sections
MORE

2020 ൽ കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട 7 ആപ്പുകൾ ഏതൊക്കെ ?!

whatsapp-tiktok
SHARE

കോവിഡ് പിടിയിലായിരുന്ന നാളുകളിൽ ‘വിരൽത്തുമ്പിലെ’ ലോകത്തിലേക്ക് ഒതുങ്ങാൻ ശ്രമിച്ചവരാണ് നാമെല്ലാം. ജോലിയും പഠനവും തുടരാനും പണമിടപാടുകൾ നടത്താനും സുഹൃത്തുക്കളോടൊപ്പം ഗെയിമിങ്ങിനും ഭക്ഷണം വീട്ടുമുറ്റത്തെത്തിക്കാനുമെല്ലാം ഒട്ടേറെ ഓൺലൈൻ സാധ്യതകൾ തുറന്ന് നൽകി വിവിധ ആപ്പുകൾ നമ്മോടൊപ്പവും നമുക്ക് മുന്നേയും സഞ്ചരിച്ചു. ലോകജനത ഒന്നടങ്കം പ്രതിസന്ധികൾ നേരിട്ട കഴിഞ്ഞ വർഷത്തിൽ, വിവരങ്ങൾ അറിയാനും സന്തോഷവും കണ്ടെത്താനും സൗഹൃദങ്ങൾ നിലനിർത്താനും സഹായകരമായ വിവിധ സമൂഹമാധ്യമങ്ങൾ തന്നെയാണു ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ മുന്നിൽ.

1 ∙ ടിക്ടോക്

സാധാരണക്കാർക്കിടയിൽ ഏറെ ജനപ്രീതി നേടിയ ടിക്ടോക് ആപ്പിന്റെ താരോദയ നാളുകളായിരുന്നു കോവിഡ് ലോക്ഡൗൺ കാലം. 2019നെ അപേക്ഷിച്ച് 5 മടങ്ങ് അധികവളർച്ചയാണ് കഴിഞ്ഞ വർഷം ടിക്ടോക് നേടിയത്. ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടും, 2020ൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ് എന്ന പദവി ടിക്ടോക് കരസ്ഥമാക്കി. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ടിക്ടോക് തന്നെയാണു മുന്നിൽ.

പഠനവും ജോലിയുമെല്ലാം വീടിനുള്ളിലേക്ക് ഒതുങ്ങിയതോടെ, വിരസതയകറ്റാൻ പ്രായഭേദമില്ലാതെ ഒട്ടേറെപ്പേർ ടിക്ടോകിലേക്കു ചേക്കേറിയതാണ് ഈ വിജയഗാഥയുടെ പിന്നിൽ. ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന ചൊല്ല് പോലെ, തങ്ങളുടെ ചെറുതും വലുതുമായ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ചയിടത്തിൽ പല കുടുംബങ്ങളും ഒന്നടങ്കം സജീവമായി. മാസംതോറും ഒരു ബില്യൻ ആക്ടീവ് ഉപയോക്താക്കൾ എന്ന നേട്ടത്തിലേക്കുള്ള കുതിപ്പിലാണ് ടിക്ടോക് ഇപ്പോൾ.

2 ∙ ഫെയ്സ്ബുക്

2020ലും ജൈത്രയാത്ര തുടരുകയാണ് ഫെയ്സ്ബുക്. 2004ൽ മാർക്ക് സക്കർബർഗും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഈ സമൂഹമാധ്യമ പ്ലാറ്റ്ഫോം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ലോകജനതയുടെ പ്രിയപ്പെട്ട ഓൺലൈൻ സങ്കേതമായി മാറുകയായിരുന്നു. ഇതുവരെയുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ ഫെയ്സ്ബുക് ആപ്പിനെ കടത്തിവെട്ടാൻ മറ്റ് ആപ്പുകൾക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഴിഞ്ഞ ദശാബ്ദത്തിനിടെ ഏറ്റവുമധികം പേർ ഡൗൺലോഡ് ചെയ്ത ആപ്പും ഫെയ്സ്ബുക് തന്നെ. ഡൗൺലോഡുകളുടെ എണ്ണത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ മൂന്നാം സ്ഥാനവും ആപ്പിൾ ആപ് സ്റ്റോറിൽ അഞ്ചാം സ്ഥാനവുമായാണ് ഫെയ്സ്ബുക് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം നേടിയത്.

Facebook logo |  (Photo by Lionel BONAVENTURE / AFP)

3 ∙ വാട്സാപ്

ഉപയോക്താക്കൾ ഏറെ കാലമായി ആവശ്യപ്പെട്ട ഡാർക്ക് മോഡ് ഓപ്ഷനാണ് 2020ൽ വാട്സാപ് നൽകിയ മികച്ച അപ്ഡേറ്റുകളിൽ ഒന്ന്. അതോടൊപ്പം, വാട്സാപ് വഴി പണമിടപാടുകൾ നടത്താനും ഏതാനും ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമാവുന്ന മെസേജുകൾ അയയ്ക്കാനുമുള്ള സൗകര്യങ്ങളുമൊരുക്കി വാട്സാപ് കൂടുതൽ ‘യൂസർ ഫ്രണ്ട്‌ലി’യായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ രണ്ടാം സ്ഥാനവും ആപ്പിൾ ആപ് സ്റ്റോറിൽ അഞ്ചാം സ്ഥാനവും നേടിയാണ് മൊത്തത്തിൽ മൂന്നാം സ്ഥാനം വാട്സാപ് കരസ്ഥമാക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഡേറ്റ പ്രൈവസി പ്രശ്നം വാട്സാപിന്റെ ജനപ്രീതിയിൽ കോട്ടം വരുത്തുമോയെന്ന് വരും മാസങ്ങളിൽ കണ്ടറിയാം. 

whatsapp

4 ∙ ഫെയ്സ്ബുക് മെസഞ്ചർ

വാട്സാപ് നേടിയ ജനപ്രീതി കാരണം അൽപം പിന്നിലായെങ്കിലും ആദ്യ പത്തിൽ ഇടം നേടാൻ ഫെയ്സ്ബുക്കിന്റെ തന്നെ മെസേജിങ് പ്ലാറ്റ്ഫോമായ മെസഞ്ചറിനു സാധിച്ചിട്ടുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോർ കണക്കിൽ ഏഴാമതും ഗൂഗിൾ പ്ലേ സ്റ്റോർ കണക്കിൽ ആറാമതുമായ മെസഞ്ചർ ആകെ പട്ടികയിൽ നാലാം സ്ഥാനമാണ് നേടിയത്.

facebook-messenger

5 ∙ ഇൻസ്റ്റഗ്രാം

ഫോട്ടോ ഷെയറിങ് ആപ്പുകളിലെ കിങ്ങെന്ന് വിശേഷിപ്പിക്കാവുന്ന ഇൻസ്റ്റഗ്രാം ആപ്പിൾ ആപ്പ് സ്റ്റോർ കണക്കിൽ നാലാമതും ഗൂഗിൾ പ്ലേ സ്റ്റോർ കണക്കിൽ അഞ്ചാമതുമാണ്. കോവിഡ് കാലത്തെ രസകരമായ മുഹൂർത്തങ്ങളും ലോക്ഡൗണിനു ശേഷം ആദ്യമായി പുറത്തിറങ്ങുന്നതുമെല്ലാം ഫോട്ടോ സ്റ്റോറികളും സ്റ്റാറ്റസുകളുമായി ഇൻസ്റ്റഗ്രാമിൽ നിറഞ്ഞുനിന്ന കാലമായിരുന്നു 2020.

Instagram

6 ∙ സൂം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒത്തുകൂടാൻ ഓൺലൈൻ വേദിയൊരുക്കിയാണ് സൂം ആപ്പ് ഹിറ്റ്മേക്കർ പദവിയിലേക്കുള്ള കുതിപ്പ് ആരംഭിച്ചത്. കോവിഡ് നാളുകളിൽ പഠനവേദികൾ, കുടുംബസംഗമങ്ങൾ, സൗഹൃദസദസ്സുകൾ എന്നിങ്ങനെ വ്യത്യസ്ത തരം കൂട്ടായ്മകളുടെ ഓൺലൈൻ മുഖമായി മാറിയ സൂം ആപ്പാണ് ഡൗൺലോഡ് കണക്കുകളിൽ ആറാം സ്ഥാനത്ത്. ആപ്പിൾ ആപ്പ് സ്റ്റോർ കണക്കിൽ രണ്ടാമതുണ്ടെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പട്ടികയിൽ നാലാം സ്ഥാനമേ സൂം ആപ്പിനുള്ളൂ.

US-IT-ZOOM

7 ∙ യൂട്യൂബ്

വിഡിയോ സ്ട്രീമിങ് ആപ്പായ യൂട്യൂബാണു ഡൗൺലോഡ് ചെയ്യപ്പെട്ട എണ്ണത്തിൽ 7–ാം സ്ഥാനത്തുള്ളത്. ആപ്പിൾ ആപ്പ് സ്റ്റോർ കണക്കിൽ മൂന്നാമതെത്തിയ കക്ഷിക്കു പക്ഷേ, ഗൂഗിൾ പ്ലേ സ്റ്റോർ വഴി കഴിഞ്ഞ വർഷം കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട 10 ആപ്പുകളുടെ പട്ടികയിൽ ഇടം കണ്ടെത്താനായില്ല. സിനിമയും സീരീസുകളും കാണാൻ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഉൾപ്പെടെ വിവിധ ഓൺലൈൻ സ്ട്രീമിങ് ആപ്പുകൾ കോവിഡ് കാലത്തു സജീവമായതു യൂട്യൂബിനു തിരിച്ചടിയായെങ്കിലും, വീട്ടിലിരിക്കുന്ന കാലയളവിൽ വിവിധ മേഖലകളുമായി ബന്ധപ്പെടുത്തി ഒട്ടേറെപ്പേർ യൂട്യൂബ് ചാനൽ തുടങ്ങിയതു ആപ്പിനു നേട്ടമായി.

English Summary: What are the 7 most downloaded apps by 2020

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA