ADVERTISEMENT

ഡിജിറ്റൽ സ്വകാര്യത സംരക്ഷിക്കുക എന്നത് അതികഠിനമായ ജോലിയാണ്. പുതിയ സ്വാകാര്യ നയമാറ്റത്തിന്റെ പേരിൽ വാട്സാപ് ഡിലീറ്റ് ചെയ്തതു കൊണ്ട് മാത്രം ആരും രക്ഷപ്പെടാൻ പോകുന്നില്ല. ഇന്റർനെറ്റ് ഒരു തുറന്ന മാധ്യമമാണ്. കാലങ്ങളായി, ഇവിടെ നടക്കുന്നതിനെ കുറച്ച് സാധാരണക്കാർക്ക് കുറച്ച് മാത്രമേ അറിയൂ. വാട്സാപ്പിനേക്കാൾ കൂടുതൽ വിവരങ്ങൾ ചോർത്തുന്ന നിരധി ആപ്ലിക്കേഷനുകൾ ഉണ്ടാകാം. രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകളെല്ലാം ഡേറ്റ ചോർത്തുന്നവരാണ്. ഗൂഗിൾ, ഫെയ്സ്ബുക്, ആമസോൺ, ആപ്പിൾ തുടങ്ങിയ ടെക് കമ്പനികൾക്ക് ഒരു പരിധിവരെ ഉപയോക്തൃ ഡേറ്റ ശേഖരിക്കാനുള്ള താൽപ്പര്യമുണ്ട്. അവർക്ക് കൂടുതൽ ഡേറ്റ ശേഖരിക്കാനും കഴിയും. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള വഴികളുണ്ട്... പരിശോധിക്കാം.

 

സ്മാര്‍ട് ഫോണ്‍ ഉപയോഗം അടുത്ത അധ്യായത്തിലേക്കു കടക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ബുദ്ധി വര്‍ധിച്ചു വരുന്നു. ഇപ്പോള്‍ത്തന്നെ ഓരോ സ്മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോക്താവും നിരീക്ഷണത്തിലാണ്. അയാളുടെ ഒരാ ചലനവും നിരീക്ഷിക്കപ്പെടുന്നു. വെറുതെയുള്ള അടയാളപ്പെടുത്തലുകളല്ല നടക്കുന്നത്. ശബ്ദവും, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വിരലടയാളവും ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുഖത്തിന്റെ ജ്യോമിതീയതയും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ വ്യക്തിയെ സുവ്യക്തമായി അറിഞ്ഞു തന്നെയാണ് നീക്കങ്ങൾ ട്രാക്കു ചെയ്ത് രേഖപ്പെടുത്തുന്നത്. ഇത് എല്ലാ രാജ്യങ്ങളുടെയും നിയമങ്ങളെ ലംഘിച്ചുകൊണ്ടുമാണ് നടത്തുന്നത്.

 

ഇതിന് ഗൂഗിൾ, ട്വിറ്റർ, ഫെയ്‌സ്ബുക് പോലെയുള്ള ഏതെങ്കിലും സേവനദാതാവിന് നിങ്ങള്‍ സമ്മതം നല്‍കിയിട്ടുണ്ടോ? ഉണ്ടെന്നാണ് അവര്‍ പറയുന്നത്. ഉപയോക്താവ് അവരുടെ 'ടേം ആന്‍ഡ് കണ്‍ഡിഷന്‍സില്‍' 'ആക്‌സെപ്റ്റ്' എന്നു ക്ലിക്കു ചെയ്തപ്പോള്‍ സമ്മതം നല്‍കിയിട്ടുണ്ടാകണം. നിയമപരമായി അവര്‍ സുരക്ഷിതരായാണു നില്‍ക്കുന്നതെന്നും ഓര്‍ക്കുക. മിക്ക ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും സ്വകാര്യതയെ കുറിച്ചുള്ള പ്രാഥമികമായ അറിവുപോലും ഇല്ല. ഇതിനെയാണ് ഇത്തരം കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ, വ്യക്തികളുടെ സ്വഭാവം അറിഞ്ഞു പരസ്യം നല്‍കാന്‍ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പരിശീലനത്തിനു വരെ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്.

 

ഇന്റര്‍നെറ്റിന്റെ തുടക്ക കാലത്ത് എടുത്തിരുന്ന തീരുമാനം, ആളുകളെ അറിഞ്ഞ് അവരുടെ ഡേറ്റ ശേഖരിക്കരുത് എന്നായിരുന്നു. ഈ രീതി ഇപ്പോഴും പിന്തുടരുന്ന ഒരു കമ്പനി ആപ്പിളാണ്. നിങ്ങളുടെ ഡേറ്റ നിങ്ങളുടെ ഉപകരണത്തിലേ കാണൂ എന്നാണ് അവര്‍ പറയുന്നത്. പക്ഷേ, ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നു വിളിക്കാവുന്ന ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയവർ ഈ അലിഖിത നിയമത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. അവരുടെ സേവനം സ്വീകരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആരെയും ട്രാക്കു ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഇത്തരം കമ്പനികളുടെ ഭാവം. ഇത്തരം പരിപാടികള്‍ക്ക് തടയിട്ട് ഉപയോക്താക്കളെ രക്ഷിക്കാനുള്ള, ഗൗരവമുള്ള ആദ്യ നടപടിയെടുത്തത് യൂറോപ്യന്‍ യൂനിയനാണ്. ഇപ്പോള്‍ ജര്‍മനി ഫെയ്‌സ്ബുക്കിന്റെ ബിസിനസ് മോഡലിനെ അടുത്തു പരിശോധിക്കുകയാണെന്നു പറയുന്നു.

 

ഒരാളുടെ ഇന്റര്‍നെറ്റിലെ ചെയ്തികള്‍ മുഴുവന്‍ നോക്കി രേഖപ്പെടുത്തുക, കോളുകളും, എസ്എംഎസുകളും മെസേജുകളും കോണ്ടാക്ട്‌സും പരിശോധിക്കുക, പോകുന്ന വഴിയെല്ലാം രേഖപ്പെടുത്തിവയ്ക്കുക, എടുക്കുന്ന ഫോട്ടോയുടെ എക്‌സിഫ് വിശദാംശങ്ങള്‍ വരെ എടുക്കുക, ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളുടെ വിവരം ശേഖരിക്കുക, ക്യാമറയിലൂടെ നിങ്ങളറിയാതെ ഫോട്ടോ എടുക്കുക, ശബ്ദം എടുക്കുക തുടങ്ങി ചെയ്യാത്ത പണികളൊന്നുമില്ല എന്നാണ് ആരോപണം. ഇതെല്ലാം ഒരു വ്യക്തിയെ മാത്രമല്ല, അയാളുടെ ഭാവി തലമുറയെ വരെ ബാധിച്ചേക്കാവുന്ന കാര്യങ്ങളുമാണ്. ശരിക്കും പറഞ്ഞാല്‍ രാജ്യങ്ങള്‍ സുശക്തമായ സൈബര്‍ നിയമങ്ങളുപയോഗിച്ചാണ് പൂട്ടിടേണ്ടത്. വ്യക്തികള്‍ക്ക് ഇതിനെതിരെ ചെയ്യാവുന്നത് ചുരുക്കം ചില കാര്യങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്റര്‍നെറ്റിലെ സ്വകാര്യതയെക്കുറിച്ച് പഠിക്കുക എന്നതും ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ട്രാക്കിങ് രീതിയെക്കുറിച്ചു മനസ്സിലാക്കുക എന്നതുമാണ്.

 

പൊതുവെ സ്വീകരിക്കാവുന്ന ചില നടപടിക്രമങ്ങള്‍ പരിശോധിക്കാം:

 

∙ ലൊക്കേഷന്‍ സര്‍വീസസ്

 

ഫോണ്‍ വാങ്ങിയാലുടന്‍ ലൊക്കേഷന്‍ സര്‍വീസസ് ഓഫ് ചെയ്യുക (ഓഫ് ചെയ്താലും ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ നിങ്ങളുടെ ലൊക്കേഷന്‍ അറിയുമെന്ന് ആരോപണമുണ്ട്. പക്ഷേ, മറ്റ് ആപ്പുകളെങ്കിലും അറിയാതിരിക്കും.)

 

ഐഫോണില്‍ ലൊക്കേഷന്‍ സര്‍വീസ് ഡിസേബിൾ ചെയ്താല്‍ പിന്നെ ആരും കണ്ടുപിടിക്കില്ലെന്നു ചിലര്‍ വാദിക്കും. പക്ഷേ, മൊബൈല്‍ സേവനദാതാക്കളുടെ കൂട്ടത്തിലെ കള്ള നാണയങ്ങള്‍ ഏത് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാലും നിങ്ങളെ ആപ്പുകള്‍ക്ക് ഒറ്റുന്നുണ്ടാകാമെന്ന വാദവുമുണ്ട്. (ഒരു പക്ഷേ, ബിഎസ്എന്‍എല്‍ പോലെയുള്ള സേവനദാതാക്കളുടെ പ്രസക്തി ഇനി ഇത്തരം കാര്യങ്ങളിലായിരിക്കും.) എന്നാല്‍ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ താരതമ്യേന സുരക്ഷിതരാണ്.

 

ഏതെങ്കിലും ആപ്പിന് (ഉദാഹരണം മാപ്‌സ്) ലൊക്കേഷന്‍ ആവശ്യമാണെങ്കില്‍ ആ സമയത്ത് മാത്രം അതു നല്‍കുക. പിന്നെ പിന്‍വലിക്കുക. അങ്ങനെ ചെയ്താല്‍ ആപ് പിണങ്ങുന്നതു കാണാം: 'We need your location information to improve your experience' എന്നൊക്കെ പറയും.

 

∙ ഫെയ്‌സ്ബുക് മൊബൈല്‍ ആപ്

 

ഫെയ്‌സ്ബുക് മൊബൈല്‍ ആപ് ഒരിക്കലും ഉപയോഗിക്കരുത്. ഇതിന് ഫോണിലെ ഡേറ്റ ആഴത്തില്‍ ഖനനം ചെയ്യാനുള്ള അനുമതി നല്‍കിയാലെ ഇന്‍സ്റ്റോളാകൂവെന്ന് ആരോപണമുണ്ട്. മൊത്തം വ്യക്തി വിവരങ്ങള്‍ കൊണ്ടുപോകും.

 

ഫെയ്‌സ്ബുക് നിങ്ങളുടെ ഡേറ്റ കൊണ്ടുപോകരുതെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ ഫയര്‍ഫോക്‌സ് പോലെയൊരു ബ്രൗസറില്‍ 'ഇന്‍പ്രൈവറ്റ് മോഡ്' ഉപയോഗിക്കുക. ഫയര്‍ഫോക്‌സിലുള്ള 'ഫെയ്‌സ്ബുക് കണ്ടെയ്‌നര്‍' എന്ന ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, അത് ഫെയ്‌സ്ബുക്കിന്റെ കണ്ണു പൊത്തും. കൂടുതല്‍ ഡേറ്റ എടുക്കാന്‍ അനുവദിക്കില്ല. പക്ഷേ, സൗകര്യക്കുറവിന്റെ കാര്യം പറഞ്ഞ് ആരും ഇത്തരം നടപടികള്‍ സ്വീകരിക്കില്ല. കമ്പനി മുഴുവന്‍ ഡേറ്റയും കൊണ്ടുപോകുമെന്നു പറയുന്നു. കഴിയുമെങ്കില്‍ എല്ലാ ബ്രൗസറുകളുടെയും, ഇന്‍ പ്രൈവറ്റ്, ഇന്‍ കോഗ്നിറ്റോ തുടങ്ങിയ മോഡുകളില്‍ ബ്രൗസിങും മറ്റും ഉപയോഗിക്കുക. ഫയര്‍ഫോക്‌സ്, ആപ്പിളിന്റെ സഫാരി തുടങ്ങിയ ബ്രൗസറുകളായിരിക്കും സ്വകാര്യതാ പ്രേമികള്‍ക്ക് സുരക്ഷിതമായ മുഖ്യധാര ബ്രൗസറുകള്‍.

 

∙ സെറ്റിങ്‌സ്

 

പ്രധാന സെറ്റിങ്‌സില്‍ ആപ്പുകള്‍ക്ക് വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം എടുക്കാവുന്ന രീതിയില്‍ ക്രമീകരിക്കുക. അറിഞ്ഞിരിക്കുക, എല്ലാ സ്മാര്‍ട് ഫോണും ഡേറ്റാ ശേഖരിക്കാനും കടത്താനുമുള്ള ഉപകരണങ്ങളുമാണ്. വരുന്നത് ഡേറ്റാ സമ്പത്‌വ്യവസ്ഥയാണ് (data economy). ഇത് അധാര്‍മികവും നിയമവിരുദ്ധവുമാണ്. ഉപയോക്താക്കളുടെ അജ്ഞതയെയാണ് ചൂഷണം ചെയ്യുന്നത്. ഭാവിയില്‍ എന്തു സംഭവിക്കാന്‍ പോകുന്നുവെന്നു വ്യക്തമായ വിവരമുള്ള കമ്പനികളും ഒരു ചുക്കും അറിയില്ലാത്ത ഉപയോക്താക്കളും തമ്മിലാണ് ഇവിടെ മത്സരം. തങ്ങള്‍ നല്‍കുന്ന ടെക്‌നോളജിയില്‍ ഭ്രമിപ്പിച്ച് ഉപയോക്താവിനെ നയിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്.

 

∙ പ്രൈവസി പോളിസിയും നിയമങ്ങളും

 

പല കമ്പനികളും തങ്ങളുടെ പ്രൈവസി പോളിസി വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ, ആപ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുണ്ടെങ്കില്‍ കമ്പനി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനെ ഉപയോക്താവിനു സാധിക്കൂവെന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഞങ്ങള്‍ നിങ്ങളുടെ ഡേറ്റ എങ്ങനെയാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് ഒരു ആപ്പും പറയുന്നില്ലെന്നതും ശ്രദ്ധിക്കുക. ഈ ഡേറ്റ വില്‍ക്കുകപോലും ചെയ്യാമെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധിച്ചുകാണുമല്ലോ. ആളുകള്‍ക്ക് എന്തും ഫ്രീ ആയിട്ടു കിട്ടുന്നതാണ് ഇഷ്ടം. കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങുന്നവനെക്കാള്‍ കഷ്ടത്തിലാക്കിയേക്കാം ഫ്രീ സേവനം വാങ്ങി ട്രാക്കിങ്ങിനു നിന്നു കൊടുക്കുന്നയാള്‍. സേവനത്തിന് സൈന്‍-അപ് ചെയ്യുന്നയാള്‍ക്ക് കമ്പനികള്‍ വച്ചുനീട്ടുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ തരമില്ലെന്നും ഓര്‍ക്കുക. ഉപയോക്താവിനെ കുരുക്കിലാക്കുന്ന നിയമവശങ്ങളൊക്കെ, ആരും വായിച്ചു നോക്കാന്‍ മെനക്കെടാത്ത ടേംസ് ആന്‍ഡ് കണ്‍ഡിഷന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'Your privacy is important to us.' തുടങ്ങിയ തട്ടിപ്പു വാചകങ്ങള്‍ ആദ്യമെ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുമെന്നുതും ശ്രദ്ധിക്കുക.

 

അമേരിക്ക ഉൾപ്പടെയുള്ള ഒരു രാജ്യത്തെ നിയമവും ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന രീതിയിലല്ല എന്നതാണ് പ്രധാന പ്രശ്‌നം. നിയമങ്ങളൊന്നും ഇന്റര്‍നെറ്റ് കമ്പനികളെ മുന്നില്‍ക്കണ്ട് എഴുതിയവയല്ല. പുതിയവ എഴുതിച്ചേര്‍ത്താല്‍ പോലും മാസങ്ങള്‍ക്കുള്ളില്‍ അവ മറികടക്കാന്‍ കമ്പനികള്‍ ശ്രമിക്കുമെന്നും പറയുന്നു.

 

∙ ഗൂഗിള്‍

 

നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ഓഫ് ചെയ്തു വച്ചാലും ഗൂഗിള്‍ നിങ്ങളുടെ ലൊക്കേഷന്‍ അതി സൂക്ഷ്മമായി തന്നെ അറിയും. ഇതു കുറയ്ക്കാന്‍ പരമാവധി ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏക മാര്‍ഗം. പിന്നെ ചെയ്യാവുന്ന കാര്യം ബ്രൗസര്‍ തുറന്ന് myactivity.google.com എത്തി ഗൂഗിളില്‍ സൈന്‍-ഇന്‍ ചെയ്യുക 'Activity Controls' ല്‍ എത്തി, 'Web & App Activity' and 'Location History,' ടേണ്‍ ഓഫ് ചെയ്യുക. ഇത് ലൊക്കേഷന്‍ മാര്‍ക്കറുകള്‍ നിരന്തരം സേവു ചെയ്യുന്നത് ഒഴിവാക്കിയേക്കാം. ചില സേവനങ്ങള്‍ വര്‍ക്കു ചെയ്യില്ലെന്ന മുന്നറിയപ്പു ലഭിക്കും.

 

ആന്‍ഡ്രോയിഡിലും 'App-level permissions' എത്തി ലൊക്കേഷന്‍ ബ്ലോക് ചെയ്യുക. ഗൂഗിള്‍ പ്ലേ സര്‍വീസസിന് മൂക്കു കയര്‍ ഇടാന്‍ ഒരു മാര്‍ഗവുമിെല്ലന്നും കാണാം.

 

∙ ആപ്പിള്‍

 

ഐഫോണ്‍ ആരാധകര്‍ മറ്റു ഫോണ്‍ ഉപയോക്താക്കളെ കളിയാക്കുന്നതു കാണാം. മറ്റു ഫോണുകളെല്ലാം ഉപയോഗിച്ചു നോക്കിയിട്ടാണോ ഈ വീമ്പിളക്കലെന്ന് ആലോചിച്ചു നോക്കുക. ഇന്ന് ആപ്പിളിനൊപ്പമോ ഇതിനേക്കാൾ മികച്ചതോ ആയി പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ്‌വെയര്‍ ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നുമുണ്ടാവില്ല. ഐഫോണുകളില്‍ ഇല്ലാത്ത ഫീച്ചറുകളുള്ള ഫോണുകളുമുണ്ട്. കൂടാതെ ഒരാള്‍ ഒരിക്കലും ഉപയോഗിക്കാത്ത ഫീച്ചറുകള്‍ക്ക് പൈസ കൊടുക്കുന്ന കാര്യത്തിലും ഇന്ന് എതിരഭിപ്രായമുള്ള ഒരുപാടു പേരുണ്ട്. മിക്കവരും ബേസിക് ആപ്പുകളും സേവനങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ തങ്ങള്‍ക്ക് പൊങ്ങച്ച ഫോണുകളുടെയൊന്നും ഒരാവശ്യവുമില്ലെന്നത് നല്ലതും പ്രായോഗികവുമായ തീരുമാനവുമാണ്.

 

എന്നാല്‍, ഐഫോണുകള്‍ക്കും ഐഒഎസിനും ആന്‍ഡ്രോയിഡിനില്ലാത്ത ചില ഗുണങ്ങളുണ്ട്. ഇതില്‍ പ്രധാനം സ്വകാര്യതയ്ക്ക് കമ്പനി നല്‍കുന്ന ഊന്നലാണ്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണ് എന്നാണ് ആപ്പിള്‍ ആണയിടുന്നത്. അടുത്ത കാലത്ത് കമ്പനി ഒരു പരസ്യത്തില്‍ പറഞ്ഞത് മറ്റു കമ്പനികള്‍ നിങ്ങളുടെ ഡേറ്റ ക്ലൗഡിലേക്കു കൊണ്ടുപോകുന്നു, ഞങ്ങളത് നിങ്ങളുടെ ഉപകരണത്തില്‍ തന്നെ സൂക്ഷിക്കുന്നുവെന്നാണ്.

 

ഐഫോണ്‍ കൈയ്യിലുണ്ടെന്നു പറഞ്ഞ് ട്രാക്കു ചെയ്യപ്പെടില്ല എന്നില്ല. ഐഒഎസിലെ ആപ്പുകള്‍ എപ്പോള്‍ ലൊക്കേഷന്‍ അക്‌സസു ചെയ്യണ‌മെന്നത് ഉപയോക്താവിന് തീരുമാനിക്കാം. ലൊക്കേഷന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ 'While Using' the app ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

 

സഫാരിയില്‍ ഗൂഗിളിനു പകരം ബിങോ, ഡക്ഡക്‌ഗോയോ, ഡീഫോള്‍ട് സേര്‍ച് എൻജിനായി സ്വീകരിക്കുക. (ഏതാനും മാസത്തേക്കു കുറച്ചു സുഖക്കുറവു തോന്നിയേക്കാം. പക്ഷേ, തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ശീലമാകും. അത്യാവശ്യം വന്നാല്‍ ഗൂഗിള്‍ ഉപയോഗിക്കുകയും കുക്കീസ് ക്ലീയര്‍ ചെയ്യുകയും ചെയ്യുക. ഡക്ഡക്‌ഗോ ഇപ്പോള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ ഗൂഗിളിനെ എടുത്തെറിഞ്ഞ് ബിങിനെ ഡീഫോള്‍ട്ട് സേര്‍ച് എൻജിനാക്കാന്‍ തീരുമാനിച്ചിരുന്നു. ഗൂഗിള്‍ ഇപ്പോള്‍ അവിടെ തുടരുന്നത് പ്രതിവര്‍ഷം ബില്യന്‍ കണക്കിനു ഡോളര്‍ ആപ്പിളിനു നല്‍കിയിട്ടാണ്.

 

ഇതൊക്കെ ചെയ്താലും ആപ്പുകളും പരസ്യക്കാരും ഐപി അഡ്രസ് വായിച്ചും മൊബൈല്‍ സേവനദാതാക്കളില്‍ നിന്നു ഡേറ്റ വാങ്ങിയും ട്രാക്കു ചെയ്‌തേക്കാം. പക്ഷേ, അതൊന്നും ഇത്തരം പ്രാഥമിക നടപടികള്‍ സീകരിക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങളാകരുത്.

 

∙ ബോധപൂര്‍വ്വം തീരുമാനമെടുക്കാനുള്ള സമയം

 

എല്ലാത്തിനും നിന്നു കൊടുക്കാതെ ബോധപൂര്‍വ്വം തീരുമാനമെടുക്കേണ്ട സമയമാണിത്. കുറച്ചു പഴയ ശീലങ്ങള്‍ കളഞ്ഞാല്‍ ചെറിയ മാറ്റങ്ങളെങ്കിലും വരുത്താം. ജര്‍മ്മനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഫലം ഫെയ്‌സബുക്കിന്റെ ട്രാക്കിങ് രീതികള്‍ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവന്ന് പൊതുസമൂഹത്തെ ഇത്തരം കമ്പനികളുടെ ചെയ്തിളെക്കുറിച്ച് കൂടുതല്‍ ബോധമുള്ളതാക്കുമെന്നു കരുതുന്നു.

 

English Summary: Care about privacy? Don't just uninstall WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com