ആമസോൺ പ്രൈം വിഡിയോ മൊബൈൽ പതിപ്പ് അവതരിപ്പിച്ചു. ടെലികോം സേവനദാതാക്കളായ എയർടെല്ലുമായി സഹകരിച്ച് 89 രൂപയ്ക്ക് വരെ സർവീസ് ലഭിക്കും. ലോകത്തെ ആദ്യത്തെ മൊബൈൽ പ്രൈം വിഡിയോ പ്ലാൻ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചതെന്ന് ആമസോൺ പ്രൈം അവകാശപ്പെട്ടു.
എയർടെലിന്റെ വിവിധ പ്രീ-പെയ്ഡ് റീചാർജുകൾക്കൊപ്പമാണ് ഉപഭോക്താക്കൾക്ക് പ്രൈം വിഡിയോ മൊബൈൽ പതിപ്പ് ലഭിക്കുക. എസ്ഡിയിലാണ് വിഡിയോ സ്ട്രീം ചെയ്യുക. 89 രൂപ മുതൽ 2698 രൂപ വരെയുളള വാര്‍ഷിക പ്ലാനുകൾക്കൊപ്പം ആമസോണ്‍ പ്രൈം വിഡിയോ മൊബൈല്‍ എഡിഷന് ലഭിക്കും.
ആമസോൺ പ്രൈം വിഡിയോയുടെ എതിരാളിയായ നെറ്റ്ഫ്ലിക്സ് നേരത്തെ തന്നെ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ,199 രൂപയ്ക്ക് മൊബൈലിൽ മാത്രം ലഭിക്കുന്ന പ്രതിമാസ പ്ലാൻ അവതരിപ്പിച്ചിരുന്നു. എന്നാൽ, 89 രൂപ പ്ലാനിൽ ആമസോൺ പ്രൈമിന്റെ മൊബൈൽ പതിപ്പിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നാല്‍ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോക്താക്കള്‍ 131 രൂപ, 349 രൂപ പ്ലാനുകൾ റീച്ചാര്‍ജ് ചെയ്യണം. അതേസമയം, ആമസോൺ പ്രൈം വിഡിയോയുടെ പുതിയ വരിക്കാർക്ക് ഒരു മാസം സൗജന്യമായിരിക്കും.
30 ദിവസത്തെ സൗജന്യ ട്രയലിന് ശേഷം എയർടെൽ ഉപഭോക്താക്കൾ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ 89 രൂപ റീചാർജ് ചെയ്യേണ്ടിവരും. ഈ പ്രൈം വിഡിയോ മൊബൈൽ പതിപ്പ് പ്രീപെയ്ഡ് പ്ലാൻ പ്രകാരം 6 ജിബി ഡേറ്റ നൽകും. കൂടാതെ 28 ദിവസം ആമസോൺ പ്രൈം വിഡിയോയിലേക്ക് ആക്സസ് ലഭിക്കും. 299 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിലും ആമസോൺ പ്രൈം അംഗത്വം ലഭിക്കും. ഇത് പരിധിയില്ലാത്ത വോയ്സ് കോളിങ് ആനുകൂല്യങ്ങൾ, പ്രതിദിനം 1.5 ജിബി ഡേറ്റ, ആമസോൺ പ്രൈം വിഡിയോയിലേക്ക് ആക്സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് 28 ദിവസത്തെ കാലാവധിയുണ്ട്.
എന്നാൽ, 89 രൂപ മൊബൈൽ പ്ലാനുകൾ ഉപയോഗിച്ച് ഒരാൾക്ക് മറ്റ് ആമസോൺ പ്രൈം ആനുകൂല്യങ്ങൾ ലഭിക്കില്ല. അവർക്ക് സിനിമകൾ, ഷോകൾ, മറ്റ് വിഡിയോകൾ എന്നിവ മാത്രമേ കാണാൻ കഴിയൂ. മൾട്ടി-യൂസർ ആക്സസ്, സ്മാർട് ടിവി ഉൾപ്പെടെയുള്ള ഉപകരണങ്ങളിലൂടെ സ്ട്രീമിങ്, എച്ച്ഡി, യുഎച്ച്ഡി വിഡിയോ, പ്രൈം മ്യൂസിക്കിലെ പരസ്യരഹിത മ്യൂസിക് എന്നിവ പോലുള്ള പ്രധാന ആനുകൂല്യങ്ങൾ എയർടെൽ പ്ലാനുകളിൽ ലഭ്യമാകില്ല.
ഈ ആനുകൂല്യങ്ങളും പ്രൈം കണ്ടന്റ് ആക്സസും ആഗ്രഹിക്കുന്നവർക്ക് 131 രൂപ പ്രീപെയ്ഡ് പ്ലാൻ ചെയ്യണം. എല്ലാ പ്രൈം ആനുകൂല്യങ്ങളും, പരിധിയില്ലാത്ത കോളിങ്, പ്രതിദിനം 2 ജിബി ഡേറ്റ എന്നിവയ്ക്ക് 349 രൂപയുടെ പ്ലാനും ചെയ്യണം.
English Summary: Airtel launches Amazon Prime Video Mobile Edition plans starting at Rs 89