ADVERTISEMENT

ടെസ്‌ലയുടേയും സ്‌പെയ്‌സ്എക്‌സിന്റെയും മേധാവിയും, എന്തിനെക്കുറിച്ചുമുള്ള അഭിപ്രായം വെട്ടിത്തുറന്നു പറയുന്നയാളുമായ ഇലോണ്‍ മസ്‌ക് ആമസോണ്‍ മേധാവി ജെഫ് ബേസോസിനെ കടത്തിവെട്ടി ലോകത്തെ ഏറ്റവും വലിയ ധനികനായി. ഇത് ആദ്യമായാണ് ഈ പദവിയിലേക്ക് ഇലോൺ മസ്ക് എത്തുന്നത്. ഇലക്ട്രിക്കാര്‍ ടെസ്‌ലയുടെ ഓഹരി 4.8 ശതമാനം ഉയര്‍ന്നതാണ് മസ്‌കിന് ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ ബേസോസിനെ മറികടക്കാനായത്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന്റെ ആസ്തി 188.5 ബില്ല്യന്‍ ഡോളറായി ഉയരുകയായിരുന്നു. ഇത് ബേസോസിന്റേതിനേക്കാള്‍ 1.5 ബില്ല്യന്‍ ഡോളര്‍ അധികമാണ്. 2017 മുതല്‍ ഒന്നാം സ്ഥാനം കൈയ്യടക്കി വച്ചിരുന്നത് ആമസോണ്‍ മേധാവിയായിരുന്നു. സ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ് കോര്‍പറേഷന്‍ അഥവാ സ്‌പെയ്‌സ് എക്‌സിന്റെയും മേധാവിയായ മസ്‌ക് ബേസോസിന്റെ സ്‌പെയ്‌സ് പ്രോഗ്രാമായ ബ്ലൂ ഓറിജിന്‍ എല്‍എല്‍സിക്ക് ഒരു എതിരാളിയുമാണ്.

 

മസ്‌കിന് വളര്‍ച്ചയുടെ ഒരു അസാധാരണ വര്‍ഷമായിരുന്നു 2020. അദ്ദേഹത്തിന്റെ ആസ്തി 150 ബില്ല്യന്‍ ഡോളര്‍ ഉയര്‍ന്നത് അതിവേഗമാണ്. ഒരു പക്ഷേ ലോകത്ത് മാറ്റാര്‍ക്കും ഇത്ര വേഗത്തില്‍ ഇത്രയും സ്വത്ത് സമ്പാദിക്കാനായിട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കിരീടത്തിലെ പൊന്‍തൂവലായി മാറിയിരിക്കുകയാണ് പുതിയ നേട്ടം. അതോടൊപ്പം ടെസ്‌ലയുടെ ഓഹരകളുടെ കുതിച്ചുകയറ്റവും എടുത്തു പറയേണ്ടിയരിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം അത് ഉയര്‍ന്നത് 743 ശതമാനമാണ്. കമ്പനി ലാഭമുണ്ടാക്കുന്നതില്‍ സ്ഥിരത കൈവരിച്ചു എന്നതാണ് നിക്ഷേപകര്‍ക്ക് ടെസ്‌ലയില്‍ ആത്മവിശ്വാസം വളരാന്‍ കാരണമായത്. എന്നാല്‍, ബേസോസ് ഇപ്പോഴും മസ്‌കിനു മേല്‍ വന്‍ ലീഡില്‍ തന്നെ തുടര്‍ന്നേനെ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ വിവാഹ മോചന സമയത്ത് നല്‍കിയ ഓഹരിയും, ദാനധര്‍മങ്ങള്‍ക്കായി നല്‍കിയ പണവും, തന്റെ 680 ദശലക്ഷം ഡോളറിന്റെ ഓഹരി വെറുതേ ദാനം ചെയ്തതുമാണ് അദ്ദേഹം പിന്നോട്ടുപോകാന്‍ കാരണമായതെന്നു പറയുന്നു.

 

എന്നാല്‍, ടെസ്‌ലയുടെ ഓഹരി വില ഉയരുന്നത് വളരെ വിചിത്രമായ രീതിയിലാണെന്നും അഭിപ്രായമുണ്ട്. കമ്പനി കഴിഞ്ഞ വര്‍ഷം ആകെ വിറ്റത് അഞ്ചു ലക്ഷത്തിലേറെ വണ്ടികളാണ്. ഇത് ഫോര്‍ഡും, ജനറല്‍ മോട്ടേഴ്‌സും മറ്റും വിറ്റ വണ്ടികളുടെ എണ്ണത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ടെസ്‌ല അതിന്റെ കുതിപ്പ് അതിവേഗം തുടരുമെന്നാണ് മനസ്സിലാകുന്നതെന്നും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങണമെന്ന നയം പരസ്യമായി പ്രഖ്യാപിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കമ്പനിക്ക് കൂടുതല്‍ കരുത്തോടെ കുതിക്കാനാകുമെന്നും പറയുന്നു.

 

ടെസ്‌ലയുടെ അതിവേഗ വളര്‍ച്ച മസ്‌കിന് രണ്ടു രീതിയിലാണ് ഗുണകരമായത്. അദ്ദേഹത്തിന് കമ്പനിയുയെ 20 ശതമാനം ഓഹരിയാണ് കൈവശമുള്ളത്. അതു കൂടാതെ വെസ്റ്റഡ് സ്‌റ്റോക് ഓപ്ഷന്‍സ് വഴി ലഭിച്ച 42 ബില്ല്യന്‍ ഡോളറും അദ്ദേഹത്തിന്റെ കൈവശമുണ്ട്. പണമെല്ലാം ഇങ്ങനെ ചുറ്റും കുമിഞ്ഞു കൂടുന്നുണ്ടെങ്കിലും തനിക്ക് ഭൗതിക കാര്യങ്ങളോട് ഒരു ആര്‍ത്തിയുമില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ ശ്രദ്ധ കമ്പനികളുടെ വളര്‍ച്ചയിലാണ്. അതു കൂടാതെ മാനവരാശിയുടെ ബഹിരാകാശ യാത്രയ്ക്ക് ആക്കംകൂട്ടുക എന്നതും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വയിലെ നഗരത്തിന് തനിക്കാകാവുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അതിന് ധാരാളം പണം വേണമെന്നും മസ്‌ക് പറഞ്ഞു.

 

താന്‍ ലോകത്തെ ഏറ്റവും വലിയ ധനികനായി എന്ന വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം ട്വീറ്റു ചെയ്തത്, എത്ര വിചിത്രം എന്നായിരുന്നു. അതിനു പിന്നാലെ, ഞാനെന്റെ പണി തുടരട്ടെ എന്നും ട്വീറ്റു ചെയ്തു. ലോകത്തെ ആദ്യ 500 ധനികരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം തങ്ങളുടെ കൈകളിലേക്ക് 1.8 ട്രില്ല്യന്‍ ഡോളര്‍ ഒഴുകിയെത്തുന്നതു കണ്ടുവെന്നു പറയുന്നു.

 

∙ മസ്‌കിന്റെ ട്വീറ്റില്‍ സിഗ്നല്‍ ആപ്പിന് ആഹ്ലാദക്കണ്ണീര്‍

 

വാട്‌സാപിലേക്ക് ഫെയ്‌സ്ബുക് കടന്നുകയറുന്നു എന്ന വാര്‍ത്ത വന്നതോടെ പല ഉപയോക്താക്കളും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. എന്തായാലും താന്‍ ലോകത്തെ ഏറ്റവും വലിയ ധനികനായ ഉടനെ മസ്‌ക് നടത്തിയ ഒറ്റ ട്വീറ്റില്‍ സിഗ്നല്‍ ആപ്പിന്റെയും ശുക്രന്‍ തെളിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മെസേജിങിന് സിഗ്നല്‍ ഉപയോഗിക്കൂ (യൂസ് സിഗ്നല്‍) എന്നാണ് മസ്‌ക് ഇന്നലെ തന്റെ 41.5 ദശലക്ഷം ഫോളോവര്‍മാര്‍ക്കായി ട്വീറ്റു ചെയ്തത്. അതോടെ സിഗ്നലില്‍ ചേരാന്‍ എത്തുന്നവരുടെ എണ്ണം കുതിച്ചുയരുകയും ആപ്പിന്റെ സിസ്റ്റത്തിന് നിയന്ത്രിക്കാനാന്‍ പറ്റാതെ വരികയുമായിരുന്നു. തങ്ങള്‍ക്ക് എല്ലാവര്‍ക്കും വേരിഫിക്കേഷന്‍ കോഡ് അയച്ചു കൊടുക്കാന്‍ പറ്റുന്നില്ല. അല്‍പ്പം കാത്തിരിക്കണമെന്നാണ് ആഹ്ലാദചിത്തരായ സിഗ്നല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മസ്‌കിന്റെ ട്വീറ്റിന് 1.30 ലക്ഷത്തിലേറെ ലൈക്കുകളും ട്വിറ്ററില്‍ ലഭിച്ചു.

 

വാട്‌സാപ്പിന്റെ രീതിയിലുള്ള എന്‍ക്രിപ്ഷനും മറ്റു സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുള്ള സിഗ്നലാണ് ഇന്ന് ലോകത്തെ ഏറ്റവും സുരക്ഷിത ആപ് എന്നാണ് വിലയിരുത്തല്‍. സുരക്ഷയെക്കുറിച്ച് അവബോധമുളള ജേണലിസ്റ്റുകളും, ആക്ടിവിസ്റ്റുകളും, നിയമജ്ഞരും, രാഷ്ട്രീയക്കാരും, സുരക്ഷാ വിദഗ്ധരും അടക്കമുള്ളവരെല്ലാം ഇന്ന് സിഗ്നലിലേക്കു മാറിയിരിക്കുകയാണ്. സ്വകാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന എഡ്വേഡ് സ്‌നോഡനും, ട്വിറ്റര്‍ മേധാവിയും പറയുന്നതും സിഗ്നലാണ് ഏറ്റവും മികച്ച മെസേജിങ് സംവിധാനമെന്നാണ്. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ പോളിസി ലോകമെമ്പാടും വിമര്‍ശിക്കപ്പെടുകയാണ്. ഉപയോക്താവിന്റെ ഡേറ്റ മുഴുവന്‍ പരിശോധിക്കപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സിഗ്നല്‍ ഉപയോഗിക്കുന്ന അതേ എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോള്‍ ആണ് വാട്‌സാപും ഉപയോഗിക്കുന്നത്. എന്നാല്‍, സിഗ്നല്‍ ഒരു ഓപ്പണ്‍ സോഴ്‌സ് ആപ്പാണ്. സുരക്ഷാവിദഗ്ധര്‍ക്കും മറ്റും ഇതിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് അതിന്റെ ഗുണം. പിന്നെ സ്വകാര്യതയുടെ കാര്യമാണെങ്കില്‍ ഇനി വാട്‌സാപ്പിന് സിഗ്നലിന്റെ വാലില്‍ കെട്ടാനേ കൊള്ളൂവെന്നും അഭിപ്രായമുയരുന്നു. എന്തായാലും ലോകത്തേ ഏറ്റവും വലിയ ധനികനായി തീര്‍ന്ന ശേഷം മസ്‌ക് നടത്തിയ ട്വീറ്റ് പലര്‍ക്കും ഗുണകരമായേക്കും.

 

∙ ആപ്പിള്‍ വിലകുറഞ്ഞ ഐപാഡിന്റെ പണിയില്‍

 

തങ്ങളുടെ ഒമ്പതാം തലമുറയിലെ ഐപാഡ് വില കുറഞ്ഞതും എന്നാല്‍ കനംകുറഞ്ഞതുമാക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍ കമ്പനിയെന്ന് ശ്രുതി. ഡിസ്‌പ്ലേയുടെ വലുപ്പം 10.2-ഇഞ്ച് ആയി തുടര്‍ന്നേക്കും. എന്നാല്‍, നിലവിലെ ഐപാഡ് എയറിനേക്കാള്‍ കനം കുറഞ്ഞതായിരിക്കും അടുത്ത ഐപാഡ് എന്നും പറയുന്നു.

 

∙ ഭരണക്കൈമാറ്റം തീരുന്നതു വരെ ട്രംപിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക് ബ്ലോക്കു ചെയ്തു

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് അമേരിക്കയിലെ ഭരണക്കൈമാറ്റം തീരുന്നതു വരെ ബ്ലോക്കു ചെയ്തു.

 

∙ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവിധ ഉപകരണങ്ങളിലെ ഹിസ്റ്ററി ഏകോപിപ്പിച്ചു ലഭിക്കും

 

മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറായ എഡ്ജ് ഇന്ന് ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം. എഡ്ജിലേക്ക് സൈന്‍ ഇന്‍ ചെയ്യുന്നവര്‍ക്ക് വിവിധ ഉപകരണങ്ങളിലെ തങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി ഏകോപിപ്പിച്ചു ലഭിക്കുമെന്ന് കമ്പനി പറയുന്നു.

 

English Summary: Elon Musk's 'Strange' Reaction To Becoming World's Richest Person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com