ADVERTISEMENT

ഇക്കാലത്ത് മിക്കവരും സ്മാര്‍ട് ഫോണുകളെ ആശ്രയിക്കുന്നവരാണ്. വെറുമൊരു സ്പര്‍ശം വഴി നമുക്കെല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കുമെന്ന തോന്നലുമുണ്ട്. ടിക്‌ടോക് പോലെയുള്ള ആപ്പുകളുടെ സുരക്ഷാപ്രശ്‌നം പലരും ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇന്ത്യ അത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതിനു ശേഷവും ‘സ്വകാര്യ ഡേറ്റാ ദാഹികളായ’ ആപ്പുകള്‍ ഫോണുകളില്‍ നിർബാധം തുടരുന്നു. ഇവ ദോഷം ചെയ്യുമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് അവബോധമുള്ള വിദഗ്ധര്‍ തങ്ങളുടെ ഫോണില്‍ ഒരിക്കലും ഉപയോഗിക്കാത്ത ആപ്പുകൾ ഏതെന്നു നോക്കാം:

∙ ഗൂഗിള്‍ അസിസ്റ്റന്റ്

ഇന്നിപ്പോള്‍ പാശ്ചാത്യരുടെ വീടുകളില്‍ ചെന്നാല്‍ ലൈറ്റിടാന്‍ മുതല്‍ പാട്ടുവയ്ക്കാന്‍ വരെ അലക്‌സയെയും ഗൂഗിളിനെയും സിറിയെയും വിളക്കുന്നതു കേൾക്കാം. അതു കേട്ടാല്‍ തോന്നുക ആ വീട്ടില്‍ ആ പേരുകളിലുള്ള മൂന്നു കുട്ടികള്‍ ഉണ്ടെന്നാണ്. എന്നാല്‍ ഇത്തരം വെര്‍ചല്‍സഹായികൾ എത്രത്തോളം സുരക്ഷിതമാണെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. ഈ മൂന്നു വെര്‍ച്വല്‍ അസിസ്റ്റന്റുകളും പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെങ്കിലും ഗൂഗിള്‍ അസിസ്റ്റന്റുമായുള്ള ഇടപെടലാണ് ഏറ്റവമധികം സൂക്ഷിക്കേണ്ടത് എന്ന നിലപാടിലാണ് അവര്‍. ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് 5.0 മുതലുള്ള സോഫ്റ്റ്‌വെയറുള്ള ഫോണുകളിലും ടാബിലും പോലും പ്രവര്‍ത്തിക്കുന്നു. എക്കാലത്തെയും വലിയ ‘കടന്നുകയറ്റക്കാരൻ’ ആപ്പുകളിലൊന്നാണിത് എന്നാണ് വിലയിരുത്തല്‍. അത് ഉപഭോക്താവിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ഡേറ്റ, വോയിസ് സേര്‍ച്ച് ഡേറ്റ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നു. സംസാരം പോലും ഏതുസമയത്തും റെക്കോർഡ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ എന്തിനെയെങ്കിലും കുറിച്ചു സംസാരിക്കുമ്പോള്‍ അത് റെക്കോർഡ് ചെയ്യപ്പെട്ടേക്കാമെന്നും ആ റെക്കോർഡിങ്‌സ് നിങ്ങളുടെ പ്രൊഫൈലുമായി ബന്ധിപ്പിക്കപ്പെട്ടേക്കാമെന്നുമാണ് സിയാന്‍ കമ്പനിയുടെ മേധാവി ഡോ. ലെയ്ഫ്-നിസെന്‍ലണ്‍ഡ്ബീക്ക് പറയുന്നത്. വെര്‍ച്വല്‍ ഹെല്‍പ്പറെ ഉപയോഗിക്കുന്നതു നിർത്തുക എന്നതാണു പരിഹാരമെന്നും അദ്ദേഹം പറയുന്നു. സേര്‍ച്് ചെയ്യാനും വിഡിയോ പ്ലേ ചെയ്യാനുമൊക്കെ ഈ അസിസ്റ്റന്റിനെ ഉപയോഗിക്കാതെ അതു നേരിട്ടങ്ങു ചെയ്താല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

∙ വാട്‌സാപ്

വാട്‌സാപ്പിന്റെ കാര്യം കൂടുതല്‍ സങ്കീര്‍ണമാണ്. ഇന്ത്യ, യൂറോപ്പ് മേഖലകളില്‍ വളരെ വേരോട്ടമുണ്ടെങ്കിലും അമേരിക്കയില്‍ അത്ര ആഴത്തില്‍ പടരാത്ത ഈ ആപ് യൂറോപ്പില്‍ വൈ-ഫൈ ഇന്റര്‍നാഷനല്‍ കോളുകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ പ്രചാരം നേടിയിട്ടുണ്ട്. ആപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും അതിന് നിരവധി സുരക്ഷാ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അവ കണ്ടില്ലെന്നു നടിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ഫിഷിങ് (phishing) ടെക്സ്റ്റ്, ഫോണ്‍ കോളുകള്‍ തുടങ്ങിയവയിലൂടെ സപൈവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇന്‍ഫിനിറ്റി ഡിഷ് എന്ന സുരക്ഷാ സ്ഥാപനത്തിലെ ലോറാ ഫ്യൂയെന്റെസ് പറയുന്നത്. ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വാട്‌സാപ്പിലൂടെ നടക്കപ്പെടുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ പ്രൊഫൈലുകള്‍ തയാറാക്കിയാല്‍ അതായിരിക്കും സ്വകാര്യതയെ സംബന്ധിച്ച് ലോകത്തെ ഏറ്റവു വലിയ ദുരന്തം എന്ന് ഡോ. ലെയ്ഫ്-നിസെനും പറയുന്നു. വാട്‌സാപ് ലോകത്തെ ഏറ്റവും അപകടകാരിയായ ആപ്പല്ല. പക്ഷേ, അത് അധികം ഉപയോഗിക്കുന്നില്ലെങ്കില്‍ ഫോണില്‍ സൂക്ഷിക്കരുത്. ദുരന്തം സംഭവിച്ചിട്ടു ദുഃഖിക്കുന്നതിനേക്കാള്‍ നല്ലത് അതുണ്ടാകാതിരിക്കാതെ നോക്കുന്നതാണെന്നാണ് ഇരുവരുടെയും അഭിപ്രായം. യൂറോപ്പിലും മറ്റുമുള്ളവര്‍ക്ക് അത് ഡിലീറ്റ് ചെയ്യാന്‍ എളുപ്പം സാധിച്ചേക്കുമെങ്കിലും സ്മാർട്ഫോണുപയോഗിക്കുന്ന ഇന്ത്യക്കാർക്കു മേൽ ഫെയ്സ്ബുക്കിനുള്ള സ്വാധീനം നിമിത്തം ഇവിടെ അതത്രയെളുപ്പം നടക്കണമെന്നില്ല.

∙ ഫെയ്‌സ്ബുക് മെസഞ്ചര്‍

വാട്‌സാപ്പിനെ പോലെ മറ്റൊരു സോഷ്യല്‍ കമ്യൂണിക്കേഷന്‍ ആപ്പായ മെസഞ്ചറും സുരക്ഷാ ഭീഷണിയാണ്. ആപ്പിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുമെന്ന് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് 2019 ല്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. അതായത്, വാട്‌സാപ്പിൽനിന്നു വ്യത്യസ്തമായി മെസഞ്ചർ വഴിയുള്ള എല്ലാ ആശയവിനിമയവും അതിനു സൂക്ഷിക്കാനാകും. കൂടാതെ ഫോണിലെ എസ്എംഎസ്, ഫോട്ടോസ്, കോണ്ടാക്ട്‌, ക്യാമറ തുടങ്ങിയവ അനുമതിയില്ലാതെ ഉപയോഗിക്കാമെന്ന കടുത്ത ഭീഷണിയുമുള്ളതിനാല്‍ അതിന്റെ സുരക്ഷിതത്വം വളരെക്കുറവാണ് എന്നാണ് ഡോട്‌കോം ഡോളര്‍ കമ്പനിയുടെ സ്ഥാപകൻ അലന്‍ ബോര്‍ച് പറയുന്നത്. നിങ്ങളുടെ സംഭാഷണങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെങ്കില്‍ ഈ ആപ് ഉപേക്ഷിക്കുക തന്നെ വേണമെന്നാണ് ഉപദേശം.

∙ പോക്കെമോന്‍ ഗോ

നിങ്ങളുടെയോ നിങ്ങളുടെ കുട്ടിയുടെയോ ഫോണില്‍ കാണരുതാത്ത ആപ്പുകളുടെ കൂട്ടത്തിലാണ് പോക്കെമോന്‍ ഗോയും. 2016 ല്‍ പുറത്തുവന്ന ഈ ഗെയിം വലിയ ജനസമ്മതി നേടി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഈ ആപ്പിനും ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങളുടെ കോണ്ടാക്ട്‌സ്, ക്യാമറ, ലൊക്കേഷന്‍ തുടങ്ങിയവ അനുമതിയില്ലാതെ ആപ്പ് ശേഖരിക്കുന്നത് ഭീഷണിയാണെന്നാണ് ബോര്‍ച് പറയുന്നത്. ഫ്യൂയെന്റെസും ഇതു സമ്മതിക്കുകയും ഈ ആപ്പില്‍നിന്ന് പല തവണ ഡേറ്റാ ലീക്ക് ഉണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രചാരത്തിൽ ഇടിവു വന്നെങ്കിലും ഇപ്പോഴും ദശലക്ഷക്കണക്കിനു പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പും ഒഴിവാക്കുകയാണ് ബുദ്ധിയെന്നു സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു.

∙ ചില വിപിഎന്‍ ആപ്പുകള്‍

പലയിടങ്ങളിലും ഇന്റര്‍നെറ്റ് നിരോധനം നിലവില്‍ വന്നതോടെ വിപിഎന്നുകളുടെ പ്രചാരവും വര്‍ധിച്ചു. ഹോളാവിപിഎന്‍ (HolaVPN) അടക്കം പലതും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ഹോളയുടെ ഫ്രീ യൂസറാണ് നിങ്ങളെങ്കില്‍ അവര്‍ അവരുടെ ഇന്റര്‍നെറ്റ് ട്രാഫിക് നിങ്ങളുടെ കംപ്യൂട്ടറിലൂടെ ആക്കുമെന്നാണ് മുന്നറിയിപ്പ്. എന്നു പറഞ്ഞാല്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് ഐപി അഡ്രസ് ഉപയോഗിച്ച് മറ്റ് ഉപയോക്താക്കളും ഇന്റര്‍നെറ്റിലേക്കു കടക്കും. അവര്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ പേരിലാകും. ഇത് നിങ്ങളെ വന്‍പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കാമെന്ന് വിപിഎന്‍ഓവര്‍വ്യൂ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകനായ ഡെയ്‌വിഡ് ജാന്‍സണ്‍ പറയുന്നു. സൂപ്പര്‍വിപിഎന്‍ (SuperVPN) മറ്റൊരു ഭീഷണിയാണ്. മിക്കവാറും എല്ലാ ചൈനീസ് വിപിഎന്നുകളും ടിക്‌ടോക്കിനേക്കാള്‍ സുരക്ഷാ ഭീഷണിയുയർത്തുന്നു.

∙ കോവിഡ്-19 ട്രെയ്‌സിങ് ആപ്പുകള്‍

കോവിഡ് മഹാമാരിയുടെ പേരിലാണ്, സുരക്ഷാ ഭീഷണിയുള്ള കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകള്‍ ഉപഭോക്താക്കളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. ഇത്തരം പല ആപ്പുകളിലൂടെയും ഉപഭോക്താക്കളുടെ ഡേറ്റ എളുപ്പം ശേഖരിക്കാം. അതേസമയം ജനങ്ങളുടെ സ്വകാര്യവിവരങ്ങളെ മാനിക്കുന്ന ചില സർക്കാർ ആപ്പുകളുമുണ്ടെന്നും അവർ വ്യക്തമാക്കുന്നു. നിങ്ങളുടെ ഫോണിലുള്ള ആപ്പിന്റെ സുരക്ഷാ റേറ്റിങ് എത്രയാണെന്ന് അറിയില്ലെങ്കില്‍ അത് ഉടനടി ഡിലീറ്റ് ചെയ്യുന്നതായിരിക്കും ബുദ്ധിയെന്നാണ് വിദഗ്ധരുടെ ഉപദേശം.

∙ ഉപേക്ഷിക്കപ്പെട്ട ആപ്പുകള്‍ അല്ലെങ്കില്‍ സപ്പോര്‍ട്ടില്ലാത്ത ആപ്പുകള്‍

ചില കമ്പനികള്‍ ആപ്പുകള്‍ തുടങ്ങിയ ശേഷം അവ നിർത്തിപ്പോയിട്ടുണ്ടാകാം. അവ ചിലപ്പോള്‍ ഫോണുകളില്‍ ഉപയോക്താക്കള്‍ അറിഞ്ഞോ അറിയാതെയോ തുടരുന്നുണ്ടാകും. ഇവ കടുത്ത സുരക്ഷാ ഭീഷണിയാണെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അപ്‌ഡേഷന്‍ തീര്‍ന്ന പഴയ ആപ്പുകളെല്ലാം സുരക്ഷാ ഭീഷണി തന്നെയാണെന്നാണ് വിലയിരുത്തല്‍.

∙ ഫോണിന്റെ ആപ് സ്റ്റോറില്‍ നിന്നല്ലാതെ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍

ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്നോ ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്നോ അല്ലാതെയും ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍ ഇവയും സുരക്ഷാ ഭീഷണിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English Summary: Apps security experts do not use on their phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com