ADVERTISEMENT

വാട്‌സാപ്പിലെ ഡേറ്റയുടെ അമൂല്യ നിധിശേഖരത്തിലേക്ക് നുഴഞ്ഞു കയറാനാണ് ഫെയ്‌സ്ബുക് ഉദ്ദേശിക്കുന്നതെന്നും അതില്‍ ഉപയോക്താക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാ ഗവണ്‍മെന്റ് അടക്കം ചോദിച്ചിട്ടുകൊടുക്കാത്ത ഡേറ്റയായിരിക്കാം ഇനി അവര്‍ വിശകലനം ചെയ്യുക. തങ്ങള്‍ക്കു ഭീഷണിയാകുമെന്നു കണ്ട് ഫെയ്‌സ്ബുക് വാങ്ങിക്കൂട്ടിയതാണ് വാട്‌സാപ് എന്ന കേസ് അമേരിക്കയില്‍ അന്വേഷണ ഘട്ടിത്തിലാണ്. ഏറ്റവും കടുത്ത നടപടി നേരിടേണ്ടിവന്നാല്‍ ഫെയ്‌സ്ബുക്കിന് അവര്‍ പിന്നീടു വാങ്ങിയ വായ്സാപും ഇന്‍സ്റ്റഗ്രാമും വില്‍ക്കേണ്ടതായി പോലും വരാം. എന്തായാലും സ്വകാര്യ ഡേറ്റയോട് അത്രമേല്‍ പ്രിയമുള്ള കമ്പനിയായ ഫെയ്സ്ബുക് ഇനി വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നേക്കും. 

 

രാജ്യത്ത് വാട്‌സാപ് പേയും വന്നിരിക്കുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളടക്കം ഫെയ്‌സ്ബുക്കിന് ലഭിച്ചു കൊണ്ടിരിക്കും. താമസിയാതെ വാട്‌സാപ്പും ജിയോ മാര്‍ട്ടുമായും ബന്ധിപ്പിക്കും. താരതമ്യേന ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞ ഇന്ത്യ പോലെയൊരു രാജ്യത്ത് ഇതിന്റെയൊക്കെ പ്രത്യാഘാതം എന്താണെന്നു പോലും ഒരു ശരാശരി ഉപയോക്താവിനോടു പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമായിരിക്കില്ല. വാട്‌സാപ് പഴയതു പോലെ പ്രവര്‍ത്തിക്കുമെങ്കില്‍ എനിക്കു പ്രശ്‌നമൊന്നുമില്ലെന്ന നിലപാടായിരിക്കും മിക്കവരും സ്വീകരിക്കുക എന്നു പറയുന്നു. ഔദ്യോഗിക വിവരങ്ങള്‍ വരെ വാട്‌സാപ്പിലൂടെ പങ്കുവയ്ക്കുകയും, ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കുകയും ചെയ്യുന്ന രാജ്യത്ത് പുതിയ സംവിധാനം എന്തു മാറ്റമായിരിക്കും കൊണ്ടുവരിക എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

 

∙ ഓരോ മസേജിങ് ആപ്പും നിങ്ങളേക്കുറിച്ച് എന്തൊക്കെ അറിയുന്നു?

 

ആപ്പിള്‍ നടപ്പാക്കിയ പ്രൈവസി ലേബലുകള്‍ മൂലം ഇന്ന് ഓരോ മെസേജിങ് ആപ്പും ഉപയോക്താവിനെക്കുറിച്ച് എന്തൊക്കെ അറിയുന്നു എന്ന കാര്യവും വെളിച്ചത്തു വന്നിരിക്കുകയാണ്. തങ്ങള്‍ എന്തു ഡേറ്റയാണ് ശേഖരിക്കുന്നത് എന്ന് ആപ് ഡവലപ്പര്‍മാര്‍ വെളിപ്പെടുത്തണം എന്നാണ് ആപ്പിള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്‍പ്രകാരം ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്- ഏറ്റവും കടന്നുകയറ്റം നടത്തുന്നത് വാട്‌സാപ്പും ഫെയ്സ്ബുക് മെസഞ്ചറുമാണ്. അതേസമയം, ആപ്പിളിന്റെ സ്വന്തം ഐമെസേജും, ടെലഗ്രാമും, സിഗ്നലും തീരെ കുറച്ചു ഡേറ്റ മാത്രമേ ശേഖരിക്കുന്നുള്ളു. വാട്‌സാപ്പില്‍ ഇടുന്ന ഫോട്ടോയുടെ മെറ്റാഡേറ്റ വരെ ആപ്പിലൂടെ ശേഖരിക്കപ്പെടുന്നു. പക്ഷേ, വാട്‌സാപ് പോലും ഫെയ്‌സ്ബുക് മെസഞ്ചറിനു മുന്നില്‍ ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തില്‍ നമിച്ചു പോകും! ഓരോ ആപ്പും നിങ്ങളെക്കുറിച്ച് ശേഖരിച്ചുവയ്ക്കുന്ന ഡേറ്റ മനസ്സിലാക്കിക്കോളൂ:

 

∙ വാട്‌സാപ്

 

ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, കോണ്ടാക്ട്‌സ്, ഏകദേശ ലൊക്കേഷന്‍, ഡിവൈസ് ഐഡി, യൂസര്‍ ഐഡി, അഡ്വര്‍ട്ടൈസിങ് ഡേറ്റ, സാധനങ്ങള്‍ വാങ്ങിയതിന്റെ വിവരങ്ങള്‍, പ്രൊഡക്ട് ഇന്ററാക്ഷന്‍, പണമടച്ചതിന്റെ വിവരങ്ങള്‍, ക്രാഷ് ഡേറ്റാ, പെര്‍ഫോര്‍മന്‍സ് ഡേറ്റാ, മറ്റു ഡയഗ്‌ണോസ്റ്റിക്ഡേറ്റാ, കസ്റ്റമര്‍ സപ്പോര്‍ട്ട്, പ്രൊഡക്ട് ഇന്ററാക്ഷന്‍, അതര്‍ യൂസര്‍, കണ്ടെന്റ്, മെറ്റാഡേറ്റ.

 

telegram

∙ ഫെയ്സ്ബുക് മെസഞ്ചര്‍

 

ഒരാളുടെ കൃത്യമായ ലൊക്കേഷന്‍, ഏകദേശ ലൊക്കേഷന്‍, താസമസ്ഥനത്തിന്റെ അഡ്രസ്, ഇമെയില്‍ അഡ്രസ്, പേര്, ഫോണ്‍ നമ്പര്‍, മറ്റു യൂസര്‍ കോണ്ടാക്ട് വിവരങ്ങള്‍, കോണ്ടാക്ട്‌സ്, ഫോട്ടോകളും, വിഡിയോകളും, ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ഉപയോക്താവിന്റെ മറ്റു കണ്ടെന്റുകള്‍, സേര്‍ച്ച് ഹിസ്റ്ററി, ബ്രൗസിങ് ഹിസ്റ്ററി, യൂസര്‍ ഐഡി, ഡിവൈസ് ഐഡി, തേഡ് പാര്‍ട്ടി അഡ്വര്‍ട്ടൈസിങ്, ഓണ്‍ലൈനായി നടത്തിയ വാങ്ങലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രൊഡക്ട് ഇന്ററാക്ഷന്‍, അഡ്വര്‍ട്ടൈസിങ് ഡേറ്റാ, മറ്റു യൂസേജ് ഡേറ്റാ, ക്രാഷ് ഡേറ്റാ, പെര്‍ഫോര്‍മന്‍സ് ഡേറ്റാ, മറ്റു ഡയഗ്‌ണോസ്റ്റിക് ഡേറ്റാ, മറ്റു തരം ഡേറ്റാ, ഡവലപ്പേഴ്‌സ്, പരസ്യ, മാര്‍ക്കറ്റിങ്, ആരോഗ്യ, പണമടയ്ക്കല്‍ വിവരങ്ങള്‍, രഹസ്യമാക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഡേറ്റാ, പ്രൊഡക്ട് പേഴ്‌സണലൈസേഷന്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റു സാമ്പത്തികകാര്യ വിവരങ്ങള്‍, ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍. ഇനി എന്തു വേണം!

 

∙ ഐമെസേജ്

 

ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, സേര്‍ച്ച് ഹിസ്റ്ററി, ഡിവൈസ് ഐഡി

 

∙ സിഗ്നല്‍ 

 

ഒന്നുമില്ല, ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു വേണം റജിസ്റ്റര്‍ ചെയ്യാന്‍. എന്നാല്‍, ആപ് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഐഡന്റിറ്റിയായി പരിഗണിക്കുന്നില്ല.

 

∙ ടെലഗ്രാം

 

പേര്, ഫോണ്‍ നമ്പര്‍, കോണ്ടാക്ട്‌സ്, യൂസര്‍ ഐഡി

 

ഡേറ്റയോടുള്ള ആര്‍ത്തി ഏത് കമ്പനിക്കാണ് എന്നും, ആപ് ഉപയോക്താക്കളെക്കുറിച്ചുള്ള എന്തുമാത്രം വിവരമാണ് ചില കമ്പനികള്‍ ശേഖരിക്കുന്നതെന്നും മനസ്സിലാക്കാം. ആപ്പിള്‍ ഐഒഎസില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കിനു കലിപ്പു തോന്നിയെങ്കില്‍ അതിന്റെ കാര്യവും മുകളില്‍ കൊടുത്തിരിക്കുന്ന ഡേറ്റയില്‍ നിന്ന് വ്യക്തമാണ്.

 

∙ ആമസോണ്‍ 11 വിമാനങ്ങള്‍ വാങ്ങി

 

എത്തിച്ചു കൊടുക്കല്‍ കൂടുതല്‍ സുഗമമാക്കാന്‍ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ 11 ബോയിങ് 767-300 വിമാനങ്ങള്‍ വാങ്ങി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇത്തരം 12 വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് കാര്‍ഗോ പ്ലെയിനുകളായി ഉപയോഗിച്ചു വരികയായിരുന്നു കമ്പനി.

 

∙ ഷഓമി റെഡ്മി നോട്ട് 9ടി 5ജി ജനുവരി 8ന് അവതരിപ്പിക്കും

 

ഷഓമിയുടെ ഏറെ ജനപ്രിയമായ റെഡ്മി നോട്ട് ശ്രേണിയിലേക്ക് പുതിയൊരു 5ജി മോഡല്‍ കൂടെ എത്തുകയാണ്. റെഡ്മി നോട്ട് 9ടി 5ജി എന്നു പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ ജനുവരി 8ന് അവതരിപ്പിക്കും.

 

∙ റെഡ്മി നോട്ട് 10 പ്രോ 5ജിയും ഉടന്‍

 

ഷഓമിയുടെ റെഡ്മി നോട്ട് 10 പ്രോ 5ജിയും ഉടന്‍ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

English Summary: WhatsApp gives users an ultimatum: Share data with Facebook or stop using the app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com