ADVERTISEMENT

സാങ്കേതിക വിദ്യകളുടെ ഉപയോഗം ലോകം ഏറ്റവുമധികം ആസ്വദിച്ച വർഷമാണ് കടന്നുപോയത്. കോവിഡ് 19 തീർത്ത ആശങ്കകളുടെയും നിയന്ത്രണങ്ങളുടെയും പരിമിതികളെ ലോകം ഒരുപരിധി വരെ കവച്ചു വച്ചതും സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021ൽ ലോകം സാങ്കേതിക രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. സാഹചര്യങ്ങളാണ് കണ്ടുപിടിത്തങ്ങൾക്ക് തുടക്കമിടുന്നത് എന്നാണല്ലോ. 2021ൽ പുതിയ സാങ്കേതിക വിദ്യകൾ രംഗത്തു വരുന്നതിനേക്കാൾ സാധ്യത നിലവിലുള്ളവ കൂടുതൽ ശക്തമാക്കാനാണ്.

 

∙ വർക് ഫ്രം ഹോം

 

വീട്ടിലിരുന്ന ജോലി ചെയ്യുന്ന രീതി കോവിഡ് കാലത്ത് ആരംഭിച്ചതാണ്. കുറെ കാലത്തേക്കെങ്കിലും അതങ്ങനെ തുടരേണ്ടതായും വരും. എന്നാൽ അത് പതിവായി തുടരാൻ പല കമ്പനികളും തീരുമാനമെടുത്തിട്ടുണ്ട്. ഓഫിസ് സ്പേസ് മാനേജ് ചെയ്യുന്നതിനേക്കാൾ ചെലവ് കുറവുള്ളതിനാലാണ് ഈ തീരുമാനം. വർക് ഫ്രം ഹോം വർഷമായതു കൊണ്ട് ടെക് ലോകവും അതിനുള്ള തയാറെടുപ്പിലാണ്.

 

∙ വിഡിയോ കോൺഫറൻസ്

super-computer

 

ചെറുതെങ്കിലും കാര്യമായ മാറ്റങ്ങൾ വരുന്നത് വർക് ഫ്രം ഹോം സെഗ്‍മെന്റിൽ ശ്രദ്ധിക്കപ്പെടും. ലാപ് ടോപ് കംപ്യൂട്ടറുകളുടെ വിഡിയോ കോൾ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ കമ്പനികൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ വില കൂടി കമ്പ്യൂട്ടറുകളിൽ പോലും ലോ റെസല്യൂഷൻ ക്യാമറകളാണ് ഉപയോഗിക്കുന്നത്. മെഗാ പിക്സൽ കൂടിയ കാമറകളുമായാകും 2021ൽ ലാപ് ടോപുകൾ പുറത്തിറങ്ങുന്നത് എന്നാണ് പ്രതീക്ഷ. സാംസങ് മൊബൈലുകളിലും ഫ്രണ്ട് ക്യാമറ ക്വാളിറ്റി മെച്ചപ്പെടുത്തി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പുറമേ വിഡിയോ കോളിങ് ക്യാമറകളുടെ നിർമാണവും വിവിധ കമ്പനികൾ ത്വരിതപ്പെടുത്തി. ഇതേ മാതൃകയിൽ വയർലെസ് ഹെഡ് സെറ്റുകളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം ഹെഡ് ഫോണുകളിൽ വോയ്സ് കമാൻഡുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ഫീച്ചറുകൾ, ദീർഘ സമയ ബാറ്ററി ബാക്കപ് തുടങ്ങിയവയും വരുന്നുണ്ട്.

 

∙ ക്ലൗഡ് കംപ്യൂട്ടിങ്

 

AR-VR

ഓഫിസുകൾ വീടുകളിലേക്ക് എത്തുന്നതിന് ഏറ്റവും അത്യാവശമായ സൗകര്യങ്ങളിലൊന്നായ ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം പരിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ ഉൾപ്പയുള്ള വൻകിട കമ്പനികളുടെ ക്ലൗഡ് കംപ്യൂട്ടിങ് ശ്രേണി നിലവിൽ സജീവമായുണ്ട്. ഇതിനു പുറമേ കൂടുതൽ ടെക് ഭീമന്മാർ ഈ രംഗത്തേക്ക് എത്തുന്നു എന്ന സൂചനയും നൽകുന്നു.

 

∙ സ്മാർട് ഗാഡ്ജറ്റ്

 

amazon-dash-cart

ടെക് ലോകത്ത് ഏറ്റവുമധികം ഗാഡ്ജറ്റുകൾ പ്രതീക്ഷിക്കുന്ന വർഷം കൂടിയാണ് 2021. കഴിഞ്ഞ വർഷം പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാൻ കഴിയാത്തതും പുതുമകളിലേക്ക് കമ്പനികളെ നയിക്കുന്നുണ്ട്. വെയറബ്ൾ ഡിവൈസിന്റെ വർഷമാകും 2020 എന്നായിരുന്നു ടെക് ലോകം പ്രതീക്ഷിച്ചത്. ഒരുപരിധി വരെ ഇതു ശരിയായെങ്കിലും പുതിയ ഉൽപനങ്ങൾ അത്ര വിപണിയിൽ എത്തിയില്ല. ആ കുറവു കൂടി നികത്തിയാകും 2021 പൂർത്തീകരിക്കുക. വാച്ചിനും കണ്ണടക്കും പുറമേ വിവിധ ടെക് ഡിവൈസുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സ്മാർട് വാച് പോലെ സ്മാർട് റിങ്ങുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മൗസിനു പകരം ഒപ്റ്റിക്കൽ വയർലെസ് മൗസ് സംവിധാനമായി ഇതു പ്രവർത്തിക്കും. മൊബൈൽ ഫോണിന് ഉപയോഗിക്കാവുന്ന ഒപ്റ്റിക്കൽ കീ ബോർഡുകളുടെ പരിഷ്കരിച്ച പതിപ്പുകൾ തുടങ്ങി ഒട്ടേറെ പുതുമകൾ കാത്തിരിക്കുന്നുണ്ട്.

സ്മാർട് ട്രാക്കിങ് ഡിവൈസുകൾ, മാനസികനില അനലൈസ് ചെയ്യാവുന്ന തൊപ്പിക്ക് സമാനമായ ഉപകരണം, പേയ്മെന്റ് ഗേറ്റ് വേ പോലെ പ്രവർത്തിക്കുന്ന മോതിരവും വാച്ചും, ഡോക്ടർമാർ സ്കെതസ്കോപ് കഴുത്തിൽ അണിയുന്നതു പോലെ അണിയാവുന്ന ബ്ലൂ ടൂത്ത് സ്പീക്കർ, വിആർ ഉപകരണങ്ങൾ തുടങ്ങിയവ കാത്തിരിപ്പിലുണ്ട്.

 

∙ വിആർ ആൻഡ് എആർ

 

വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയവയും മിക്സഡ് റിയാലിറ്റിയും ഈ വർഷത്തെ താരങ്ങളാകുമെന്നു വിദഗ്ധർ കരുതുന്നു. വലിയ ഇവന്റുകളായി നടന്ന ടെക് ഫെസ്റ്റുകൾ ഉൾപ്പെടെ ഇക്കുറി വിആർ സഹായത്തോടെയുള്ള ഇവന്റുകളായി മാറിയേക്കും. ഓട്ടമോട്ടീവ് രംഗത്തും വിആർ സാന്നിധ്യം അറിയിക്കുമെന്നും കരുതപ്പെടുന്നു. പ്രോഡക്ട് ലോഞ്ചിങ് ഉൾപ്പെടെയുള്ളവ വിആർ സെഗ്‍മെന്റിലേക്ക് മാറും. ഫാഷൻ ഇവന്റുകളും ട്രയലുമെല്ലാം വിആർ സഹായത്തോടെ നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുദ്ധ രംഗത്ത് പരിശീലനത്തിനു പോലും വിആർ സഹായം തേടുന്നുണ്ട്. യുഎസ് നാവികസേന കോവിഡ് കാലത്ത് അംഗങ്ങൾക്ക് പരിശീലനത്തിനായി വിആർ സൗകര്യം ഒരുക്കിയിരുന്നു. ഗെയിമിങ് രംഗത്ത് മുതൽക്കൂട്ടാകുമെന്ന് ഉറപ്പിച്ച വിആർ വിഷ്വൽ മീഡിയക്ക് പുറമേ നിത്യജീവിതത്തിലേക്കും ജോലിയിലേക്കുമെല്ലാം എത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ വർഷം വിആർ ഡിവൈസുകൾ വിറ്റു പോയതിന്റെ ഇരട്ടി ഉൽപന്നങ്ങൾ വിൽപന നടക്കുമെന്നാണ് കരുതുന്നത്.

 

∙ ടച്ച് ലെസ്

 

ടച്ച് ജീവിതത്തിന്റെ ഭാഗമായിട്ട് നാളേറെയായി. എന്നാൽ പോയ വർഷം ‘ടച്ച്’ ഒഴിവാക്കിയാണ് ലോകം മുന്നോട്ട് പോയത്. സ്പർശം ഒഴിവാക്കാനുള്ള വിദ്യകളും ലോകം പരീക്ഷിക്കുന്നു. ആമസോൺ അലക്സ പോലെ ടെക് അസിസ്റ്റന്റ്സ് കൂടുതൽ ജനകീയമാക്കാനുള്ള ശ്രമവും തുടരുന്നു. സ്മാർട് ഹോം എന്ന ആശയത്തിന്റെ ഭാഗമായി കൂടുതൽ ഗൃഹോപകരണങ്ങൾ സ്മാർട്ട് ആകുന്നുണ്ട്. മോട്ടർ വാഹനങ്ങളുടെ ഡോർ ഉൾപ്പെടെയുള്ളവ പൂർണമായും ഓട്ടമാറ്റിക് ആയി സെൻസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുറക്കുന്ന വിദ്യയ്ക്ക് പേറ്റന്റും നേടിയിട്ടുണ്ട്. കീ ലെസ് എൻട്രിയുടെ അതിനൂതന പതിപ്പാകും ഇത്. കൂടാതെ മുൻപ് സൂചിപ്പിച്ച പോലെ പേയ്മെന്റ് ഗേറ്റ് വേകൾ വെയറബ്ൾ ഡിവൈസുകളിലേക്ക് മാറുന്നതോടെ ക്രെഡിറ്റ് കാർഡ് പോലെയുള്ള സ്പർശം വേണ്ടി വരുന്ന ഇടപെടലുകൾ കുറയ്ക്കാനുള്ള ശ്രമവുമുണ്ട്.

 

∙ ഓട്ടമേറ്റഡ് ഷോപ്പിങ്

 

ഓൺലൈൻ ഷോപ്പിങ് പോലെ തന്നെ കടകളിൽ പോയി ഓൺലൈൻ ഷോപ് ചെയ്യുന്ന രീതിയിലേക്ക് ലോകം വൈകാതെ മാറും. കടകളിൽ ചെന്ന് നമുക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞെടുത്ത ശേഷം മൊബൈൽ ഫോണിലൂടെ ക്യുർ കോഡ് സ്കാൻ ചെയ്ത് ഉൽപന്നങ്ങൾ കാർട്ടിലാക്കാം. ഇ–പേയ്മെന്റ് നടത്തി സാധനങ്ങളുമായി തിരികെ പോരാം. ക്യു നിന്ന് ബിൽ അടയ്ക്കേണ്ട കാര്യം ഉണ്ടാകില്ല. ഇപ്പോൾ തന്നെ പല മൾട്ടിനാഷനൽ ബ്രാൻഡുകളുടെ ഔട്ട് ലറ്റുകളിലും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ സെയിൽസ്മെൻ ഇല്ലാത്ത കടകളും വരുന്നുണ്ട്. ബെംഗളൂരുവിൽ ഇതിന്റെ ട്രയൽ റൺ പ്രതീക്ഷിക്കുകയാണ്. സൂപ്പർമാർക്കറ്റ് പോലെ ആവശ്യമുള്ളതെല്ലാം കടയിലുണ്ടാകും. മൊബൈൽ നമ്പറും ഫേസ് ഡിറ്റക്ഷൻ ക്യാമറയുമെല്ലാം ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ കടന്നു വേണം കടയിൽ കയറാൻ. സാധനങ്ങൾ കാർട്ടിലാക്കി ബില്ലിങ് സൗകര്യമൊരുക്കിയ കംപ്യൂട്ടറിന് അരികിലെത്തി, സ്കാൻ ചെയ്ത് കാർഡ്, ഇ–പേയ്മെന്റ് എന്നിവ നടത്തി സാധനങ്ങളുമായി പോരാം. ഇവിടെ എല്ലാം ചെയ്യേണ്ടത് ഉപഭോക്താവാണ്. വിൽപനയ്ക്ക് ആളുണ്ടാകില്ല. ബില്ല് സ്കാനറിൽ കാണിച്ചാൽ മാത്രമേ പുറത്തേയ്ക്കുള്ള വാതിൽ തുറക്കൂ. ഈ സാധ്യതയും വ്യാപകമാകാൻ കോവിഡ് കാരണമായേക്കും.

 

∙ ടെലി മെഡിസിൻ

 

കോവിഡ് കാലത്ത് കേരളത്തിൽ പോലും വലിയ വിപ്ലവം തീർത്ത സൗകര്യമാണ് ടെലി മെഡിസിൻ. വിഡിയോ കോൺഫറൻസിലൂടെയും കോളിലൂടെയുമെല്ലാം ഡോക്ടർമാരെ കൺസൽട്ട് ചെയ്ത രീതി. ഇതിലേറെ വിപുലമായ സൗകര്യം ഒരുങ്ങുന്നുണ്ട്. ഒരേ രോഗ സ്വഭാവമുള്ളവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ ചികിത്സാ നിർദേശം നൽകൽ പോലെയുള്ള കാര്യങ്ങളും തയാറാകുന്നു. കൂടാതെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആരോഗ്യസ്ഥിതി വിവരങ്ങൾ കൃത്യമായി ‍ഡോക്ടർക്കോ ആരോഗ്യപ്രവർത്തകർക്കോ അവർ ഇരിക്കുന്ന സ്ഥലത്തിരുന്നു അനലൈസ് ചെയ്യാവുന്ന വിധത്തിൽ വിപുലമായ ഗാഡ്ജറ്റുകളും 2021ൽ രംഗത്തെത്തും.

 

English Summary: Technology boom in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com