ADVERTISEMENT

ഉപയോക്താക്കളുടെ വാട്‌സാപ് ഉപയോഗ ഡേറ്റയിലും തങ്ങള്‍ കൈകടത്തുമെന്നുള്ള ഫെയ്‌സ്ബുക്കിന്റെ ധാര്‍ഷ്ട്യത്തിനെതിരെ ഞെട്ടിക്കുന്ന പ്രതികരണമാണ് ഇന്ത്യയിലിപ്പോള്‍ നടക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഫ്രീ ആപ്പുകളുടെ ഡൗണ്‍ലോഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സിഗ്നല്‍ മെസേജിങ് ആപ്. വാട്‌സാപ്പിനെ പോലെയല്ലാതെ ഒരു കോര്‍പറേറ്റ് നിയന്ത്രണത്തിലല്ല എന്നതും, ടെക്‌നോളജി മേഖലയുടെ അകവും പുറവും അറിയാവുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ പോലെയുള്ളവരുടെയും അമേരിക്കയ്ക്ക് പിടികൊടുക്കാതെ ഒളിവിവില്‍ കഴിയുന്ന വിസില്‍ബ്ലോവര്‍ (നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് അറിയിക്കുന്നയാള്‍) എഡ്വേഡ് സ്‌നോഡനെ പോലെയുള്ളവര്‍ വിശ്വസിച്ച് ഉപയോഗിക്കുന്നതുമായ സിഗ്നലിന് തങ്ങളുടെ പിന്തുണ നല്‍കുകയാണ് ഇന്ത്യക്കാര്‍ എന്നത് അന്ധാളിപ്പിക്കുന്ന കാര്യമാണ്. കാരണം താരതമ്യേന ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലാത്ത രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യാനും അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യാനും പോലും പരസഹായം വേണ്ടവര്‍ പോലും ആ ആപ് ഉപയോഗിക്കുന്നു എന്നും ആരും വിട്ടുപോകില്ല എന്നുമുള്ള ധൈര്യത്തില്‍ തന്നെയാകണം റിലയന്‍സ് മേധാവി മുകേഷ് അംബാനി കച്ചവടമൊക്കെ ഇനി വാട്‌സാപ്പില്‍കൂടെ ആക്കാമെന്നു തീരുമാനിച്ചത്. എന്തായാലും, ഞെട്ടിക്കുന്ന പ്രതികരണമാണ് ഇന്ത്യക്കാരുടേത് എന്നത് സംസാരവിഷയമായിരിക്കുന്നു. ഇന്ത്യയെ കൂടാതെ ജര്‍മനി, ഫ്രാന്‍സ്, ഫിന്‍ലൻഡ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും സിഗ്നല്‍ ഒന്നാം സ്ഥാനത്താണ്.

 

∙ യഥാര്‍ഥ വാട്‌സാപ് സിഗ്നല്‍ തന്നെയോ? 

 

signal

സിഗ്നല്‍ ഏകദേശം 2014 മുതല്‍ നിലവിലുള്ള ആപ്പാണ്. സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സിഗ്നലിനു പിന്നില്‍ പ്രവർത്തിക്കുന്നത്. ആപ്പിനുള്ളില്‍ തന്നെ ഡൊണേഷന്‍ അഭ്യര്‍ഥനയും ഉണ്ട്. വാട്‌സാപ്പിന്റെ സഹ സ്ഥാപകനായ ബ്രയാന്‍ ആക്ഷന്‍ തന്നെയാണ് സിഗ്നല്‍ ഫൗണ്ടേഷനു തുടക്കംകുറിച്ചവരില്‍ ഒരാള്‍. മോക്‌സി മാര്‍ളിന്‍സ്‌പൈക്കിനാണ് (Moxie Marlinspike) സിഗ്നല്‍ ആപ് സ്ഥാപിച്ചത്. അദ്ദേഹമാണ് ഇപ്പോഴത്തെ മേധാവിയും. ഫെയ്സ്ബുക് ഏറ്റെടുത്തതിനു ശേഷം 2017 ലാണ് ആക്ഷന്‍ വാട്സാപ് വിടുന്നത്. അദ്ദേഹം 50 ദശലക്ഷം ഡോളര്‍ സിഗ്നലിനായി ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

 

വാട്‌സാപ് ഫെയ്‌സ്ബുക്കിനു ഭീഷണിയായി തീര്‍ന്നേക്കാമെന്നു കണ്ടപ്പോള്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഏറ്റെടുത്തതാണ് എന്ന കേസ് ഇപ്പോള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് ഇഷ്ടം പോലെ സന്ദേശങ്ങള്‍ കൈമാറാനായി ഉണ്ടാക്കിയതായിരുന്നു വാട്‌സാപ്. അത് ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കുന്ന കാര്യമടക്കമുള്ള പലതും മൂലമാണ് ആക്ഷന്‍ ഫെയ്‌സ്ബുക്കിനു കീഴിലായി പോയ വാട്‌സാപ് വിട്ടത്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും ആക്ടിവസ്റ്റുകളും, സുരക്ഷാ ഉദ്യോഗസ്ഥരും, ഗവേഷകരും, എഡ്വേഡ് സ്‌നോഡനും, ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സെയും അടക്കമുള്ളവര്‍ ഈ ആപ്പിനെ പിന്തുണയ്ക്കുന്നവരുമാണ്. ഐഒഎസിലും, ആന്‍ഡ്രോയിഡിലും, വിന്‍ഡോസിലും, ലിനക്‌സിലും മാക് ഒഎസിലും ആപ് പ്രവര്‍ത്തിക്കും. ഡേറ്റാ സ്വകാര്യത തീരെയില്ല എന്ന ആരോപണമുള്ള ഫെയ്‌സ്ബുക്കും അതിനു കീഴിലുള്ള വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം സിഗ്നലിലേക്കാണ് എത്തുന്നത്. തന്റെ ആഗ്രഹത്തിനു വിരുദ്ധമായി വാടാസാപ് പ്രവര്‍ത്തിക്കുന്നതു കണ്ടുകൂടെയാണ് ആക്ഷന്‍ ഫെയ്സ്ബുക്കിൽ നിന്ന് വിട്ടത്. അങ്ങനെയെങ്കില്‍ സിഗ്നല്‍ തന്നെ ആയിരിക്കുമോ അദ്ദേഹത്തിന്റെ മനസ്സിലുള്ള ശരിയായ വാട്‌സാപ്? വാട്‌സാപ്പില്‍ നിന്ന് പരിധി വിട്ടുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കില്ലെന്നു തന്നെയാണ് ഇപ്പോഴും കരുതുന്നത്. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പലരുടെയും സ്വപ്‌നങ്ങള്‍ തകര്‍ന്നേക്കാം. അപ്പോള്‍ സിഗ്നല്‍ പോലെയുള്ള ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമോ എന്നും കണ്ടറിയേണ്ട കാര്യമാണെന്ന വാദവും ഉയരുന്നു.

 

∙ വാട്‌സാപ് പേ വിശദാംശങ്ങള്‍ സുരക്ഷിതമെന്ന്

 

വാട്‌സാപ്പിന്റെ ഇന്ത്യയിലെ പണമടയ്ക്കല്‍ പോളിസി പരിശോധിച്ചതില്‍ നിന്നു മനസ്സിലാകുന്നത്, ഇപ്പോള്‍ ഫെയ്‌സ്ബുക്കിന് നിങ്ങളുടെ പണമടയ്ക്കല്‍ വിവരങ്ങള്‍ നല്‍കുന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നു. ഇത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നയങ്ങള്‍ മൂലമാണത്രെ. അതേസമയം, നിങ്ങളുടെ വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിക്കപ്പെടുമോ എന്ന് അറിയില്ലെന്നും പറയുന്നു. ഫെയ്‌സ്ബുക്കിന്റെ വിവാദ നയം നിലവിൽ വരിക ഫെബ്രുവരി 8 മുതലാണ്.

 

telegram

∙ ഫെയ്‌സ്ബുക് തങ്ങളെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നുവെന്ന് ടെലഗ്രാം

 

ടെലിഗ്രാമിന് ഇത്ര പ്രശസ്തി കൈവരാന്‍ കാരണമെന്താണ് എന്നു കണ്ടെത്താനായി ഒരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ ഫെയ്‌സ്ബുക്കിനുണ്ട് എന്നാണ് ടെലഗ്രാം മേധാവി പാവല്‍ ഡ്യൂറോവ് പറഞ്ഞിരിക്കുന്നത്. വാട്‌സാപ് തങ്ങളുടെ സ്വാകര്യ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തെക്കുറിച്ച് ആളുകള്‍ രോഷാകുലരാണ്. വാട്‌സാപ്പിന്റെ പുതിയ നയം പ്രകാരം ആളുകളുടെ സ്വകാര്യ ഡേറ്റയെല്ലാം ഫെയ്‌സ്ബുക്കിനു കൈമാറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കള്‍ വാട്‌സാപ് വിട്ടോടി ടെലഗ്രാമിലെത്തുകയാണ്. വര്‍ഷങ്ങളായി നടന്നുവന്ന ഈ പ്രക്രിയ ഇപ്പോള്‍ ത്വരിതപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ 50 കോടിയിലേറെ ഉപയോക്താക്കളുള്ള, അതിവേഗം വളരുന്ന ടെലഗ്രാമിനെ വാട്‌സാപ്പിന് പേടിക്കതെ വയ്യ. അതിനെതിരെ നേരിട്ടു നിന്നു മത്സരിക്കാനാകാത്തതിനാല്‍ വളഞ്ഞ വഴിയില്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണ് ഫെയ്‌സ്ബുക് എന്നാണ് പാവല്‍ പറയുന്നത്. വിക്കിപ്പീഡിയയില്‍ പോലും, പണം മുടക്കി കൂലിയെഴുത്തുകാരെക്കൊണ്ട് വാട്‌സാപ്പിന്റെ മഹത്വം വാഴ്ത്തുന്നു. ടെലഗ്രാമിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ വാട്‌സാപ് വന്‍ തോതില്‍ പണം മുടക്കുന്നു. ഇത്രയധികം പ്രശസ്തിയുള്ള കമ്പനിയാണെങ്കിലും ഫെയ്‌സ്ബുക്ക് 2019ല്‍ മാത്രം തങ്ങളുടെ പ്രചാരണപരിപാടികള്‍ക്കായി 100 കോടി ഡോളറാണ് ചെലവിട്ടതെന്ന് അദ്ദേഹം ആരോപിക്കുന്നു. 

 

∙ ടെലഗ്രാമിനെതിരെയുള്ള എതിരാളികളുടെ ആരോപണങ്ങൾ

 

1. ടെലഗ്രാമിനെതിരെ തങ്ങളുടെ എതിരാളികള്‍ പ്രചരിപ്പിക്കുന്ന ചില കള്ളക്കഥകളെക്കുറിച്ചും അദ്ദേഹം വാചാലനായി. ടെലഗ്രാം ഓപ്പണ്‍ സോഴ്‌സ് അല്ല. എന്നാല്‍ 2013 മുതല്‍ ടെലഗ്രാം ക്ലൈന്റ് ആപ്പുകള്‍ ഓപ്പണ്‍ സോഴ്‌സ് ആണ് എന്ന് പാവല്‍ ചൂണ്ടിക്കാണിക്കുന്നു.

 

2. ടെലഗ്രാം റഷ്യന്‍ ആണ്: തങ്ങള്‍ക്ക് റഷ്യയില്‍ ഒരു സെര്‍വറോ, ഓഫിസോ പോലും ഇല്ല. റഷ്യയില്‍ 2018 മുതല്‍ 2020 വരെ ടെലഗ്രാം ബ്ലോക്കു ചെയ്യപ്പെടുകയും ഉണ്ടായി. ഇറാന്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഇപ്പോഴും ടെലഗ്രാം ബ്ലോക്കു ചെയ്യപ്പെട്ടിരിക്കുകയാണ്.

 

3. ടെലഗ്രാം എന്‍ക്രിപ്റ്റഡ് അല്ല: ടെലഗ്രാമിലെ ഓരോ ചാറ്റും ആദ്യ ദിനം മുതല്‍ എന്‍ക്രിപ്റ്റഡ് ആണെന്നും പാവല്‍ പറയുന്നു.

 

∙ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തു

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹം കലാപമുണ്ടാക്കുമോ എന്ന ഭീതി മൂലമാണ് തങ്ങളിതു ചെയ്യുന്നതെന്നാണ് ട്വിറ്റര്‍ പറഞ്ഞിരിക്കുന്നത്. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ 88 ദശലക്ഷത്തിലേറെ ഫോളോവര്‍മാരാണ് ഉള്ളത്. ഇത്തരത്തിലൊരു നടപടി നേരിടേണ്ടിവന്ന ആദ്യ ലോക നേതാവെന്ന കുപ്രസിദ്ധിയും ഇതോടെ ട്രംപിന് നേടാനായിരിക്കുകയാണ്.

 

∙ നാസ ആപ് ഡവലപ്‌മെന്റ് ചലഞ്ച് വിജയികളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയും

 

ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ള ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി അര്യന്‍ ജെയിനും നാസ സംഘടിപ്പിച്ച ആപ് വികസന വെല്ലുവിളിയില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍. സണ്‍സിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിയായ ആര്യന്‍ അമേരിക്കയിലെ അഞ്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമിലായിരുന്നു ഉണ്ടായിരുന്നത്. ആറംഗ ടീം ആണ് വിജയി.

 

∙ തങ്ങള്‍ വളര്‍ച്ചയുടെ പാതയിലെന്ന് സ്‌നാപ്ഡീല്‍

 

ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും നിഴലിലാണെങ്കിലും ഇന്ത്യയിലെ പ്രധാനപ്പെട്ട മറ്റൊരു ഇകൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്ന് കമ്പനി മേധാവി കുനാല്‍ ബഹല്‍ അറിയിച്ചു.

 

English Summary: Signal becomes the top free app on App Store in India, and more countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com