ADVERTISEMENT

വാട്‌സാപ്പിന്റെ പുതിയ നയപ്രഖ്യാപനത്തെ തുടര്‍ന്ന് പലയിടത്തും ആപ്പിനെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് അഥവാ സിഎഐടിയാണ് ഇപ്പോള്‍ വാട്സാപ്പിനെതിരെ രംഗത്തുവന്നിരിക്കുന്നത്. വാട്സാപ്പിന്റെ പുതിയ നയം നടപ്പിലാക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുകയോ, ഇരു ആപ്പുകളെയും രാജ്യത്ത് നിരോധിക്കുകയെ ചെയ്യണമെന്ന ആവശ്യവുമായാണ് സിഎഐടി കേന്ദ്ര ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിനെ സമീപിച്ചരിക്കുന്നത്. പണമടയ്ക്കല്‍ വിവരങ്ങള്‍, കോണ്ടാക്ട്‌സ്, ലൊക്കേഷന്‍ തുടങ്ങി നിരവധി സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ് ആപ്പുകള്‍. വാട്‌സാപ്പിനു നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പില്‍ തന്നെ കിടക്കണം എന്നാണ് സിഎഐടി ആവശ്യപ്പെടുന്നത്. ഫെയസ്ബുക്കിന് ഇന്ത്യയില്‍ 20 കോടിയിലേറെ ഉപയോക്താക്കളുണ്ട്. രണ്ടു ആപ്പുകളിലുമുള്ള വിവരങ്ങള്‍ ഒരുമിപ്പിച്ചാല്‍ ഫെയ്‌സബുക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും എന്തിന് സുരക്ഷയ്ക്കും പോലും ഒരു ഭീഷണിയായി തീരാമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

ബ്രിട്ടിഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ഉപ്പു വാങ്ങാനെത്തി രാജ്യം മുഴുവന്‍ കീഴടക്കിയ അവസ്ഥയാണ് തങ്ങള്‍ക്കിപ്പോള്‍ ഓര്‍മവരുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയടെയും സാമൂഹിക ഘടനയുടെയും പോലും നട്ടെല്ലൊടിക്കാന്‍ പാകത്തിനുള്ള ഡേറ്റ അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ആദ്യം ഫെയ്‌സ്ബുക്കും വാട്‌സാപ്പും പൈസ നല്‍കാതെ വേറെ വേറെ ആപ്പുകളായി ഉപയോഗിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ അവര്‍ തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരു ആപ്പുകളിലെയും ഡേറ്റകള്‍ ഒരുമിപ്പിക്കുക വഴി ഇന്ത്യയുടെ വാണിജ്യ ഇടപാടുകളും സമ്പദ്‌വ്യവസ്ഥയും നിയന്ത്രിക്കുക എന്ന ലക്ഷ്യമടക്കം പല രഹസ്യ പദ്ധതികളും അവരുടെ കൈയ്യിലുണ്ടാകാമെന്നും സിഎഐടി പറയുന്നു. വാട്‌സാപ്പിന്റെ പുതിയ നയം അടുത്ത മാസം എട്ടിനാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അതിനു മുൻപ് അവരുടെ വ്യവസ്ഥകള്‍ അംഗീകരിക്കുയോ വാട്‌സാപ് ഉപേക്ഷിക്കുയോ ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്കിന്റെ കല്‍പ്പന. ഡിജിറ്റല്‍ വിദ്യാഭ്യാസം കുറവുള്ളവര്‍ എന്തു സഹിച്ചും തങ്ങളുടെ പ്രിയ ആപ് നിലനിര്‍ത്തുമെന്ന അഹങ്കാരം തന്നെയായിരിക്കാം ഫെയ്‌സ്ബുക്കിന്റേത്. 

 

പുതിയ നയം ഇന്ത്യക്കാരുടെ സ്വകാര്യതയുടെ മേലുളള കടന്നുകയറ്റമാണ്. അത് ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ തന്നെ സർക്കാർ ഉടനടി ഇടപെടണമെന്നാണ് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാര്‍തിയ ആവശ്യപ്പെടുന്നത്. പുതിയ നയങ്ങള്‍ വായിച്ചുനോക്കാതെ, തങ്ങളെന്താണ് ചെയ്യുന്നതെന്നു മനസ്സിലാക്കാതെ ആളുകളെ പറ്റിക്കാനുള്ള ശ്രമമാണെന്നും പറയുന്നു. ഈ നയം അംഗീകരിക്കാതെ ഇത്രനാള്‍ ഉപയോഗിച്ചു വന്ന വാട്‌സാപ് ഉപയോഗിക്കേണ്ട എന്ന ഫെയ്‌സ്ബുക്കിന്റെ കല്‍പ്പനയാണ് സിഎഐടിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും സംഘടന പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി ഏതു വകയിലാണ് അവരുടെ ഏകപക്ഷീയമായ നയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അതിനാല്‍ സർക്കാർ അടിയന്തരമായി ഇടപെടണമന്നാണ് സിഎഐടി ആവശ്യപ്പെടുന്നത്.

whatsapp

 

അക്കൗണ്ട് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍. അഡ്രസ് ബുക്ക് വിവരങ്ങള്‍ സ്റ്റാറ്റസ് വിവരങ്ങള്‍ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ ഡേറ്റയെല്ലാം അവരുടെ കൈയ്യിലെത്തും. പ്രത്യേകിച്ചും ഇപ്പോള്‍ വാട്‌സാപ് വഴി പണമടയ്ക്കലും അനുവദിച്ചു കിട്ടിയിട്ടുണ്ട്. ഈ ഡേറ്റയെല്ലാം ഫെയസ്ബുക്കും വാട്‌സാപും ഉപയോഗിച്ചു തുടങ്ങിയാല്‍ അതൊരു ദുരന്തം തന്നെയായിരിക്കുമെന്ന് സിഎഐടി പറയുന്നു. അവര്‍ക്ക് ഈ ഡേറ്റ ഒരു ഇകൊമേഴ്‌സ് പോര്‍ട്ടലുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാനാകും. ഒരു വ്യക്തിയുടെ ലൊക്കേഷന്‍ അറിഞ്ഞ് അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ വാട്‌സാപ്പിനു സാധിക്കും. വാട്‌സാപ്പിന് അയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ലഭിക്കും. ആരെല്ലാമാണ് തങ്ങള്‍ക്ക് പണമടയ്ക്കുന്നത് എന്നൊക്കെ വാട്‌സാപ്പിന് അറിഞ്ഞുവയ്ക്കാനാകും. സാധനങ്ങള്‍ വാങ്ങിച്ച വിവരവും അതെവിടെയാണ് എത്തിച്ചുകൊടുത്തിരിക്കുന്നത് എന്നുമൊക്കെ ആപ്പിന് അറിയാനാകുമെന്ന് സിഎഐടി ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വിശദാശംങ്ങള്‍ അതീവ കൃത്യതയോടെ അറിഞ്ഞു വയ്ക്കാന്‍ അനുവദിക്കുക എന്നത് ദുരന്തമായിരിക്കുമെന്ന് അവര്‍ പറയുന്നു. ഒരു വ്യക്തി എന്തെല്ലാമാണ് വാങ്ങിക്കുന്നത്, അയാള്‍ എന്താണ് ഭക്ഷിക്കുന്നത്, ഓരോ സാധനവും ഏതളവില്‍ വാങ്ങുന്നു, എങ്ങോട്ടൊക്കെ യാത്രചെയ്യുന്നു, വിമാനം, ട്രെയിന്, പൊതു ഗതാഗതം, തുടങ്ങി എല്ലാ ക്കാര്യങ്ങളും അറിയാനുള്ള ശേഷിയോടെ പ്രവര്‍ത്തിക്കുന്ന ആപ്പാണെന്നും അതിനെ നിലയ്ക്കു നിർത്തണമെന്നുമാണ് അഭ്യർഥന.

 

അതേസമയം, ഡേറ്റാ ശേഖരണ രാക്ഷസനായി വിശേഷിപ്പിക്കുന്ന ഫെയ്‌സ്ബുക് 2014ല്‍ ഏറ്റെടുത്ത വാട്‌സാപ്പിന്റെ മഹിമ കാത്തു സൂക്ഷിച്ച്, ഒരു ഡേറ്റയും ഇതുവരെ എടുക്കാതെ നിലനിര്‍ത്തുകയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ശുദ്ധ മണ്ടന്മാരാണ് എന്ന വാദവും ആഗോള തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അവര്‍ 2016 മുതലെങ്കിലും പല ഡേറ്റയും എടുത്തു തുടങ്ങിയിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. പുതിയ നയം പ്രഖ്യാപിച്ചതിനു പിന്നില്‍, അമേരിക്കയില്‍ ഫെയ്‌സ്ബുക്കിനെതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും എതിര്‍വാദമുയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫെയ്‌സ്ബുക്കും, വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും മൂന്നു കമ്പനികളാക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. അപ്പോള്‍ വാട്‌സാപ്പിന്റെ ഡേറ്റാ, ഫെയ്‌സ്ബുക്കിന്റെ കൈയ്യില്‍ എങ്ങനെ വന്നു എന്ന ചോദ്യമുയര്‍ന്നാല്‍ പറഞ്ഞു നില്‍ക്കാനുള്ള അവസരം ഉണ്ടാക്കാനുള്ള ശ്രമവുമാകാം പുതിയ നീക്കം.

Apple Car
Apple Car

 

∙ അവലോകനം

 

ഡേറ്റാ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള അവബോധം രാജ്യത്തു വളരുന്നു എന്നത് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യം തന്നെയാണ്. എന്നാല്‍, ഇവിടെ വേറെ ചില കാര്യങ്ങള്‍ കൂടെ പരിശോധിക്കേണ്ടതായി ഇരിക്കുന്നു. ഈ രീതിയിലുള്ള ഡേറ്റാ കളക്ഷന്‍ രാജ്യത്തിനുള്ളില്‍ തന്നെയുള്ള കമ്പനികള്‍ നടത്തിയാല്‍ അതില്‍ പ്രശ്‌നമില്ലേ? ഇന്ത്യയില്‍ നിന്നു തന്നെയുള്ള ഒരു ഇകൊമേഴ്‌സ് സംരംഭത്തെയായിരിക്കാം ഫെയ്സ്ബുക് പിന്തുണയ്ക്കാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇപ്പോള്‍ ലഭ്യമാണ്. അപ്പോള്‍ ഇതൊരു ദേശീ-വിദേശി കൂട്ടുകൃഷിയുടെ ഭാഗമായിക്കൂടെ? എന്തായാലും ആളുകള്‍ വാട്‌സാപ് അല്ലെങ്കില്‍ അത്തരം ഒരു ആപ് ഉപയോഗിക്കുക തന്നെ ചെയ്യും. വാട്‌സാപ്പും ഫെയ്‌സ്ബുക്കും പോയി, സ്വദേശി ആപ്പ് പകരം വന്നാലും ഇതൊക്കെ തന്നെയായിരിക്കും നടക്കുക. ഫെയ്‌സ്ബുക് ഒരു അമേരിക്കന്‍ കമ്പനിയാണെന്നിരിക്കെ അവര്‍ക്ക് ചില നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. പകരം ദേശീ ആപ് വന്നാല്‍ ആ പൂച്ചയ്ക്ക് ആരു മണികെട്ടും? ഫെയ്‌സ്ബുക്കിനെതിരെ ഉപയോക്താവിന് ഇപ്പോള്‍ പ്രതിഷേധിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍ സ്വദേശി കമ്പനികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടോ? സ്വദേശി ആപ് എന്ന വഴി ചൈന പരീക്ഷിച്ചതാണ്. ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്ന ആലിബാബാ കമ്പനി ജാക് മാ അതു മുതലെടുത്തവരില്‍ ഒരാളായിരുന്നു. ചൈനയ്ക്ക് അവരെ നിലയ്ക്കു നിർത്താന്‍ സാധിക്കും. അത്തരം വന്മരങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നാല്‍ അതും ദൂഷ്യമാവില്ലെ? ഇതു ചെറിയൊരു പ്രശ്‌നമല്ല. ഒരു പക്ഷേ, പരിഹാര മാര്‍ഗങ്ങളിലൊന്ന് ബിസിനസ് ലാക്കുകളല്ലാത്ത ആഗോള തലത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സപ്പോര്‍ട്ടു ചെയ്യുക എന്നതായിരിക്കാം. സിഗ്നല്‍ പോലെയുള്ള ആപ്പുകള്‍ക്ക് സ്വാഗതമരുളാനുള്ള സമയമാണോ ഇതെന്നും ആലോചിക്കാം.

 

∙ ആപ്പിളിന്റെ അടുത്ത പ്രൊഡക്ട് ഹ്യൂണ്ടായ്‌യുമായി ചേര്‍ന്ന്?

 

ആപ്പിള്‍ കമ്പനിയും വാഹന നിര്‍മാതാവ് ഹ്യൂണ്ടായ് കമ്പനിയും സഹകരിച്ച് ഇലക്ട്രിക് കാര്‍ നിര്‍മാണ ബിസിനസിലേക്ക് വലതുകാല്‍ വച്ച് കയറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഒപ്പു വയ്ക്കുകയും, ആദ്യ വാഹനത്തിന്റെ നിര്‍മാണം 2024 ആദ്യം തുടങ്ങുകയും ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്നു നിര്‍മിക്കുന്ന കാര്‍ 2027ല്‍ നിരത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നു പറയുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഹ്യൂണ്ടായ് കമ്പനിയുടെ ഓഹരി 20 ശതമാനത്തോളം ഉയര്‍ന്നു. ഫാക്ടറി ജോര്‍ജിയില്‍ ആകാം, അല്ലെങ്കില്‍ അമേരിക്കയില്‍ എവിടെയങ്കിലും പുതിയതായി തുടങ്ങുകയും ആകാം. അവര്‍ 2024ല്‍ ഏകദേശം 100,000 വാഹനങ്ങളുട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നു. ബീറ്റാ വേര്‍ഷന്‍ അടുത്ത വര്‍ഷം തന്നെ പുറത്തിറക്കിയേക്കും.

 

∙ 2020ല്‍ ആപ് സ്റ്റോറില്‍ നിന്നു മാത്രം ആപ്പിളിന് 64 ബില്ല്യന്‍ ഡോളര്‍ വരുമാനം

 

കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആപ് സ്റ്റോറില്‍ നിന്നു മാത്രം ആപ്പിള്‍ 64 ബില്ല്യന്‍ ഡോളര്‍ ഉണ്ടാക്കിയെന്നു റിപ്പോര്‍ട്ടുകള്‍. 

 

∙ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന് ഗൂഗിളും, മൈക്രോസോഫ്റ്റും അടക്കമുള്ള കമ്പനികളുടെ സംഭാവന

 

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകളുടെ നടത്തിപ്പിന് ടെക്‌നോളജി ഭീമന്മാരായ ഗൂഗിളും, മൈക്രോസോഫ്റ്റും അടക്കം 960 സംഘടനകളും വ്യക്തികളും സംഭാവന നല്‍കിയെന്നു റിപ്പോര്‍ട്ട്.

 

English Summary: Traders' body asks government to ban WhatsApp, Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com