്‍ എയര്‍പോഡ്‌സ് മാക്‌സ് എന്നൊരു മോഡല്‍ പുറത്തിറക്കി. ഇതില്‍ കലര്‍പ്പില്ലാത്ത 18 ക്യാരറ്റ് സ്വര്‍ണവും, മുതലയുടെ തോലുമാണ് ഉപയോഗച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഇതു ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, സാധാരണ എയര്‍പോഡ്‌സ് മാക്‌സിന്റെ ശബ്ദം തന്നെയായിരിക്കും ഇതിലൂടെയും ശ്രവിക്കാനാകുക. കാരണം അതില്‍ ഉപയോഗിച്ചിരിക്കുന്ന ആപ്പിള്‍ എച്1 ചിപ്പാണ് ആഢംബര ഹെഡ്‌ഫോണിന്റെയും കേന്ദ്രത്തില്‍ ഇരിക്കുന്നത്. എന്നാല്‍ പുതിയ സ്വര്‍ണ ഹെഡ്‌ഫോണിന്റെ വില 1,08,000 ഡോളര്‍ അഥവാ ഏകദേശം 78,93,963 രൂപയായിരിക്കും വില. ഇനി ഇത് കാശുണ്ടെങ്കില്‍ പോലും എല്ലാവര്‍ക്കും ലഭിക്കുകയുമില്ല. ഓരോ കളറിലുമുള്ള ഓരോ വേരിയന്റ് മാത്രമാണ് ഇറക്കുക എന്നാണ് കമ്പനി പറയുന്നത്. നിങ്ങള്‍ ഇതു വാങ്ങുകയാണെങ്കില്‍ പോലും വഴുക്കലുള്ള കൈകളുള്ള ആരുടെയും കൈയ്യില്‍ കൊടുക്കരുതെന്ന് ഒരു ഉപദേശവുമുണ്ട്- കാരണം താഴെ വീണാല്‍ മുഴുവന്‍ പൈസയും പോയിക്കിട്ടുമത്രെ!

∙ എയര്‍പോഡ്‌സ് മാക്‌സ് ചുരുങ്ങുന്നു എന്നു പരാതി

മുകളില്‍ കണ്ട 59,900 രൂപയുടെ എയര്‍പോഡ്‌സ് മാക്‌സ് ഉപയോക്താക്കളില്‍ ചിലര്‍ അതിന്റെ ഇയര്‍കപ്‌സിന്റെ ഉള്ള് ചുരുങ്ങുന്നു (condensation) എന്നു പറഞ്ഞ് രംഗത്തെത്തി. അതിനകത്ത് കണ്ട വെള്ളത്തുള്ളികള്‍ പ്രവര്‍ത്തനത്തെയും ബാധിച്ചുവെന്നും പറയുന്നു. എന്നാല്‍, താന്‍ ഈര്‍പ്പമേറിയ പ്രദേശത്തൊന്നുമല്ല താമസിക്കുന്നതെന്നും പരാതിക്കാരിൽ ഒരാൾ പറയുന്നു. അത്തരം പരാതിയുള്ള ഡോണള്‍ഡ് ഫിലിമൊണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പരാതിയും ഇവിടെ കാണാം: https://bit.ly/3rKmvex

English Summary: CCI seeks details on Amazon India antitrust case

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA